UPDATES

ഓഫ് ബീറ്റ്

മലയാളികള്‍ തുടക്കം കുറിച്ച സ്വാതന്ത്ര്യ ആഘോഷം

ലക്ഷക്കണക്കിന് ഇന്ത്യന്‍ പതാകകള്‍ രാജ്യത്താകമാനം പറക്കുന്ന ദിനം

                       

1947 ഓഗസ്റ്റ് 14 ആം തീയതി ഉച്ചസമയം. കാര്‍ട്ടൂണിസ്റ്റ് കുട്ടി ഡല്‍ഹിയിലെ കേരള ക്ലബ്ബിന്‍റെ സെക്രട്ടറിയാണ്. യുവാവ്. ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍. അദ്ദേഹത്തിന്‍റെ കൂട്ടുകാരില്‍ മിക്കവരും ഇന്ത്യ ഭരിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരായ സായിപ്പുമാരുടെ ടൈപ്പിസ്റ്റുകള്‍ ആയിരുന്നു. അക്കാലത്ത് മലയാളികളായവരെ മദ്രാസികള്‍ എന്നാണ് വിളിച്ചിരുന്നത്. ടൈപ്പിംഗ് ജോലികളില്‍ കൂടുതലും മലയാളികളാണ് മികവ് പ്രകടിപ്പിച്ചിരുന്നത്.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഓഫീസില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നു എന്നുള്ള വിവരം ടൈപ്പിസ്റ്റുകള്‍ വളരെ മുമ്പേ തന്നെ അറിഞ്ഞിരുന്നു. അവര്‍ ബ്രിട്ടീഷ് ഉദ്യാഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം പല രേഖകള്‍ ടൈപ്പ് ചെയ്തിരുന്നു. ഈ വിവരം സുഹൃത്തായ കേരള ക്ലബ് സെക്രട്ടറി കൂടിയായ കാര്‍ട്ടൂണിസ്റ്റ് കുട്ടിയോട് അവര്‍ പങ്കുവെച്ചിരുന്നു. തീയതി തീരുമാനിച്ച് ഉറപ്പിച്ച ശേഷം ടൈപ്പിസ്റ്റുകള്‍ ആയ സുഹൃത്തുക്കള്‍ കുട്ടിയോട് പറഞ്ഞു. പതിനാലാം തീയതി അര്‍ദ്ധരാത്രിയില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കും.

കാര്‍ട്ടൂണിസ്റ്റ് കുട്ടി ത്രിവര്‍ണ പതാകയുമായി ഡല്‍ഹിയുടെ കേന്ദ്ര പ്രദേശമായ കൊണാട്ട് പ്ലേസ് എന്ന സി.പിയിലെ കേരള ക്ലബ്ബിന്‍റെ ഓഫീസില്‍ നിന്ന് ചെറിയ ഒരു ചെറു ജാഥ ആരംഭിച്ചു.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നു എന്നുള്ള വിവരം ലഭിച്ചതിന് പേരില്‍ അവര്‍ നടത്തിയ ആഹ്ലാദപ്രകടനം പ്രകടനത്തില്‍ പത്തോ പതിനഞ്ചോ മലയാളി യുവാക്കള്‍ മാത്രമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നു എന്നുള്ള സംസാരം രാജ്യത്താകമാനം പ്രത്യേകിച്ച് ഡല്‍ഹിയില്‍ വ്യാപകമായിരുന്ന സമയമായിരുന്നു. ജാഥ പാര്‍ലമെന്‍റില്‍ എത്തിയപ്പോള്‍ വലിയ ജാഥയായി മാറി. വഴിയില്‍ നിന്ന മലയാളത്തിലായിരുന്നു മുദ്രാവാക്യം. ഇടത്പക്ഷ ആഭിമുഖ്യം ഉണ്ടായിരുന്ന കുട്ടി ഇന്‍ക്വിലാബ് സിന്ദാബാദ് എന്നും വിളിച്ചിരുന്നു. മലയാളത്തില്‍ വിളിച്ച പല മുദ്രാവാക്യങ്ങളും മറ്റ് ഭാഷക്കാരും വടക്കേ ഇന്ത്യയിലെ ജനങ്ങളും ഏറ്റുവിളിച്ചത് എടുത്ത് പറയേണ്ട ഒന്നാണ്. ഇത് കുട്ടി തന്‍റെ ആത്മകഥയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ത്രിവര്‍ണ പതാകയുമായി കാര്‍ട്ടൂണിസ്റ്റ് കുട്ടിയുടെ നേതൃത്വത്തിലുള്ള ചെറുപ്പക്കാര്‍ കൊണാട്ട് പ്ലേസിലൂടെ നടന്നു നീങ്ങിയപ്പോള്‍ അത് ചരിത്രമായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ആദ്യമായി നടന്ന സ്വാതന്ത്ര്യസമര ആഘോഷയാത്രയായി അത് മാറി. മറ്റു പ്രദേശങ്ങളില്‍ പിന്നീടാണ് സ്വാതന്ത്ര്യ ആഘോഷയാത്ര ഒരു ജാഥ സംഘടിപ്പിക്കപ്പെട്ടത്. അറിഞ്ഞോ അറിയാതെയോ അങ്ങിനെ വന്നു ഭവിച്ചു എന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലേഖകനോട് അദ്ദേഹം തന്നെ പറഞ്ഞത്.

വൈകുന്നേരം ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ മുന്നില്‍ എത്തിച്ചേര്‍ന്ന കുട്ടിയും സംഘവും സ്വാതന്ത്ര്യ ആഘോഷ നൃത്തം ചവുട്ടിയത് മുദ്രാവാക്യത്തിന്‍റെ താളത്തിലായിരുന്നു. അവരുടെ എണ്ണം ഓരോ നിമിഷവും കൂടി. അവിടെ ആയിരങ്ങള്‍ ഒഴുകി എത്തുകയായിരുന്നു. എല്ലാവരും ഭാരത് മാതാ കി ജയ് എന്ന് മുഴക്കിക്കൊണ്ട് വൃത്താകൃതിയിലുള്ള പാര്‍ലമെന്‍റ് കെട്ടിടത്തിന് ചുറ്റും ആഹ്ലാദ നൃത്തം ചവിട്ടി . ഇടയ്ക്കിടയ്ക്ക് പാര്‍ലമെന്‍റിന്‍റെ മട്ടുപ്പാവില്‍ ജവഹര്‍ലാല്‍ നെഹ്റു വരികയും ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്യുകയും ഉണ്ടായതായി. കാര്‍ട്ടൂണിസ്റ്റ് കുട്ടി തന്‍റെ ആത്മകഥയില്‍ തന്നെ ഇക്കാര്യം പറയുന്നുണ്ട്.

അവിടെ എത്തി ചേര്‍ന്നവര്‍ ആരും തിരികെ പോയില്ല. നേരം ഇരുട്ടും തോറും ജനങ്ങള്‍ കൂടി കൂടി വരുന്ന കാഴ്ച്ച. മുദ്രാവാക്യം വിളിയുടെ ശബ്ദം കൊണ്ട് അന്തരീക്ഷം തന്നെ ഉണര്‍ന്നിരുന്നു. 12 മണിയോടെയാണ് ഇന്ത്യന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ഭാരതം സ്വതന്ത്രമായി എന്ന് പ്രഖ്യാപിക്കുന്നത്. അതേ നിമിഷം തന്നെയാണ് ബ്രിട്ടീഷ് പതാക മാറ്റി ഇന്ത്യന്‍ പതാക പാര്‍ലമെന്‍റിന്‍റെ മന്ദിരത്തില്‍ ഉയരുന്നത്. പ്രധാനമന്ത്രിയായി ജവഹര്‍ലാല്‍ നെഹ്റു സത്യപ്രതിജ്ഞ ചെയ്ത അപൂര്‍വ്വ നിമിഷം ആയിരുന്നു ആ പുലര്‍ച്ച പാര്‍ലമെന്‍റ് കേട്ടത്.

ജനങ്ങള്‍ മുഴുവനും പാര്‍ലമെന്‍റിന്‍റെ ചുറ്റുമായിരുന്നല്ലോ. അവര്‍ക്ക് കാണുവാനുള്ള സൗകര്യം ഇല്ലായിരുന്നു. നെഹ്റുവിന്‍റെ പ്രസംഗം കേള്‍ക്കുക മാത്രമാണ് അന്ന് ഉണ്ടായത്. ഇന്നായിരുന്നെങ്കില്‍ അകത്തു നടക്കുന്ന എല്ലാ ചലനങ്ങള്‍ പോലും പുറമേ സ്ക്രീനില്‍ തെളിയുമായിരുന്നു. പ്രസംഗം ഉച്ചഭാഷിണിയില്‍ പുറത്ത് കേള്‍ക്കുന്നത് ആവേശപൂര്‍വ്വമാണ് ജനങ്ങള്‍ സ്വീകരിച്ചത്. ഓഗസ്റ്റ് 15ന് പുലര്‍ച്ചെയാണ് ചടങ്ങുകള്‍ അവസാനിച്ചത്. ചടങ്ങുകള്‍ അവസാനിച്ച് നേതാക്കളും മറ്റും പാര്‍ലമെന്‍റ് മന്ദിരം വിട്ടതിനുശേഷം ആണ് ജനങ്ങള്‍ പിരിഞ്ഞുപോയത്. കാര്‍ട്ടൂണിസ്റ്റ് കുട്ടിയും സംഘവും തിരിച്ച് കേരള ക്ലബ്ബിലേക്ക് പുലര്‍ച്ചെ നടത്തിയ മാര്‍ച്ചിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്.

പുലര്‍ച്ചെ കേരള ക്ലബ്ബില്‍ എത്തിയത് ആഹ്ളാദ പ്രകടനമായി തന്നെ ആയിരുന്നു. എല്ലാവരും വീട്ടില്‍ പോയതിനു ശേഷം ഓഗസ്റ്റ് 15 നേരം പുലര്‍ച്ചെ വീണ്ടും ഓര്‍ത്തു കൂടി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു. അത് കൊണ്ട് തന്നെ വലിയ ആഘോഷമായിരുന്നു 1947 ഓഗസ്റ്റ് 15ന് ഡല്‍ഹിയില്‍ നടന്നത്. സമാനമായ ആഘോഷങ്ങള്‍ രാജ്യത്താകമാനം നടന്നു.

78 വര്‍ഷമായി ഇന്ത്യ സ്വതന്ത്ര്യമായിട്ട്. വലിയ ആഘോഷമാണ് ഓഗസ്റ്റ് 15ന് ഇന്ത്യയില്‍ ആകെ നടക്കാന്‍ പോകുന്നത്. അതിനു തുടക്കം കുറിച്ചുകൊണ്ട് ഓഗസ്റ്റ് 13 മുതല്‍ എല്ലാ വീടുകളിലും ത്രിവര്‍ണ പതാകകള്‍ പറക്കുകയാണ്. ലക്ഷക്കണക്കിന് ഇന്ത്യന്‍ പതാകകള്‍ രാജ്യത്താകമാനം പറക്കുക എന്നത് വലിയ ഒരു സംഭവമാണ്. അത് ലോകം മുഴുവന്‍ ശ്രദ്ധിക്കും. ആസാദിക്കാ അമ്യത് മഹോത്സവ് എന്ന പേരില്‍ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന്‍റെ ആഘോഷ പരിപാടികള്‍ തുടങ്ങി കഴിഞ്ഞു. നമുക്കും അതില്‍ പങ്കാളികളാകാം. ആദ്യത്തെ സ്വാതന്ത്ര്യ ആഘോഷ ജാഥ നയിച്ചതും നടത്തിയതും മലയാളികളാണെന്നതില്‍ നമുക്ക് അഭിമാനിക്കാം

content summary;  Independence celebration started by the Malayalis

Share on

മറ്റുവാര്‍ത്തകള്‍