June 17, 2025 |
എം എ ബേബി
എം എ ബേബി
Share on

വര്‍ത്തമാനകാലത്തെ രാജ്യത്തിന്റെ വെല്ലുവിളികള്‍

രാഷ്ട്രീയ രംഗത്തെ ചോദ്യം ചെയ്യാന്‍ കഴിയാത്ത മാറ്റങ്ങള്‍ ഒരു പരിധി വരെയെങ്കിലും അംഗീകരിക്കാന്‍ നരേന്ദ്ര മോദി ഗവണ്‍മെന്റ് നിര്‍ബന്ധമായിരിക്കുകയാണ്

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ സര്‍ക്കാരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഇന്ത്യ എന്ന വാക്കിന് തന്നെ വിലക്ക് കല്‍പ്പിച്ച് രാജ്യത്തിന്റെ പേര് ‘ഭാരതം’ എന്നു മാത്രമാക്കാന്‍ ബിജെപി കിണഞ്ഞ് ശ്രമിക്കുന്നു എന്നതും വര്‍ത്തമാനകാല അനുഭവമാണ്. നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ വലിയതോതില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചരിത്രപരമായ ഇടം നേടുന്നു എന്ന നിലയിലുള്ള പ്രചാരവേലകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം മൂന്ന് തവണ ഇത്തരത്തില്‍ തുടര്‍ച്ചയായി പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞ വ്യക്തിയാണ് നരേന്ദ്ര മോദി എന്നാണ് ഒരു അവതരണം. നെഹ്‌റുവിനെ പോലെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടാന്‍ പോകുന്ന ഒരു പ്രധാനമന്ത്രി കൂടി ഉണ്ടായിരിക്കുന്നു എന്ന പ്രചാരണം തുടങ്ങി കഴിഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങളും സംഘപരിവാറിന്റെ ഈ ആശയ അവതരണങ്ങള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്ന നിരീക്ഷകരുമൊക്കെ കാര്യങ്ങളെ അവതരിപ്പിക്കുന്നത് ഇത്തരത്തിലാണ്.

എന്നാല്‍ നമുക്കൊക്കെ മനസ്സിലാക്കാന്‍ കഴിയുന്നതുപോലെ ഒരുപരിധിവരെ മ്ലാന മുഖത്തോടു കൂടിയുള്ള ഒരു ഗവണ്‍മെന്റാണ് മൂന്നാം മോദി സര്‍ക്കാര്‍. ഇത്തവണ 400 ല്‍ അധികം സീറ്റുകള്‍ എന്ന പ്രചാരണത്തിന് ശേഷം ബിജെപിക്ക് തനിച്ചുണ്ടായിരുന്ന ഭൂരിപക്ഷം ഇത്തവണ നക്ഷപ്പെട്ടത് വലിയ ഒരു ആഘാതം തന്നെയാണ്. നേരെ മറിച്ചു ‘ഇന്ത്യ ബ്ലോക്ക്’ എന്ന പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം, ഇതിനകം പലരും ശരിയായി നിരീക്ഷിച്ചത് പോലെ ഭൂരിപക്ഷം നേടാന്‍ കഴിയാതെ പോയെങ്കിലും ഏതാണ്ട് ഒരു വലിയ വിജയം കൈവരിച്ച ആഹ്ലാദത്തിലും വിജയിയുടെ മുഖഭാവത്തിലുമാണ് രാഷ്ട്രീയ സമൂഹത്തില്‍ അവര്‍ ഉയര്‍ന്നു നില്‍ക്കുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു എന്നുള്ളത് യാഥാര്‍ഥ്യം തന്നെയാണ്. എന്നാല്‍ പരാജയത്തിന്റെ വക്കില്‍ എത്തിയതിന്റെ പരിഭ്രമവും മ്ലാനതയും നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന എന്‍ഡിഎ ഗവണ്‍മെന്റിന്റെയും മുഖഭാവങ്ങളില്‍ പ്രതിഫലിച്ചു കാണുന്നു.

എന്നാല്‍ ‘business as usual ‘ എന്നതരത്തില്‍ ഒരു പ്രതീതി സൃഷ്ടിക്കുവാന്‍ നരേന്ദ്ര മോദിയും കൂട്ടരും ചേര്‍ന്ന് ശ്രമിക്കുന്നുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ അവര്‍ക്ക് തന്നെ അറിയാവുന്നതുപോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഹൃദയ ഭൂമിയായ ഉത്തര്‍പ്രദേശില്‍ തന്നെ വലിയ തിരിച്ചടി അവള്‍ക്ക് ഉണ്ടായി. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ഉണ്ടായ തിരിച്ചടി യഥാര്‍ത്ഥത്തില്‍ ബിജെപിയെയും സംഘപരിവാറിനെയും അതിന്റെ നേതൃത്വത്തിലുള്ള നരേന്ദ്ര മോദിയേയും അമര്‍ഷത്തിലും അമ്പരപ്പിലും ആഴ്ത്തിയിട്ടുണ്ട്.

ഭരണം പഴയപടി തന്നെ എന്ന ഒരു പ്രതീതി സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം നരേന്ദ്ര മോദിയും കൂട്ടരും ശ്രമിക്കുന്നുണ്ടെങ്കിലും ഫലത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവഗണിക്കാന്‍ കഴിയാത്ത മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇത് നരേന്ദ്ര മോദി ഗവണ്‍മെന്റിന്റെ ചില ചെയ്തികളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും വ്യക്തമായി കൊണ്ടിരിക്കുകയാണ്. ബിജെപി ഭരണം തുടരുകയാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ മന്ത്രിസഭയില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ, സ്പീക്കറായി കഴിഞ്ഞ ലോക്‌സഭയില്‍ പ്രതിപക്ഷ എംപിമാരോട് കടുത്ത പ്രതികാര മനോഭാവത്തോടുകൂടി പെരുമാറിയ ഓം ബിര്‍ളയെ തന്നെ നിയമിച്ചു. രാജ്യത്തിന്റെ പ്രധാനപ്പെട്ട ദേശീയ സുരക്ഷ മേല്‍നോട്ടത്തിന് അജിത്ത് ഡോവലിനെ തന്നെ വീണ്ടും ചുമതല ഏല്‍പ്പിച്ചു. അതുപോലെ പ്രധാനസ്ഥാനങ്ങളിലെല്ലാം ഹിന്ദുത്വ അജണ്ടയ്ക്ക് പിന്തുണ നല്‍കുന്നവരെ നിയമിച്ചു.

തന്നിഷ്ടപ്രകാരം ചെയ്യാന്‍ പഴയ പോലെ തന്നെ ഇപ്പോഴും ഉദ്ദേശിക്കുന്നുണ്ട് എന്ന സന്ദേശം നല്‍കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചത് എന്ന് നമുക്ക് ഓര്‍മ്മയുണ്ട്. എന്നാല്‍ പ്രധാനപ്പെട്ട പല കാര്യങ്ങളിലും തെറ്റായ തീരുമാനത്തെ ഭേദഗതിപ്പെടുത്താനും മര്യാദയുടെ പാതയിലേയ്ക്ക് ഒരുപരിധിവരെ മാറുവാനും ഗവണ്‍മെന്റ് നിര്‍ബന്ധിക്കപ്പെട്ടു എന്നതും ജനങ്ങളുടെയും നിരീക്ഷകരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഒന്നാമത്തേത് ജോയിന്റ് സെക്രട്ടറി മുതലുള്ള ഉന്നത ഉദ്യോഗസ്ഥ പദവികളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ടെസ്റ്റ് നടത്തി അതില്‍ നിന്നും റാങ്ക് അനുസരിച്ച് സംവരണതത്വങ്ങള്‍ പാലിച്ചുകൊണ്ട് നിയമനം നടത്തുന്ന സമ്പ്രദായം അട്ടിമറിക്കാന്‍ നടത്തിയ നീക്കം പിന്‍വലിച്ച കാര്യമാണ്. അത് വാശിയോടെ പിന്തുടരാതെ നേരിട്ട് സ്വകാര്യമേഖലയില്‍ നിന്നും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ, സംവരണ തത്വങ്ങള്‍ ഒന്നും പാലിക്കാതെ ജോയിന്റ് സെക്രട്ടറി മുതലുള്ള ഉന്നത ഉദ്യോഗസ്ഥസ്ഥാനങ്ങളിലേക്ക് നിയമിക്കുന്ന പദ്ധതി ഉപേക്ഷിക്കുന്നതായി പറയാന്‍ മോദിസര്‍ക്കാര്‍ നിര്‍ബന്ധിതമായി. പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്ക് വളരെ പരിമിതമായ തോതില്‍ മുന്‍ ഗവണ്‍മെന്റുകളുടെ കാലത്തും നിയമനങ്ങള്‍ നടന്നിട്ടുണ്ട്. ഉദാഹരണത്തിന് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന സമയത്താണ് ടെക്‌നോക്രാറ്റായ മലയാളിയായ കെ. പി. പി നമ്പ്യാരെ 1985ല്‍ രാജ്യത്തിന്റെ ഇലക്ട്രോണിക് മേഖലയിലെ ഉന്നത പദവിയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തെ ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍സ് ഇഡസ്ട്രീസ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമാക്കി. 1986ല്‍ ഇന്ദിര തന്നെ അദ്ദേഹത്തെ ഇലക്ട്രോണിസ് വകുപ്പ് സെക്രട്ടറിയാക്കി. ധനകാര്യ വകുപ്പ് സെക്രട്ടറിയായി മോണ്ടക്‌സിങ് അലുവാലിയ (1993 1998) നിയമിക്കപ്പെട്ടതും ഇവിടെ പരാമര്‍ശിക്കണം. ഇവര്‍ ഇലക്ട്രോണിക്ക് രംഗത്തും സാമ്പത്തിക രംഗത്തും പ്രത്യേക പരിജ്ഞാനമുള്ള വ്യക്തികളിണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇങ്ങനെ ചിലരെ രണ്ടോ മൂന്നോ സ്ഥാനങ്ങളില്‍ മുന്‍പുള്ള ഗവണ്‍മെന്റുകളും നിയമിച്ചിട്ടുണ്ട് എന്നുള്ളത് യാഥാര്‍ഥ്യമാണ്. പക്ഷെ ഇപ്പോള്‍ നിയന്ത്രണമില്ലാതെ തന്നിഷ്ടപ്രകാരം സംവരണ തത്വങ്ങള്‍ ലംഘിച്ചുകൊണ്ട് തോന്നുംപടി ചിലരെ നിയമിക്കുന്ന ഒരു പദ്ധതിയാണ് നരേന്ദ്ര മോദി മുന്നോട്ടു വെച്ചത്. അതിനെതിരായി അതിശക്തമായ പ്രതിഷേധം ഉണ്ടായി. സിപിഐഎം പ്രതിഷേധിച്ചു. ഇന്ത്യ ബ്ലോക്കിലെ പ്രധാനപ്പെട്ട പാര്‍ട്ടികളെല്ലാം പ്രതിഷേധിച്ചു. ജനങ്ങളെ അണിനിരത്തി പോരാട്ടം നടക്കും എന്ന സാഹചര്യം ഉയര്‍ന്നുവന്നപ്പോള്‍ അതുപേക്ഷിപ്പിക്കപ്പെട്ടിരിക്കുകയാണ്; ഇപ്പോഴത്തേക്കെങ്കിലും. എന്താണിതിന്റെ അര്‍ത്ഥം ?

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള 2014 ലെ ഒന്നാം ഗവണ്‍മെന്റ് കാലത്തും, രണ്ടാം നരേന്ദ്ര മോദി ഗവണ്‍മെന്റ് കാലത്തും ഉണ്ടായതിനേക്കാള്‍ വ്യാപകമായവിധത്തില്‍ പ്രതിരോധവും പ്രതിഷേധവും ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥന്മാരെ തോന്നുംപടി നിയമിക്കുക എന്നുള്ള പദ്ധതി നടപ്പാക്കാന്‍ പറ്റാത്ത സാഹചര്യമാണ് അതുകൊണ്ട് ഇപ്പോഴുള്ളത്. 2024 ലെ തിരഞ്ഞെടുപ്പിനു ശേഷം ശാക്തികബന്ധങ്ങളിലെ ബലാബലത്തില്‍ ഉണ്ടായിരിക്കുന്ന മാറ്റം ബിജെപി ദുര്‍ബലപ്പെടുന്ന തരത്തില്‍ പരിണമിച്ചതായി നമുക്ക് കാണാന്‍ കഴിയും. അതുപോലെ തന്നെയാണ് വഖഫ് നിയമം പാര്‍ലമെന്റില്‍ വേണ്ടപോലെ ചര്‍ച്ച ചെയ്യാന്‍ കൊടുക്കാതെ തിരക്കിട്ട് പാസാക്കാന്‍ നടത്തിയ ശ്രമത്തില്‍ നിന്നും പിന്മാറിയത്. ഉദ്ദേശിച്ചിരുന്നത് പഴയപോലെ ബുള്‍ഡോസ്സ് ചെയ്തു പാസ്സാക്കുകയായിരുന്നു. അതിനെതിരായി പാര്‍ലമെന്റിന്റെ വേദിയില്‍ ഇന്ത്യ ബ്ലോക്കിലെ പാര്‍ട്ടികള്‍ വളരെ ശക്തമായ നിലപാടെടുത്തു, അതിനെ തുടര്‍ന്ന് മാത്രമാണ് ഒരു സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് ആ ബില്ല് വിട്ടുകൊടുക്കാന്‍ നരേന്ദ്ര മോദി തയ്യാറായത്.

നിര്‍മല സീതാരാമന്റെ ബജറ്റ് വന്നപ്പോഴും ഈ മാറ്റം നമ്മള്‍ കണ്ടു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദ്യമായി കേന്ദ്ര ബജറ്റ് എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന ബ്ജറ്റ് ഫലത്തില്‍ രണ്ടു സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്ന ബജറ്റായി മാറുക എന്ന പരിഹാസ്യമായ രംഗത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിച്ചത്. നരേന്ദ്ര മോദി ഗവണ്‍മെന്റ് ഇന്ന് രണ്ട് ശരീരം താങ്ങികളാല്‍ (crutches) മാത്രം ചലിക്കുകയാണ്. രണ്ട് കക്ഷത്തും രണ്ട് പേരെയും താങ്ങിയാണ് നരേന്ദ്ര മോദി ഗവണ്‍മെന്റ് ഇപ്പോള്‍ താഴെ വീഴാതെ നില്‍ക്കുന്നത് എന്ന് നമുക്കറിയാം. ബിഹാറിലെ നിതീഷ് കുമാര്‍ ആണ് ഒന്ന്. ആന്ധ്രാപ്രദേശിലെ ചന്ദ്രബാബു നായിഡുവാണു അപരന്‍.

നിര്‍മല സീതാരാമന്‍ വക ബജറ്റ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളെയും കണ്ടില്ലെന്ന് നടിച്ച് ബിഹാറിനെയും ആന്ധ്രയെയും മാത്രം വലിയ തോതില്‍ മാനിക്കുകയും ഫണ്ട് നീക്കിവെക്കുകയും ചെയ്തത് നമ്മള്‍ കണ്ടു. ഈ രണ്ടു സംസ്ഥാനങ്ങളെ പരിഗണിച്ചതിനു ശേഷം മാത്രമേ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ കാര്യം പോലും മോദി സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുള്ളൂ. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥനങ്ങളോട് കാണിച്ച കൊടിയ അവഗണന നയം വ്യക്തമായിരുന്നല്ലോ.

നരേന്ദ്ര മോദി ഗവണ്‍മെന്റ് ന്യൂനപക്ഷമാണ് എന്ന രാഷ്ട്രീയ യാഥാര്‍ഥ്യമാണ് നിലവിലുള്ളത്. ഇതിന്റെ അര്‍ത്ഥം നരേന്ദ്ര മോദി ഗവണ്‍മെന്റിന്റെ ഓരോ പ്രവര്‍ത്തനത്തിലും ഇതിനു സമാനമായ തിരുത്തലുകളും ജനാധിപത്യ-ഫെഡറല്‍ തത്ത്വങ്ങള്‍ മാനിക്കുന്നതുമായ സമീപനരീതി ഉണ്ടാകും എന്നല്ല. വര്‍ഗീയത ചൊരിയുന്ന രക്തം കുടിച്ചാണ് ആര്‍എസ്എസിന്റെ പിന്തുണയോടു കൂടി ബിജെപി രാഷ്ട്രീയ രംഗത്ത് പിടിച്ചുനില്‍ക്കുന്നത് എന്നത് നമുക്കറിയാം. അതുകൊണ്ട് ഭാവിയിലും അതേ വര്‍ഗീയ അജണ്ട ബിജെപി പിന്തുടരാതിരിക്കില്ല എന്ന് തന്നെയാണ് നമ്മള്‍ കാണേണ്ടത്. പക്ഷേ രാഷ്ട്രീയ രംഗത്തെ ചോദ്യം ചെയ്യാന്‍ കഴിയാത്ത മാറ്റങ്ങള്‍ ഒരു പരിധിവരെയെങ്കിലും അംഗീകരിക്കാന്‍ നരേന്ദ്ര മോദി ഗവണ്‍മെന്റ് നിര്‍ബന്ധമാണ്. ആ തിരിച്ചറിവ് ഉണ്ടായില്ലെങ്കില്‍ നരേന്ദ്ര മോദി ഗവണ്‍മെന്റിന്റെ പതനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാം എന്ന ഭീതി നിമിത്തമാണ് ആന്ധ്രയെയും ബിഹാറിനെയും ഇത്രകണ്ട് പ്രീണിപ്പിക്കുന്നത് എന്ന് മനസിലാക്കാം. ഇവരുടെ പിന്തുണയെ ആശ്രയിച്ചുകൊണ്ട് മാത്രമേ തങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ പറ്റുകയുള്ളൂ എന്ന ഒരു പരിമിതമായ യാഥാര്‍ത്ഥ്യബോധം ആര്‍എസ്എസിനെയും നരേന്ദ്ര മോദിയേയും ഇപ്പോള്‍ അലട്ടുന്നുണ്ട്. India facing challenges from third Narendra Modi government, MA Baby writing

Content Summary; India facing challenges from third Narendra Modi government, MA Baby writing

എം എ ബേബി

എം എ ബേബി

സിപിഎം പോളിറ്റ് ബ്യൂറോ അംഗം

More Posts

Leave a Reply

Your email address will not be published. Required fields are marked *

×