ഐ.ഐ.ടി റൂര്‍ക്കിയിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും രാഷ്ട്രീയ ചര്‍ച്ചകളിലോ പ്രവര്‍ത്തനങ്ങളിലോ പങ്കാളികളാകരുതെന്നും, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്നും സര്‍ക്കുലര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് രജിസ്ട്രാര്‍ ജൂലൈ 20-നാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഇമെയില്‍ വഴി വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും കൈമാറിയത്.
ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചില വിദ്യാര്‍ത്ഥികളും ജീവനക്കാരും നിലവിലെ ചില രാഷ്ട്രീയ മുന്നേറ്റങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നതും പരസ്യ വിമര്‍ശനങ്ങള്‍ നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടിയെന്ന് ഇമെയിലില്‍ വ്യക്തമാക്കുന്നു. എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, ശാസ്ത്രം, കല എന്നീ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസവും ഗവേഷണവും നല്‍കാനാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതെന്നും ജീവനക്കാരെ നിയമിക്കുന്നതെന്നും സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിക്കുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ രാഷ്ട്രീയ ചര്‍ച്ചകളില്‍ പങ്കാളികളാകാനോ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ പാടില്ല. കൂടാതെ, ഇന്‍സ്റ്റിറ്റ്യൂട്ടും കേന്ദ്ര സര്‍ക്കാരും അല്ലെങ്കില്‍ മറ്റ് സംഘടനകളോ പൊതുജനങ്ങളോ തമ്മിലുള്ള ബന്ധത്തിന് നാണക്കേടുണ്ടാക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെയോ പൊതുവേദികളിലൂടെയോ അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ ആര്‍ക്കും അനുവാദമില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഡല്‍ഹിയില്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ക്രമക്കേടുകള്‍ക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കൂറ്റന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് ഐ.ഐ.ടിയുടെ ഈ നടപടി. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. പൊതുജനങ്ങളുടെ പണം കൊണ്ടാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ച അവര്‍, ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള അവകാശവും വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിക്കാന്‍ ധൈര്യപ്പെടരുതെന്നും ഇമെയില്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും എക്സിലൂടെ ആവശ്യപ്പെട്ടു.
അതിനിടെ, വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക നിലപാടുകളും തമ്മിലുള്ള വേര്‍തിരിവ് നിലനിര്‍ത്താന്‍ സ്ഥാപനത്തിന് ബാധ്യതയുണ്ടെന്ന് ഐ.ഐ.ടി റൂര്‍ക്കി എക്സില്‍ കുറിച്ചു. വ്യക്തികള്‍ നടത്തുന്ന പ്രകടനങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്തരവാദിയല്ലെന്നും ഔദ്യോഗിക അറിയിപ്പുകള്‍ അംഗീകൃത ചാനലുകളിലൂടെ മാത്രമേ പുറത്തുവിടൂ എന്നും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍, വിവാദം ഉയര്‍ന്നതോടെ വിശദീകരണവുമായി ഐ.ഐ.ടി റൂര്‍ക്കി മീഡിയ ഇന്‍-ചാര്‍ജ് സോനിക ശ്രീവാസ്തവ രംഗത്തെത്തി. ഓരോ അക്കാദമിക് വര്‍ഷത്തിന്റെയും തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമായി സാധാരണ നല്‍കുന്ന ഒരു ആഭ്യന്തര നിര്‍ദ്ദേശം മാത്രമാണിതെന്ന് അവര്‍ പറഞ്ഞു. സ്ഥാപനത്തിലെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് അനുസൃതമായി വര്‍ഷം തോറും പുറപ്പെടുവിക്കുന്ന ഇത്തരം സര്‍ക്കുലറുകളെ തെറ്റായി വ്യാഖ്യാനിക്കുകയോ സന്ദര്‍ഭത്തില്‍ നിന്ന് വേര്‍പെടുത്തി കാണുകയോ ചെയ്യരുതെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
Content Summary; IIT Roorkee issues an advisory warning students and staff against joining political discussions or making public statements that could embarrass relations with the Central Government.
This post was last modified on July 21, 2026 5:38 pm
Leave a Comment