July 08, 2026 |
Share on

ടെലിഗ്രാം നിരോധനം: കടുത്ത ആരോപണങ്ങളുമായി സി.ഇ.ഒ പവേല്‍ ദുരോവ്

ഇന്ത്യയില്‍ ടെലഗ്രാം നിരോധിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് പിന്നില്‍ റിലയന്‍സ് ഗ്രൂപ്പും വാട്‌സാപ്പും (മെറ്റ) ആണെന്ന ഗുരുതരമായ ആരോപണവുമായി ദുരോവ്

രാജ്യത്തെ ലക്ഷക്കണക്കിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി നിര്‍ണ്ണയിക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ടെലഗ്രാം ആപ്പിന് അടിയന്തര താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പരീക്ഷാ സുതാര്യതയും രാജ്യത്തിന്റെ സുരക്ഷയും മുന്‍നിര്‍ത്തി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ആവശ്യപ്രകാരമാണ് കേന്ദ്ര ഐ. ടി മന്ത്രാലയത്തിന്റെ നടപടി. ഏകദേശം 950 മില്യണിലധികം ആഗോള ഉപഭോക്താക്കളുള്ള, ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത അഞ്ചാമത്തെ വലിയ ഈ മെസ്സേജിങ് ആപ്പ് ഇന്ത്യയില്‍ പൂര്‍ണ്ണമായി തടയപ്പെട്ടതോടെ ആപ്പിന്റെ സ്ഥാപകന്‍ പവേല്‍ ദുരോവ് ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതും സാങ്കേതിക-രാഷ്ട്രീയ ലോകത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

‘റഷ്യയുടെ സക്കര്‍ബര്‍ഗ്’ എന്നാണ് പവേല്‍ ദുരോവ് അറിയപ്പെടുന്നത്. 2004 ല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് തുടങ്ങി ലോകമെമ്പാടും തരംഗമായി മാറിയ സമയത്താണ് ദുരോവ് വികെ എന്ന ആപ്പ് കൊണ്ടുവരുന്നത്. റഷ്യ, യുക്രെയ്ന്‍, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളില്‍ ഫേസ്ബുക്കിനേക്കാള്‍ പ്രാമുഖ്യം വികെ ക്ക് ലഭിച്ചു. വികെയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ വ്‌ളാഡിമിര്‍ പുടിന്‍ റഷ്യയിലും യുക്രെയ്‌നിലും പുടിനെതിരെ സംസാരിക്കുന്നവരുടെ ഡാറ്റ പവേല്‍ ദുരോവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങളുടെ സ്വകാര്യത വില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. സ്വന്തം രാജ്യത്തെ ജനങ്ങളുടെ ഡാറ്റ ചോദിച്ചതു തന്നെ വലിയ തെറ്റാണെന്നും മറ്റൊരു രാജ്യത്തെ വിവരങ്ങള്‍ ചോദിച്ചത് അതിനേക്കാള്‍ തെറ്റാണെന്നും അദ്ദേഹം വാദിച്ചു. പ്രതികാരമായി വികെ ആപ്പിന്റെ ഷെയറുകള്‍ ബിനാമി വഴി പുടിന്‍ വാങ്ങിക്കൊണ്ടിരുന്നു. ആപ്പ് നല്‍കി രാജ്യം വിടാനായിരുന്നു പുടിന്റെ നിര്‍ദ്ദേശം . അവസാനം ഗത്യന്തരമില്ലാതെ ആപ്പ് നല്‍കി പവേല്‍ ദുരോവ് 2013 ല്‍ ദുബായിയില്‍ അഭയം തേടി.

എന്നാല്‍, ദുരോവ് മുന്നോട്ടുവെച്ച പൂര്‍ണ്ണ സ്വകാര്യത (‘Aboslute Priva-cy’) എന്ന ആശയത്തിന്റെ മറുപുറമാണ് പിന്നീട് ലോകം കണ്ടത്. ഭീകരവാദികളും, മയക്കുമരുന്ന് മാഫിയകളും, സൈബര്‍ കുറ്റവാളികളും ഈ സ്വകാര്യതയെ ചൂഷണം ചെയ്തു. പ്ലാറ്റ്ഫോമിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടു എന്ന കാരണത്താല്‍ പവേല്‍ ദുരോവിനെ ഫ്രഞ്ച് അധികൃതര്‍ പാരീസില്‍ വെച്ച് അറസ്റ്റ് ചെയ്തതോടെയാണ് ടെലഗ്രാമിന്റെ കരിനിഴല്‍ ലോകം ആഗോളതലത്തില്‍ ചര്‍ച്ചയായത്. ഇന്ത്യയിലെ ലഷ്‌കര്‍-ഇ-തൊയ്ബ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ ആശയപ്രചാരണത്തിനും പണം സ്വരൂപിക്കുന്നതിനും ടെലഗ്രാം ഉപയോഗിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍ കണ്ടെത്തിയിരുന്നു.

ടെലഗ്രാം സി.ഇ.ഒ പവേല്‍ ദുരോവ്

നീറ്റ് പരീക്ഷ ക്രമക്കേട് വിവാദമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ടെലഗ്രാമിന്റെ താല്‍ക്കാലിക നിരോധനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. രാജ്യത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ ഉയരുകയും സുപ്രീം കോടതി ഇടപെടലുകളെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി ജൂണ്‍ 21-ന് പുനഃപരീക്ഷ നടത്താന്‍ നിശ്ചയിക്കുകയും ചെയ്തു.

എന്നാല്‍, ജൂണ്‍ 21-ലെ പുനഃപരീക്ഷയെ അട്ടിമറിക്കാന്‍ ടെലഗ്രാം ചാനലുകള്‍ വഴി വീണ്ടും വന്‍ റാക്കറ്റുകള്‍ സജീവമായി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ കര്‍ശനമായ ആവശ്യപ്രകാരം കേന്ദ്ര ഐടി മന്ത്രാലയം ഇന്ത്യയില്‍ ടെലഗ്രാം ആപ്പിന് ജൂണ്‍ 22 വരെ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന വിഷയമായതിനാല്‍ ഐടി നിയമത്തിലെ പ്രത്യേക വ്യവസ്ഥകള്‍ ഉപയോഗിച്ചാണ് ഇത്രയും വലിയൊരു മെസ്സേജിങ് ആപ്പിനെ ഇന്ത്യ ചരിത്രത്തിലാദ്യമായി പൂര്‍ണ്ണമായി തടഞ്ഞിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഇതിനോടകം നീക്കം ചെയ്തുകഴിഞ്ഞു.

ടെലഗ്രാമിലെ ഗ്രൂപ്പുകള്‍ പരീക്ഷയ്ക്ക് മുന്‍പ് വ്യാജ ചോദ്യപേപ്പറുകള്‍ നല്‍കി വിദ്യാര്‍ത്ഥികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നതായി ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ പോലീസും വിഭാഗവും കണ്ടെത്തിയിരുന്നു. പരീക്ഷ കഴിഞ്ഞതിന് ശേഷം പഴയ മെസ്സേജുകള്‍ എഡിറ്റ് ചെയ്ത് യഥാര്‍ത്ഥ ചോദ്യപേപ്പര്‍ മുന്‍പേ നല്‍കി എന്ന് വരുത്തിത്തീര്‍ത്ത് തങ്ങളുടെ വിശ്വാസ്യത കൂട്ടുന്ന തന്ത്രമാണ് ഈ തട്ടിപ്പ് സംഘങ്ങള്‍ ഉപയോഗിക്കുന്നത്. ഇത് തടയാനായി, ഇന്ത്യയില്‍ ടെലഗ്രാമിന്റെ ‘മെസ്സേജ് എഡിറ്റിംഗ്’ ഫീച്ചര്‍ ജൂണ്‍ 30 വരെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായി നിര്‍ത്തിവെപ്പിച്ചു.

ഇന്ത്യയിലെ നിരോധനത്തോട് അതീവ രൂക്ഷമായാണ് ടെലഗ്രാം സിഇഒ പവേല്‍ ദുരോവ് പ്രതികരിച്ചത്. ഇന്ത്യയിലെ നിരോധനം 150 മില്യണിലധികം വരുന്ന സാധാരണ ഉപഭോക്താക്കളെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നും ചോദ്യപേപ്പര്‍ ചോര്‍ത്തിയ യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ ഇത് സഹായിക്കില്ലെന്നും അദ്ദേഹം എക്‌സിലൂടെ തുറന്നടിച്ചു. ടെലഗ്രാം നിരോധിച്ചാലും ഈ ചോര്‍ച്ചകള്‍ മറ്റ് ആപ്പുകളിലേക്ക് മാറുമെന്നും അദ്ദേഹം വാദിച്ചു.

മാത്രമല്ല, ഇന്ത്യയില്‍ ടെലഗ്രാം നിരോധിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് പിന്നില്‍ റിലയന്‍സ് ഗ്രൂപ്പും വാട്‌സാപ്പും (മെറ്റ) ആണെന്ന ഗുരുതരമായ ആരോപണവും ദുരോവ് ഉന്നയിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള, യുഎഇ ഉള്‍പ്പെടെയുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ടെലഗ്രാം കണക്റ്റിവിറ്റി തടസ്സപ്പെടുത്താന്‍ ഇന്ത്യന്‍ ടെലികോം കമ്പനിയായ റിലയന്‍സ് ‘ബിജിപി ഹൈജാക്കിംഗ്’ (ഇന്റര്‍നെറ്റ് റൂട്ടിംഗ് അട്ടിമറിക്കല്‍) എന്ന അനധികൃത മാര്‍ഗ്ഗം ഉപയോഗിക്കുന്നുവെന്നാണ് ദുരോവിന്റെ ആരോപണം. വാട്‌സാപ്പിന്റെ ഉടമസ്ഥരായ മെറ്റയ്ക്ക് റിലയന്‍സില്‍ (ജിയോ) ഓഹരി പങ്കാളിത്തമുള്ളതിനാല്‍, ഇത് ഒരു കോര്‍പ്പറേറ്റ് യുദ്ധത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

എന്നാല്‍ ടെലികോം രംഗത്തെ വിദഗ്ദ്ധര്‍ ഈ ആരോപണത്തെ ‘വ്യാജ വാര്‍ത്ത’ എന്ന് വിളിച്ച് തള്ളിക്കളയുകയാണ് ചെയ്തത്. കടലിനടിയിലെ കേബിള്‍ ശൃംഖലകള്‍ നിയന്ത്രിക്കുന്ന ‘റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും’ (ആര്‍കോം), മുകേഷ് അംബാനിയുടെ ‘റിലയന്‍സ് ഇന്‍ഡസ്ട്രീസും’ (ജിയോ) തമ്മില്‍ ദുരോവിന് മാറിപ്പോയതാണെന്നാണ് ഇന്‍ഡസ്ട്രി നല്‍കുന്ന വിശദീകരണം.

Content Summary: India temporarily banned Telegram over NEET exam security concerns. The decision sparked controversy after Telegram founder Pavel Durov made allegations against Indian corporate groups.

Leave a Reply

Your email address will not be published. Required fields are marked *

×