ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് ഒരു സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ( സി.ഇ.ആർ.ടി- ഇൻ) ടീം .
ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന റെസ്പോൺസ് ടീമാണ് സി.ഇ.ആർ.ടി- ഇൻ.
വെബ് ബ്രൗസറിലുള്ള നിരവധി സുരക്ഷാ പിഴവുകൾ ആക്രമണകാരികളെ സുരക്ഷാ സംവിധാനം ഭേദിക്കാനും സിസ്റ്റങ്ങളിലെ വിവരങ്ങൾ ചോർത്താനും അനുവദിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ മുന്നറിയിപ്പ്, ഉപയോക്താക്കൾക്ക് നേരെയുണ്ടാവാൻ സാധ്യതയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് വിശദമാക്കുകയും, ഏത് ഗൂഗിൾ ക്രോം ഉപയോക്താക്കളാണ് സുരക്ഷാ ഭീഷണികളെക്കുറിച്ച് ആശങ്കപ്പെടേണ്ടതെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. ഡെസ്ക്ടോപ്പിനായി ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന എല്ലാ വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വച്ചാണ് മുന്നറിയിപ്പ് പുറത്ത് വിട്ടിരിക്കുന്നത്.
സി.ഇ.ആർ.ടി- ഇൻ നൽകുന്ന മുന്നറിയിപ്പിൽ പറയുന്നത് ഗൂഗിൾ ക്രോമിൽ നിരവധി സുരക്ഷാ പിഴവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ്. ഇവ ആക്രമണകാരികൾ ലക്ഷ്യമിട്ട സിസ്റ്റത്തിൽ കോഡ് പ്രവർത്തിപ്പിക്കാനും ജെനറേറ്റ് ചെയ്യാനും, സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും സ്പൂഫിംഗ് ആക്രമണങ്ങൾ നടത്താനും, അല്ലെങ്കിൽ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്താനും അനുവദിച്ചേക്കാം.കോഡ് എക്സിക്യൂഷൻ, പ്രിവിലേജ് എസ്‌കലേഷൻ, വിവരങ്ങളിലേക്കുള്ള അനധികൃത പ്രവേശനം എന്നിവ നേടിയെടുക്കാനും കഴിഞ്ഞേക്കുമെന്ന് അറിയിപ്പിൽ പറയുന്നു.
ഒരു കമ്പ്യൂട്ടറിൽ അതിന്റെ ഉടമയുടെ അനുമതിയില്ലാതെ പുറത്തുനിന്നുള്ള ഒരാൾക്ക് ഇഷ്ടമുള്ള പ്രോഗ്രാം കോഡ് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞേക്കും. ഇത് സംഭവിക്കുകയാണെങ്കിൽ, ആക്രമണകാരിക്ക് നിങ്ങളുടെ സിസ്റ്റത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും വൈറസുകൾ ഇൻസ്റ്റാൾ ചെയ്യാനും ഡാറ്റ മോഷ്ടിക്കാനും സാധിക്കും. നിങ്ങളുടെ കമ്പ്യൂട്ടറിലോ ബ്രൗസറിലോ ഉള്ള സുരക്ഷാ സംവിധാനം തകർത്ത് ഉള്ളിലേക്ക് കടക്കാനാവും.
ഒരു വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് സിസ്റ്റത്തെ കബളിപ്പിക്കുക വഴി വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് പാസ്‌വേഡുകളോ വ്യക്തിഗത വിവരങ്ങളോ നൽകാൻ പ്രേരിപ്പിക്കുന്നു .പാസ്‌വേഡുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, മറ്റ് സ്വകാര്യ വിവരങ്ങൾ എന്നിവ പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ (Sensitive Data) അനധികൃതമായി വെളിപ്പെടുത്തുകയോ മോഷ്ടിക്കുകയോ ചെയ്തേക്കാം. ഈ ആക്രമണം തടയുന്നതിനായി ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ( സി.ഇ.ആർ.ടി- ഇൻ) ടീം നിർദേശിക്കുന്നു.
content summary: India issues critical security warning for millions of Google Chrome users
This post was last modified on November 4, 2025 11:14 am
Leave a Comment