പൗരനില്ലെങ്കിൽ, പിന്നെന്ത് ഭരണഘടന!

പൗരനും അവന്റെ ജീവനും സ്വത്തും തന്നെ ഇല്ലാതാക്കപ്പെടുമ്പോൾ പിന്നെന്തു ഭരണഘടനയാണ് അവശേഷിക്കുന്നത്!

പ്രശസ്ത പത്രപ്രവര്‍ത്തകനായ രാജഗോപാപാലിനെ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് പുറത്താക്കുകയും, ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും, പിന്നീട് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാതിരിക്കുകയും ചെയ്ത വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ മുന്നിലൂടെ കടന്നു പോയത്. ഇന്ത്യന്‍ രാഷ്ട്രീയ ഭൂപ്രകൃതിയില്‍ ഇത്ര കണ്ടു ഇടപെട്ട മറ്റൊരു എഡിറ്ററെ ഈ അടുത്ത് കാലത്ത് ചൂണ്ടിക്കാട്ടാന്‍ സാധിക്കില്ലെന്നിരിക്കെ, രാജഗോപാലിനെ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു ക്രമരഹിതമായ പിഴവായി കണക്കാക്കാന്‍ സാധിക്കില്ല. അതൊരു ക്രമബദ്ധമായ പിശക് തന്നെയാണ് എന്നാണ് ജനാധിപത്യ വിശ്വാസികള്‍ക്ക് മനസ്സിലാകുക.ഇതൊരു അറിയപ്പെടുന്ന പത്രാധിപരെ ബാധിച്ച കാര്യമായതുകൊണ്ട് മാത്രമാണ് ഇത്ര വലിയ വാർത്തയായതും അദ്ദേഹത്തിന് ഒടുവിൽ പാസ്‌പോർട്ട് ലഭിക്കാൻ ഇടയായതും. ഇക്കാര്യത്തില്‍ പ്രതിപക്ഷ കക്ഷി നേതാക്കളും, കേരള മുഖ്യമന്ത്രിയും വരെ നേരിട്ട് ഇടപെട്ടത് നമ്മള്‍ കണ്ടതാണ്.

ഇതുമായി ചേർത്തു വായിക്കേണ്ട മറ്റൊരു വാർത്ത, ഇപ്പോൾ ബംഗാൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു ഇണ്ടാസാണ് (ഉത്തരവ്). SIR പ്രക്രിയ വഴി ഏതാണ്ട് 90 ലക്ഷം ആളുകളെയാണ് ബംഗാളിൽ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയത്. അവർക്കൊന്നും ഇനി റേഷൻ ലഭിക്കില്ലെന്നാണ് സർക്കാർ ഇപ്പോൾ വ്യക്തമാക്കുന്നത്. എന്നാൽ, പേര് വെട്ടിയതിനെ ചോദ്യം ചെയ്ത് അപ്പീൽ നൽകിയിട്ടുള്ള 23 ലക്ഷം പേർക്ക് തുടർന്നും റേഷൻ നൽകുമെന്ന് അവിടുത്തെ സർക്കാർ പിന്നീട് അറിയിച്ചിട്ടുണ്ട്. അപ്പോഴും ഭൂരിപക്ഷം പേരും റേഷനില്ലാത്ത റേഷൻ കാർഡുടമകളായി തുടരുമെന്നാണ് സർക്കാർ തന്നെ പറഞ്ഞുവെക്കുന്നത് എന്ന് ഓർക്കുക. രാജഗോപാലിന് ലഭിച്ച ഭാഗ്യം ഈ ലക്ഷക്കണക്കിന് ആളുകൾക്ക് ഉണ്ടാകുമെന്ന് കരുതുക വയ്യ.

വിവേചനത്തിനെതിരായ അവകാശ സംരക്ഷണത്തിനായുള്ള ആർട്ടിക്കിൾ 15, അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള ആർട്ടിക്കിൾ 19, ന്യൂനപക്ഷങ്ങളുടെ ഭാഷാ-സാംസ്കാരിക സംരക്ഷണത്തിനായുള്ള ആർട്ടിക്കിൾ 29, 30 തുടങ്ങിയവ നിരന്തരം ഭരണകൂട സംവിധാനങ്ങളുടെ നേതൃത്വത്തിൽ തകർക്കപ്പെടുമ്പോൾ, ഇന്ത്യൻ ജനത ഒന്നിരുത്തി ചിന്തിക്കേണ്ടത് സ്വന്തം നിലനിൽപ്പിന്റെ തന്നെ ആവശ്യമായി മാറുകയാണ്. ആൾക്കൂട്ടങ്ങൾ ഉയർത്തുന്ന നിയമവിരുദ്ധ മുദ്രാവാക്യങ്ങൾ മെല്ലെമെല്ലെ ആരോപണങ്ങളാവുകയും, അന്വേഷണവിധേയമാകാതെ തന്നെ കുറ്റം ചാർത്തപ്പെട്ട് ന്യായാലയങ്ങൾക്ക് പുറത്തുവെച്ച് ശിക്ഷ വിധിക്കപ്പെടുകയും ചെയ്യുമ്പോൾ, അത് ബുൾഡോസറുകൾക്ക് മനുഷ്യരുടെ വീടുകൾക്ക് മുകളിലേക്ക് തകർത്തുകയറാനുള്ള ലൈസൻസായി മാറുന്നു.

ന്യായാധിപത്യവും നീതിയുമാണ് ഇവിടെ തകർത്തെറിയപ്പെടുന്നത് എന്ന് പറയാമെങ്കിലും, അത്തരം ഭാഷാപ്രയോഗങ്ങൾക്കപ്പുറം സ്വന്തം പൗരന്മാരെത്തന്നെയാണ് വോട്ടില്ലാതാക്കിയും വീടില്ലാതാക്കിയും അപരവൽക്കരിക്കുന്നത് (മനുഷ്യരല്ലാതാക്കുന്നത്) എന്ന യാഥാർത്ഥ്യമാണ് ഇവിടെ നടക്കുന്നത്. ഇത്തരം ഫാസിസ്റ്റ് നടപടികൾ ഒരു പ്രത്യേക വിഭാഗത്തിനു നേരെ മാത്രമായിരിക്കുമെന്ന് കരുതി ആഘോഷിച്ചവർ, ആ ബുൾഡോസറുകൾ ഇപ്പോൾ തങ്ങൾക്കു നേരെയും തിരിഞ്ഞുതുടങ്ങിയിരിക്കുന്നു എന്ന് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്.

മനസ്സിലാക്കേണ്ട കാര്യം, മനുഷ്യത്വമില്ലാത്തവര്‍ക്കു ഒരു കുഴപ്പമുണ്ട്, അവര്‍ക്കു അപ്പുറത്തുള്ളവരെന്നോ, ഇപ്പുറത്തുള്ളവരെന്നോ എന്നൊന്നുമില്ല. അവര്‍ക്കു അവരുടെ കാര്യം നടക്കണം എന്ന് മാത്രമേയുള്ളു. അയോദ്ധ്യ അമ്പലം പണിയാന്‍ ഭക്ത ജനങ്ങള്‍ സംഭാവന ചെയ്ത പണത്തില്‍ നിന്നും അമ്പല കമ്മിറ്റിയില്‍ പെട്ടവര്‍ തന്നെ കാശ് വെട്ടിച്ചതിനെ സമൂഹം ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ മറുപടി, ഇത് ഞങ്ങളുടെ കാര്യമാണ്, ഇതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട എന്നാണ്. അതായത് ഞങ്ങള്‍ ചിലപ്പോള്‍ കട്ടെന്നിരിക്കും, അത് ഞങ്ങളുടെ അവകാശത്തില്‍പ്പെടുന്നതാണ് എന്ന്!

ഗംഗാ നദിയില്‍ ഒരു വള്ളത്തിലിരുന്ന് നോമ്പ് തുറന്ന ഒരു കൂട്ടം മുസ്ലിം ചെറുപ്പക്കാരെ, അവര്‍ ചിക്കന്‍ കഴിച്ചു ഗംഗയെ അശുദ്ധമാക്കി എന്ന് പറഞ്ഞു രണ്ടു മാസത്തോളം ജാമ്യം കൊടുക്കാതെ പിടിച്ചു അകത്തിട്ട വാര്‍ത്ത വായിച്ചു ചിരിക്കണോ കരയണോ എന്നറിയാതെ ഇരുന്നു പോയവരാണ് നമ്മളില്‍ അധികം പേരും. ഗംഗയിലേക്ക് ഒഴുക്കുന്ന മാലിന്യത്തിനു കയ്യും കണക്കുമില്ലെന്നിരിക്കെ, ഒരു ബോട്ടിലിരുന്നു ചിക്കന്‍ കഴിച്ചു ആ പുഴയെ മലിനപ്പെടുത്തി എന്ന് പറഞ്ഞു കേസെടുത്ത അവിടത്തെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ബുദ്ധി അപാരം തന്നെ. കഴിഞ്ഞയാഴ്ച്ച ഒരു കൂട്ടം ഹിന്ദു യുവാക്കള്‍ ഇതേ ഗംഗയില്‍, ബോട്ടിലിരിന്നു മദ്യവും ചിക്കനും കഴിച്ചതിന് പിടിക്കപ്പെട്ടപ്പോള്‍, അതെ ദിവസം തന്നെ ജാമ്യം കൊടുത്തതും നമ്മള്‍ ഓര്‍ക്കണം! സ്പിരിറ്റ് കൊണ്ട് മാലിന്യങ്ങളെ ശുദ്ധീകരിക്കാന്‍ സാധിക്കും എന്ന വല്ല ന്യായവും അവിടത്തെ പോലീസും മജിസ്രേട്ടും പറഞ്ഞേക്കാമെന്നുള്ളത് കൊണ്ട് കൂടുതല്‍ ചോദിക്കാതിരിക്കുന്നതാണ് നന്ന്.

കഴിഞ്ഞ ദിവസം കണ്ട പുതിയ വാര്‍ത്തയാണ്, പൗരത്വവും വംശാവലിയും തെളിയിക്കുന്നതിനായി 15 രേഖകള്‍ ഹാജരാക്കിയിട്ടും ഒരു അസം സ്വദേശിക്ക് ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നു ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടു എന്ന്. നമ്മള്‍ ഒന്ന് സ്വയം പരിശോധിച്ചു നോക്കിയാല്‍ അഞ്ചോ ആറോ രേഖകളില്‍ കൂടുതല്‍ നമ്മുടെ കൈവശം ഉണ്ടാകാന്‍ സാധ്യതയില്ല എന്ന് മനസ്സിലാക്കണം. അതില്‍ തന്നെ മിക്കതും ഒരു ഇന്ത്യന്‍ പൗരനാണ് എന്ന് തെളിയിക്കാന്‍ കഴിയുന്ന രേഖകളല്ല എന്ന് കേന്ദ്ര സർക്കാർ ഈയ്യിടെ പറയുകയും ചെയ്തു. അങ്ങനെയെങ്കിൽ, രാജ്യത്തെ ഓരോ പൗരനും ഭയക്കേണ്ടിയിരിക്കുന്നു. ഭരണകൂടത്തിന്റെ ഭാഷ സംസാരിക്കുന്ന, അവർ അടിച്ചേൽപ്പിക്കുന്ന സംസ്കാരം പിന്തുടരുന്ന, അവർ നിഷ്കർഷിക്കുന്ന ഭക്ഷണം കഴിക്കുന്ന, അവർക്ക് അടിമകളായി ജീവിക്കുന്നവർ മാത്രമാണ് ഇന്ത്യൻ പൗരന്മാർ എന്ന് നാളെ പ്രഖ്യാപിക്കപ്പെട്ടാൽ നമ്മൾ എന്ത് ചെയ്യും? കോടതികളിൽ പ്രതീക്ഷയർപ്പിച്ചിട്ടും കാര്യമില്ല; കാരണം അവർ തങ്ങളുടെ ഭരണഘടനാപരമായ കടമകൾ ഭരണകൂടത്തിന് മുന്നിൽ അടിയറവ് വെച്ചിട്ട് കാലമേറെയായി.

ഭരണകൂടത്തിന് അനഭിമതരായവരെ അടിച്ചമർത്തുന്നത് ഇന്ത്യയിൽ ആദ്യത്തെ സംഭവമല്ല. എന്നാൽ, മുൻപൊക്കെ അതിനെ ചോദ്യം ചെയ്യാനുള്ള സാഹചര്യവും സ്വാതന്ത്ര്യവുമുണ്ടായിരുന്നു. ഇന്നത്തെ അവസ്ഥ അതല്ല; ഇവിടെ ഭരണകൂടത്തോട് ചോദ്യം ചോദിക്കുന്നവർ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണ്. ഒരാൾ രാജ്യദ്രോഹിയായി ചിത്രീകരിക്കപ്പെട്ടുകഴിഞ്ഞാൽ, അയാൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങൾ ഇല്ലാതാകാൻ പിന്നെ അധികം സമയം വേണ്ടിവരില്ല. പൗരന്മാരുടെ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും ഭരണകൂടങ്ങൾ പരിരക്ഷ നൽകണമെന്നാണ് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നത്. എന്നാൽ ഇവിടെ പൗരനും അവന്റെ ജീവനും സ്വത്തും തന്നെ ഇല്ലാതാക്കപ്പെടുമ്പോൾ പിന്നെന്തു ഭരണഘടനയാണ് അവശേഷിക്കുന്നത്!

india-democratic-erosion-constitutional-rights

ഷബീർ അഹമ്മദ്

സാമൂഹിക-രാഷ്ട്രീയ നിരീക്ഷകൻ

More Posts

This post was last modified on July 11, 2026 3:48 pm

ഷബീർ അഹമ്മദ്: സാമൂഹിക-രാഷ്ട്രീയ നിരീക്ഷകൻ
Related Post
Leave a Comment