June 26, 2026 |
Share on

ലോകകപ്പ്; ഇറാന്‍ പിന്മാറിയാല്‍ പകരം ഇറാഖോ യുഎഇയോ

നിലവില്‍ ഗ്രൂപ്പ് എ-യില്‍ ഒന്നാമതെത്തിയാണ് ഇറാന്‍ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്

മിഡില്‍ ഈസ്റ്റിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍, വരാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറുകയാണെങ്കില്‍ പകരം ഇറാഖിനോ യുഎഇയ്‌ക്കോ അവസരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് സുരക്ഷിതമായ ഒരു ലോകകപ്പ് സംഘടിപ്പിക്കാനാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഫിഫ ജനറല്‍ സെക്രട്ടറി മാറ്റിയാസ് ഗ്രാഫ്‌സ്‌ട്രോം ശനിയാഴ്ച വ്യക്തമാക്കിയെങ്കിലും, ഇറാന്റെ പങ്കാളിത്തത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇറാന് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, വലിയ പ്രതീക്ഷകളോടെ ലോകകപ്പിനെ നോക്കിക്കാണാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ഇറാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ് തുറന്നുപറഞ്ഞത് ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

ജൂണ്‍ 11-ന് ആരംഭിക്കുന്ന ലോകകപ്പ് നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ് ഫിഫയുടെ തീരുമാനമെങ്കിലും, ഇറാന്‍ പിന്മാറുന്ന സാഹചര്യം ഉണ്ടായാല്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ (എഎഫ്‌സി) നിന്നുള്ള മറ്റൊരു ടീമിനെ പകരക്കാരായി ഉള്‍പ്പെടുത്തിയേക്കും. യോഗ്യത നേടിയ ഒരു ടീം പിന്മാറിയാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഫിഫയുടെ നിയമങ്ങളില്‍ കൃത്യമായ നിര്‍ദ്ദേശങ്ങളില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കാനുള്ള പൂര്‍ണ്ണ അധികാരം ഫിഫയില്‍ നിക്ഷിപ്തമാണ്. ആധുനിക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു രാജ്യം ലോകകപ്പ് നറുക്കെടുപ്പിന് ശേഷം പിന്മാറുന്നത് അത്യപൂര്‍വ്വമായ സംഭവമായിരിക്കും. ഇതിനുമുമ്പ് 1950-ല്‍ യാത്രാച്ചെലവ് കാരണമാക്കി ഇന്ത്യയും ഫ്രാന്‍സും പിന്മാറിയതാണ് ഇത്തരത്തിലുള്ള അവസാന സംഭവം.

നിലവില്‍ ഗ്രൂപ്പ് എ-യില്‍ ഒന്നാമതെത്തിയാണ് ഇറാന്‍ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. ലോസ് ഏഞ്ചല്‍സിലും സിയാറ്റിലിലുമായി ന്യൂസിലന്‍ഡ്, ബെല്‍ജിയം, ഈജിപ്ത് എന്നിവര്‍ക്കെതിരെയാണ് ഇറാന്റെ മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇറാഖുമായുള്ള പ്ലേ ഓഫ് മത്സരത്തില്‍ പരാജയപ്പെട്ട യുഎഇ നിലവില്‍ പുറത്താണ്. ഇറാഖ് ആകട്ടെ മാര്‍ച്ച് 31-ന് നടക്കുന്ന ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫില്‍ ബൊളീവിയയെയോ സുരിനാമിനെയോ നേരിടാന്‍ തയ്യാറെടുക്കുകയുമാണ്. ഒരുവേള ഇറാഖ് ലോകകപ്പിന് യോഗ്യത നേടിയില്ലെങ്കില്‍, ഇറാന് പകരക്കാരായി അവരെ പരിഗണിക്കാനാണ് ഫിഫയുടെ നീക്കം. എന്നാല്‍ ഇറാഖ് നേരിട്ട് യോഗ്യത നേടുകയാണെങ്കില്‍, ഏഷ്യയില്‍ നിന്നുള്ള റാങ്കിംഗില്‍ മുന്നിലുള്ള യുഎഇയ്ക്ക് ആ അവസരം ലഭിച്ചേക്കും.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോഴും ലോകകപ്പ് തടസ്സമില്ലാതെ നടത്താനാണ് ഫിഫ ശ്രമിക്കുന്നത്. ഇറാനിയന്‍ പൗരന്മാര്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് കായികതാരങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും, കഴിഞ്ഞ ഡിസംബറില്‍ വാഷിംഗ്ടണില്‍ നടന്ന ലോകകപ്പ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ മെഹ്ദി താജ് ഉള്‍പ്പെടെയുള്ള ഇറാനിയന്‍ ഫുട്‌ബോള്‍ ഭാരവാഹികള്‍ക്ക് വിസ ലഭിച്ചിരുന്നില്ല. ഈ നയതന്ത്ര തടസ്സങ്ങളും നിലവിലെ യുദ്ധസമാനമായ അന്തരീക്ഷവും ഇറാന്റെ ലോകകപ്പ് പങ്കാളിത്തത്തിന്മേല്‍ വലിയ നിഴല്‍ വീഴ്ത്തുന്നു.

Content Summary: Middle East crisis; if Iran withdraw from the World Cup iraq or uae could take final spot. US-Israel War on Iran

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×