April 27, 2025 |
Share on

പാകിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്ത സംഭവം; എന്താണ് ബിഎല്‍എ?

ആക്രമണത്തിലൂടെ ഭീകരര്‍ ലക്ഷ്യമിടുന്നതെന്ത്?

കഴിഞ്ഞ ദിവസമാണ് 400ലധികം യാത്രക്കാരുമായി പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍നിന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസ് ബലൂച് ലിബറേഷന്‍ ആര്‍മി തട്ടിയെടുത്തത്. ഭീകരര്‍ വിട്ടയച്ച യാത്രക്കാര്‍ തൊട്ടടുത്തുള്ള പനീര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ശേഷിക്കുന്ന യാത്രക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബലൂച് വിമതരുടെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങളില്‍ ഏറ്റവും പുതിയതാണ് ജാഫര്‍ എക്സ്പ്രസ് റാഞ്ചിയ സംഭവം.pakistan train hijack

എന്താണ് ചൊവ്വാഴ്ച നടന്ന സംഭവം?

ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയില്‍ നിന്ന് വടക്കന്‍ പെഷവാറിലേക്കാണ് ജാഫര്‍ എക്‌സ്പ്രസ് ഓടുന്നത്. ഒമ്പത് കോച്ചുകളുള്ള ഈ ട്രെയിനില്‍ ഏകദേശം 500 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്ന് റെയില്‍വേ കണ്‍ട്രോളര്‍ മുഹമ്മദ് കാഷിഫ് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാരെയും ജീവനക്കാരെയും ബന്ധപ്പെടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മുഹമ്മദ് കാഷിഫ് പറഞ്ഞു. ബലൂചിസ്ഥാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.എട്ടാം നമ്പര്‍ ടണലില്‍ സായുധരായ ആളുകള്‍ ട്രെയിന്‍ തടഞ്ഞു. റെയില്‍വേ ട്രാക്കുകള്‍ സ്‌ഫോടനത്തില്‍ തകര്‍ത്ത ശേഷം ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും അക്രമകാരികള്‍ അതിനുള്ളില്‍ പ്രവേശിക്കുകയുമായിരുന്നു.

സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍, ബലൂച് ജനത തുടങ്ങി സാധാരണ യാത്രക്കാരെ സുരക്ഷിതമായി വിട്ടയച്ചു എന്ന് ബിഎല്‍എ പ്രസ്താവനയില്‍ അറിയിച്ചു.

2017 ല്‍ ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഇടയ്ക്കിടെ തടസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 2024 ഓഗസ്റ്റില്‍ ബിഎല്‍എ നടത്തിയ സ്‌ഫോടനങ്ങള്‍ കാരണം ബലൂചിസ്ഥാനിലെ ഒരു റെയില്‍വേ പാലം ഉള്‍പ്പെടെയുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം 2024 ഒക്ടോബറില്‍ ക്വറ്റയ്ക്കും പെഷവാറിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ പുനസ്ഥാപിക്കുമെന്ന് പാകിസ്ഥാന്‍ റെയില്‍വേ പ്രഖ്യാപിച്ചു. നവംബറിലും ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം നടക്കുകയും 62 പേര്‍ മരിക്കുകയും ചെയ്തു. ഡിസംബറില്‍ സുരക്ഷാ കാരണങ്ങളാല്‍ ജാഫര്‍ എക്‌സ്പ്രസ് പ്രവര്‍ത്തനം വീണ്ടും നിര്‍ത്തിവക്കുകയായിരുന്നു.

എന്താണ് ബിഎല്‍എ?

ബലൂച് സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തോടെ 2000 കളുടെ തുടക്കത്തിലാണ് ബലൂച് ലിബറേഷന്‍ ആര്‍മി ഉയര്‍ന്നുവന്നത്. 2006 ല്‍ പാകിസ്ഥാന്‍ ഈ സംഘടനയെ നിരോധിക്കുകയും 2019 ല്‍ അമേരിക്ക ഇതിനെ ഒരു ആഗോള ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയില്‍ ഏകദേശം 3000 ത്തോളം വിഘടനവാദികള്‍ ഉണ്ടെന്നാണ് പാകിസ്ഥാന്‍ അധികാരികളും വിശകലന വിദഗ്ധരും കണക്കാക്കുന്നത്. ഈ സംഘം പ്രധാനമായും ലക്ഷ്യമിടുന്നത് പാകിസ്ഥാന്‍ സുരക്ഷാ സേനയെയാണെങ്കിലും, ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുമായി (സിപിഇസി) ബന്ധപ്പെട്ട കോടിക്കണക്കിന് ഡോളര്‍ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന സിവിലിയന്മാരെയും ചൈനീസ് പൗരന്മാരെയും ഇവര്‍ ആക്രമിച്ചിട്ടുണ്ട്.

ബിഎല്‍എയുടെ കലാപത്തിന് പിന്നിലെ കാരണം?

പാകിസ്ഥാനിലെ ഏറ്റവും വലുതും ജനസംഖ്യ കുറഞ്ഞതുമായ പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. എണ്ണയും ധാതുക്കളും കൊണ്ട് ഈ പ്രദേശം സമ്പന്നമാണ്. അതേ സമയം രാജ്യത്തെ വംശീയ ബലൂച് ന്യൂനപക്ഷത്തിന്റെ ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. ബലൂചിലെ ന്യൂനപക്ഷ വംശജര്‍ പ്രദേശത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്കും രാജ്യത്തിന്റെ വിഭവങ്ങള്‍ക്ക് മേലുള്ള പഞ്ചാബിന്റെ ആധിപത്യത്തിനുമെതിരെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. സൈന്യത്തിലും ഉദ്യോഗസ്ഥവൃന്ദത്തിലും വ്യവസായങ്ങളിലും പഞ്ചാബികളുടെ പ്രാതിനിധ്യം കൂടുതലാണ്.

വിഭജനത്തിനുശേഷം, പുതിയ സംസ്ഥാനമായ പാകിസ്ഥാനുമായുള്ള സൗഹൃദ ഉടമ്പടിയുടെ ഭാഗമായി ബലൂചിസ്ഥാന്‍ 1948 മാര്‍ച്ച് വരെ സ്വതന്ത്രമായി തുടര്‍ന്നു. പ്രദേശത്തിന്റെ ഭൂരിഭാഗവും ഭരിച്ചിരുന്ന പ്രധാന ഗോത്ര നേതാവായ കലാത്തിലെ ഖാന്‍ സ്വതന്ത്രമായി തുടരാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും, മക്രാന്‍, ലാസ് ബേല, ഖരാന്‍ എന്നിവിടങ്ങളിലെ ഭരണാധികാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദ്ദം കാരണം പാകിസ്ഥാനുമായി ലയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ലയന ഉടമ്പടിയില്‍ ഒപ്പുവച്ചു. പക്ഷേ ബലൂച് സ്വാതന്ത്ര്യത്തിന് അനുകൂലമായ വികാരം സജീവമായി തുടര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിവേചനവും ചൂഷണവും നേരിടുന്നുണ്ടെന്നാണ് ബിഎൽഎ അവകാശപ്പെടുന്നത്. ബലൂചിസ്ഥാന്‍ പ്രവിശ്യക്ക് സ്വയംഭരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബലൂച് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തിക്കുന്നത്.pakistan train hijack

Content Summary: pakistan train hijack; What is BLA and What are the terrorists aiming for with the attack?

pakistan train hijack Balochistan Liberation Army

Leave a Reply

Your email address will not be published. Required fields are marked *

×