സിനിമാ ലോകത്തെയും അതിനപ്പുറമുള്ള രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും തന്റെ നിലപാടുകൾ തുറന്നു പറയുന്ന ബോളിവുഡ് താരമാണ് ജോൺ എബ്രഹാം. നിർമ്മാതാവ് കൂടിയായ അദ്ദേഹത്തിന്റെ പുതിയ സിനിമയായ ‘ടെഹ്‌റാൻ’-മായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖവും ഇപ്പോൾ ഏറെ ചർച്ചയാകുകയാണ്. ഇന്ത്യൻ എക്സ്പ്രസിന്റെ ‘ഐഡിയ എക്‌സ്‌ചേഞ്ച്’ പരിപാടിയിൽ ദേശീയ ഫീച്ചേഴ്‌സ് എഡിറ്റർ ദേവയാനി ഓനിയാലുമായി നടത്തിയ അഭിമുഖത്തിലാണ് സിനിമ, രാഷ്ട്രീയം, രാജ്യസ്നേഹം എന്നീ വിഷയങ്ങളിലെ തൻ്റെ നിലപാടുകൾ അദ്ദേഹം വ്യക്തമാക്കിയത്.
ഇറാനും ഇസ്രായേലും തമ്മിലുള്ള നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഒരുങ്ങുന്ന ചിത്രമാണ് ‘ടെഹ്‌റാൻ’. തന്റെ അമ്മയുടെയും മുത്തച്ഛന്റെയും വേരുകൾ ഇറാനിലാണെന്നും, അതിനാൽ ഇറാനെ മോശം രാജ്യമായി മാത്രം ചിത്രീകരിക്കാൻ തനിക്ക് കഴിയില്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇറാനെയും ഇസ്രായേലിനെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന ഒരു കഥയാണ് ‘ടെഹ്‌റാൻ’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സിനിമയെ ഒരു സാധാരണ ദേശഭക്തി സിനിമയായി ചിത്രീകരിക്കാതെ, സംഭവിച്ച കാര്യങ്ങളോട് സത്യസന്ധമായി അവതരിപ്പിക്കാനാണ് തങ്ങൾ ശ്രമിച്ചതെന്നും, ഒരു രാജ്യത്തിനുള്ളിലെ നന്മയും തിന്മയും കാണിക്കാൻ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഭയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസ്നേഹവും തീവ്രദേശീയതയും തമ്മിലുള്ള നേരിയ അതിർവരമ്പിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം വിഷയത്തിലെ തന്റെ ആശങ്കകളും പങ്കുവെച്ചു.
മതേതരത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് സത്യസന്ധമല്ലാത്ത സിനിമകൾക്ക് വലിയ പ്രേക്ഷകരെ ലഭിക്കുമ്പോൾ താൻ ആശങ്കാകുലനാകുന്നു. ഒരു നിർമ്മാതാവ്, ചലച്ചിത്രകാരൻ, നടൻ എന്നീ നിലകളിൽ തൻ്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് അത് തന്നെ ചിന്തിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ രാഷ്ട്രീയത്തിന് അതീതനാണെന്നും, വലതുപക്ഷക്കാരനോ ഇടതുപക്ഷക്കാരനോ അല്ലെന്നും വ്യക്തമാക്കിയ ജോൺ, താൻ സ്വയം ഒരു ‘സോഷ്യലിസ്റ്റ് ക്യാപിറ്റലിസ്റ്റ്’ എന്ന് വിശേഷിപ്പിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും കൂട്ടിച്ചേർത്തു.
സത്യസന്ധമായ വഴിയിൽ ഉറച്ചുനിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്. 2003-ൽ സിനിമാ രംഗത്തേക്ക് കടന്നുവന്ന ജോൺ എബ്രഹാം, തന്റെ സിനിമാ യാത്രയെക്കുറിച്ചും ഓർത്തെടുത്തു. വ്യവസായത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ തന്നെ സ്വാധീനിച്ച സിനിമ സ്റ്റീവൻ സ്പീൽബർഗിന്റെ ‘ഷോണ്ട്ലേഴ്സ് ലിസ്റ്റ്’ (1993) ആണെന്ന് അദ്ദേഹം പറഞ്ഞു.
തൻ്റെ ആദ്യ സിനിമയായ ‘ജിസം’ (2003) ശരീരത്തെക്കുറിച്ചുള്ള ഒരു സിനിമയായിരുന്നത് കൊണ്ട്, ഒരു മാർക്കറ്റിംഗ് പ്രൊഫഷണൽ എന്ന നിലയിൽ, വിറ്റഴിയാൻ സാധ്യതയുള്ളത് വിൽക്കുന്ന സമീപനം താൻ സ്വീകരിച്ചു. എന്നാൽ, പിന്നീട് ഈ സമീപനം മാറ്റാൻ തീരുമാനിക്കുകയും, തനിക്ക് കൂടുതൽ താദാത്മ്യം തോന്നുന്ന സിനിമകൾ നിർമ്മിക്കാൻ തുടങ്ങുകയും ചെയ്തു.
‘വിക്കി ഡോണർ’ (2012), ‘മദ്രാസ് കഫേ’ (2013), ‘പർമാണു’ (2018), ‘ബാറ്റ്‌ല ഹൗസ്’ (2019), ‘ദി ഡിപ്ലോമാറ്റ്’ (2025) തുടങ്ങിയ സിനിമകൾ ജോൺ എബ്രഹാം നിർമ്മിച്ചവയാണ്. യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങളോട് സത്യസന്ധമായിരിക്കുകയും അതേസമയം സിനിമയെ വാണിജ്യപരമായി വിജയിപ്പിക്കുകയും ചെയ്യുക എന്നതാണ് താൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ജോൺ എബ്രഹാം ചൂണ്ടിക്കാട്ടി.
content summary: In the name of being secular, you can’t be making controversial films- John Abraham
Leave a Comment