അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സംഘർഷബാധിത അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് നിരവധി മലയാളി വിദ്യാർത്ഥികളാണ് ഡൽഹിയിലെത്തിയത്. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര – സംസ്ഥാന യൂണിവേഴ്സിറ്റികളിൽ നിന്നായി 300 ഓളം വിദ്യാർത്ഥികളാണ് ഇന്നലെയും ഇന്നുമായി എത്തിയത്.
വിദ്യാർത്ഥികളെല്ലാവരും തന്നെ സുരക്ഷിത സ്ഥലങ്ങളിൽ കഴിയുകയാണെന്നും അവരെ നേരിൽ കണ്ട് സംസാരിച്ചിരുന്നുവെന്നും ജോൺ ബ്രിട്ടാസ് എം പി അഴിമുഖത്തോട് പ്രതികരിച്ചു. ട്രെയിനിൽ സ്പെഷ്യൽ കോച്ചുകളിലായി വിദ്യാർത്ഥികളെ തിരികെയെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
‘ജമ്മു-കശ്മീർ , പഞ്ചാബ് എന്നീ അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് ഏകദേശം 300 ഓളം മലയാളി വിദ്യാർത്ഥികളാണ് ഡൽഹിയിലെത്തിയത്. അവരിൽ കുറച്ച് പേരെ കേരള ഹൗസിലാണ് താമസിപ്പിച്ചിരിക്കുന്നത്. കുറച്ച് വിദ്യാർത്ഥികളെ ഡൽഹി സർവ്വകലാശാലയിലുള്ള നമ്മുടെ സുഹൃത്തുക്കളും അവിടെയുള്ള വിദ്യാർത്ഥികളും ഏറ്റെടുത്തിരിക്കുകയാണ്. 200 ഓളം വിദ്യാർത്ഥികളെ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ സ്മരണക്ക് ഡല്‍ഹിയില്‍ നിര്‍മിച്ച സുർജിത്ത് ഭവനിലും താമസിപ്പിച്ചിട്ടുണ്ട്. അങ്ങനെ നിരവധി പേരുടെ സഹായത്തിലാണ് അവർ അവിടെയുള്ളത്. വിദ്യാർത്ഥികളല്ലാത്തവരും അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുടെ കൂട്ടത്തിലുണ്ട്. എന്നാൽ ബഹുഭൂരിപക്ഷവും വിദ്യാർത്ഥികളാണ്.
ജോൺ ബ്രിട്ടാസ് എംപിയുടെ പോസ്റ്റിൽ നിന്നെടുത്തത്
വിദ്യാർത്ഥികളെ തിരികെ അയക്കുന്നതിനുള്ള ശ്രമങ്ങളും നടത്തിവരികയാണ്. നിലവിൽ വിമാനങ്ങളെല്ലാം ക്യാൻസൽ ചെയ്തിരിക്കുന്നതാണ് വലിയൊരു പ്രശ്നമായി തുടരുന്നത്. അതുകൊണ്ട് തന്നെ ഇവർക്കെല്ലാം ഒരുമിച്ച് ട്രെയിൻ ടിക്കറ്റുകളെടുത്ത് സ്പെഷ്യൽ കോച്ചുകളിൽ യാത്ര ഒരുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്. ഏത് ട്രെയിനിലാണ് സ്പെഷ്യൽ കോച്ചുകൾ ലഭ്യമാകുന്നതെന്ന് അറിഞ്ഞിട്ടാണ് വിദ്യാർത്ഥികളുടെ യാത്ര ഉറപ്പാക്കുക. ഇത് വളരെ സങ്കീർണമായൊരു സാഹചര്യമാണല്ലോ? കഴിഞ്ഞ ദിവസം മുതൽ ഈ വിദ്യാർത്ഥികളെ സുരക്ഷിതരാക്കാനുള്ള ഓട്ടത്തിലായിരുന്നു.
അതിർത്തിയിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഷെല്ലാക്രമണവും വെടിവെയ്പ്പുമെല്ലാം പാകിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ ശക്തമായി തന്നെ ഇതിനെയെല്ലാം നേരിടുന്നുണ്ട്. നിരവധി പേരാണ് അതിർത്തിയിലെ സമീപപ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്യുന്നത്. പൂഞ്ചിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ട ക്രൈസ്റ്റ് സ്കൂളിലെ അംഗങ്ങളുമായി ഞാൻ സംസാരിച്ചിരുന്നു. അവിടെ അധ്യാപകരും അനധ്യാപകരുമായി പതിനാറോളം മലയാളികളുണ്ട്. അവരോട് അവിടെ നിന്ന് നൗഷേരയിലേക്ക് മാറാനാണ് നിർദേശം ലഭിച്ചിരിക്കുന്നത്. കശ്മീരിലാണെങ്കിൽ പോലും നൗഷേര കുറച്ച് കൂടി സുരക്ഷിതമായ സ്ഥലമാണ്. പ്രത്യക്ഷ ഷെല്ലാക്രമണത്തിൽ വരാത്ത ഒരിടമാണത്.
അങ്ങനെ പലയിടങ്ങളിലേക്കും ജനങ്ങളോട് മാറാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അവിടെയൊന്നും സുരക്ഷിതമായ ഇടങ്ങളിലെങ്കിൽ അവർക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും. കേന്ദ്ര സർവ്വകലാശാലകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഞങ്ങൾ മെയിൽ അയച്ചിട്ടുണ്ട്. അവിടെത്തെ വൈസ് ചാൻസലറുമായിട്ടും ബന്ധപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അവധി നൽകി അവരെ പോകാൻ അനുവദിക്കുന്ന ഒരു സാഹചര്യം ഇപ്പോഴുണ്ട്. അതുകൊണ്ടാണ് നമ്മുടെ കുട്ടികൾക്ക് ഇന്നലെയും ഇന്നുമായി ഇവിടേക്ക് വരാൻ കഴിഞ്ഞത്. സംഘർഷത്തിന്റെ തീവ്രത അറിയാമെങ്കിൽ കൂടി കുട്ടികളെല്ലാവരും ഇപ്പോൾ സന്തോഷത്തിലാണ്. ആദ്യമുണ്ടായിരുന്ന പരിഭ്രാന്തിയെല്ലാം മാറിക്കഴിഞ്ഞു. സുർജിത്ത് ഭവനിൽ ഞങ്ങൾ ഒത്തുകൂടുകയും പാട്ടുകൾ പാടുകയുമൊക്കെ ചെയ്തിരുന്നു. ഇവിടെ നല്ല ഭക്ഷണം ലഭിക്കുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. എല്ലാവരും വളരെ സന്തോഷത്തിലാണ് കഴിയുന്നത്’, ജോൺ ബ്രിട്ടാസ് എംപി അഴിമുഖത്തോട് പറഞ്ഞു.
ജോൺ ബ്രിട്ടാസ് എംപിയുടെ പോസ്റ്റിൽ നിന്നെടുത്തത്
സിപിഐഎം സംസ്ഥാന സെക്രട്ടറി എം. എ ബേബിയും ഡൽഹിയിലെത്തിയ വിദ്യാർത്ഥികളെ കാണാനെത്തിയിരുന്നു. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
Content Summary: india – pak conflict; malayali students from border states reach new delhi
Leave a Comment