ജാതി ലഹരി; സഹപാഠികള്‍ അറത്തു കളഞ്ഞത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മൂന്നു വിരലുകള്‍

പരീക്ഷയെഴുതാന്‍ പോകുന്ന വഴിയില്‍ ബസില്‍ നിന്നു പിടിച്ചിറക്കിയായിരുന്നു ആക്രമണം

ജാതിവെറിയുടെ പേരില്‍ കാണിച്ച അക്രമത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നഷ്ടമായത് മൂന്നു കൈവിരലുകള്‍. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. ദളിത് സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയാണ് ആക്രമിക്കപ്പെട്ടത്. പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥിയെ ബസില്‍ നിന്നും പിടിച്ചിറക്കിയായിരുന്നു അക്രമിച്ചത്. ജാതിയാക്രമണം ആണ് നടന്നതെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കബഡി കളിയുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് ക്രൂരമായ ആക്രമണത്തിന് കാരണമെന്നാണ് കുടുംബം പറയുന്നത്. അക്രമിക്കപ്പെട്ട കുട്ടിയുടെ ടീം കളിയില്‍ തോല്‍പ്പിച്ച എതിരാളികളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പരാതി. തോല്‍പ്പിക്കപ്പെട്ടത് ഉന്നത ജാതിക്കാരുടെ കുട്ടികളുടെ ടീമിനെയായിരുന്നു.

അക്രമത്തില്‍ പൊലീസ് സംശയിക്കുന്നത് മറ്റൊരു കാരണമാണ്. ആക്രമിക്കപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഉന്നത ജാതിയില്‍പ്പെട്ട ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. ഇതിന്റെ വൈരാഗ്യമാണ് തീര്‍ത്തതെന്ന നിഗമനമാണ് പൊലീസിന്. കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നാണ് അവര്‍ പറയുന്നത്.

കുട്ടിയുടെ അച്ഛന്‍ തന്ന പരാതിയില്‍ കബഡി കളിയുമായി ബന്ധപ്പെട്ട കാരണമാണ് തങ്ങളുടെ മകന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ കസ്റ്റഡിയില്‍ എടുത്ത മൂന്നു കൂട്ടികളെ ചോദ്യം ചെയ്തതില്‍ നിന്നും തങ്ങള്‍ക്ക് മനസിലായത് പ്രണയമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. കസ്റ്റഡിയിലുള്ള കുട്ടികളും അക്രമിക്കപ്പെട്ട കുട്ടിയും ഒരേ ക്ലാസില്‍ പഠിക്കുന്നവരാണ്. ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളവരില്‍ ഒരാളുടെ സഹോദരിയുമായി അക്രമിക്കപ്പെട്ട കുട്ടി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടി തേവര്‍ സമുദായാംഗമാണ്. ഉന്നത ജാതിക്കാരിയായ പെണ്‍കുട്ടിയെ ദളിത് സമുദായത്തില്‍പ്പെട്ടയാള്‍ പ്രണയിച്ചതിന്റെ പകയാണ്, സഹോദരനും കൂട്ടരും ചേര്‍ന്ന് തീര്‍ത്തത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പട്ടാപ്പകലാണ്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഈ ക്രൂരകൃത്യം ചെയ്തത്. അക്രമിക്കപ്പെട്ട കുട്ടി പരീക്ഷയെഴുതാനായി സ്‌കൂളിലേക്കുള്ള ബസ് യാത്രയിലായിരുന്നു. അക്രമികള്‍ ബസ് തടഞ്ഞ് നിര്‍ത്തി, കുട്ടിയെ പുറത്തേക്കു വലിച്ചിറക്കി. അതിനുശേഷമായിരുന്നു ക്രൂരമായ മര്‍ദ്ദനമെന്നാണ് പൊലീസും ദൃക്‌സാക്ഷികളും പറയുന്നത്. ആക്രമണത്തിനിടയിലാണ് കുട്ടിയുടെ മൂന്നു വിരലുകള്‍ അറ്റുപോയത്. ഈ അക്രമം നടക്കുമ്പോള്‍ കുട്ടിയുടെ കൂടെ പിതാവും ഉണ്ടായിരുന്നു. മകനെ രക്ഷിക്കാനുള്ള ശ്രമിത്തില്‍ അദ്ദേഹത്തിനം മര്‍ദ്ദനമേറ്റു. തലയില്‍ പരിക്കുണ്ട്. അക്രമത്തിനുശേഷം, കാത്തു നിന്ന മറ്റൊരാളുടെ സഹായത്തോടെ അക്രമികള്‍ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.

കുട്ടിയെ ആദ്യം ശ്രീവൈകുണ്ഡം സര്‍ക്കാര്‍ ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. അവിടെ നിന്നും തിരുനെല്‍വേലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മുറിഞ്ഞുപോയ വിരലുകള്‍ തുന്നിപ്പിടിപ്പിക്കാനുള്ള ശസ്ത്രക്രിയ നടത്തുകയാണെന്നാണ് ഒടുവില്‍ കിട്ടിയ വിവരം.

ദളിത് വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ട സംഭവം തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment