‘തീവ്രവാദി എന്ന വിളി ഭയന്ന് തത്വങ്ങൾ ഉപേക്ഷിക്കില്ല’

ന്യൂയോർക്കിന് 'പുതു യുഗം' വാ​ഗ്ദാനം ചെയ്ത് മംദാനി

ന്യൂയോർക്ക് നഗരത്തെ പുനർനിർമ്മിക്കുമെന്ന് സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിജ്ഞയെടുത്ത് ന്യൂയോർക്കിൻ്റെ പുതിയ മേയർ സൊഹ്റാൻ മംദാനി. പുതുവത്സരദിനത്തിലാണ് മംദാനി മേയറായി അധികാരമേറ്റത്.
ഒരു ജനാധിപത്യ സോഷ്യലിസ്റ്റായിട്ടാണ് താൻ തിരഞ്ഞെടുക്കപ്പെട്ടതെന്നും ഒരു ജനാധിപത്യ സോഷ്യലിസ്റ്റായി തന്നെ ഭരിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത ശേഷം മംദാനി പറഞ്ഞു. തീവ്രവാദി എന്ന് വിളിക്കപ്പെടുമെന്ന് ഭയന്ന് എന്റെ തത്വങ്ങൾ ഉപേക്ഷിക്കില്ലെന്നും മംദാനി കൂട്ടിച്ചേർത്തു.

അധികാരമേറ്റ ഉടൻ തന്നെ വിപ്ലവകരമായ ചില മാറ്റങ്ങൾ മംദാനി കൊണ്ടുവന്നതായി ദി ​ഗാർഡിയൻ്റ റിപ്പോർട്ടിൽ പറയുന്നു. അഴിമതി ആരോപണങ്ങൾ നേരിട്ട മുൻ മേയർ എറിക് ആഡംസ് 2024 സെപ്റ്റംബർ 26-ന് ശേഷം പുറപ്പെടുവിച്ച എല്ലാ എക്സിക്യൂട്ടീവ് ഉത്തരവുകളും മംദാനി റദ്ദാക്കി. ഇസ്രായേലിനെ ബഹിഷ്കരിക്കുന്നതിൽ നിന്നും നിക്ഷേപം പിൻവലിക്കുന്നതിൽ നിന്നും ഉദ്യോഗസ്ഥരെ തടഞ്ഞുകൊണ്ടുള്ള ഉത്തരവും മംദാനി റദ്ദാക്കി. എന്നാൽ ‘യഹൂദ വിരുദ്ധത’ തടയാനുള്ള പ്രത്യേക വിഭാഗം നിലനിർത്തുമെന്ന് അറിയിച്ചു.

തൻ്റെ ഭരണലക്ഷ്യങ്ങളെക്കുറിച്ചും മംദാനി ചടങ്ങിൽ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സൗജന്യ ശിശുപരിചരണം, സൗജന്യ ബസ് യാത്ര,
വാടക നിയന്ത്രണം തുടങ്ങിയവയാണ് അതിൽ പ്രധാനപ്പെട്ട വാ​ഗ്ദാനങ്ങൾ. ഈ പദ്ധതികൾക്കായി ഏകദേശം 10 ബില്യൺ ഡോളർ ആവശ്യമാണ്. ഇതിനായി സമ്പന്നർക്കും കോർപ്പറേറ്റുകൾക്കും മേൽ നികുതി വർദ്ധിപ്പിക്കാനാണ് മംദാനിയുടെ തീരുമാനം.

തന്റെ രണ്ട് സത്യപ്രതിജ്ഞാ ചടങ്ങുകളിലും ഇസ്ലാം മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനില്‍ കൈവെച്ചാണ് മംദാനി പ്രതിജ്ഞയെടുത്തത്. ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തില്‍ ഖുര്‍ആന്‍ ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ മേയറായിരിക്കും മംദാനി.

Content Summary: ‘I will not abandon my principles out of fear of being called a terrorist’ Mamdani promises ‘new era’ for New York

This post was last modified on January 3, 2026 10:59 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment