March 18, 2025 |

ചിലിയുടെ ‘ ടേബിൾ ടെന്നീസ് മുത്തശ്ശി’

58-ാം വയസിൽ ഒളിമ്പിക്സ് അരങ്ങേറ്റം

തൻ്റെ ടീമംഗങ്ങൾക്കൊപ്പം പാരീസ് ഒളിമ്പിക്സിനായി തയ്യാറെടുക്കുകയാണ് ടേബിൾ ടെന്നീസ് മുത്തശ്ശി ഷിയിംഗ് സെങ്. തന്റെ 20-ാം വയസിൽ കൈവിട്ട് പോയ സ്വപനങ്ങളിലേക്കാണ് ഷിയിംഗ് സെങ് തന്റെ 58-ാം വയസിൽ നടന്നടുക്കുന്നത്. ടീമംഗങ്ങൾക്കൊപ്പം ഒളിമ്പിക്സ് തയ്യാറെടുപ്പുകൾക്കായി പോർച്ചുഗലിലെ ഏറ്റവും മികച്ച ടേബിൾ ടെന്നീസ് പരിശീലന കേന്ദ്രമായ മിറാൻഡെല സെൻ്ററിലേക്ക് യാത്ര ചെയ്യുന്നതിനെക്കുറിച്ച് ഷിയിംഗ് സെങിന് ഒട്ടും ആശങ്കയില്ല, മറിച്ച് തികഞ്ഞ ആവേശമാണ്. zhiying zeng table tennis grandma

തിങ്കൾ മുതൽ വെള്ളി വരെ ദിവസത്തിൽ മൂന്ന് മണിക്കൂറാണ് ഷിയിംഗ് സെങിന്റെ ട്രെയിനിങ്. കൂടുതൽ പരിശീലനം വേണമെന്നാണ് ആഗ്രഹം. തന്റെ ആദ്യ ഒളിമ്പിക്‌സിന് തയ്യാറെടുക്കുമ്പോൾ ഗെയിംസ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഷിയിംഗിന് 58 വയസ്സ് തികയും. ചെറുപ്പമായിരിക്കുമ്പോൾ, എത്ര കളിച്ചാലും ഒന്നിനും നിങ്ങളെ തളർത്താൻ സാധിക്കില്ല, പക്ഷെ എന്റെ കാര്യം അങ്ങനെയല്ല കൂടുതൽ കളിച്ചാൽ, എനിക്ക് തോളിൽ വേദന വരുമെന്ന് പുഞ്ചിരിയോടെയാണ് പറയുന്നത്.

1970 കളിൽ ചൈനയിലെ പ്രൊഫഷണൽ യൂത്ത് ടീമിൽ ആയിരുന്നപ്പോൾ മുതലുള്ളതാണ് ഷിയിംഗിന്റെ ഒളിമ്പിക്സ് സ്വപ്നം. നിരവധി ടൂർണമെൻ്റുകൾ വിജയിക്കുകയും ചെയ്തുകൊണ്ടാണ് തന്റേതായ ഒരിടം അവൾ നേടിയെടുത്തത്. പക്ഷെ ഒളിംപിക്സിൽ എത്താൻ ഷിയിംഗിന് സാധിച്ചില്ല. 1986-ൽ 20-ാം വയസ്സിലാണ് ഷിയിംഗ് പ്രൊഫഷണൽ ടേബിൾ ടെന്നീസിൽ നിന്ന് വിരമിച്ചത്.

പക്ഷെ, പലരുടെയും ജീവിത്തത്തിൽ വില്ലനായ കോവിഡ് -19 പാൻഡെമിക്കാണ് ഷിയിംഗ് സെങിനെ ടേബിൾ ടെന്നീസിലേക്ക് അപ്രതീക്ഷിത തിരിച്ചു വരവ് നൽകിയത്. ചിലിയുടെ കർശനമായ ലോക്ക്ഡൗണിനിലെ വിരസത മാറ്റുന്നതിന് വേണ്ടിയാണ് ഷിയിംഗ് ടെന്നീസ് ടേബിൾ വാങ്ങി ദിവസവും മണിക്കൂറുകളോളം വീട്ടിൽ ഒറ്റയ്ക്ക് കളിക്കാൻ തുടങ്ങിയത്. ലോക്ക്ഡൗൺ മാറിയപ്പോൾ, വിനോദത്തിന് വേണ്ടി ഷിയിംഗ് ചില പ്രാദേശിക ടൂർണമെൻ്റുകളിൽ പങ്കെടുക്കുകയും, അവയിലെല്ലാം അനായാസേന വിജയിക്കുകയ്യും ചെയ്തു. 2023-ഓടെ, രാജ്യത്തെ ഏറ്റവും ഉയർന്ന റാങ്കുള്ള വനിതാ കളിക്കാരിയായി ഷിയിംഗ് ചിലിയുടെ ദേശീയ ടീമിൽ ഇടം നേടുകയും ചെയ്തു.

ചിലിയുടെ വനിതാ ടീമിൻ്റെ ഭാഗമായി, 2023 ലെ സുഡാമേരിക്കാനോസിൽ ഒന്നാം സ്ഥാനവും 2023 പാൻ-അമേരിക്കൻ ഗെയിംസിൽ വെങ്കലവും നേടിക്കൊണ്ടാണ് സിംഗിൾസിൽ, ഒളിമ്പിക്സിൽ ചിലിയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടിയത്.

1966-ൽ ഗ്വാങ്‌ഷൂ പ്രവിശ്യയിൽ എഞ്ചിനീയറായ അച്ഛൻ്റെയും ടേബിൾ ടെന്നീസ് പരിശീലകയായിരുന്ന അമ്മയുടെയും മകളായാണ് ഷിയിംഗ് സെങ് ജനിക്കുന്നത്. വളരെ ചെറുപ്പത്തിലേ തന്നെ ടേബിൾ ടെന്നീസ് ഷിയിംഗിന്റെ ഹൃദയം കീഴടക്കി. തന്റെ കുട്ടിക്കാലത്ത് എല്ലായിടത്തും പിംഗ്-പോംഗ് ടേബിളുകൾ ഉണ്ടായിരുന്നതായി ഷിയിംഗ് സെങ് ഓർക്കുന്നുണ്ട്. ബ്രസീലുകാർക്ക് ഫുട്ബോൾ എത്രത്തോളം പ്രിയങ്കരമാണോ അത്രത്തോളം പ്രധാനമാണ് ചൈനക്കാർക്ക്, ടേബിൾ ടെന്നീസ് എന്നാണ് ഷിയിംഗ് സെങ് പറയുന്നത്. വളരെ ചെറുപ്പം മുതൽ തന്നെ ഷിയിംഗിനെ അമ്മ ടേബിൾ ടെന്നീസ് പഠിപ്പിച്ചിരുന്നു. പിന്നീട് 11-ാം വയസ്സിൽ, അവർ ബീജിംഗിലെ സൈനിക സ്‌പോർട്‌സ് സ്‌കൂളിലെ ജൂനിയർ ടീമിൽ ചേർന്നായിരുന്നു പരിശീലനം. 1981-ൽ സ്കൂളിന്റെ മേൽനോട്ടം സൈന്യം നിർത്തുകയും, സ്‌കൂൾ അടച്ചുപൂട്ടുകയും ചെയ്തതോടെ ഷിയിംഗ് സെങ് അമ്മയോടൊപ്പമാണ് തുടർ പരിശീലനം പൂർത്തിയാക്കിയത്.

1983-ഓടെ, ചൈനയുടെ ദേശീയ ടേബിൾ ടെന്നീസ് ടീമിലേക്ക് സെങ് തെരഞ്ഞെടുക്കപ്പെടുകയും ഏറ്റവും വലിയ വേദിയായ ഒളിംപിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, 1986-ൽ പുതിയ ടു -കളർ റൂൾ കൊണ്ടുവന്നതോടെ ഷിയിംഗിന്റെ ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് വെല്ലുവിളിയായി. ഈ നിയമം എതിരാളികൾ ഏത് വശമാണ് ഉപയോഗിക്കുന്നതെന്ന് കാണാനും പന്തിൻ്റെ വേഗതയും സ്പിന്നും ഊഹിക്കാനും കളിക്കാരെ സഹായിച്ചു. എപ്പോഴും ഒറ്റ നിറത്തിലുള്ള ടെന്നീസ് പഡിൽ ഉപയോഗിച്ചിരുന്ന ഷിയിംഗ് സെങിന് ഈ മാറ്റം വളരെ ബുദ്ധിമുട്ടായിരുന്നു. ഈ നിയമം ആണ് തന്റെ കായിക ജീവിതം നശിപ്പിച്ചതെന്നാണ് ഷിയിംഗ് സെങിന്റെ പക്ഷം. കൂടാതെ അത് തന്നെ മാനസികമായും തളർത്തിയെന്നും ഷിയിംഗ് സെങ് പറഞ്ഞു.

ദേശീയ ടീമിൽ നിന്ന് പുറത്തായ ഷിയിംഗ് പിന്നീട് അധികകാലം ടേബിൾ ടെന്നീസ് കളിച്ചില്ല. 1989-ൽ ചിലിയിലെ ചൈനീസ് കൊച്ചാണ് ഷിയിംഗിന് സ്കൂൾ കുട്ടികളെ ടേബിൾ ടെന്നീസ് പരിശീലിപ്പിക്കുന്ന ജോലി വാഗ്ദാനം ചെയ്തത്. ജോലി മുഖേന മറ്റൊരു രാജ്യത്തേക്ക് മാറാൻ ഷിയിംഗ് തയ്യാറായി. 2023-ൽ ചിലി പാൻ-അമേരിക്കൻ ഗെയിംസിന് ആതിഥേയത്വം വഹിച്ചപ്പോൾ, ഷിയിംഗ് സെങ് ഒരു ദേശീയ ഹീറോ ആയി ഉയരുകയായിരുന്നു. ടൂർണമെൻ്റിലെ ഏറ്റവും പ്രായം കൂടിയ അത്‌ലറ്റും മെഡൽ ജേതാവും ഷിയിംഗായിരുന്നു. ആരാധകർ അവളെ സ്നേഹപൂർവ്വം “ടിയ ടാനിയ” എന്നാണ് വിളിക്കുന്നത്. കാണാൻ മാത്രമാണ് തങ്ങൾ വന്നതെന്നാണ് ചിലിയുടെ മത്സരത്തിലെ കാണികൾക്കിടയിലെ,യുവ ആരാധകൻ മാധ്യമങ്ങളോട് പറഞ്ഞത്.

സമ്മർദ്ദത്തോടെയല്ല സന്തോഷത്തോടെയാണ് ഞാൻ കളിക്കുന്നത്. ചിലിയെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ ഏറെ അഭിമാനം കൊള്ളുന്നു. ഞാൻ ഈ രാജ്യത്തെ സ്നേഹിക്കുന്നു. ചൈനയിൽ വച്ച് എൻ്റെ സ്വപ്നം നേടാൻ എനിക്ക് സാധിച്ചില്ല, പക്ഷെ ഇത്തവണ ഞാനത് നേടുക തന്നെ ചെയ്യും.

content summary; zhiying zeng, table tennis star making her Olympic debut at 58

×