ഹംഗറിയില്‍ ഭരണമാറ്റം; 16 വര്‍ഷത്തെ തീവ്രവലതുപക്ഷ ഭരണത്തിന് അന്ത്യം

സുഹൃത്തായ വിക്ടര്‍ ഓര്‍ബന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ട്രംപ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനെ ഹംഗറിയിലേക്ക് അയച്ചിരുന്നു

hungary election Peter Magyar

ഹംഗറിയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ ദേശീയതയ്ക്കും വിക്ടര്‍ ഓര്‍ബന്റെ നീണ്ട പതിനാറു വര്‍ഷത്തെ ഭരണത്തിനും അന്ത്യം കുറിച്ചുകൊണ്ട് പ്രതിപക്ഷത്തിന് ഉജ്ജ്വല വിജയം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ആഗോള വലതുപക്ഷ പോപ്പുലിസ്റ്റുകളുടെയും ഉറ്റ തോഴനായിരുന്ന ഓര്‍ബന്‍, ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ പരാജയം സമ്മതിച്ചു. ഇതോടെ ഓര്‍ബന്റെ മുന്‍ വിശ്വസ്തന്‍ പീറ്റര്‍ മാഗ്യാര്‍ ഹംഗറിയുടെ അടുത്ത പ്രധാനമന്ത്രിയാകാന്‍ വഴിയൊരുങ്ങി.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബുഡാപെസ്റ്റില്‍ നടന്ന ചടങ്ങില്‍ അപ്രതീക്ഷിതമായി ഓര്‍ബന്‍ തന്റെ പരാജയം സമ്മതിച്ചു. ‘ഭരിക്കാനുള്ള ഉത്തരവാദിത്തവും അവസരവും ഇത്തവണ ഞങ്ങള്‍ക്ക് ലഭിച്ചില്ല,’ എന്ന് പറഞ്ഞ അദ്ദേഹം, പോരാട്ടം അവസാനിച്ചിട്ടില്ലെന്നും തങ്ങള്‍ ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും അനുയായികളെ ഓര്‍മ്മിപ്പിച്ചു. അതേസമയം, ഡാന്യൂബ് നദീതീരത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങളെ അഭിസംബോധന ചെയ്ത പീറ്റര്‍ മാഗ്യാര്‍, ഇത് രാജ്യത്തിന്റെ മോചനമാണെന്നും തങ്ങള്‍ ഹംഗറിയെ തിരിച്ചുപിടിച്ചിരിക്കുകയാണെന്നും പ്രഖ്യാപിച്ചു.

66 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 137 സീറ്റുകളുമായി മാഗ്യാറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. ഭരണകക്ഷിയായ ഫിഡെസ് പാര്‍ട്ടിക്ക് വെറും 55 സീറ്റുകള്‍ മാത്രമാണ് ലഭിക്കുമെന്ന് കരുതപ്പെടുന്നത്. 1989-ല്‍ കമ്മ്യൂണിസം തകര്‍ന്നതിന് ശേഷം ഹംഗറി സാക്ഷ്യം വഹിച്ച ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണ് (77%) ഇത്തവണ രേഖപ്പെടുത്തിയത് എന്നത് ശ്രദ്ധേയമാണ്.

തിരഞ്ഞെടുപ്പ് ഫലം ഹംഗറിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. യുക്രെയ്ന്‍ യുദ്ധത്തില്‍ ഓര്‍ബന്‍ സ്വീകരിച്ചിരുന്ന റഷ്യന്‍ അനുകൂല നിലപാടുകള്‍ യൂറോപ്പിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ കരുതിയിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ യൂറോപ്യന്‍ യൂണിയനുമായുള്ള ഹംഗറിയുടെ ബന്ധം മെച്ചപ്പെടുമെന്നും യുക്രെയ്‌നുള്ള സഹായങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഓര്‍ബന്റെ പരാജയം ഡൊണാള്‍ഡ് ട്രംപിന് വലിയ തിരിച്ചടിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജെ.ഡി. വാന്‍സിനെ ട്രംപ് ഹംഗറിയിലേക്ക് അയച്ചിരുന്നു.

ഭരണതലത്തിലെ അഴിമതിയും സാമ്പത്തിക മാന്ദ്യവുമാണ് ഓര്‍ബന്റെ പരാജയത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യമായി ഹംഗറി മാറിയെന്ന വിമര്‍ശനം മാഗ്യാര്‍ ആയുധമാക്കി. മാഗ്യാര്‍ അധികാരത്തില്‍ വന്നാല്‍ ഹംഗറി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുമെന്ന ഓര്‍ബന്‍ സര്‍ക്കാരിന്റെ പ്രചാരണങ്ങളെ മറികടന്നാണ് യുവജനത ഉള്‍പ്പെടെയുള്ള വോട്ടര്‍മാര്‍ പ്രതിപക്ഷത്തെ പിന്തുണച്ചത്. കോടതികളെയും മാധ്യമങ്ങളെയും നിയന്ത്രിച്ചുകൊണ്ട് ഓര്‍ബന്‍ കെട്ടിപ്പടുത്ത ‘അമിതാധികാര ജനാധിപത്യം’ തകര്‍ന്നത് ആഗോളതലത്തിലെ വലതുപക്ഷ ശക്തികള്‍ക്ക് വലിയ പാഠമാണ് നല്‍കുന്നത്.

Content Summary: Hungary’s General Election; Viktor Orban conceded defeat, Opposition Leader Peter Magyar will be new prime minister

This post was last modified on April 13, 2026 9:02 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment