അതിരുകൾ ഭേദിച്ചുള്ള പ്രയാണങ്ങൾ മനുഷ്യചരിത്രത്തോളം പഴക്കമുള്ളതാണ്. എന്നാൽ കേരളത്തെ സംബന്ധിച്ചിടത്തോളം ‘കുടിയേറ്റം’ എന്നത് കേവലം ഒരു ചരിത്രസംഭവമല്ല, മറിച്ച് ഈ നാടിന്റെ സാമൂഹിക-സാമ്പത്തിക ഘടനയെ രൂപപ്പെടുത്തിയ ജീവനാഡിയാണ്. മലബാറിലെ കുന്നിൻചരിവുകളിലേക്ക് ജീവിതം കെട്ടിപടുക്കാന്‍ ചേക്കേറിയ കർഷകർ മുതൽ, മണലാരണ്യങ്ങളിലേക്ക് പറന്നുയർന്ന പ്രവാസികളും ഇന്ന് പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുതിക്കുന്ന പുതുതലമുറയും വരെ നീളുന്നതാണ് കേരളത്തിന്റെ കുടിയേറ്റ ചരിത്രം.
നിയമസഭയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നടത്തിയ ‘റിവേഴ്സ് റെമിറ്റൻസ്’ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്. വിഷയത്തിന്റെ യഥാർത്ഥ വശങ്ങൾ വ്യക്തമാക്കുകയാണ് പ്രമുഖ ഗവേഷകനായ നവാസ് എം. ഖാദർ.
കേരള സമ്പദ്‌വ്യവസ്ഥയെ ആശങ്കപ്പെടുത്തുന്ന രീതിയില്‍ സംസ്ഥാനത്ത് റിവേഴ്‌സ് റെമിറ്റന്‍സ് ഉണ്ടോ?
കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് അയക്കുന്ന പണത്തെ ‘റിവേഴ്‌സ് റെമിറ്റന്‍സ്’ എന്ന് വിളിക്കുന്നത് സാമ്പത്തിക ശാസ്ത്രപരമായി ശരിയല്ല. ഒരു തൊഴിലാളി ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് തന്റെ കുടുംബത്തിലേക്ക് അയക്കുന്ന പണം റെമിറ്റന്‍സ് ആണ്. അത് അന്തര്‍സംസ്ഥാനമായാലും അന്തര്‍ദേശീയമായാലും നിര്‍വചനം മാറുന്നില്ല. റിവേഴ്‌സ് റെമിറ്റന്‍സ് എന്നാല്‍ സാധാരണയായി കുടുംബം കുടിയേറ്റക്കാരന് തിരിച്ചയക്കുന്ന പണത്തെയാണ് സൂചിപ്പിക്കുന്നത്; ഉദാഹരണത്തിന് വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ നിന്ന് കുടുംബം അയക്കുന്ന പണം. കേരളത്തില്‍ ജോലി ചെയ്യുന്ന ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ അവരുടെ അധ്വാനത്തിലൂടെ സമ്പാദിച്ച വേതനമാണ് വീട്ടിലേക്ക് അയക്കുന്നത്. അതിനാല്‍ ഇത് സാധാരണ ലേബര്‍ റെമിറ്റന്‍സ് ആണ്; റിവേഴ്‌സ് റെമിറ്റന്‍സ് അല്ല.
കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പണം തൊഴിലാളികള്‍ അയക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അതിനെ കേരളത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളുടെ പ്രധാന കാരണമായി ചിത്രീകരിക്കുന്നത് യാഥാര്‍ത്ഥ്യത്തെ ലളിതവല്‍ക്കരിക്കലാണ്.
ഒന്നാമതായി, ഈ തൊഴിലാളികള്‍ കേരളത്തിലെ ഗുരുതരമായ തൊഴിലാളി ക്ഷാമം നികത്തുകയാണ്. നിര്‍മ്മാണം, കാര്‍ഷികം, മത്സ്യബന്ധനം, ഹോട്ടല്‍, പ്ലൈവുഡ്, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളില്‍ ഇവരില്ലെങ്കില്‍ ഉല്‍പാദനത്തിനെ തന്നെ സാരമായി ബാധിക്കും. അവര്‍ സൃഷ്ടിക്കുന്ന സാമ്പത്തിക മൂല്യം കണക്കിലെടുക്കാതെ, അവര്‍ അയക്കുന്ന പണത്തെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുന്നത് പൂര്‍ണ്ണ ചിത്രം നല്‍കുന്നില്ല.
രണ്ടാമതായി, അവര്‍ സമ്പാദിക്കുന്ന മുഴുവന്‍ തുകയും പുറത്തേക്ക് പോകുന്നില്ല. താമസം, ഭക്ഷണം, ഗതാഗതം, ഫോണ്‍, ആരോഗ്യപരിചരണം, മറ്റ് ദൈനംദിന ആവശ്യങ്ങള്‍ എന്നിവയ്ക്കായി കേരളത്തില്‍ തന്നെ അവര്‍ ചെലവഴിക്കുന്നു. അതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വരുമാനം ലഭിക്കുന്നു. മൂന്നാമതായി, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ വര്‍ഷങ്ങളായി വിദേശ മലയാളികള്‍ അയക്കുന്ന റെമിറ്റന്‍സില്‍ നിന്ന് വലിയ നേട്ടം നേടിയിട്ടുണ്ട്. അതേ തത്വം അനുസരിച്ച്, മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളി തന്റെ കുടുംബത്തെ സഹായിക്കാന്‍ പണം അയക്കുന്നതിനെ പ്രശ്‌നമായി കാണുന്നത് നീതിപൂര്‍വമല്ല.
ഏകദേശം 50 ലക്ഷത്തോളം അതിഥി തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഇവര്‍ സമ്പാദിക്കുന്ന പണം ഇവിടെ ചിലവഴിക്കാതെ പരമാവധി നാട്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഇത് നമ്മുടെ വിപണിയെ എങ്ങനെയാണ് ബാധിക്കുന്നത്? ശരിക്കും എത്രത്തോളമാണ് കേരളത്തിനുണ്ടാകുന്ന നഷ്ടം?
കേരളത്തിലെ ആഭ്യന്തര വിപണിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പണം ചിലവഴിക്കുന്നില്ലെന്നും, അവര്‍ സമ്പാദിക്കുന്ന പരമാവധി തുക പുറത്തേക്ക് അയക്കുന്നതിനാല്‍ കേരളത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്നും പറയുന്നത് വളരെ ഗൗരവമുള്ള ഒരു വാദമാണ്. എന്നാല്‍ അത്തരം ഒരു വാദം ഉന്നയിക്കുമ്പോള്‍ അതിന് വ്യക്തമായ കണക്കുകളും ശാസ്ത്രീയ തെളിവുകളും സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കേണ്ട ബാധ്യതയുണ്ട്.
ആദ്യമായി ചോദിക്കേണ്ട ചോദ്യം ഇതാണ്: കേരളത്തില്‍ ശരിക്കും 50 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നതിന് എന്താണ് തെളിവ്?
ഇതുവരെ കേരള സര്‍ക്കാര്‍ പോലും കൃത്യമായ ഒരു എണ്ണം പ്രസിദ്ധീകരിച്ചിട്ടില്ല. പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന കേരള പ്ലാനിങ് ബോര്‍ഡിന്റെ 2021-ലെ കണക്ക് പോലും ഒരു ജനസംഖ്യാ സര്‍വേയല്ല; അത് ലഭ്യമായ പരിമിത വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള എച്ച്.സി.പി പ്രൊജക്ഷന്‍ ( hcp projection) മാത്രമാണ്. അതിനെ അന്തിമ സത്യമാക്കി അവതരിപ്പിക്കുന്നത് ശാസ്ത്രീയ സമീപനമല്ല.
രണ്ടാമതായി, ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പണം ചെലവഴിക്കുന്നില്ല എന്ന വാദവും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ല.
ഞാന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികളോടൊപ്പം പ്രവര്‍ത്തിക്കുന്ന ഒരാളാണ്. എന്റെ ഫീല്‍ഡ് അനുഭവത്തില്‍, അവര്‍ കേരളത്തിലെ സാധാരണ ജനങ്ങളെപ്പോലെ തന്നെ ഈ സമ്പദ്വ്യവസ്ഥയുടെ ഭാഗമാണെന്നാണ്.
വാടക കൊടുക്കുന്നു. ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നു. നാട്ടിലെ കടകളില്‍ നിന്ന് അരി, പച്ചക്കറി, മത്സ്യം, ഇറച്ചി, വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ വാങ്ങുന്നു. ബസിലും ഓട്ടോയിലും യാത്ര ചെയ്യുന്നു. ഫോണ്‍ റീചാര്‍ജ് ചെയ്യുന്നു. ചികിത്സയ്ക്കായി ആശുപത്രികളില്‍ പണം ചെലവഴിക്കുന്നു. ചെറിയ ചായക്കട മുതല്‍ സൂപ്പര്‍മാര്‍ക്കറ്റ് വരെ അവരുടെ പണം എത്തുന്നില്ലെന്ന് ആരാണ് തെളിയിക്കുന്നത്?
അതുകൊണ്ട്, അവര്‍ കേരളത്തില്‍ ഒരു രൂപ പോലും ചിലവാക്കാതെ മുഴുവന്‍ തുകയും പുറത്തേക്ക് അയക്കുന്നു എന്ന വാദം യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല.
മൂന്നാമതായി, അവര്‍ നാട്ടിലേക്ക് അയക്കുന്ന പണം കേരളത്തിന്റെ നഷ്ടമല്ല; അവരുടെ അധ്വാനത്തിന്റെ പ്രതിഫലമാണ്.
കേരളം വര്‍ഷങ്ങളായി ഗള്‍ഫ് മലയാളികള്‍ അയക്കുന്ന റെമിറ്റന്‍സിന്റെ നേട്ടം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണ്. അന്ന് ആരും ആ പണത്തെ മറ്റൊരു രാജ്യത്തിന്റെ നഷ്ടമായി വിശേഷിപ്പിച്ചിരുന്നില്ല. ഇന്ന് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്ത് നിന്നെത്തിയ ഒരു തൊഴിലാളി തന്റെ കുട്ടിയുടെ പഠനത്തിനും കുടുംബത്തിന്റെ ഭക്ഷണത്തിനുമായി പണം അയക്കുമ്പോള്‍ അതിനെ സാമ്പത്തിക കുറ്റമായി ചിത്രീകരിക്കുന്നത് നീതിയല്ല.
ഞാന്‍ ,പശ്ചിമ ബംഗാളിലും അസമിലും നടത്തിയ ഫീല്‍ഡ് പഠനങ്ങളില്‍ കണ്ടത് ദാരിദ്ര്യവും തൊഴിലില്ലായ്മയും ജീവിതസമരവുമാണ്. ദിവസവേതനം പല പ്രദേശങ്ങളിലും 300-ല്‍ താഴെയാണ്. സ്ഥിരം തൊഴില്‍ ഇല്ല. പല കുടുംബങ്ങളും സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തെ ആശ്രയിച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ജീവിക്കാന്‍ മറ്റൊരു മാര്‍ഗമില്ലാത്തതുകൊണ്ടാണ് അവര്‍ കേരളത്തിലേക്ക് വരുന്നത്. കേരളത്തെ ചൂഷണം ചെയ്യാനല്ല അവര്‍ ഇവിടെ വരുന്നത്; സ്വന്തം കുടുംബത്തെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാനാണ്.
കേരളം രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന സംസ്ഥാനങ്ങളിലൊന്നാണ്. എന്തുകൊണ്ടാണ് നമ്മുടെ യുവാക്കള്‍ക്ക് മതിയായ തൊഴില്‍ ലഭിക്കാത്തത്? എന്തുകൊണ്ടാണ് അനൗപചാരിക മേഖലയിലെ ജോലികളിലേക്ക് മലയാളികള്‍ വലിയ തോതില്‍ എത്താത്തത്? ഈ അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താതെ അതിഥി തൊഴിലാളികളെ കുറ്റപ്പെടുത്തുന്നത് യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കലാണ്.
ഇവിടെ മറ്റൊരു യാഥാര്‍ഥ്യവുമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നത് ആരാണ്? കേരളത്തിലെ തന്നെ വ്യവസായികളും കരാറുകാരും കര്‍ഷകരും വ്യാപാരികളുമാണ്. കുറഞ്ഞ ചെലവില്‍ തൊഴില്‍ ലഭിക്കുന്നതിലൂടെ ഏറ്റവും കൂടുതല്‍ സാമ്പത്തിക നേട്ടം ലഭിക്കുന്നത് പ്രാദേശിക ഉല്‍പാദന മേഖലയ്ക്കാണ്. ആ നേട്ടത്തെക്കുറിച്ച് മൗനം പാലിക്കുകയും, തൊഴിലാളി വീട്ടിലേക്ക് അയക്കുന്ന പണത്തെ മാത്രം പ്രശ്‌നമാക്കുകയും ചെയ്യുന്നത് ഏകപക്ഷീയമാണ്.
സാമൂഹ്യശാസ്ത്രത്തില്‍ ഇതിനെ ബലിയാടാക്കല്‍ (scapegoating )എന്നാണ് വിളിക്കുന്നത്. ഒരു സമൂഹത്തിലെ ഘടനാപരമായ പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും ദുര്‍ബലരായ ഒരു വിഭാഗത്തെ കുറ്റപ്പെടുത്തുന്ന രീതി. മനുഷ്യാവകാശത്തിന്റെ ഭാഷയില്‍ ഇത് അതറിങ് (othering) എന്നും ഘടനാപരമായ വിവേചനം (structural discrimination) എന്നും വിശേഷിപ്പിക്കപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം ഏറ്റവും ദുര്‍ബലരായ തൊഴിലാളികളുടെ മേല്‍ കെട്ടിവയ്ക്കുന്നത് സാമൂഹിക നീതിക്ക് വിരുദ്ധമാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ ചില ഭാഗങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരായ സംശയവും വിദ്വേഷവും വര്‍ധിക്കുന്നതായി കാണുന്നുണ്ട്. തെളിവുകളില്ലാത്ത കണക്കുകളും അതിശയോക്തിപരമായ പ്രചരണങ്ങളും ഈ അന്തരീക്ഷം കൂടുതല്‍ വഷളാക്കുന്നു. സമൂഹത്തില്‍ ഭയം സൃഷ്ടിക്കുന്നതിനുപകരം സര്‍ക്കാര്‍ വിശ്വാസ്യതയുള്ള വിവരങ്ങളും കൃത്യമായ പഠനങ്ങളും പുറത്തുവിടണം.
എന്റെ നിലപാട് വളരെ വ്യക്തമാണ്.. ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിന്റെ സാമ്പത്തിക ഭാരം അല്ല; കേരളത്തിന്റെ സമ്പദ്വ്യവസ്ഥ താങ്ങിനിര്‍ത്തുന്ന തൊഴിലാളികളാണ്. റോഡുകള്‍, കെട്ടിടങ്ങള്‍, ഫാക്ടറികള്‍, ഹോട്ടലുകള്‍, കൃഷിയിടങ്ങള്‍, മത്സ്യബന്ധന മേഖല, ഗൃഹനിര്‍മാണം ഇവയുടെ പിന്നില്‍ അവരുടെ അധ്വാനമുണ്ട്. അവരുടെ അധ്വാനത്തിലൂടെ സമ്പാദിച്ച വേതനത്തിന്റെ ഒരു ഭാഗം അവര്‍ സ്വന്തം കുടുംബത്തിലേക്ക് അയക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്; അത് കേരളത്തിനെതിരായ സാമ്പത്തിക ആക്രമണമല്ല.
കേരളത്തിന് യഥാര്‍ത്ഥ നഷ്ടമുണ്ടാകുന്നത് തൊഴിലാളികള്‍ പണം അയക്കുന്നതുകൊണ്ടല്ല. തെളിവില്ലാത്ത ആരോപണങ്ങളിലൂടെ ഒരു മുഴുവന്‍ തൊഴിലാളി സമൂഹത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും, അവരുടെ അന്തസ്സിനെയും അവകാശങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്യുമ്പോഴാണ് കേരളത്തിന്റെ ജനാധിപത്യത്തിനും മനുഷ്യാവകാശ പാരമ്പര്യത്തിനും യഥാര്‍ത്ഥ നഷ്ടമുണ്ടാകുന്നത്.
മുന്‍പ് വന്‍കിട നിര്‍മ്മാണങ്ങളുടെ 40%-50% ലേബര്‍ ചാര്‍ജ്ജ് കേരളത്തില്‍ തന്നെ സര്‍ക്കുലേറ്റ് ചെയ്തിരുന്നു. ഇന്ന് ആ തുക മുഴുവന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ഇത് കേരളത്തിലെ സാധാരണക്കാരായ പരമ്പരാഗത തൊഴിലാളികളുടെ വരുമാനത്തെയും ജീവിതനിലവാരത്തെയും എങ്ങനെയാണ് ബാധിച്ചിരിക്കുന്നത്?
‘മുമ്പ് നിര്‍മാണ മേഖലയിലെ ലേബര്‍ ചാര്‍ജിന്റെ വലിയൊരു ഭാഗം കേരളത്തില്‍ തന്നെ സഞ്ചരിച്ചിരുന്നു. ഇന്ന് അത് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു’ എന്ന വാദം കേള്‍ക്കുമ്പോള്‍ ഒരു അടിസ്ഥാന ചോദ്യം ഞാന്‍ സര്‍ക്കാരിനോട് ചോദിക്കാനാണ് ആഗ്രഹിക്കുന്നത്.
എന്തുകൊണ്ടാണ് കേരളത്തിലെ ആളുകള്‍ക്ക് ആ ജോലികള്‍ ലഭിക്കാത്തത്?
ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താതെ, അതിഥി തൊഴിലാളികളെ കുറ്റപ്പെടുത്തുന്നത് യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കലാണ്.
കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ചരിത്രം ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ കേരളത്തിലെ ആളുകള്‍ തൊഴില്‍ തേടി മൈസൂര്‍, മദ്രാസ്, ബോംബെ, അസം, പിന്നീട് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. വൈലോപ്പിള്ളി ശ്രീധരമേനോന്റെ അസം പണിക്കാര്‍ എന്ന കവിത പോലും മലയാളികളുടെ തൊഴില്‍ കുടിയേറ്റത്തിന്റെ സാമൂഹിക ചരിത്രം രേഖപ്പെടുത്തുന്ന സാംസ്‌കാരിക സാക്ഷ്യമാണ്. പിന്നീട് ഗള്‍ഫ് കുടിയേറ്റം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ മാറ്റിമറിച്ചു. ഇന്ന് ഗള്‍ഫില്‍ കെട്ടിടനിര്‍മാണത്തിലും ശുചീകരണത്തിലും ഡ്രൈവിങ്ങിലും വെല്‍ഡിംഗിലും പ്ലംബിംഗിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ ചെയ്യുന്ന അതേ ജോലികളാണ് കേരളത്തില്‍ ഇന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ചെയ്യുന്നത്. അപ്പോള്‍ ചോദ്യം ഇതാണ്. ജോലിയുടെ പ്രശ്‌നമാണോ, അതോ തൊഴിലാളിയുടെ ഐഡന്റിറ്റി പ്രശ്‌നമാണോ? 1990-കളില്‍ കേരളത്തിലെ പ്രധാന കുടിയേറ്റ തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു. ഇന്ന് പശ്ചിമ ബംഗാള്‍, അസം, ബിഹാര്‍, ഒഡീഷ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായി എത്തുന്നത്. എന്തുകൊണ്ടാണ് ഈ മാറ്റം ഉണ്ടായത്? കാരണം, തമിഴ്‌നാട് തന്നെ വ്യവസായവല്‍ക്കരണത്തിലും തൊഴില്‍ സൃഷ്ടിയിലും മുന്നേറി. സ്വന്തം സംസ്ഥാനത്ത് അവസരങ്ങള്‍ വര്‍ധിച്ചതോടെ അവര്‍ക്ക് കേരളത്തെ ആശ്രയിക്കേണ്ട സാഹചര്യം കുറഞ്ഞു. ഇത് ഒരു തൊഴില്‍ വിപണിയുടെ സ്വാഭാവിക പരിണാമമാണ്.
ഇന്ന് കേരളത്തിലെ റബ്ബര്‍ തോട്ടങ്ങളില്‍ നോക്കൂ. എന്റെ അച്ഛന്‍ ഒരു റബ്ബര്‍ ടാപ്പറായിരുന്നു. ഇന്ന് ആ ജോലിയുടെ വലിയൊരു ഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണ് ചെയ്യുന്നത്. എന്തുകൊണ്ട്? റബ്ബര്‍ ടാപ്പിംഗ് ഇല്ലാതായതുകൊണ്ടല്ല; പ്രാദേശികമായി തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതുകൊണ്ടാണ്. റബ്ബര്‍ മേഖലയിലെ തൊഴിലാളി ക്ഷാമത്തെക്കുറിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങളും വര്‍ഷങ്ങളായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ജോലി ഇല്ലാതായിട്ടില്ല; തൊഴിലാളികളുടെ ഘടന മാറിയതാണ്. മത്സ്യമേഖലയിലും അതേ അവസ്ഥയാണ്. അഴീക്കല്‍, പൊന്നാനി, മുനമ്പം ഉള്‍പ്പെടെ പല ഹാര്‍ബറുകളിലും ഞാന്‍ നടത്തിയ പഠനങ്ങളില്‍ കണ്ടത്, ഇതര സംസ്ഥാന തൊഴിലാളികളാണ് വലിയ തോതില്‍ ജോലിചെയ്യുന്നത്. എന്നാല്‍ അവരെ നിയമിക്കുന്ന ഇടനിലക്കാരും ബോട്ട് ഉടമകളും കൂടുതലും മലയാളികളാണ്. സാമ്പത്തിക നേട്ടം ലഭിക്കുന്നത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കാണ്. അനുഭവപരിചയമുള്ള മലയാളി മത്സ്യതൊഴിലാളികളും ഇപ്പോഴും ഈ മേഖലയിലുണ്ട്. പക്ഷേ പുതിയ തലമുറ ആ ജോലിയിലേക്ക് പ്രവേശിക്കുന്നില്ല. ഒഴിവുകള്‍ ഉണ്ടെങ്കിലും ആളില്ല എന്ന അവസ്ഥയാണ്.
നിര്‍മാണ മേഖലയിലും കൃഷിയിലും ഹോട്ടല്‍ മേഖലയിലും ഇതേ യാഥാര്‍ഥ്യമാണ്. തൊഴിലാളികളെ തേടി പോകുന്നത് തൊഴിലുടമകളാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വയം വന്ന് ജോലി സൃഷ്ടിച്ചതല്ല.
കേരളത്തിലെ തൊഴില്‍ ആവശ്യമാണ് അവരെ ഇവിടെ എത്തിച്ചത്.
അതിനാല്‍ ഞാന്‍ സര്‍ക്കാരിനോട് വീണ്ടും ചോദിക്കുന്നു.
കേരളത്തിലെ യുവാക്കള്‍ക്ക് ഈ ജോലികളിലേക്ക് വരാന്‍ താല്‍പര്യമില്ലെങ്കില്‍ അതിന്റെ കാരണം പഠിച്ചിട്ടുണ്ടോ? വിദ്യാഭ്യാസം, തൊഴില്‍പരിശീലനം, നൈപുണ്യ വികസനം, വേതന ഘടന, സാമൂഹിക മനോഭാവം, തൊഴില്‍ അന്തസ്ഇ വയെക്കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ പഠനം നടത്തിയിട്ടുണ്ടോ? എന്തുകൊണ്ടാണ് മലയാളി യുവാക്കളുടെ തൊഴില്‍ വിസമ്മതത്തെക്കുറിച്ചോ തൊഴില്‍ പ്രതീക്ഷകളെക്കുറിച്ചോ തൊഴില്‍ വിപണിയില്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ചോ സമഗ്രമായ സര്‍ക്കാര്‍ പഠനങ്ങള്‍ ഇല്ലാത്തത്? കേരളത്തില്‍ ശക്തമായ ഒരു ക്ഷേമസംവിധാനമുണ്ട്. പെന്‍ഷനുകള്‍, വിവിധ സാമൂഹിക സുരക്ഷാ പദ്ധതികള്‍, പൊതുവിതരണ സംവിധാനം, ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ പൊതുസൗകര്യങ്ങള്‍ എന്നിവ ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പം സമൂഹത്തിന്റെ തൊഴില്‍ പ്രതീക്ഷകളും ജീവിതശൈലിയും കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ മാറി. ഈ മാറ്റങ്ങളെ മനസ്സിലാക്കി തൊഴില്‍ നയം രൂപപ്പെടുത്തുന്നതിന് പകരം, അതിഥി തൊഴിലാളികളെ പ്രശ്‌നത്തിന്റെ കാരണമായി അവതരിപ്പിക്കുന്നത് ഭരണപരമായ പരാജയം മറച്ചുവയ്ക്കാനുള്ള എളുപ്പവഴിയാണ്.
കേരളം ഇന്ന് നേരിടുന്നത് റിവേഴ്‌സ് റെമിറ്റന്‍സ് എന്ന പ്രശ്‌നമല്ല. കേരളം നേരിടുന്നത് റിവേഴ്‌സ് ഡെവലപ്മെന്റ് എന്ന പ്രതിസന്ധിയാണ്. വിദ്യാഭ്യാസമുള്ള യുവാക്കള്‍ക്ക് അവരുടെ കഴിവിനനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കാന്‍ കഴിയുന്നില്ല. വിദ്യാഭ്യാസവും തൊഴില്‍ വിപണിയും തമ്മിലുള്ള ബന്ധം ദുര്‍ബലമാണ്. നൈപുണ്യ പരിശീലനവും വ്യവസായ വികസനവും ആവശ്യത്തിന് നടന്നിട്ടില്ല. അതിന്റെ ഫലമായി ഒരു വശത്ത് മലയാളി യുവാക്കള്‍ വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോകുന്നു; മറുവശത്ത് കേരളത്തിന്റെ അനൗപചാരിക തൊഴില്‍ മേഖല ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്നു. ഇത് കുടിയേറ്റ തൊഴിലാളികളുടെ പരാജയമല്ല; തൊഴില്‍ ആസൂത്രണത്തിലെ പരാജയമാണ്. കേരളത്തിലെ കടകളും ഹോട്ടലുകളും കൃഷിയും നിര്‍മാണവും ഫാക്ടറികളും തുറമുഖങ്ങളും മത്സ്യമേഖലയും തോട്ടങ്ങളും ഇന്ന് പ്രവര്‍ത്തിക്കുന്നത് ആരുടെ അധ്വാനത്തിലാണ്? ഏതൊരു വ്യാപാരിയോടും വ്യവസായിയോടും ചോദിച്ചാല്‍ അവര്‍ പറയുംഅതിഥി തൊഴിലാളികളില്ലെങ്കില്‍ അവരുടെ സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ പ്രയാസമാണെന്ന്. അപ്പോള്‍ യഥാര്‍ത്ഥ ചോദ്യം ഇതാണ്:
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന തൊഴിലാളികളെയാണോ നാം കുറ്റപ്പെടുത്തേണ്ടത്, അതോ മാറുന്ന സമൂഹത്തെയും തൊഴില്‍ വിപണിയെയും മനസ്സിലാക്കാന്‍ പരാജയപ്പെട്ട നയങ്ങളെയാണോ ചോദ്യം ചെയ്യേണ്ടത്? ഒരു ജനാധിപത്യ സമൂഹത്തില്‍ ഏറ്റവും ദുര്‍ബലരായ തൊഴിലാളികളെ കുറ്റവാളികളായി ചിത്രീകരിക്കുന്നത് എളുപ്പമാണ്. പക്ഷേ സാമൂഹ്യനീതി ആവശ്യപ്പെടുന്നത് അതല്ല. യഥാര്‍ത്ഥ സാമൂഹ്യനീതി എന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രശ്‌നം തിരിച്ചറിയുകയും, തൊഴിലാളികളുടെ അന്തസ്സിനെയും മനുഷ്യാവകാശങ്ങളെയും സംരക്ഷിക്കുകയും, സംസ്ഥാനത്തിന്റെ വികസന പരാജയങ്ങള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നതാണ്.
കൂലി കിട്ടുന്ന ഉടന്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ വഴി പണം അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നു. കേരളത്തിലെ ബാങ്കുകളിലെ ലിക്വിഡിറ്റിയെയും നിക്ഷേപ വളര്‍ച്ചയെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്?
- കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ സഹായിച്ചിട്ടുണ്ടോ ?
- എത്ര പേര്‍ നിയമാനുസൃതമായ വാടക കരാറോടുകൂടിയാണ് താമസിക്കുന്നത്?
- എത്ര പേര്‍ തൊഴിലുടമയുടെ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്?
ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരമില്ലാതെ ലിക്വിഡിറ്റിയെക്കുറിച്ച് മാത്രം സംസാരിക്കുന്നത് പ്രശ്‌നത്തിന്റെ വേരിലേക്ക് പോകുന്നില്ല.
എനിക്ക് ഒരു വ്യക്തിപരമായ അനുഭവമുണ്ട്. മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ
സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ പോളിസി ആന്‍ഡ് ഇന്‍ക്ലൂസീവ് ഗവേണന്‍സില് (Centre for Migration Policy and Inclusive Governance ) ഡോ. ബിജുലാല്‍ എം. വി-യോടൊപ്പം പ്രവര്‍ത്തിച്ച സമയത്ത്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ബാങ്കിംഗ്, ഇന്‍ഷുറന്‍സ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.
അന്ന് നിരവധി തൊഴിലാളികളുമായി നേരിട്ട് സംസാരിക്കാന്‍ അവസരം ലഭിച്ചു. പലരും ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചിട്ടും പ്രായോഗിക തടസ്സങ്ങള്‍ നേരിട്ടതായി പറഞ്ഞു. പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് താമസത്തിന്റെ തെളിവായിരുന്നു. ഭൂരിഭാഗം തൊഴിലാളികളും ഔദ്യോഗികമായ വാടക കരാറില്ലാത്ത താമസസ്ഥലങ്ങളിലാണ് കഴിയുന്നത്. ആറ് മുതല്‍ ഒമ്പത് വരെ ആളുകള്‍ ഒരു ചെറിയ മുറിയില്‍ താമസിക്കുന്ന അവസ്ഥ ഇന്നും കേരളത്തിലെ പല ഭാഗങ്ങളിലും കാണാം. ഇത്തരമൊരു ജീവിത സാഹചര്യത്തെ മനസ്സിലാക്കാതെ ധനകാര്യ ഉള്‍ക്കൊള്ളലിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല.
മറ്റൊരു പ്രധാന യാഥാര്‍ഥ്യം. ഒരു പ്ലൈവുഡ് ഫാക്ടറിയില്‍ ഞാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഏകദേശം 25 ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ സ്ഥാപനത്തിന്റെ ഔദ്യോഗിക രജിസ്റ്ററില്‍ ഉണ്ടായിരുന്നത് വെറും ഏഴ് പേരുടെ പേരുകളായിരുന്നു. ബാക്കിയുള്ളവര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല. അതിന്റെ അര്‍ത്ഥം എന്താണ്? അവര്‍ക്ക് ഇഎസ്‌ഐ (ESI), സാമൂഹിക സുരക്ഷ, മറ്റ് നിയമപരമായ ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കാനുള്ള അവസരം തന്നെ നഷ്ടപ്പെടുകയാണ്. അതിനാല്‍ ആദ്യം ചോദിക്കേണ്ടത് തൊഴിലാളി ശമ്പളം നാട്ടിലേക്ക് അയക്കുന്നുണ്ടോ എന്നല്ല; തൊഴില്‍ നിയമങ്ങള്‍ ശരിയായി നടപ്പിലാക്കുന്നുണ്ടോ എന്നതാണ്.
ഡിജിറ്റല്‍ പേയ്‌മെന്റിനെ ഒരു പ്രശ്‌നമായി അവതരിപ്പിക്കുന്നതും ശരിയായ സമീപനമല്ല. ഇന്ന് കേരളത്തിലെ മലയാളികളും യുപിഐ, മൊബൈല്‍ ബാങ്കിംഗ്, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നു. അതുപോലെ തന്നെയാണ് ഇതര സംസ്ഥാന തൊഴിലാളികളും ചെയ്യുന്നത്. അവര്‍ മുമ്പ് ബാങ്കുകളെയും ഇടനിലക്കാരെയും ആശ്രയിച്ചിരുന്നു. ഇന്ന് സാങ്കേതികവിദ്യ കൂടുതല്‍ എളുപ്പമായ മാര്‍ഗം നല്‍കിയിരിക്കുന്നു. അത് സാമ്പത്തിക കുറ്റമല്ല; ഇന്ത്യയുടെ ഡിജിറ്റല്‍ ധനകാര്യ സംവിധാനത്തിന്റെ സ്വാഭാവിക വികാസമാണ്.
ഒരു തൊഴിലാളി ബാങ്ക് വഴിയോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയോ സ്വന്തം വീട്ടിലേക്ക് പണം അയക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.
ബാങ്ക് നിക്ഷേപം കുറയുന്നുവെന്ന വാദവും കൂടുതല്‍ പഠനം ആവശ്യപ്പെടുന്നതാണ്. ഒരു തൊഴിലാളിക്ക് കേരളത്തില്‍ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ കഴിയുന്നില്ലെങ്കില്‍, സ്ഥിര നിക്ഷേപം നടത്താന്‍ കഴിയുന്നില്ലെങ്കില്‍, വായ്പ ലഭിക്കുന്നില്ലെങ്കില്‍, അതിന് ഉത്തരവാദി തൊഴിലാളിയല്ല. ധനകാര്യ ഉള്‍ക്കൊള്ളല്‍ ഉറപ്പാക്കേണ്ട സംവിധാനങ്ങളാണ്.
ഇന്നും പല ബാങ്കുകളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക ധനകാര്യ ഉല്‍പ്പന്നങ്ങളോ, എളുപ്പമുള്ള അക്കൗണ്ട് നടപടിക്രമങ്ങളോ, പ്രാദേശിക ഭാഷകളില്‍ സേവനങ്ങളോ സജീവമായി വികസിപ്പിച്ചിട്ടില്ല. അതേസമയം പല തൊഴിലാളികളും ഉയര്‍ന്ന പലിശയുള്ള ഡിജിറ്റല്‍ വായ്പാ ആപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയിലുമാണ്. എന്തുകൊണ്ടാണ് ബാങ്കുകള്‍ ഈ വലിയ തൊഴില്‍ സമൂഹത്തെ വിശ്വാസമുള്ള ഉപഭോക്താക്കളായി കാണാത്തത്?
ഇത് കേരളത്തിന് ഒരു വലിയ അവസരമാണ്. ലക്ഷക്കണക്കിന് തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുകയും വരുമാനം നേടുകയും ചെയ്യുമ്പോള്‍, ബാങ്കുകള്‍ അവരെ ഔപചാരിക ധനകാര്യ സംവിധാനത്തിലേക്ക് കൊണ്ടുവരാനും, സമ്പാദ്യ പദ്ധതികള്‍, ഇന്‍ഷുറന്‍സ്, ചെറുവായ്പകള്‍, കുടുംബ ധനകാര്യ സേവനങ്ങള്‍ എന്നിവ നല്‍കാനും കഴിയും. അതിലൂടെ ബാങ്കുകളുടെ നിക്ഷേപവും ഉപഭോക്തൃ അടിത്തറയും വളരാം.
അതുകൊണ്ട് പ്രശ്‌നം തൊഴിലാളികള്‍ പണം അയക്കുന്നതല്ല. പ്രശ്‌നം അവര്‍ കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക സംവിധാനത്തില്‍ പൂര്‍ണമായി ഉള്‍പ്പെടാത്തതാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് തൊഴിലാളികളെ സംശയത്തോടെ കാണുകയല്ല. അവരുടെ താമസ സാഹചര്യം, തൊഴില്‍ രജിസ്‌ട്രേഷന്‍, ബാങ്കിംഗ് പ്രവേശനം, സാമൂഹിക സുരക്ഷ, തൊഴില്‍ നിയമങ്ങളുടെ പാലനം എന്നിവയെക്കുറിച്ച് സമഗ്രമായ പഠനം നടത്തി, തെളിവുകളുടെ അടിസ്ഥാനത്തില്‍ നയങ്ങള്‍ രൂപപ്പെടുത്തുകയാണ്.ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് എന്താണ് കൊണ്ടുപോകുന്നത് എന്ന ചോദ്യത്തേക്കാള്‍ പ്രധാനപ്പെട്ട ചോദ്യം ഇതാണ്: കേരളം അവരുടെ അധ്വാനത്തിന് അര്‍ഹമായ അവകാശങ്ങളും ധനകാര്യ സുരക്ഷയും നല്‍കുന്നുണ്ടോ?
അതിഥി തൊഴിലാളികള്‍ വളരെ ചിലവ് ചുരുക്കി ജീവിക്കുകയും, വരുമാനത്തിന്റെ വലിയൊരു ഭാഗം നാട്ടിലേക്ക് അയക്കുകയും ചെയ്യുന്നു എന്ന് മുഖ്യമന്ത്രി പറയുന്നു. ഇവരുടെ ഉപഭോഗ രീതികളെക്കുറിച്ച് ഗവണ്‍മെന്റ് തലത്തില്‍ കൃത്യമായ ഒരു ഡാറ്റാബേസ് നിലവിലുണ്ടോ?
ഇല്ല. കേരള സര്‍ക്കാരിന്റെ കൈവശം അതിഥി തൊഴിലാളികളുടെ ഉപഭോഗ രീതികളെക്കുറിച്ചോ, ചെലവ് രീതികളെക്കുറിച്ചോ, സമ്പാദ്യ രീതികളെക്കുറിച്ചോ, പണമയക്കല്‍ രീതികളെക്കുറിച്ചോ സമഗ്രവും ഔദ്യോഗികവുമായ ഒരു ഡാറ്റാബേസ് നിലവിലില്ല.
എനിക്ക് ലഭിച്ച വിവരാവകാശ രേഖകള്‍ പ്രകാരം, 2024 വരെ കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തെക്കുറിച്ച് ലേബര്‍ കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ സമഗ്രമായ ഔദ്യോഗിക പഠനം നടത്തിയിട്ടില്ല.
കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ചും വ്യക്തതയില്ല. പലരും ഉദ്ധരിക്കുന്ന കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡിന്റെ 2021 റിപ്പോര്‍ട്ട് ഒരു ഗവേഷണ പഠനവും പ്രൊജക്ഷനും മാത്രമാണ്; അത് സര്‍ക്കാര്‍ അംഗീകരിച്ച ഔദ്യോഗിക ജനസംഖ്യാ കണക്കല്ല. അതേസമയം, ആവാസ് (awaaz) ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വര്‍ഷങ്ങളായി കാണുന്ന രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ എണ്ണം ഏകദേശം 5,16,320 ആണ്. 2021, 2022, 2023, 2024 വര്‍ഷങ്ങളില്‍ ഞാന്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങളിലും ഇതേ കണക്കാണ് ലഭിച്ചത്. ഇത് തന്നെ കേരളത്തില്‍ സമഗ്രമായ തൊഴിലാളി ഡാറ്റാബേസ് ഇല്ലെന്നതിന്റെ തെളിവാണ്.
2011-ലെ കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര കുടിയേറ്റവുമായി ബന്ധപ്പെട്ട കണക്കുകള്‍ കേരളത്തിലെ ആഭ്യന്തര കുടിയേറ്റത്തിന്റെ ഒരു ചിത്രം നല്‍കുന്നുണ്ടെങ്കിലും, ഇന്നത്തെ യഥാര്‍ത്ഥ സാഹചര്യം അളക്കാന്‍ അതും മതിയാകുന്നില്ല. പോലീസ്, തൊഴില്‍ വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനതലത്തില്‍ ഏകീകൃതവും പുതുക്കിക്കൊണ്ടിരിക്കുന്നതുമായ ഒരു ഡാറ്റാ സംവിധാനം നിലവിലില്ല. അപ്പോള്‍ മുഖ്യമന്ത്രി പറയുന്ന ‘അവര്‍ ഇവിടെ ചെലവാക്കുന്നില്ല’ എന്ന നിഗമനം ഏത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്?
ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത യാഥാര്‍ഥ്യം മനസ്സിലാക്കാതെ അവരുടെ ഉപഭോഗത്തെക്കുറിച്ച് വിലയിരുത്താന്‍ കഴിയില്ല. അവര്‍ ആഡംബര ജീവിതമല്ല നയിക്കുന്നത്; അതിജീവനത്തിന്റെ സാമ്പത്തികശാസ്ത്രം ആണ് പിന്തുടരുന്നത്. സ്വന്തം കുടുംബത്തിന്റെ സുരക്ഷയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടിയാണ് അവര്‍ വരുമാനത്തിന്റെ വലിയൊരു ഭാഗം നാട്ടിലേക്ക് അയക്കുന്നത്. അതുകൊണ്ടാണ് കേരളത്തില്‍ അവര്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ ശ്രമിക്കുന്നത്.
പക്ഷേ ആ ‘കുറഞ്ഞ ചെലവില്‍ ജീവിക്കല്‍’ ഒരു തിരഞ്ഞെടുപ്പല്ല; പലപ്പോഴും അത് നിര്‍ബന്ധിതമായ അവസ്ഥയാണ്.
ഫീല്‍ഡ് പഠനത്തില്‍, മൂന്നോ ആറോ പേരല്ല, ചിലയിടങ്ങളില്‍ ആറ് മുതല്‍ ഒമ്പത് പേരും അതിലധികവും തൊഴിലാളികള്‍ ഒരു മുറിയില്‍ താമസിക്കുന്നു. പല താമസസ്ഥലങ്ങളിലും ശരിയായ വായുസഞ്ചാരമില്ല. അസ്ബസ്റ്റോസ് ഷീറ്റുകളും ടിന്‍ ഷീറ്റുകളും ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളാണ്. ചില സ്ഥലങ്ങളില്‍ ഇരുപതിലധികം ആളുകള്‍ ഒരു ശുചിമുറി മാത്രം പങ്കിടുന്ന സാഹചര്യം വരെ കാണാം. രോഗം വന്നാല്‍ ഒറ്റയ്ക്ക് വിശ്രമിക്കാന്‍ പ്രത്യേക മുറി പോലും ഭൂരിഭാഗം തൊഴിലാളികള്‍ക്കില്ല. ഈ താമസ സൗകര്യങ്ങള്‍ ഒരുക്കുന്നത് ആരാണ്? മിക്കവാറും കേരളത്തിലെ തന്നെ വീടുടമകളും തൊഴില്‍ദാതാക്കളുമാണ്. അതായത്, തൊഴിലാളികള്‍ മോശം സാഹചര്യത്തില്‍ ജീവിക്കുന്നതിനുള്ള ഉത്തരവാദിത്തം അവരുടെ മേല്‍ ചുമത്താന്‍ കഴിയില്ല.
സാമൂഹികമായി അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും ഗൗരവമുള്ളതാണ്. ഭാഷാ തടസ്സം കാരണം ആരോഗ്യ സേവനങ്ങളിലേക്കും നിയമസഹായത്തിലേക്കും എത്താന്‍ ബുദ്ധിമുട്ടുണ്ട്. സര്‍ക്കാര്‍ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള അറിവ് വളരെ കുറവാണ്. ആരോഗ്യ ഇന്‍ഷുറന്‍സും ക്ഷേമ പദ്ധതികളും ഉണ്ടെങ്കിലും അവയുടെ ഗുണഭോക്താക്കളാകുന്നവര്‍ വളരെ കുറവാണ്. പ്രത്യേകിച്ച് വനിതാ തൊഴിലാളികള്‍ക്ക് സുരക്ഷയും സ്വകാര്യതയും ആരോഗ്യസൗകര്യങ്ങളും കൂടുതല്‍ പരിമിതമാണ്.
മാനസിക ആരോഗ്യവും മറ്റൊരു അവഗണിക്കപ്പെട്ട വിഷയമാണ്. കുടുംബത്തില്‍ നിന്ന് അകന്നു ജീവിക്കുന്നതും സാമ്പത്തിക അനിശ്ചിതത്വവും ഏകാന്തതയും ഉറക്കക്കുറവും മാനസിക സമ്മര്‍ദ്ദവും ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. സ്മാര്‍ട്ട്‌ഫോണുകള്‍ പലര്‍ക്കും വിനോദ ഉപകരണമാത്രമല്ല; കുടുംബവുമായി ബന്ധം നിലനിര്‍ത്താനുള്ള ഏക മാര്‍ഗമാണ്.
അതിനാല്‍ സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് തൊഴിലാളികള്‍ എത്ര രൂപ പുറത്തേക്ക് അയക്കുന്നു എന്ന് കണക്കുകൂട്ടലല്ല. ആദ്യം അവര്‍ എങ്ങനെയാണ് ജീവിക്കുന്നത്, എവിടെയാണ് താമസിക്കുന്നത്, എന്താണ് ഭക്ഷണം, എത്ര മണിക്കൂര്‍ ജോലി ചെയ്യുന്നു, എന്തൊക്കെ അവകാശങ്ങള്‍ ലഭിക്കുന്നില്ല, എന്തുകൊണ്ടാണ് ക്ഷേമപദ്ധതികളില്‍ നിന്ന് പുറത്താകുന്നത്, കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് അവര്‍ നല്‍കുന്ന യഥാര്‍ത്ഥ സംഭാവന എന്താണ് എന്നതിനെക്കുറിച്ച് സമഗ്രമായ പഠനം നടത്തണം. തെളിവുകളില്ലാത്ത അനുമാനങ്ങള്‍ അടിസ്ഥാനമാക്കി ഒരു സമൂഹത്തെ വിലയിരുത്തുന്നത് പൊതുനയമല്ല; അത് ഒരു രാഷ്ട്രീയ അഭിപ്രായം മാത്രമാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ നയം രൂപപ്പെടുത്തുകയാണ് ഒരു ക്ഷേമരാഷ്ട്രത്തിന്റെ ഉത്തരവാദിത്തം.
റിവേഴ്സ് റെമിറ്റന്‍സിന്റെ യഥാര്‍ത്ഥ കാരണം ആര് ?
കേരളത്തിന്റെ ദീര്‍ഘകാല സാമ്പത്തിക വെല്ലുവിളി പരിശോധിക്കുമ്പോള്‍, വിദ്യാര്‍ത്ഥി കുടിയേറ്റം, ഉയര്‍ന്ന നൈപുണ്യമുള്ള യുവാക്കളുടെ വിദേശ കുടിയേറ്റം, അതിനോടൊപ്പം നടക്കുന്ന മൂലധന ചോര്‍ച്ച എന്നിവയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍. കേരള മൈഗ്രേഷന്‍ സര്‍വേ 2023 പ്രകാരം അഞ്ച് വര്‍ഷത്തിനിടെ വിദ്യാര്‍ത്ഥി കുടിയേറ്റം ഏകദേശം ഇരട്ടിയായി. വിദേശ പഠനത്തിനായി കേരളത്തില്‍ നിന്ന് പുറപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥികള്‍ക്കായി കുടുംബങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന വിദ്യാഭ്യാസ ചെലവ് ഏകദേശം 43,378 കോടി രൂപയാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ നടക്കുന്ന ഒരു വലിയ സാമ്പത്തിക പ്രവാഹമാണ് . ഇതിനെക്കുറിച്ച് ഗൗരവമായ നയചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. എന്നാല്‍ അതിനുപകരം ഇതര സംസ്ഥാന തൊഴിലാളികളുടെ വേതനമാണ് കേരളത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളുടെ പ്രധാന കാരണം എന്ന രീതിയില്‍ ചര്‍ച്ച നടക്കുന്നത് യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ്.
വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നത് ഒരു വ്യക്തിയുടെ അവകാശമാണ്. അതിനെ എതിര്‍ക്കേണ്ട കാര്യമില്ല. എന്നാല്‍ അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇന്ന് പല കുടുംബങ്ങളും ഭൂമി പണയം വെച്ചും വീടുകള്‍ ഈടുവെച്ചും വിദ്യാഭ്യാസ വായ്പ എടുത്തുമാണ് മക്കളെ വിദേശത്തേക്ക് അയക്കുന്നത്. ട്യൂഷന്‍ ഫീസ്, താമസച്ചെലവ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ജീവിതച്ചെലവ് എന്നിവയ്ക്കായി വന്‍തോതില്‍ പണം വിദേശത്തേക്ക് പോകുന്നു. ഇത് കേരളത്തിന്റെ സാമ്പത്തിക ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയമാണ്. അതേസമയം, ഈ ചെലവിനെ ഒരു ‘നഷ്ടം’ എന്ന ഒറ്റ വാക്കില്‍ കാണാനും കഴിയില്ല. വിദേശത്ത് പഠിച്ചവര്‍ പിന്നീട് കേരളത്തിലേക്ക് മടങ്ങി നിക്ഷേപം നടത്തുകയോ സംരംഭങ്ങള്‍ ആരംഭിക്കുകയോ കുടുംബങ്ങള്‍ക്ക് റെമിറ്റന്‍സ് അയക്കുകയോ ചെയ്താല്‍ അതിന്റെ ദീര്‍ഘകാല ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. അതിനാല്‍ ഈ വിഷയത്തില്‍ സമഗ്രമായ പഠനമാണ് വേണ്ടത്; വികാരാധിഷ്ഠിത നിഗമനങ്ങളല്ല.
പുതിയ തലമുറ വിദേശത്ത് സ്ഥിരതാമസമാക്കാന്‍ താല്പര്യപ്പെടുകയും കേരളത്തിലെ കുടുംബസ്വത്തുക്കള്‍ വിറ്റ് ആ പണം വിദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്. ഈ ട്രെന്‍ഡ് കേരളത്തിലെ സാമ്പത്തിക രംഗത്ത് ആഘാതം സൃഷ്ടിക്കുന്നില്ലേ? ഈ പ്രവണത സര്‍ക്കാര്‍ ഗൗരവമായി പഠിക്കേണ്ട വിഷയമാണ്.
വിദേശത്ത് സ്ഥിരതാമസമാക്കാന്‍ തീരുമാനിക്കുന്ന ചില കുടുംബങ്ങള്‍ കേരളത്തിലെ ഭൂമിയും വീടും മറ്റ് സ്വത്തുക്കളും വിറ്റ് വിദേശത്ത് നിക്ഷേപിക്കുന്ന പ്രവണത ഇന്ന് കാണുന്നുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് സംസ്ഥാനത്തിന്റെ നിക്ഷേപ ഘടനയെയും ജനസംഖ്യാപരമായ ഘടനയെയും തൊഴില്‍ വിപണിയെയും ബാധിക്കാന്‍ സാധ്യതയുണ്ട്.
അതോടൊപ്പം മറ്റൊരു ചോദ്യവും ഉയരുന്നു. എന്തുകൊണ്ടാണ് കേരളത്തിലെ വിദ്യാഭ്യാസമുള്ള യുവാക്കള്‍ സംസ്ഥാനത്ത് ഭാവി കാണാത്തത്? എന്തുകൊണ്ടാണ് അവര്‍ വിദേശത്ത് സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നത്? ഇത് വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ മാത്രം പ്രശ്‌നമല്ല; തൊഴില്‍ അവസരങ്ങള്‍, വേതനം, വ്യവസായ വികസനം, ഗവേഷണ സാധ്യതകള്‍, നൈപുണ്യത്തിന് അനുസരിച്ചുള്ള തൊഴില്‍ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട വികസന പ്രശ്‌നമാണ്.
അതുകൊണ്ട് എന്റെ അഭിപ്രായത്തില്‍ കേരളം ഇന്ന് ചര്‍ച്ച ചെയ്യേണ്ടത് ഇതര സംസ്ഥാന തൊഴിലാളികളുടെ വേതനമല്ല.
കേരളം ചര്‍ച്ച ചെയ്യേണ്ടത്:
• എന്തുകൊണ്ടാണ് നമ്മുടെ യുവാക്കള്‍ സംസ്ഥാനം വിടുന്നത്?
• എന്തുകൊണ്ടാണ് വിദേശ പഠനം ഒരു സാമൂഹിക നിര്‍ബന്ധമായി മാറുന്നത്?
• എന്തുകൊണ്ടാണ് വിദ്യാഭ്യാസവും തൊഴില്‍ വിപണിയും തമ്മില്‍ വലിയ വിടവ് രൂപപ്പെട്ടത്?
• എന്തുകൊണ്ടാണ് സംസ്ഥാനം ഉയര്‍ന്ന നൈപുണ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പിന്നാക്കം പോകുന്നത്?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താതെ, ഏറ്റവും ദുര്‍ബലരായ ഇതര സംസ്ഥാന തൊഴിലാളികളെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രതീകമാക്കി അവതരിപ്പിക്കുന്നത് പ്രശ്‌നപരിഹാരമല്ല. കേരളത്തിന്റെ സാമ്പത്തിക ഭാവി സംരക്ഷിക്കണമെങ്കില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ എല്ലാ പണമൊഴുക്കുകളും- തൊഴിലാളി റെമിറ്റന്‍സ്, വിദ്യാര്‍ത്ഥി കുടിയേറ്റം, വിദ്യാഭ്യാസ ചെലവ്, മൂലധന ചോര്‍ച്ച, നൈപുണ്യ കുടിയേറ്റംഒരുമിച്ച് പഠിക്കണം. അതാണ് ഉത്തരവാദിത്തമുള്ള പൊതുനയത്തിന്റെ വഴി.
റിവേഴ്സ് റെമിറ്റന്‍സ് വര്‍ദ്ധിക്കുന്നതിനൊപ്പം ഇന്‍വേര്‍ഡ് റെമിറ്റന്‍സില്‍ കാര്യമായ കുറവുണ്ടാകുന്നുണ്ടോ?
ഇന്‍വേര്‍ഡ് റെമിറ്റന്‍സില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ അതിന്റെ പ്രധാന കാരണം കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളല്ല. ഇന്ത്യയുടെ പുതിയ കുടിയേറ്റ നയത്തെക്കുറിച്ചുള്ള ഡ്രാഫ്റ്റ് എമിഗ്രേഷന്‍ ബില്‍ 2020ന്റെ ചര്‍ച്ചകള്‍ പോലും ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നു. പരമ്പരാഗത ഗള്‍ഫ് തൊഴിലാളി കുടിയേറ്റത്തില്‍ നിന്ന് വിദ്യാര്‍ത്ഥി കുടിയേറ്റത്തിലേക്കും ഉയര്‍ന്ന നൈപുണ്യമുള്ള പ്രൊഫഷണല്‍ കുടിയേറ്റത്തിലേക്കുമാണ് മാറ്റം സംഭവിക്കുന്നത്.
അതിനാല്‍ കേരളത്തിന്റെ റെമിറ്റന്‍സ് സമ്പദ്‌വ്യവസ്ഥയും മാറുകയാണ്. മുമ്പ് പ്രധാനമായും തൊഴില്‍ കുടിയേറ്റത്തിലൂടെ പണം കേരളത്തിലേക്ക് വന്നിരുന്നെങ്കില്‍, ഇന്ന് വിദേശ വിദ്യാഭ്യാസത്തിനായി ട്യൂഷന്‍ ഫീസ്, താമസച്ചെലവ്, ഇന്‍ഷുറന്‍സ്, ജീവിതച്ചെലവ് എന്നിവയ്ക്കായി കുടുംബങ്ങള്‍ വലിയ തോതില്‍ പണം വിദേശത്തേക്ക് അയക്കുന്നു. അതോടൊപ്പം നിരവധി യുവാക്കള്‍ വിദേശത്ത് സ്ഥിരതാമസമാക്കുകയും ചെയ്യുന്നു. ഇതെല്ലാം ചേര്‍ന്നാണ് കേരളത്തിന്റെ സാമ്പത്തിക ഘടനയില്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത്.
അതുകൊണ്ട് ഇന്‍വേര്‍ഡ് റെമിറ്റന്‍സ് കുറയുന്നുവെങ്കില്‍ അതിന്റെ കാരണം പഠിക്കേണ്ടത് ഗള്‍ഫ് തൊഴില്‍ വിപണിയിലെ മാറ്റങ്ങള്‍, വിദേശ വിദ്യാര്‍ത്ഥി കുടിയേറ്റം, സ്ഥിര കുടിയേറ്റം, കേരളത്തിലെ തൊഴില്‍ അവസരങ്ങളുടെ കുറവ്, ജനസംഖ്യാപരമായ മാറ്റങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ്. ഈ സങ്കീര്‍ണ്ണമായ മാറ്റങ്ങളെ അവഗണിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ വേതനം മാത്രം ചൂണ്ടിക്കാണിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക വിശകലനമല്ല.
കേരളം ഇന്ന് നേരിടുന്നത് ‘റിവേഴ്‌സ് റെമിറ്റന്‍സ്’ എന്ന ഒറ്റ പ്രശ്‌നമല്ല; ‘റെമിറ്റന്‍സ് ട്രാന്‍സിഷന്‍’ ആണ്. ഗള്‍ഫ് തൊഴില്‍ റെമിറ്റന്‍സിനെ ആശ്രയിച്ചിരുന്ന സമ്പദ്‌വ്യവസ്ഥ, ഇന്ന് വിദ്യാര്‍ത്ഥി കുടിയേറ്റം, സ്ഥിര വിദേശ കുടിയേറ്റം, ഉയര്‍ന്ന നൈപുണ്യമുള്ള തൊഴിലാളികളുടെ പുറത്തുപോക്ക് എന്നിവ മൂലം പുതിയ ഘട്ടത്തിലേക്ക് മാറുകയാണ്. ഈ യാഥാര്‍ഥ്യം പഠിക്കാതെ, ഇതര സംസ്ഥാന തൊഴിലാളികളെ മാത്രം കുറ്റപ്പെടുത്തുന്നത് യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ്
റിവേഴ്സ് റെമിറ്റന്‍സിനെ കുറിച്ച് പഠിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍, ഈ പഠനം കേവലം അതിഥി തൊഴിലാളികളില്‍ മാത്രം ഒതുങ്ങുമോ അതോ വിദേശത്തേക്കുള്ള പണമൊഴുക്കിനെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തുമോ?
എന്റെ അഭിപ്രായത്തില്‍, സര്‍ക്കാര്‍ ശരിക്കും കേരളത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ പഠനം ഇതര സംസ്ഥാന തൊഴിലാളികളുടെ വേതനത്തില്‍ മാത്രം ഒതുങ്ങാന്‍ പാടില്ല. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇന്ന് ഒരു
മൈഗ്രേഷന്‍ ട്രാന്‍സിഷന്‍ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു വശത്ത് ഗള്‍ഫ് കുടിയേറ്റത്തിന്റെ സ്വഭാവം മാറുന്നു. മറ്റൊരു വശത്ത് വിദ്യാര്‍ത്ഥി കുടിയേറ്റം അതിവേഗം വര്‍ധിക്കുന്നു. ഉയര്‍ന്ന നൈപുണ്യമുള്ള യുവാക്കള്‍ യൂറോപ്പിലേക്കും കാനഡയിലേക്കും ഓസ്‌ട്രേലിയയിലേക്കും സ്ഥിരതാമസത്തിനായി പോകുന്നു. ഇതെല്ലാം കേരളത്തിലെ പണമൊഴുക്കിനെയും തൊഴില്‍ വിപണിയെയും ജനസംഖ്യാപരമായ ഘടനയെയും ഒരുപോലെ ബാധിക്കുന്ന ഘടകങ്ങളാണ്.
അതിനാല്‍ സര്‍ക്കാര്‍ നടത്തുന്ന പഠനം സമഗ്രമായിരിക്കണം.
അതില്‍ പഠിക്കേണ്ടത്:
• ഗള്‍ഫില്‍ നിന്നുള്ള ഇന്‍വേര്‍ഡ് റെമിറ്റന്‍സിലെ മാറ്റങ്ങള്‍.
• വിദ്യാര്‍ത്ഥി കുടിയേറ്റവുമായി ബന്ധപ്പെട്ട ഔട്ട്വേര്‍ഡ് ചെലവുകള്‍.
• വിദേശ വിദ്യാഭ്യാസ വായ്പകളുടെ വര്‍ധന.
• വിദേശത്ത് സ്ഥിരതാമസമാക്കുന്ന മലയാളികളുടെ മൂലധന കൈമാറ്റം.
• കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍, ഉപഭോഗം, റെമിറ്റന്‍സ്, നികുതി സംഭാവനകള്‍.
• കേരളത്തിന്റെ തൊഴില്‍ വിപണിയിലെ ഘടനാപരമായ മാറ്റങ്ങള്‍.
ഇവയെല്ലാം ഒരുമിച്ച് പഠിക്കാതെ, ഇതര സംസ്ഥാന തൊഴിലാളികളുടെ വേതനത്തെ മാത്രം എടുത്ത് ‘റിവേഴ്‌സ് റെമിറ്റന്‍സ്’ എന്ന പേരില്‍ പഠനം നടത്തുന്നത് പൂര്‍ണ്ണമായ സാമ്പത്തിക ചിത്രം നല്‍കില്ല. എനിക്ക് മറ്റൊരു ആശങ്കയുണ്ട്. കേരളത്തിന്റെ കുടിയേറ്റ ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. കുടിയേറ്റം കേരളത്തിന്റെ വികസനത്തിന്റെ ഫലമാണ്; വികസനത്തിന്റെ പരാജയത്തിന്റെ മാത്രം ഫലമല്ല. കേരളം ഭൂസമരവും സാമൂഹിക വികസനവും വിദ്യാഭ്യാസവും പൊതുജനാരോഗ്യവും വഴി മനുഷ്യവിഭവശേഷി വികസിപ്പിച്ചു. അതാണ് ആദ്യം ഗള്‍ഫ് കുടിയേറ്റത്തിനും പിന്നീട് യൂറോപ്പിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമുള്ള നൈപുണ്യ കുടിയേറ്റത്തിനും വഴിയൊരുക്കിയത്. കുടിയേറ്റത്തെ ഒരു സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണമായി മാത്രം കാണാന്‍ കഴിയില്ല; അത് സാമൂഹിക പരിവര്‍ത്തനത്തിന്റെ ഭാഗവുമാണ്.
ഇന്ന് കേരളത്തിലേക്ക് വരുന്ന ഇതര സംസ്ഥാന തൊഴിലാളികളും അതേ ചരിത്രപരമായ പ്രക്രിയയുടെ ഭാഗമാണ്. കേരളത്തിന്റെ തൊഴില്‍ വിപണി സൃഷ്ടിച്ച ആവശ്യകതയാണ് അവരെ ഇവിടെ എത്തിച്ചത്. അവര്‍ കേരളത്തിന്റെ സാമ്പത്തിക പരാജയത്തിന്റെ കാരണം അല്ല; കേരളത്തിന്റെ വികസന ഘടനയുടെ ഭാഗമാണ്. വി.ഡി. സതീശന്റെ സാമ്പത്തിക ചിന്തയെക്കുറിച്ചുള്ള നിഗമനങ്ങള്‍ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ആവര്‍ത്തിച്ച് ‘ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിന്റെ പണം കൊണ്ടുപോകുന്നു’, ‘അവര്‍ സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നു’ എന്ന രീതിയില്‍ സംസാരിക്കുമ്പോള്‍ അതിന്റെ സാമൂഹിക പ്രത്യാഘാതം വളരെ ഗൗരവമുള്ളതാണ്. നിയമസഭയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇതിനു മുന്‍പ് എന്‍.ഡി.ടി.വി.യിലും ഹോര്‍ത്തുസ് മലബാറിക്കസിലും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. അതായത് വ്യക്തമായ അന്തര്‍സംസ്ഥാന കുടിയേറ്റ വിരുദ്ധത ഇദ്ദേഹത്തിനുണ്ട് എന്ന് കരുതുന്നതില്‍ തെറ്റുണ്ടോ!
അത്തരം പ്രയോഗങ്ങള്‍ സമൂഹത്തില്‍ മൂന്ന് അപകടങ്ങള്‍ സൃഷ്ടിക്കാം:
• കുടിയേറ്റ തൊഴിലാളികളെ സാമ്പത്തിക ഭീഷണി ആയി കാണുന്ന മനോഭാവം.
• തൊഴിലാളികള്‍ക്കെതിരായ വിദ്വേഷവും വിവേചനവും ശക്തിപ്പെടല്‍.
• തൊഴില്‍ അവകാശം, സുരക്ഷ, താമസം, വേതനം തുടങ്ങിയ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറല്‍.
സങ്കീര്‍ണ്ണമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും ദുര്‍ബലരായ ഒരു വിഭാഗത്തെ പ്രതീകാത്മകമായി ഉത്തരവാദിയാക്കുന്ന രീതി. ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുള്ള പഠനം ഗവേഷണമല്ല; അത് മുന്‍കൂട്ടി തീരുമാനിച്ച നിഗമനത്തെ പിന്തുണയ്ക്കാനുള്ള ശ്രമമായി മാറാന്‍ സാധ്യതയുണ്ട്.
കേരളത്തിന് ഇന്ന് ആവശ്യമുള്ളത് ‘റിവേഴ്‌സ് റെമിറ്റന്‍സ് പഠനം’ മാത്രമല്ല. കേരളത്തിന്റെ മുഴുവന്‍ കുടിയേറ്റ സമ്പദ്‌വ്യവസ്ഥയെ സമഗ്രമായി വിലയിരുത്തുന്ന ഒരു സംസ്ഥാനതല മൈഗ്രേഷന്‍ നയ അവലോകനം ( Migration Policy Review) ആണ്. അതില്‍ അന്തര്‍സംസ്ഥാന കുടിയേറ്റവും അന്തര്‍ദേശീയ കുടിയേറ്റവും വിദ്യാര്‍ത്ഥി കുടിയേറ്റവും മടക്കക്കുടിയേറ്റവും ഒരുപോലെ ഉള്‍പ്പെടണം. എങ്കില്‍ മാത്രമെ തെളിവുകളുടെ അടിസ്ഥാനത്തില്‍ നയങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയൂ.
അതിഥി തൊഴിലാളികള്‍ സമ്പാദിക്കുന്ന പണം കേരളത്തില്‍ തന്നെ ചിലവഴിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കാനാകുമോ?
തീര്‍ച്ചയായും കഴിയും. പക്ഷേ അതിന്റെ അര്‍ത്ഥം അവര്‍ സ്വന്തം കുടുംബത്തിന് പണം അയക്കുന്നത് തടയുക എന്നല്ല. ഒരു ഇന്ത്യന്‍ പൗരന് എവിടെ ജോലി ചെയ്യണം, എവിടേക്ക് പണം അയക്കണം എന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്. അതിനെ നിയന്ത്രിക്കുകയല്ല സര്‍ക്കാരിന്റെ ജോലി. മറിച്ച് കേരളത്തില്‍ ജീവിക്കാനും നിക്ഷേപിക്കാനും അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. ഇന്ന് ഭൂരിഭാഗം ഇതര സംസ്ഥാന തൊഴിലാളികളും ഒറ്റയ്ക്കാണ് കേരളത്തില്‍ ജീവിക്കുന്നത്. അതുകൊണ്ടാണ് അവരുടെ ചെലവ് വളരെ പരിമിതമായിരിക്കുന്നത്. അവര്‍ വാടകയ്ക്കും ഭക്ഷണത്തിനും അടിസ്ഥാന ആവശ്യങ്ങള്‍ക്കും മാത്രം പണം ചെലവഴിക്കുന്നു. കുടുംബം കൂടെയുണ്ടെങ്കില്‍ ചിത്രം മാറും.
ഒരു തൊഴിലാളിയുടെ ഭാര്യയും കുട്ടികളും കേരളത്തില്‍ താമസിച്ചാല്‍ കുട്ടികള്‍ കേരളത്തിലെ സ്‌കൂളുകളില്‍ പഠിക്കും. കുടുംബം ഇവിടെ ഭക്ഷണവും വസ്ത്രവും ആരോഗ്യ സേവനങ്ങളും ഗതാഗതവും ഉപയോഗിക്കും. വീടുകള്‍ വാടകയ്ക്ക് എടുക്കും. ചെറിയ ബിസിനസുകളിലും പ്രാദേശിക വിപണിയിലും കൂടുതല്‍ ഇടപെടും. അതായത് സ്വാഭാവികമായിത്തന്നെ കൂടുതല്‍ പണം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ തന്നെ സഞ്ചരിക്കും. അതിനാല്‍ സര്‍ക്കാര്‍ ആലോചിക്കേണ്ടത് ‘പണം എങ്ങനെ തടയാം?’ എന്നല്ല; ‘കേരളത്തെ എങ്ങനെ കൂടുതല്‍ ഉള്‍ക്കൊള്ളുന്ന സമൂഹമാക്കാം?’ എന്നതാണ്.
അതിനായി ചില നയങ്ങള്‍ സ്വീകരിക്കാം.
• തൊഴിലാളികള്‍ക്ക് കുടുംബത്തോടൊപ്പം താമസിക്കാന്‍ കഴിയുന്ന കുറഞ്ഞ ചെലവിലുള്ള കുടുംബ താമസ പദ്ധതികള്‍.
• വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുക.
• ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, സാമൂഹിക സുരക്ഷാ പദ്ധതികളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കുക.
• നൈപുണ്യ വികസന പരിശീലനങ്ങള്‍ നല്‍കി ഉയര്‍ന്ന വേതനമുള്ള തൊഴിലുകളിലേക്ക് മാറാന്‍ അവസരം നല്‍കുക.
• ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പയും ധനകാര്യ പിന്തുണയും നല്‍കുക.
• തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കുക.
• പ്രാദേശിക സമൂഹവും കുടിയേറ്റ തൊഴിലാളികളും തമ്മിലുള്ള സാമൂഹിക അകലം കുറയ്ക്കുന്ന ഉള്‍ക്കൊള്ളല്‍ പരിപാടികള്‍ നടപ്പാക്കുക.
ഇവയൊന്നും ഒരു ക്ഷേമപദ്ധതി മാത്രമല്ല; കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ നടത്തുന്ന നിക്ഷേപമാണ്. ഇവിടെ മറ്റൊരു പ്രധാന കാര്യം പറയണം. ഇതര സംസ്ഥാന തൊഴിലാളികളെ എപ്പോഴും ‘താല്‍ക്കാലിക അതിഥികള്‍’ എന്ന നിലയില്‍ കാണുന്ന സമീപനം മാറണം. അവര്‍ വര്‍ഷങ്ങളായി കേരളത്തില്‍ ജോലി ചെയ്യുന്നു. കേരളത്തിന്റെ റോഡുകളും വീടുകളും ഫാക്ടറികളും കൃഷിയും മത്സ്യമേഖലയും സേവനമേഖലയും അവരുടെ അധ്വാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് ഇവിടെ അന്തസ്സോടെയും അവകാശത്തോടെയും ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിച്ചാല്‍, അവര്‍ സ്വാഭാവികമായിത്തന്നെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുമായി കൂടുതല്‍ ബന്ധപ്പെടും. അതുകൊണ്ട്, പണം കേരളത്തില്‍ നിലനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം നിയന്ത്രണങ്ങളല്ല; സാമൂഹിക ഉള്‍പ്പെടുത്തലും (social inclusion), സാമ്പത്തിക ഉള്‍പ്പെടുത്തലും (economic inclusion), മനുഷ്യാവകാശ അധിഷ്ഠിതമായ ക്ഷേമനയങ്ങളുമാണ്. ഒരു തൊഴിലാളിയെ ഉപഭോക്താവായും നിക്ഷേപകനായും അയല്‍വാസിയായും കാണാന്‍ തുടങ്ങുന്ന നിമിഷം, അദ്ദേഹത്തിന്റെ ജീവിതവും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയും ഒരുപോലെ ശക്തമാകും.
(നവാസ് എം. ഖാദര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഇന്ത്യയിലെ അന്തര്‍സംസ്ഥാന കുടിയേറ്റം, തൊഴിലാളികളുടെ മനുഷ്യാവകാശം, തൊഴില്‍ ഭരണം, സാമൂഹിക സംരക്ഷണം, ആരോഗ്യപ്രവേശനം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണവും സാമൂഹിക ഇടപെടലുകളും നടത്തി വരുന്ന ഗവേഷകനാണ്. മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ പോളിസി ആന്‍ഡ് ഇന്‍ക്ലൂസീവ് ഗവേണന്‍സില്‍ പ്രവര്‍ത്തിച്ച അദ്ദേഹം, അന്തര്‍സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായി വിവിധ ഗവേഷണ-നയപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പാക്കിയ ANRF ദേശീയ ഗവേഷണ പദ്ധതിയില്‍ അന്തര്‍സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപ്രവേശനത്തെക്കുറിച്ചുള്ള പഠനത്തിലും, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് (ICSSR) ധനസഹായത്തോടെ നടപ്പാക്കിയ നഗര കുടിയേറ്റവും ഭരണവും സംബന്ധിച്ച ഗവേഷണ പദ്ധതിയിലും, ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ നടത്തിയ ദക്ഷിണേന്ത്യന്‍ അന്തര്‍സംസ്ഥാന കുടിയേറ്റ സര്‍വേയിലും റിസര്‍ച്ച് അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലായി വിപുലമായ ഫീല്‍ഡ് ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള അദ്ദേഹം, തെളിവാധിഷ്ഠിത കുടിയേറ്റ നയങ്ങള്‍, മനുഷ്യാവകാശ അധിഷ്ഠിത സമീപനം, തൊഴില്‍ നീതി, ഉള്‍ക്കൊള്ളുന്ന വികസനം എന്നിവയ്ക്കായി സജീവമായി പ്രവര്‍ത്തിച്ചുവരുന്നു)
Immigration and economic realities in Kerala
This post was last modified on July 5, 2026 3:18 pm
Leave a Comment