June 04, 2026 |

ഹാർവാർഡിലെ വിദേശവിദ്യാർത്ഥികളുടെ അഡ്മിഷൻ വിലക്ക്; നടപടി വിദ്യാർത്ഥികളെ ബാധിക്കുന്നത് എങ്ങനെ ?

7000ത്തോളം വിദ്യാർത്ഥികളെ ഇത് അനിശ്ചിതത്വത്തിലാക്കിയേക്കാമെന്നാണ് വിലയിരുത്തൽ

വിദേശ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിൽ നിന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റിയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ​ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനത്തെ തനിക്ക് വിധേയരാക്കാനുള്ള ശ്രമങ്ങൾ ട്രംപ് പല വിധത്തിലും നടത്തുന്നുണ്ട്.

സമ്മർദ്ദത്തിന് വഴങ്ങാതെ വന്നപ്പോഴാണ് വിരുദ്ധ നയങ്ങളുമായി ട്രംപ് ഇപ്പോൾ രം​​ഗത്തു വന്നിരിക്കുന്നത്. വ്യാപക പ്രത്യഘാതമുണ്ടാകാൻ സാധ്യതയുള്ള ഒരു അസാധാരണ നീക്കമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. 7000ത്തോളം വിദ്യാർത്ഥികളെ ഇത് അനിശ്ചിതത്വത്തിലാക്കിയേക്കാമെന്നാണ് വിലയിരുത്തൽ. ഇങ്ങനെ ഒരു പ്രഖ്യാപനം ട്രംപ് നടത്തിയതോടെ ഐവി ലീ​ഗും ട്രംപ് ഭരണകൂടവും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം രൂക്ഷമായി. യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ്) സെക്രട്ടറി ക്രിസ്റ്റി നോം വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിലൂടെ ഹാർവാർഡ് സർവകലാശാലയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള സർട്ടിഫിക്കേഷൻ റദ്ദാക്കിയിരിക്കുകയാണ്. സെവിസിന്റെ അം​ഗീകാരമില്ലാതെ ഹാർവാർഡിന് വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ സാധിക്കില്ല. ഫെഡറൽ ഡാറ്റാബേസായ സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റത്തിലേക്കുള്ള ഹാർവാർഡിന്റെ പ്രവേശനം നിരോധിച്ചതാണ് ഹാർവാർഡിന് ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വന്നതിന് പിന്നിലെ കാരണം. നിയമാനുസൃതമായി സർവ്വകലാശാലകൾക്ക് മേൽ നിക്ഷിപിതമായിട്ടുള്ള കടകമകൾ പാലിക്കാതെ വരുന്ന സർവ്വകലാശകളെ മാത്രമേ സെവിസിൽ നിന്ന് വിലക്കാനും പ്രവേശനം നിരോധിക്കാനും സാധിക്കൂ. ഹാർവാർഡ് സർവ്വകലാശാല ജൂതവിരുദ്ധ പുലർത്തുന്നതായും ഹമാസ് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായും ആരോപിച്ചാണ് സർവ്വകലാശാലയ്ക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് നിർദേശിക്കുന്നത് പ്രകാരമുള്ള രേഖകൾ ഹാജരാക്കി അതി പരിശോധിച്ചാൽ മാത്രമേ സെവിസ് പുനഃസ്ഥാപിക്കാൻ സാധിക്കൂവെന്ന് ക്രിസ്റ്റി നോം പറഞ്ഞു. 72 മണിക്കൂറിനുള്ളിൽ പ്രതികരിക്കണെമന്നും ഇല്ലെങ്കിൽ ഫെഡറൽ പ്രോഗ്രാമിൽ നിന്ന് സ്ഥിരമായി ഒഴിവാക്കപ്പെടാനുള്ള സാധ്യതയുള്ളതായും ക്രിസ്റ്റി നോം വ്യക്തമാക്കി.

ഹാർവാർഡിൽ നിലവിലുള്ള 6,800 അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഭാവിയാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. ഹാർവാർഡിലെ വിദേശ വിദ്യാർത്ഥികളിൽ ഏറിയ പങ്കും ചൈനയിൽ നിന്നാണ്. കാനഡ, ഇന്ത്യ, ദക്ഷിണ കൊറിയ, ബ്രിട്ടൻ, ജർമ്മനി, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സർവ്വകലാശാലയിൽ പ്രവേശനം നേടിയിട്ടുണ്ട്. നിലവിൽ ഈ ടേമിൽ ബിരുദം പൂർത്തിയാക്കിയവർക്ക് നിയമപരമായി ബിരുദം നേടിയതായുള്ള സർട്ടിഫിക്കേഷന ലഭിക്കും. എന്നാൽ പുതിയായി ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയിട്ടുള്ള വിദ്യാർത്ഥികളെയാവും ഈ നടപടി ബാധിക്കും. വിദ്യാർത്ഥികളോട് മറ്റേതെങ്കിലും സർവ്വകലാശാലകളിൽ ബിരുദം തേടാനോ അല്ലെങ്കിൽ യുഎസ് വിടാനോ ആണ് സർക്കാർ നിർദേശം. അക്കാദമിക് ഇയർ തുടങ്ങാനിരിക്കുന്ന ഈ സാ​ഹചര്യത്തിൽ ഇങ്ങനൊരു നീക്കം സർവ്വകലാശാലയ്ക്ക് തിരിച്ചടിയാവും. സർക്കാരിന്റെ നിർദേശപ്രകാരം മറ്റേതെങ്കിലും സർവ്വകലാശാലകളിൽ ബിരുദം നേടുക വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കാം. ഹാർവാർഡിലെ സ്പ്രിങ് സെമസ്റ്റർ മെയ് 26നാണ് അവസാനിക്കുക. സാധാരണയായി അവധിക്കാലത്ത് വിദ്യാർത്ഥികളെ യുഎസിൽ തുടരാൻ അനുവദിക്കാറുണ്ട്. എന്നാൽ സെവിസ് ആക്‌സസ് റദ്ദാക്കിയതിനാൽ, അവധിക്കാലത്ത് വീട്ടിലേക്ക് പോയി മടങ്ങിയെത്തുന്ന വിദ്യാർത്ഥികളെ ഇനി തിരികെ സ്വീകരിക്കുമോ എന്ന കാര്യവും വ്യകതമല്ല. പല വിദ്യാർത്ഥികളെയും ഉടൻ തന്നെ നാടുകടത്താൻ സാധ്യതയുള്ളതായും പറയുന്നു.

ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട കാമ്പസ് പ്രതിഷേധങ്ങളെച്ചൊല്ലി, സർക്കാരും സർവകലാശാലകളും തമ്മിൽ മാസങ്ങളായി വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെ തുടർന്നാണ് ട്രംപ് ഭരണകൂടം ഹാർവാർഡിനെതിരെ നടപടി സ്വീകരിച്ചത്. ഭരണകൂടത്തിന്റെ ദീർഘകാല നയങ്ങളായ ഇത്തരം പ്രതിഷേധങ്ങൾ പരിമിതപ്പെടുത്താനും ഡിഇഐ പ്രോഗ്രാമുകൾ നിർത്തലാക്കാനുമുള്ള ശ്രമങ്ങളെ ചെറുത്ത ആദ്യത്തെ പ്രധാന സ്ഥാപനങ്ങളിൽ ഒന്നാണ് ഹാർവാർഡ്.പ്രതികാരമായി ഹാർവാർഡിനുള്ള 2.7 ബില്യൺ ഡോളറിലധികം ഗ്രാന്റുകൾ മരവിപ്പിക്കുകയും സർവകലാശാലയുടെ നികുതി-ഇളവ് പദവി പിൻവലിക്കുകയുമാണ് ട്രംപ് ചെയ്തത്. കഴിഞ്ഞ മാസം ഗ്രാന്റ് മരവിപ്പിക്കലിനെ ചോദ്യം ചെയ്ത് ഹാർവാർഡ് ഒരു കേസ് ഫയൽ ചെയ്തു, സർവകലാശാല ഭരണത്തിലും അക്കാദമിക് സ്വാതന്ത്ര്യത്തിലും രാഷ്ട്രീയ നിയന്ത്രണം സ്ഥാപിക്കാൻ ഭരണകൂടം ശ്രമിക്കുന്നതായി വാദിച്ചു കൊണ്ടായിരുന്നു പരാതി.

content summary: How the Trump administration’s actions will impact international students

Leave a Reply

Your email address will not be published. Required fields are marked *

×