ഇന്ത്യ- ചൈന അതിർത്തി പ്രദേശമായ അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ. ഇത്തരം തന്ത്രങ്ങളിലൂടെയൊന്നും യാഥാർത്ഥ്യം ഇല്ലാതാകില്ലെന്നും അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് റൺധീർ ജയ്സ്വാൾ.
ചൈന സാങ്‌നാൻ എന്ന് വിളിക്കുകയും ടിബറ്റിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്യുന്ന അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുകൾ ചൈനീസ് സിവിൽ അഫയേഴ്‌സ് മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. 27 സ്ഥലങ്ങൾക്കാണ് ചൈന പുതിയ ഔദ്യോഗിക പേരുകൾ പുറത്തിറക്കിയിരിക്കുന്നത്. പുനർനാമകരണം ചെയ്യപ്പെട്ട ഈ സ്ഥലങ്ങളിൽ ഭൂരിഭാഗവും ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് വരച്ച മക്മഹോൺ രേഖയെ അടിസ്ഥാനമാക്കിയുള്ള ഒരു അനൗപചാരിക അതിർത്തിയായ യഥാർത്ഥ നിയന്ത്രണ രേഖയുടെ (എൽഎസി) ഇന്ത്യൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രപരമായ പേരുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സർക്കാർ നിയമങ്ങൾക്കനുസൃതമായാണ് ഈ നീക്കം നടത്തിയതെന്നും മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് ഇത് ചെയ്തതെന്നും ചൈനയുടെ സിവിൽ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചതായി ചൈനീസ് പത്രമായ സൗത്ത് ചൈന മോർണിങ്ങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
പുനർനാമകരണത്തെ ഇന്ത്യ ശക്തമായാണ് നിരാകരിച്ചത്. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അഭിഭാജ്യ ഘടമാണെന്നും തുടർന്നും അങ്ങനെ തന്നെ നിലകൊള്ളുമെന്നും റൺധീർ ജയ്സ്വാൾ പറഞ്ഞു. അരുണാചല്‍ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയതായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജയ്‌സ്വാളിന്റെ പ്രതികരണം. ‘ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് പേരിടാനുള്ള വ്യര്‍ത്ഥവും അസംബന്ധമായതുമായ ശ്രമങ്ങള്‍ ചൈന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം ശ്രമങ്ങളെ ഇന്ത്യ പൂർണമായും തള്ളിക്കളയുന്നു’, ജയ്‌സ്വാള്‍ പറഞ്ഞു. ഇത്തരം നാമകരണം കൊണ്ട് അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യത്തെ മാറ്റാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരുണാചല്‍ പ്രദേശ് ഇന്നലെയും ഇന്നും നാളെയും ഇന്ത്യയുടെ സംസ്ഥാനമാണ്. പേരു മാറ്റിയാലൊന്നും അതില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും ജയ്‌സ്വാള്‍ പറഞ്ഞു. സംഘർഷങ്ങൾ ലഘൂകരിക്കാൻ ഇരു രാജ്യങ്ങളും അടുത്തിടെ നടത്തിയ ശ്രമങ്ങൾക്കിടയിലാണ് ചൈനയുടെ പുതിയ നീക്കമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2023 അവസാനത്തോടെയാണ് കുറച്ച് വർഷങ്ങളായി നിലനിന്നിരുന്ന സൈനിക സംഘർഷം ചൈനയും ഇന്ത്യയും അവസാനിപ്പിച്ചത്. അതിനുശേഷം, ഇരു രാജ്യങ്ങളിലെയും നയതന്ത്രജ്ഞർ പതിവായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.
ഈ വർഷം ആദ്യം ചൈനയും ഇന്ത്യയും വിസ നടപടിക്രമങ്ങൾ ലളിതമാക്കാനും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനും സമ്മതിച്ചുകൊണ്ട് സംഘർഷം ലഘൂകരിക്കാൻ നടപടികൾ സ്വീകരിച്ചു. അഞ്ച് വർഷത്തെ വിലക്കിന് ശേഷം ഇന്ത്യൻ തീർത്ഥാടകർക്കുള്ള പുണ്യസ്ഥലങ്ങളായ കൈലാസ പർവ്വതവും മാനസരോവർ തടാകവും വീണ്ടും തുറക്കാൻ ചൈന സമ്മതിച്ചതായും ഇന്ത്യ പറഞ്ഞിരുന്നു. എന്നാൽ അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ സമീപകാല നീക്കം ഈ നയതന്ത്ര ശ്രമങ്ങളെ ദുർബലപ്പെടുത്താനാണ് സാധ്യതയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Content Summary: India dismisses China’s ‘absurd’ attempts to rename locations in Arunachal Pradesh
This post was last modified on May 14, 2025 4:41 pm
Leave a Comment