June 13, 2025 |
Share on

മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന നേതാക്കള്‍ വിഡ്ഢികള്‍: മാര്‍ക്ക് ടൂളി

മാധ്യമങ്ങളെ കാണുന്നതിന് പകരം എല്ലാ വാര്‍ത്തകളും ട്വിറ്ററിലൂടെ പൊതുജനങ്ങളുമായി പങ്കിടുന്ന നരേന്ദ്ര മോദിയുടെയും ഡൊണാള്‍ഡ് ട്രംപിന്റെയും മറ്റും രീതികളെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാ കാര്യങ്ങളും ട്വീറ്ററില്‍ ഇടുന്ന രീതി അസാധാരണമാണെന്നും അത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ആധുനിക കാലത്ത് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ വലിയ അബദ്ധമാണ് കാണിക്കുന്നതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്ക് ടൂളി. മാധ്യമങ്ങളുമായി സഹകരിക്കാത്ത രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ ചുമതലകളില്‍ വീഴ്ച വരുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം സംഘടിപ്പി്ച്ച ‘എക്‌സപ്രസ് അഡ്ഡാ
‘യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളെ കാണുന്നതിന് പകരം എല്ലാ വാര്‍ത്തകളും ട്വിറ്ററിലൂടെ പൊതുജനങ്ങളുമായി പങ്കിടുന്ന നരേന്ദ്ര മോദിയുടെയും ഡൊണാള്‍ഡ് ട്രംപിന്റെയും മറ്റും രീതികളെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാ കാര്യങ്ങളും ട്വീറ്ററില്‍ ഇടുന്ന രീതി അസാധാരണമാണെന്നും അത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പ്രതികരിച്ചു. ജനാധിപത്യ ചട്ടക്കൂടിന്റെ അവിഭാജ്യഘടകമായ മാധ്യമങ്ങളെ നേരിടാന്‍ മടിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ അവരുടെ ജോലിയില്‍ നിന്നും വ്യതിചലിക്കുകയാണെന്ന് ടൂളി പറഞ്ഞു. രാഷ്ട്രീയക്കാരെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ ചുമതല നിര്‍വഹിക്കാന്‍ അവയെ പ്രാപ്തമാക്കുകയാണ് വേണ്ടത്. വിശ്വസനീയമായ വാര്‍ത്തകളുടെ അഭാവം ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും പ്രചരിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത് ടൂളിയുടെ ബിബിസി റിപ്പോര്‍ട്ടായിരുന്നു.1990 ഒക്ടോബര്‍ 30ന് അയോദ്ധ്യയില്‍ തടിച്ചുകൂടിയ കര്‍സേവകര്‍ക്ക് നേരെ നിറയൊഴിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് ഉത്തരവിട്ടെന്നും വെടിവെപ്പില്‍ നൂറു പേര്‍ കൊല്ലപ്പെട്ടെന്നും ഒരു പ്രാദേശിക പത്രം ബിബിസിയെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തു. വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന ഒരു വാര്‍ത്തയായിരുന്നു അത്. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഇതിനെ കുറിച്ച് രോഷാകുലനായെന്നും ടൂളി ഓര്‍ക്കുന്നു. എന്നാല്‍ ബിബിസി അത്തരത്തില്‍ ഒരു വാര്‍ത്ത പ്രക്ഷേപണം ചെയ്തിരുന്നില്ല.

ഇന്നത്തെ കാലത്ത് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നത് ശുദ്ധ വിഡ്ഢിത്തമാണ്. കാരണം, സാമൂഹിക മാധ്യമങ്ങളില്‍ ഒരു പകര്‍ച്ച വ്യാധിപോലെയാണ് ഊഹാപോഹങ്ങള്‍ പരക്കുന്നത്. കൂടുതല്‍ സന്തുലിതമായ വാര്‍ത്തകളാണ് കാലം ആവശ്യപ്പെടുന്നതെന്നും ടൂളി ചൂണ്ടിക്കാണിച്ചു. ഇന്ത്യയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു പൊതുജന സേവന വാര്‍ത്ത പ്രാചരണ സ്ഥാപനത്തിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യത്തോടെയാണ് പ്രസാര്‍ ഭാരതി നടപ്പിലാക്കിയതെങ്കിലും അവര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

തങ്ങളുടെ പ്രത്യയശാസ്ത്രം നവീകരിക്കാനും എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാക്കാനും കോണ്‍ഗ്രസ് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതങ്ങള്‍ക്ക് എതിരായ ഒരായുധമായി മതേതരത്വത്തെ ഉപയോഗിക്കാം എന്നതിനാല്‍ തന്നെ മതത്തെ കുറിച്ചുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് ബാധ്യസ്ഥമാണെന്നും 50 വര്‍ഷത്തിലേറെ ഇന്ത്യയില്‍ നിന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത ടൂളി പറഞ്ഞു. ഇന്ത്യ വന്‍ശക്തിയായി മാറുകയും ഐക്യരാഷ്ട്ര സുരക്ഷ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നേടുകയും ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ഇന്ത്യ വന്‍ശക്തിയാകുന്നു എന്ന ചിന്ത തന്നെ മഹാത്മ ഗാന്ധിയെ ഭയപ്പെടുത്തുമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ പൗരന്മാരും അഭിവൃദ്ധിപ്പെടുന്ന, എല്ലാ പൗരന്മാര്‍ക്കും സ്വാതന്ത്ര്യം ശ്രമിക്കുന്ന, ലോകത്തിന് തന്നെ ഉദാഹരണമായി തീര്‍ന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ബഹുമത സഹിഷ്ണുത പരിപോഷിപ്പിക്കുയാണ് വേണ്ടതെന്നും ടൂളി പറഞ്ഞു. സുരക്ഷ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നേടാനും വന്‍ശക്തിയാകാനും ശ്രമിക്കുമ്പോള്‍ ഇന്ത്യയുടെ മുന്‍ഗണനകള്‍ തെറ്റായി നിര്‍വചിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇങ്ങനെ പറയുമ്പോള്‍ ഇന്ത്യ വന്‍ശക്തിയാവുന്നത് തടയാന്‍ മാര്‍ക്ക് ടൂളി ആഗ്രഹിക്കുന്നതെന്ന് ചിലരെങ്കിലും കരുതുണ്ടാവുമെന്നും എന്നാല്‍ അതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് ഡപ്യൂട്ടി എഡിറ്റര്‍ സീമ ചിസ്തിയുമായാണ് മാര്‍ക്ക് ടൂളി സംവദിച്ചത്.

വായനയ്ക്ക്:
https://goo.gl/31RGtJ

Leave a Reply

Your email address will not be published. Required fields are marked *

×