ആരും ജയിക്കാത്ത യുദ്ധങ്ങളും
ആയുധക്കച്ചവടവും
കുഞ്ഞുങ്ങളുടെ രക്തവും, കണ്ണീരും
”പത്തഞ്ഞൂറ് പട്ടാളക്കാര്‍ വെള്ളം കുടിച്ചു. പുലര്‍ന്നു നോക്കുമ്പോള്‍ വെള്ളം കുടിച്ച പാത്രത്തിന്റെ അടിത്തട്ടില്‍ കണ്ടത് ചോരയാണ്”.
ശബ്ദങ്ങളിലൂടെ ബഷീര്‍ പറയുന്നതാണ്. ഇതിലും വ്യക്തമായി യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് ആരും മലയാളത്തില്‍ എഴുതിയിട്ടില്ല എന്ന് തോന്നുന്നു. എന്താണൊരു യുദ്ധം ബാക്കി വയ്ക്കുന്നത്?
സത്യത്തില്‍, യുദ്ധത്തില്‍ ആരെങ്കിലും ജയിക്കുന്നുണ്ടോ? ഇല്ല, ഉണ്ടെന്ന് വെറുതേ തോന്നുന്നതാണ്. യുദ്ധത്തില്‍ ജയിക്കുന്നവരില്ല, ബാധിക്കപ്പെടുന്നവര്‍, അവശേഷിക്കുന്നവര്‍ മാത്രമേയുള്ളൂ. ജീവനും ജീവനോപാധികളുമൊക്കെ ബാധിക്കപ്പെടും. ആകാശത്ത് പട്ടം പറപ്പിച്ച് നടന്നിരുന്ന കുഞ്ഞുങ്ങള്‍, പോര്‍വിമാനങ്ങള്‍ വരുന്നുണ്ടോയെന്നറിയാന്‍ ഭീതിയോടെ മുകളിലേക്ക് നോക്കും. അവരുടെ കളിയും ചിരിയുമെല്ലാം മാഞ്ഞുപോകും, അങ്ങനെ അവര്‍ക്ക് ബാല്യകാലം നഷ്ടപ്പെടും. അടിക്ക് തിരിച്ചടി, സൈന്യത്തിന്റെ നീതിയാണ്. ഇന്ത്യന്‍ സൈന്യം അത് വൃത്തിയായി തന്നെ ചെയ്തു, രാജ്യത്തിന്റെ പ്രതിരോധമാണ്, ചെയ്യേണ്ടത് തന്നെയാണ്. ഇനി തുടരാതെയിരിക്കുക, ഇനി ഒരു യുദ്ധം ഉണ്ടായാല്‍ വിജയികളുണ്ടാവില്ല, ബാധിക്കപ്പെട്ടവരേ ഉണ്ടാകൂ. പലസ്തീനും, യുക്രൈനും അതാണ് പഠിപ്പിക്കുന്നത്.

ഇസ്രയേല്‍ – ഗാസ യുദ്ധം
ഒരു യുദ്ധത്തിന്റെ കെടുതികള്‍ വായിച്ചോ കേട്ടോ പോലും അറിഞ്ഞിട്ടില്ലാത്ത ആള്‍ക്കൂട്ടത്തിന്റെ ആക്രോശമാണ് യുദ്ധം വേണമെന്നത്. സംഘപരിവാറിന് ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങളും മറയ്ക്കാനുള്ള ഉപാധിയും. യുദ്ധത്തിന് വിയോജിപ്പുകള്‍ അലിയിച്ചു കളയാനാകും എന്ന് ഏറ്റവുമധികം അറിയാവുന്നത് ഫാസിസ്റ്റുകള്‍ക്കാണ്. ഇന്ന് ഇന്ത്യന്‍ സൈന്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴ്നാട്ടില്‍ സ്റ്റാലിന് നയിച്ച ജാഥ ശ്രദ്ധിക്കുക. സംഘിന്റെ, മറ്റെല്ലാ കുത്തിത്തിരിപ്പുകളും, ഭാഷ ഉപയോഗിച്ചുള്ള അധിനിവേശവും, ആളുകള്‍ താല്‍ക്കാലികമായെങ്കിലും മറക്കുന്നു. എന്നാല്‍ ഇനിയൊരു യുദ്ധം ഉണ്ടാകരുതെന്ന് പറഞ്ഞ സഖാവ് എം സ്വരാജിനെ യുദ്ധത്തിന് വേണ്ടി ആര്‍ത്തുവിളിക്കുന്ന ആള്‍ക്കൂട്ടം വളഞ്ഞിട്ടാക്രമിച്ചു. എന്നും യുദ്ധത്തിനെതിരെ സംസാരിച്ചവര്‍ സ്റ്റേറ്റിന്റെ കണ്ണിലെ കരടായിരുന്നു. യുദ്ധത്തിനെതിരെ സംസാരിച്ച ബര്‍ട്രാന്റ് റസ്സലിനെ തടവിലാക്കിയാണ് ഭരണകൂടം പ്രതികരിച്ചത്. ഇന്ന് ഹിന്ദുത്വ ഭരിക്കുന്ന ഇന്ത്യയില്‍ സമാധാനത്തേക്കുറിച്ച് സംസാരിക്കുന്നവന് രാജ്യദ്രോഹിയാകുന്നു. ഇന്ന് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നു എന്നതില്‍ നമുക്കാശ്വസിക്കാം.
ഒരു യുദ്ധം എങ്ങനെയൊക്കെയാണ് രാജ്യത്തെ മനുഷ്യരെ ബാധിക്കുക? നേരിട്ടുള്ള ആക്രമണത്തിന് ഇരയാകുന്ന സ്ഥലത്തെ മനുഷ്യര്‍ക്ക് ജീവന് തന്നെ നഷ്ടമായേക്കാം, ഉപജീവനമാര്‍ഗ്ഗവും വീടും ഒക്കെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അത്രനാള്‍ സ്വരുക്കൂട്ടിയതെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നേക്കാം. ഇരുഭാഗത്തും ഏറ്റവുമധികം ബാധിക്കപ്പെടുക ഒട്ടും സംഘടിതരല്ലാത്ത, അന്നത്തെ ജോലി കൊണ്ട് അന്നം കണ്ടെത്തുന്ന സാധാരണ മനുഷ്യന്, സാധാരണ തൊഴിലാളിയും അയാളുടെ കുടുംബവുമാണ്. അവര്‍ വേരോടെ പറിച്ചെറിയപ്പെടുന്നു, അഭയാര്‍ഥികളായി മാറുന്നു, അവരുടെ ജീവിതത്തില്‍ നിന്നും സന്തോഷം ഇറങ്ങിപ്പോവുകയും പട്ടിണി കയറി വരികയും ചെയ്യുന്നു. സി വി ശ്രീരാമന്റെ ചെറുകഥയെ ആസ്പദമാക്കി അരവിന്ദന് ചെയ്ത ഒരു സിനിമയുണ്ട്, വസ്തുഹാര (The Dispossessed), വേരുകള്‍ നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടി വന്നവരുടെ കഥയാണ്. മലയാളിക്ക് അധികമൊന്നും പരിചിതമല്ലാത്ത അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ മനസ്സിലാവാന്‍ ഉപകരിക്കും. വേരുകള്‍ നഷ്ടപ്പെടുന്ന മനുഷ്യന്റെ വേദനയുടെ കഥയാണ്. കഴിഞ്ഞദിവസം കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ 12 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഏഴ് മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള നാല് കുട്ടികളും ഉള്‍പ്പെടുന്നു. ഒരു സൈനികനേയും രാജ്യത്തിന് നഷ്ടമായി.
ഇന്ത്യയൊരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് ആയതിനുശേഷം രണ്ട് തുറന്ന യുദ്ധങ്ങളാണ് (open war) ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ ഉണ്ടായത്. ഒന്ന് 1965 ല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സര്‍ക്കാരിന്റെ കാലത്തും, രണ്ടാമത്തേത് 1971 ല്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാരിന്റെ കാലത്തും. ഇന്ന് യുദ്ധത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ആവേശക്കമ്മിറ്റിക്കാര്‍, എങ്ങനെയൊക്കെയാണ് ഈ യുദ്ധങ്ങള്‍ രാജ്യത്തെ ബാധിച്ചതെന്ന് അറിയേണ്ടതുണ്ട്.
1965 ഓഗസ്റ്റ്-സെപ്റ്റംബറിലായിരുന്നു രണ്ടാം ഇന്‍ഡോ പാക്ക് യുദ്ധം. പാക്കിസ്ഥാന് നടപ്പിലാക്കിയ ഓപ്പറേഷന് ജിബ്രാള്‍ട്ടര്‍ എന്ന സൈനിക നടപടിയുടെ അനന്തരഫലമായിരുന്നു യുദ്ധം. 7000 മുതല്‍ 20,000 വരെ വരുന്ന പാക് സൈനികര്‍ കാശ്മീരിലേക്ക് നുഴഞ്ഞുകയറി. ഇന്ത്യക്കെതിരെ കലാപമായിരുന്നു ലക്ഷ്യംവെച്ചത്. പാകിസ്ഥാന് സൈനികര്‍ തദ്ദേശീയരായി വേഷം മാറിയാണ് അവര്‍ നുഴഞ്ഞുകയറിയത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ ആക്രമണം ആരംഭിച്ചു. 1965 ഓഗസ്റ്റില്‍ ഇന്ത്യ സീസ്ഫയര്‍ ലൈന്‍ ലംഘിച്ച് പാകിസ്ഥാന് നിയന്ത്രിത കശ്മീരിനുള്ളിലെ ഹാജി പിര്‍ പാസ് ആക്രമിച്ചു. പാക്കിസ്ഥാന് ഓപ്പറേഷന് ഗ്രാന്‍ഡ് സ്ലാം എന്ന പേരില്‍ ജമ്മുവില്‍ ആക്രമണം തുടങ്ങി. 1962 ലെ ഇന്‍ഡോ ചൈന യുദ്ധത്തിലെ പരാജയത്തിന് ശേഷം തിരിച്ചടിയേറ്റ ഇന്ത്യയെ ആക്രമിക്കാനുള്ള ശരിയായ സമയം ഇതാണെന്നുള്ള വിദേശകാര്യ മന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കണക്കുകൂട്ടലുകള്‍ തെറ്റി. ഇരുഭാഗത്തും ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭയും, സോവിയറ്റ് യൂണിയനും അമേരിക്കയും വിഷയത്തിലിടപെട്ടു. യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 1966 ജനുവരി 4 മുതല്‍ 10 വരെ ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റ് നഗരത്തില്‍ സോവിയറ്റ് യൂണിയന് ആതിഥേയത്വം വഹിച്ച യോഗത്തില്‍ ജനുവരി 10-ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ താഷ്കന്റ് പ്രഖ്യാപനം ഒപ്പുവച്ചു. ഇന്ത്യന്‍ സൈന്യവും പാകിസ്ഥാന് സൈന്യവും ആഗസ്റ്റിന് മുമ്പുള്ള അവരുടെ സൈനിക നിലപാടുകളിലേക്ക്, 1966 ഫെബ്രുവരി 25 ന് മുമ്പ്, പിന്‍വാങ്ങുമെന്നും, ഇരുരാജ്യങ്ങളും പരസ്പരം ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നും, സാമ്പത്തിക, നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും, യുദ്ധത്തടവുകാരുടെ ക്രമാനുഗതമായ കൈമാറ്റം ഉണ്ടാകുമെന്നും, ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്നും പ്രസ്താവിക്കുന്നതായിരുന്നു താഷ്കന്റ് പ്രഖ്യാപനം. ഇന്ത്യ പാകിസ്ഥാന് മേല്‍ മേല്‍ക്കൈ നേടിയിരുന്നു. ഈ യുദ്ധം പാകിസ്ഥാന് തന്ത്രപരവും രാഷ്ട്രീയവുമായ പരാജയമായി കണക്കാക്കപ്പെടുന്നു.

1965 ലെ ഇന്ത്യ പാക് യുദ്ധം
കിഴക്കന്‍ പാകിസ്ഥാനില്‍ (ഇപ്പോള്‍ ബംഗ്ലാദേശ്) പാകിസ്ഥാന് ഭരണത്തെ എതിര്‍ത്ത ബംഗ്ലാദേശ് വിമോചന പ്രസ്ഥാനത്തില്‍ നിന്നാണ് 1971 ലെ യുദ്ധത്തിന്റെ തുടക്കം. ബംഗ്ലാദേശ് വിമോചന പ്രസ്ഥാനത്തെ പാകിസ്ഥാന് സൈന്യം അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തദ്ദേശവാസികള്‍ സായുധ പ്രതിരോധം ആരംഭിച്ചു, ഇന്ത്യ ആദ്യം രഹസ്യമായി വിമോചന യുദ്ധത്തെ പിന്തുണച്ചു. പിന്നീട് കിഴക്കന്‍ പാകിസ്ഥാനില്‍ സൈനികമായി ഇടപെട്ടു. ഇന്ത്യ-പടിഞ്ഞാറന്‍ പാകിസ്ഥാന് അതിര്‍ത്തിയിലും, പ്രത്യേകിച്ച് പടിഞ്ഞാറന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാന്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലും പോരാട്ടം പൊട്ടിപ്പുറപ്പെട്ടു. ഇരു രാജ്യങ്ങളും അവരുടെ സൈന്യങ്ങളെയും വ്യോമസേനയെയും നാവികസേനയെയും വിന്യസിച്ചു. യുദ്ധത്തില്‍ നിന്നും പിന്മാറിയില്ലെങ്കില് (യുഎസ്എസ് എന്റര്‍പ്രൈസ് എന്ന വിമാനവാഹിനിക്കപ്പല്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് അയച്ചിരുന്നു) ഏഴാം കപ്പല്‍ പടയെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് റിച്ചര്‍ഡ് നിക്സണ് ഭീഷണിപ്പെടുത്തിയപ്പോള്‍ വന്നതുപോലെ തിരിച്ചു പോവില്ലെന്നു പറയാന്‍ സാധിക്കുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടായിരുന്നു. ഇന്ദിരാഗാന്ധി! അമേരിക്ക പിന്തിരിഞ്ഞു. സ്വേച്ഛാധിപത്യ പ്രവണതകള്‍ ഉള്ളപ്പോളും ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇന്ത്യ ഒരിക്കലും അമേരിക്കയുടെ മുന്നില്‍ കീഴടങ്ങിയില്ല. സോവിയറ്റ് റഷ്യ എന്ന കമ്മ്യുണിസ്റ്റ് വന്‍ശക്തിയുടെ പിന്തുണയുണ്ടായിരുന്ന ഇന്ത്യയെ തൊടാന്‍ അമേരിക്കയും ഭയന്ന കാലം. അന്നൊരു ഇന്ത്യക്കാരനെയും കൈയിലും കാലിലും വിലങ്ങിട്ട് ഡീപ്പോര്‍ട്ട് ചെയ്യാന്‍ ഒരു രാജ്യത്തിനും കഴിയുമായിരുന്നില്ല. മറ്റെല്ലാ വിയോജിപ്പുകളും നില നില്‍ക്കുമ്പോഴും ഇന്ദിരാഗാന്ധി രാജ്യത്തിന്റെ അഭിമാനം അടിയറവച്ചില്ല. കിഴക്കന്‍ പാകിസ്ഥാന് സൈന്യം കീഴടങ്ങിയതിനെത്തുടര്‍ന്ന് യുദ്ധം അവസാനിച്ചു. ഡിസംബര്‍ 3 മുതല്‍ ഡിസംബര്‍ 16 വരെ നീണ്ടുനിന്ന യുദ്ധത്തിന്റെ ഫലമായി ഇരു ഭാഗത്തും ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചു. പശ്ചിമ പാകിസ്ഥാന് സര്‍ക്കാര്‍ ഒരു ഏകീകൃത ഐഡന്റിറ്റി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. കിഴക്കന്‍ പാകിസ്ഥാനിലെ പ്രധാന ഭാഷ ബംഗാളിയാണെങ്കിലും ഉറുദുവിനെ പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു. ഇത് കിഴക്കന്‍ പാകിസ്ഥാനിലുടനീളം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. സമാനമായ കാര്യങ്ങള്‍ ഇന്ത്യയില്‍ ഹിന്ദുത്വഭരണം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ജനാധിപത്യവാദികള്‍ എതിര്‍ക്കുന്നതിനു ഇതുപോലെ ചരിത്രപരമായ കാരണങ്ങളുണ്ട്. ബ്രിട്ടീഷ് എഴുത്തുകാരിയായ ഡോം മൊറേസിനോട് മിസ്സിസ് ഗാന്ധി (1980) എന്ന പുസ്തകത്തില്‍ അവര്‍ പറഞ്ഞത്, ഇന്ത്യ യുദ്ധത്തില്‍ പങ്കെടുത്തത് ‘പൂര്‍ണ്ണമായും മാനുഷിക കാരണങ്ങളാല്‍’ ആണെന്നും ‘ഒരു ജനത മുഴുവന്‍ ഇല്ലാതാകുന്നത് കാണാന്‍ അവര്‍ക്ക് കഴിയില്ലെന്നും’ ആണ്. ഇന്ന് സ്റ്റേറ്റ് സ്പോണ്‍സര്‍ഡ് കലാപം ഗുജറാത്തില്‍ നടത്തി, സ്വന്തം ജനതയെ കൊലയ്ക്ക് കൊടുത്ത് രാജ്യം ഭരിക്കുന്ന ഹിന്ദുത്വ മോഡിയും അന്നത്തെ ഇന്ദിരാ ഗാന്ധിയും തമ്മില്‍ ഒരുപാട് ദൂരമുണ്ടായിരുന്നു. യുദ്ധം ആരംഭിച്ച് പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, ഇന്ത്യ വ്യക്തമായ മേല്‍ക്കൈ നേടി, പാകിസ്ഥാന് സൈന്യത്തിന്റെ കിഴക്കന്‍ കമാന്‍ഡ് 1971 ഡിസംബര്‍ 16 ന് ധാക്കയില്‍ കീഴടങ്ങല്‍ കരാറില്‍ ഒപ്പുവച്ചു.
1965 ലെ ഇന്‍ഡോ പാക് യുദ്ധം തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചിരുന്നു. 1965 ല്‍ 37.03 billion USD ആയിരുന്നു ജിഡിപി. യുദ്ധാനന്തരം ഉണ്ടായ കടുത്ത വരള്‍ച്ച ധാന്യോത്പാദനത്തെ ബാധിച്ചു, ഇത് ഭക്ഷ്യക്ഷാമത്തിലേക്ക് നയിച്ചു. പണപ്പെരുപ്പം കൂടിയായതോടെ, പഞ്ചവത്സര പദ്ധതി നിര്‍ത്തി വെയ്ക്കുകയും വിദേശസഹായത്തെ കൂടുതലായി ആശ്രയിക്കേണ്ടതായും വന്നു. യുദ്ധം മൊത്ത ധനക്കമ്മിയില്‍ ഗണ്യമായ വര്‍ദ്ധനവിന് കാരണമായി. ഏതൊരു യുദ്ധത്തെയും പോലെ വിജയിച്ചു എന്ന് കരുതിയ നമ്മള് പിന്നോട്ട് പോയി.

1971 ലെ ഇന്ത്യ പാക് യുദ്ധം
1971 ലെ യുദ്ധവിജയം ഇന്ദിരാ ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും ജനപ്രീതി കൂട്ടി. ഇന്ത്യയെന്നാല്‍ ഇന്ദിര എന്നുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. അത് താല്‍ക്കാലികം മാത്രമായിരുന്നു. യുദ്ധം സാമ്പത്തികമായി രാജ്യത്തെ തളര്‍ത്തിയിരുന്നു. യുദ്ധാനന്തരം ഉണ്ടായ അഭയാര്‍ത്ഥികളുടെ ഒഴുക്കും കൂടി ആയപ്പോള്‍ രാജ്യത്തെ സാമ്പത്തികമായി തകര്‍ന്നു. ആഭ്യന്തര സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചു. രാജ്യത്തെ വികസന പദ്ധതികള്‍ തകര്‍ന്നു. നാലാം പഞ്ചവത്സര പദ്ധതിയെ ബാധിച്ചു. സാമ്പത്തിക ഭാരം പങ്കിടുന്നതിനായി ജനങ്ങളില്‍ നിന്ന് നികുതി പിരിക്കുന്നതിനുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കി. രാജ്യത്ത് പണപ്പെരുപ്പം കൂടി. 71 ബില്യണ്‍ USD സമ്പദ്വ്യവസ്ഥ ബാധിക്കപ്പെടാന്‍ യുദ്ധം കാരണമായി. ഇതിലധികം നാശനഷ്ടങ്ങള്‍ പാക്കിസ്ഥാനും ഉണ്ടായിരുന്നു. 1999 മെയ് മുതല്‍ ജൂലൈ വരെ നടന്ന കാര്‍ഗില്‍ യുദ്ധം ഒരു ഓപ്പണ്‍ വാര് ആയിരുന്നില്ല.
”Weapons are for peace.’ എന്നൊരു കള്ളം ഭരണാധികാരികള്‍ സാധാരണ മനുഷ്യരെ പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ട്. അപ്പുറത്തുള്ള രാജ്യത്തിന്റെ ആയുധ ശേഖരം കണ്ട് പേടിച്ചു ഇപ്പുറത്തുള്ള രാജ്യവും ആയുധം പ്രയോഗിക്കില്ലത്രേ. അങ്ങനെ ഭയന്ന് ആയുധശേഖരത്തിന് മുകളില്‍ അടയിരുന്നു വിരിയിച്ചെടുക്കുന്നതാണോ സമാധാനം? ഒരിക്കലുമല്ല. ഇങ്ങനെയൊക്കെ നമ്മള് പറഞ്ഞു പഠിപ്പിക്കപ്പെട്ടതാണ്, അല്ലെങ്കില്‍ പറ്റിക്കപ്പെട്ടതാണ് എന്ന് പറയുന്നതാവും ശരി. ലോകത്ത് നടന്ന രണ്ട്മഹായുദ്ധങ്ങളും, ഒട്ടനവധി യുദ്ധങ്ങളും ഈ ആശയം ശരിയല്ല എന്ന് തന്നെയല്ലേ നമ്മളോട് പറയുന്നത്? പക്ഷെ ആയുധങ്ങള്‍ വില്‍ക്കേണ്ടത് ആയുധക്കച്ചവടക്കാരുടെ ആവശ്യമാണ്.
ആഗോള ആയുധ വ്യവസായം ഒരു വലിയ വിപണിയാണ്. സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകളനുസരിച്ചു 2023 ല്‍ മുന്‍നിര 100 ആയുധ നിര്‍മ്മാണ, സൈനിക സേവന കമ്പനികള്‍ ഉണ്ടാക്കിയ വരുമാനം 632 ബില്യണ്‍ ഡോളറാണ്. 2024 ല്‍ ഇത് 2.443 ട്രില്യണ്‍ ഡോളറായി. ഇത് എക്കാലത്തെയും ഉയര്‍ന്ന തുകയാണ്. 1961-ല്‍ യുഎസ് പ്രസിഡന്റ് ഐസന്‍ഹോവറാണ്, ‘സൈനിക-വ്യാവസായിക സമുച്ചയം’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. സൈനിക-വ്യാവസായിക സമുച്ചയം എന്നോ ആയുധ ലോബി എന്നോ നമുക്ക് വിളിക്കാം. ഇത് ആയുധ വാങ്ങലുകളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന സൈനിക കോര്‍പ്പറേഷനുകളുടെയും സംഘടനകളുടെയും കൂട്ടമാണെന്ന് പറയാം. അവരുടെ വരുമാനം പ്രതിരോധ ബജറ്റുകളെ ആശ്രയിച്ചിരിക്കുന്നതിനാല്‍, അവരുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന് വാര്‍ഷിക പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കുക എന്നതാണ്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വിവാദമായ 7.87 ബില്യണ്‍ യൂറോയുടെ റഫേല്‍ കരാറും, അന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഫ്രഞ്ച് പക്ഷവുമായി നടത്തിയ ‘സമാന്തര ചര്‍ച്ചകളെ’ പ്രതിരോധ മന്ത്രാലയം ശക്തമായി എതിര്‍ത്തതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. 2018 വരെ പാകിസ്ഥാനെ സൈനിക കാര്യങ്ങളില്‍ ഏറ്റവുമധികം സഹായിച്ച രാജ്യമാണ് യുഎസ്. 2024 ല്‍ ഇന്ത്യ അമേരിക്കയില്‍ നിന്നും ഡ്രോണുകള്‍ (31 MQ-9B) വാങ്ങുന്നതിനായി 32,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടിരുന്നു. 2025 മെയ് ഇല് (ഈ മാസം) ഇന്ത്യയും അമേരിക്കയും തമ്മില്‍ 131 മില്യണ്‍ ഡോളറിന്റെ സൈനിക ആയുധ കരാറില്‍ ഏര്‍പ്പെട്ടു. യുദ്ധഭീഷണി എന്നത് ആയുധക്കച്ചവടക്കാര്‍ക്ക് അവസരമാണ്. ഇന്ത്യയുടെ കയ്യില്‍ ഫ്രാന്‍സ് നിര്‍മിത റഫാലും, പാക്കിസ്ഥാന്റെ കയ്യില്‍ ചൈനീസ് കൌണ്ടര്‍ പാര്‍ട്ട് ആയ J10 മാണ് ഉള്ളത്. ഇപ്പോളത്തെ ഇന്‍ഡോ പാക്ക് സംഘര്‍ഷം ആയുധലോബികള്ക്ക് ഒരു ട്രയലാണ്, പരീക്ഷണ ഭൂമിക ഇന്ത്യയും പാക്കിസ്ഥാനുമാണ്.
എന്നാല്‍ യുദ്ധങ്ങള്‍ ആയുധലോബിയുടെ മാത്രം സൃഷ്ടിയാണോ? ഒരിക്കലുമല്ല. യുദ്ധങ്ങളുണ്ടാകേണ്ടത് ആയുധക്കച്ചവടക്കാരുടെ ആവശ്യമാണെങ്കിലും, യുദ്ധം അവരുടെ മാത്രം സൃഷ്ടിയല്ല. ബാബേലിന്റെ കഥയൊക്കെ വെറുതെയാണ്. പല ഗോത്രങ്ങളായി തിരിഞ്ഞു പരസ്പരം മനുഷ്യന് പോരാടിച്ചിരുന്നു, പണ്ടും. എന്നാല്‍ നാഗരികത എന്നത് മനുഷ്യനെ പിന്നോട്ടല്ല മുന്നോട്ടാണ് കൊണ്ടുപോയത്. കണ്ണിനു പകരം കണ്ണെന്നും പല്ലിന് പകരം പല്ലെന്നുമുള്ള പഴയ നീതിസമവാക്യങ്ങള് തിരുത്തിയെഴുതിയാണ് മനുഷ്യന് ഇവിടെ വരെ എത്തിയത്. പോരടിക്കാനുള്ള ത്വര എന്നും അവനിലുണ്ടായിരുന്നു.
‘ഒരു പ്രത്യേക രാജ്യം ലോകത്തിലെ ഏറ്റവും മികച്ചതാണെന്ന് നിങ്ങള്‍ അവിടെ ജനിച്ചതുകൊണ്ടാണ് എന്ന ബോധ്യമാണ് അടിസ്ഥാനപരമായി ദേശസ്നേഹം.’ എന്ന് ബെര്‍നാഡ് ഷാ പറയുന്നുണ്ട്. ശവം തിന്നു കൊഴുക്കുന്ന ഗോഡി മീഡിയ ഇതെല്ലാം സുവര്‍ണ്ണാവസരമായിക്കണ്ട് യുദ്ധവെറി പടര്‍ത്തുന്നു. സത്യസന്ധമായി കാര്യങ്ങള്‍ പറയുന്ന ദി വയര്‍ പോലെയുള്ള മാധ്യമത്തിനെതിരെ അപ്രഖ്യാപിത നിരോധനവും ഹിന്ദുത്വ ഭരണകൂടം കൊണ്ടുവരുന്നു. ഉത്തരവാദിത്തബോധം കാണിക്കേണ്ട കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുന്ന കിരണ്‍ റിജിജു ഇതൊക്കെക്കണ്ടു ആവേശം കയറി ഇന്ത്യ കറാച്ചി ആക്രമിച്ചെന്ന ചാനല്‍ കള്ളം പ്രചരിപ്പിക്കുന്നു. കോവിഡ് സമയത്ത് ദശലക്ഷക്കണക്കിന് മരണം മൂടി വച്ചു എന്ന വിവരങ്ങള്‍ പുറത്ത് വരുന്നു. എല്ലാവരും യുദ്ധമുണ്ടാകുമോ ഇല്ലയോ എന്നുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ പോയപ്പോഴാണ് ആഭ്യന്തര മന്ത്രാലയം ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. കള്ളനറിയാവുന്ന ഒരു കാര്യം, ആളുകള്‍, മറ്റ് കാര്യങ്ങളിലേക്ക് പോകുമ്പോള്‍, ആളുകള്‍ വെടിക്കെട്ടിനു പോകുമ്പോള്‍, (ഇപ്പോള്‍ അത് ചാനല്‍ വെടിക്കെട്ടാകാം) മോഷ്ടിക്കുക എന്നതാണ്.
ചിലപ്പോഴെങ്കിലും പ്രതിരോധത്തിന് വേറെ മാര്‍ഗമില്ലാത്തപ്പോള്‍ യുദ്ധം അനിവാര്യമായ തിന്മയാകുന്നു എന്നത് വാസ്തവമാണ്, ഒരു വൈരുധ്യവും. ഐക്യരാഷ്ട്ര സഭയ്ക്ക് സമാധാന സേന തന്നെയുണ്ട്. പലപ്പോഴും സമാധാനം അതിര്‍ത്തിയില്‍ നിറതോക്കുമായി നില്ക്കുന്ന സൈനികന് കാരണം ഉണ്ടായിത്തീരുന്നതാണ് എന്നത് ഒരു വൈരുധ്യം തന്നെയാണ്. തങ്ങളുടെ വളര്‍ച്ചയ്ക്ക് എന്തും അവസരമാക്കുന്ന ചില ആശയങ്ങളുണ്ട്, മുതലാളിത്തവും, ഫാസിസവും അങ്ങനെ തന്നെയാണ്. പക്ഷെ ഫാസിസം പോലെയല്ല, മുതലാളിത്തത്തിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. മുതലാളിത്തത്തിന്റെ ആവിര്‍ഭാവത്തോടെ യുദ്ധവും വാണിജ്യവത്കരിക്കപ്പെട്ടു. ഒരു കാലത്ത് രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ വികസത്തിനു വേണ്ടി ഉണ്ടായ യുദ്ധങ്ങള്‍ പിന്നീട് ആരോ എവിടെയിരുന്നോ തീരുമാനിക്കുന്ന ആയുധക്കച്ചവടത്തിനു വേണ്ടിയായി മാറി. അതങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു. റഫേല്‍ ഇടപാട് നമ്മെ ഓര്‍മിപ്പിക്കുന്നതും മറ്റൊന്നല്ല. കാര്‍ഗില്‍ യുദ്ധകാലത്ത് സൈനികര്‍ക്ക് ശവപ്പെട്ടി വാങ്ങിയതില്‍ പോലും അഴിമതി നടത്തി എന്ന് സിഎജി യും സി ബി ഐയും കണ്ടെത്തിയ ആളുകളാണ് ഹിന്ദുത്വ തീവ്രവാദികള്‍. പുല്‍വാമയില്‍ ഉണ്ടായതും സുരക്ഷാ വീഴ്ച തന്നെയായിരുന്നു. അന്ന് രാജ്യത്തിന് നഷ്ടമായത് 40 മനുഷ്യരുടെ, സൈനികരുടെ ജീവനാണ്. വര്‍ഷങ്ങള്‍ക്കു ശേഷം 2025 ല്‍ പഹല്‍ഗാമില്‍ നഷ്ടമായത് 26 സാധാരണക്കാരുടെ ജീവന്.
സൈന്യം തിരിച്ചടിച്ചു, പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. നല്ലത് തന്നെ. എന്നാല്‍ ഈ സൈനിക നടപടിക്ക് ഓപ്പറേഷന് സിന്ദൂര്‍ എന്ന പേര് ചാര്‍ത്തിയത് മോഡിയാണെന്നുള്ള പി ആര് ആഘോഷങ്ങള്‍ ജുഗുപ്സാവഹമാണ്. ഇതിന് മുന്‍പ് ഇങ്ങനെ കരുത്തുള്ള ഇന്ത്യയും പ്രധാന മന്ത്രിയും ഉണ്ടായിരുന്നില്ലെന്നു പറഞ്ഞു വയ്ക്കുന്ന ഹിന്ദുത്വ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഗീബല്‍സിനെ ഓര്‍മിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ശാസ്ത്രിയെന്നും ഇന്ദിരാ ഗാന്ധിയെന്നും പേരായ പ്രധാനമന്ത്രിമാര്‍ ഉണ്ടായിരുന്നു എന്ന് നാം വീണ്ടും വീണ്ടും പറയേണ്ടതുണ്ട്. ഇപ്പോഴും ഇന്ത്യയുടെ ഒരു ബിഎസ്എഫ് സൈനികന് പാക്കിസ്ഥാന്റെ കസ്റ്റഡിയിലാണ്. മെയ് ഏഴിനു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ 12 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഏഴ് മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള നാല് കുട്ടികളും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് സിഖ് സമുദായത്തിലെ അംഗങ്ങളും ഉള്‍പ്പെടുന്നു. പാകിസ്ഥാന് ഷെല്ലാക്രമണത്തില്‍ ദാറുല്‍ ഉലൂം മദ്രസയിലെ ഒരു മുസ്ലീം പുരോഹിതന് ഖാരി മുഹമ്മദ് ഇഖ്ബാലും കൊല്ലപ്പെട്ടു. പൂഞ്ച് പട്ടണത്തിലെ ഗുരുദ്വാര ശ്രീ ഗുരു സിംഗ് സഭയും ക്രൈസ്റ്റ് സ്കൂളും പാകിസ്ഥാന് പീരങ്കി വെടിവയ്പ്പില്‍ തകര്‍ന്നു. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചു, അതില്‍ ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തു. അത്രയും ന്യായമാണ്. തിരിച്ചു സാധാരണക്കാരെ കൊല്ലുക എന്നത് പ്രാകൃതമാണ്, അതുകൊണ്ട് തന്നെ ഇനിയൊരു പ്രകോപനം ഉണ്ടായാല്‍ പോലും, ഭീകരരെ ലക്ഷ്യംവയ്ക്കുക. യുദ്ധവെറിയന്മാര് പറയുന്ന പോലെ, പാക്കിസ്ഥാനിലെ സാധാരണക്കാരെ മരണത്തിലേക്ക് തള്ളിവിടുന്ന കാര്‍പെറ്റ് ബോംബിങ്ങിലേക്കൊന്നും രാജ്യം പോകാതിരിക്കേണ്ടതുണ്ട്. പാക്കിസ്ഥാന് ഒരു മതരാഷ്ട്രവും, ഇന്ത്യയൊരു ജനാധിപത്യരാഷ്ട്രവുമാണ്. പഹല്‍ഗാമില്‍ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയായിരുന്നു. പിന്നീട് പൂഞ്ചില്‍ ആക്രമണം തടയാനായില്ല. നിരപരാധികളുടെ ചോരയാണ് വീഴുന്നത്. അത് മോഡി ചാര്‍ത്തുന്ന അധരസിന്ദൂരം കൊണ്ട് മറച്ചു വയ്ക്കാനാവില്ല. ഇപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നു, ഇനി മോഡിയുടെ നയതന്ത്ര വിജയത്തേക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകളുമായി ഗോഡി മീഡിയ ഇറങ്ങും. പുല്‍വാമയില്‍ ഉണ്ടായ സുരക്ഷാ വീഴ്ചയ്ക്ക് പോലും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. ഇനി സുരക്ഷാ വീഴ്ചയെക്കുറിച്ച് ചോദിക്കുന്നവരെ രാജ്യദ്രോഹികളാക്കുക. പഹല്‍ഗാമിലെ മണ്ണില്‍ നിന്നും നീതിക്കായി കേഴുന്നത് നമ്മുടെ സഹോദരങ്ങളുടെ രക്തമാണ്. ചൗക്കീദാര്‍ ഉത്തരം പറയേണ്ടതുണ്ട്. അവരുടെ ജീവനെടുത്ത സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇനിയും ഉത്തരം കിട്ടാതെ തുടരുന്നു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. യുദ്ധം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന്. ലോകത്തിനാവശ്യം സമാധാനമാണെന്ന്.

വിയറ്റ്നാം യുദ്ധം
വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്ക നാപാം ബോംബ് വര്‍ഷിച്ചപ്പോള്‍ വസ്ത്രങ്ങള്‍ കത്തിയെരിഞ്ഞു ഓടി രക്ഷപ്പെടുന്ന കിം ഫുക്ക് എന്ന പെണ്‍കുട്ടിയുടെ ചിത്രം നമ്മുടെ മുന്നിലുണ്ട്. അസോസിയേറ്റ് പ്രസ്സ് ഫോട്ടോഗ്രാഫറായിരുന്ന നിക്ക് ഉട്ട് എടുത്ത ചിത്രം ലോകത്തെ മുഴുവന്‍ യു എസിനു എതിരാക്കി. അമേരിക്ക അത്രയും കാലം വര്‍ഷിച്ച ബോംബുകളെക്കാള്‍ പ്രഹരശേഷിയുണ്ടായിരുന്നു നിക്ക് ഉട്ട് എടുത്ത ചിത്രത്തിന്. ഒരു യുദ്ധം അവസാനിപ്പിക്കാന്‍ മാത്രം കരുത്തുണ്ടായിരുന്ന ചിത്രം.
”ക്ഷമ എന്നെ വെറുപ്പില്‍ നിന്ന് മോചിപ്പിച്ചു. എന്റെ ശരീരത്തില്‍ ഇപ്പോഴും ധാരാളം വടുക്കളുണ്ട്, മിക്ക ദിവസങ്ങളിലും കഠിനമായ വേദനയുണ്ട്, പക്ഷേ എന്റെ ഹൃദയം ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. നാപാം വളരെ ശക്തമാണ്, പക്ഷേ വിശ്വാസം, ക്ഷമ, സ്നേഹം എന്നിവ അതിലും ശക്തമാണ്. യഥാര്‍ത്ഥ സ്നേഹം, പ്രത്യാശ, ക്ഷമ എന്നിവയോടെ എങ്ങനെ ജീവിക്കാമെന്ന് എല്ലാവര്ക്കും പഠിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നമുക്ക് ഒരു യുദ്ധവും ഉണ്ടാകുമായിരുന്നില്ല. ചിത്രത്തിലെ ആ കൊച്ചു പെണ്‍കുട്ടിക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍, സ്വയം ചോദിക്കുക: നിങ്ങള്‍ക്ക് കഴിയുമോ? ‘
കിം ഫുക്ക് ചോദിക്കുന്നത് നമ്മളോടാണ്.
1994 നവംബര്‍ 10-ന് ഫുക്കിനെ യുനെസ്കോ ഗുഡ്വില് അംബാസഡറായി തിരഞ്ഞെടുത്തു. 1996-ല്‍, വെറ്ററന്‍സ് ദിനത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് വിയറ്റ്നാം വെറ്ററന്‍സ് മെമ്മോറിയലില്‍ ഫുക്ക് ഒരു പ്രസംഗം നടത്തി. തന്റെ പ്രസംഗത്തില്‍, ഭൂതകാലത്തെ മാറ്റാന്‍ കഴിയില്ലെന്നും, സമാധാനപരമായ ഭാവിക്കായി എല്ലാവര്ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അവര്‍ പറഞ്ഞു. റിപ്പബ്ലിക് ഓഫ് വിയറ്റ്നാം വ്യോമസേനയുമായി വ്യോമാക്രമണം ഏകോപിപ്പിക്കുന്നതില്‍ പങ്കെടുത്തതായി പറഞ്ഞ പാസ്റ്ററും വിയറ്റ്നാം വെറ്ററനുമായ ജോണ്‍ പ്ലമ്മര്‍, ഫുക്കിനെ കണ്ടു, പരസ്യമായി ക്ഷമ ചോദിച്ചു.
യുദ്ധത്തേക്കുറിച്ച് ഹിന്ദുത്വര്‍ക്ക് മനസ്സിലാകുന്ന ഒരു കാര്യം പറയാം, എഴുത്തച്ഛന്റെ മഹാഭാരതത്തില്‍ ഗാന്ധാരിവിലാപം എന്നൊരു സംഗതിയുണ്ട്. കുരുക്ഷേത്ര യുദ്ധഭൂമിയില്‍ സ്വന്തം മക്കളുടെയും തനിക്കേറെ പ്രിയപ്പെട്ടവരുടെയും മൃതശരീരങ്ങള്‍ക്കിടയിലൂടെ നടന്ന് ഗാന്ധാരി വിലപിക്കുന്നതാണ്. അവര്‍, ശ്രീകൃഷ്ണനോട് ചോദിച്ച ഒരു ചോദ്യമുണ്ട് ”കൊല്ലിക്കയല്ലേ നിനക്ക് രസമെടോ” എന്നതാണ് ചോദ്യം.
”നീയും തവവംശവും കൂടെ മുടിഞ്ഞുപോമില്ലൊരു
സംശയം മൂന്നു പന്തീരാണ്ടു ചെല്ലുമ്പോള്‍”
(നീയും നിന്റെ കുലവും മുടിഞ്ഞു പോകുമെന്നാണ്)
എന്ന് പറഞ്ഞാണ് ഗാന്ധാരിവിലാപം അവസാനിക്കുന്നത്. യുദ്ധം ആഗ്രഹിക്കുന്ന ഒരാളോട് ഒരമ്മയ്ക്ക് ഇന്നും ഇത് തന്നെയാകും പറയാനുണ്ടാവുക എന്ന് തോന്നുന്നു.
നിങ്ങള്‍ ഒരു നിമിഷം കണ്ണടയ്ക്കുക, ബോംബുവര്‍ഷത്തില്‍ വസ്ത്രങ്ങള്‍ കത്തിയെരിഞ്ഞു ഓടി വരുന്ന ആ കുഞ്ഞിന്റെ സ്ഥാനത്ത് നിങ്ങളുടെ മകനെ, മകളെ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളെ ഒന്ന് സങ്കല്പ്പിച്ചു നോക്കൂ. നിങ്ങള്‍ക്ക് വേദനിക്കുന്നില്ലേ? പ്രതീക്ഷകളുടെ കച്ചിത്തുരുമ്പും പിടിച്ചു കടല്‍ കടന്ന് പോകാന്‍ ശ്രമിച്ച അച്ഛനമ്മമാരുടെ കയ്യില്‍ നിന്നും മരണം കൊണ്ടുപോയ കുഞ്ഞില്ലേ, ഐലന് കുര്‍ദി. ആ കുഞ്ഞിന്റെ ചേതനയറ്റ ശരീരത്തിന്റെ സ്ഥാനത്ത് നിങ്ങളുടെ കുഞ്ഞിനെ ഒന്നാലോചിച്ചു നോക്കൂ, ഒരു ഭയം ശരീരത്തിലൂടെ അരിച്ചിറങ്ങുന്നില്ലേ? ഇപ്പോള്‍ നിങ്ങളുടെ കണ്ണിനടിയില്‍ നനവ് പടര്‍ന്നിട്ടുണ്ടാകും. ഓര്‍ക്കുക എല്ലാ യുദ്ധവുമവശേഷിപ്പിക്കുക കണ്ണീരാണ്, രക്തമാണ്. മനുഷ്യരുടെ രക്തവും കുഞ്ഞുങ്ങളുടെ കണ്ണുനീരും… a war that no one wins, leaves only tears
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary: a war that no one wins, leaves only tears