ഇന്ത്യ-പാക് വെടിനിര്‍ത്തലും അമേരിക്കയുടെ അവകാശവാദവും

മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് ഇന്ത്യ ഉറപ്പിച്ച് പറയുന്നത്‌

നാല് ദിവസമായി തുടര്‍ന്നു വന്ന, വരും ദിവസങ്ങള്‍ അതിരൂക്ഷമായ യുദ്ധത്തിലേക്ക് കടന്നേക്കും എന്നു ഭയന്ന ഇന്ത്യ-പാക് സംഘര്‍ഷം വെടിവനിര്‍ത്തല്‍ കരാര്‍ വഴി അവസാനിപ്പിക്കാന്‍ കാരണം ട്രംപ് ഭരകണകൂടമാണോ? അവര്‍ ആ തരത്തില്‍ കാര്യങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇന്ത്യ ഒരു ‘ മൂന്നാം കക്ഷിയുടെ ഇടപെടല്‍’ ഇതുവരെ അംഗീകരിച്ചിട്ടുമില്ല.

യുഎസ് ആഭ്യന്തര സെക്രട്ടറിയും ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ ചുമതലയും വഹിക്കുന്ന മാര്‍ക്കോ റൂബിയോ, പാകിസ്താന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീറുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പാകിസ്താനെക്കൊണ്ട് മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് അമേരിക്കന്‍ ഭാഷ്യം. ഭാവിയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ക്രിയാത്മക ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് പാകിസ്താന് തങ്ങളുടെ സഹായം ഉണ്ടാകുമെന്ന് മുനീറുമായുള്ള സംഭാഷണത്തില്‍ വാഗ്ദാനം ചെയ്തതായി റൂബിയോ പറയുന്നു.

പാക് ആര്‍മി തലവനെ അമേരിക്കന്‍ ഭരണകൂടം നേരിട്ട് ബന്ധപ്പെടുന്നത് ഇതാദ്യമായാണെന്ന് പറയുന്നു. ഇന്ത്യക്കെതിരായ പാകിസ്താന്റെ ശത്രുതാപരമായ പ്രവര്‍ത്തികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നയാള്‍ എന്ന കുപ്രസിദ്ധിനേടിയ സൈനികോദ്യോഗസ്ഥനാണ് അസിം മുനിര്‍. യഥാര്‍ത്ഥത്തില്‍ മുനീര്‍ കശ്മീരിനെ കുറിച്ചും ഹിന്ദു-മുസ്ലിം ബന്ധങ്ങളെക്കുറിച്ചും നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് കാര്‍ഗില്‍ യുദ്ധത്തിനുശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ന്ന് സംഘര്‍ഷപരമായ അന്തരീക്ഷത്തിലേക്ക് നയിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന് കാരണമായതായി പറയുന്നത്.

പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനോട് സംസാരിച്ചശേഷമായിരുന്നു റൂബിയോ പാക് ആര്‍മി ചീഫിനെ ബന്ധപ്പെടുന്നത്. കഴിഞ്ഞ 48 മണിക്കൂറിലും ഇരു രാജ്യങ്ങളും നേരിട്ട സംഘര്‍ഷാവസ്ഥ അതിഭായനകമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന വ്യക്തമായതിനെ തുടര്‍ന്നാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

മെയ് 1 ന് റൂബിയോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചിരുന്നു. മേഖലയുടെ സുരക്ഷയും സമാധാവും നിലനിര്‍ത്താന്‍ പാകിസ്ഥാനുമായി സഹകരിക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ആ സംഭാഷണത്തിലൂടെ അമേരിക്ക ശ്രമിച്ചതെന്നായിരുന്നു പിന്നീട് പുറത്തു വന്ന വിവരം. നിഷ്പക്ഷമായ ആഹ്വാനമായിട്ടാണ് അമേരിക്ക ആ സംഭാഷണത്തെ വിലയിരുത്തിയത്. മേയ് ഏഴിന് ഇന്ത്യ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തിനു പിന്നാലെ ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ റൂബിയോയെ വിളിച്ച് വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു.

മെയ് 8 ന് റൂബിയോ വീണ്ടും ജയശങ്കറുമായി സംസാരിച്ചു. സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്കാണ് ഈ സംഭാഷണത്തില്‍ അമേരിക്ക ഊന്നല്‍ കൊടുത്തത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള സംഭാഷണത്തിന് യുഎസിന്റെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

തുടര്‍ച്ചയായുള്ള ഈ ഫോണ്‍ സംഭാഷണ പരമ്പരയാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തുന്നതിന് സഹായിച്ചതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു എന്ന് ആദ്യം ലോകത്തെ അറിയിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു. തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കൂടിയായിരുന്നു ട്രംപ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയുടെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദം.

എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞത്, ശനിയാഴ്ച്ച വൈകിട്ട് 3.35 ഓടെ പാകിസ്താന്റെ ഡിജിഎം(ഡയറക്ടര്‍ ജനറല്‍ ഓഫ് മിലട്ടറി ഓപ്പറേഷന്‍) ഇന്ത്യയുടെ ഡിജിഎംഒയെ ഹോട്‌ലൈനില്‍ ബന്ധപ്പെട്ടുവെന്നാണ്. ഇരുവരും തമ്മില്‍ സംസാരിച്ചത് അനുസരിച്ച്, വെടിവയ്പ്പും, കര-കടല്‍-ആകാശം വഴിയുള്ള എല്ലാ സൈനിക നീക്കങ്ങളും ശനിയാഴ്ച്ച വൈകിട്ട് 5 മണിമുതല്‍ അവസാനിപ്പിക്കാന്‍ ധാരണയായെന്നുമാണ്. അമേരിക്കയുടെ ഇടപെടലിനെ കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി വ്യക്തമായി ഒന്നും പറഞ്ഞിരുന്നില്ല.

ഇന്ത്യയും പാകിസ്ാതാനും തമ്മില്‍ ഉഭയകക്ഷി ധാരണയില്‍ എത്തിയതിന് പിന്നില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ ഉറപ്പിച്ച് പറയുമ്പോഴും പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, മാര്‍ക്കോ റൂബിയോ എന്നിവര്‍ തങ്ങളാണ് ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറിന് പിന്നിലെന്ന് ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍, ജെഡി വാന്‍സും ഞാനും നരേന്ദ്ര മോദി, ഷെഹ്ബാസ് ഷെരീഫ്, വിദേശകാര്യ മന്ത്രി സുബ്രഹ്‌മണ്യം ജയ്ശങ്കര്‍, കരസേനാ മേധാവി അസിം മുനീര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവല്‍, അസിം മാലിക് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഇന്ത്യന്‍, പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് റൂബിയോ എക്സില്‍ പോസ്റ്റ് ചെയ്തത്. ഡല്‍ഹി, വാഷിംഗ്ടണ്‍ ഡിസി, ഇസ്ലാമാബാദ്, റാവല്‍പിണ്ടി എന്നിവയ്ക്കിടയില്‍ തുടര്‍ച്ചയായി നടന്ന ആശയവിനിമയമാണ് വെടിനിര്‍ത്തല്‍ കരാറിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ എക്‌സ് പോസ്റ്റ് കാണിക്കുന്നതും, വെടിനിര്‍ത്തലിന് ട്രംപ് ഭരണകൂടം കാര്യമായി ഇടപെട്ടു എന്നു തന്നെയാണ്, മാര്‍കോ റൂബിയോയ്ക്ക് പ്രത്യേകം നന്ദിയും വാന്‍സ് അറിയിക്കുന്നുണ്ട്. ഒപ്പം വെടിനിര്‍ത്തലിന് തയ്യാറായ ഇന്ത്യക്കും പാകിസ്താനും വാന്‍സ് വക അഭിനന്ദനമുണ്ട്.  India-Pakistan Ceasefire and the US Claim

Content Summary; India-Pakistan Ceasefire and the US Claim

This post was last modified on May 12, 2025 7:46 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment