പേപ്പർ നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് കറൻസി; എന്താണ് പോളിമർ നോട്ട്, ഇന്ത്യയിൽ എപ്പോൾ എത്തും?

പേപ്പർ നോട്ടുകളെ അപേക്ഷിച്ച് കൂടുതൽ ഈടുനിൽക്കുന്നതും വ്യാജനോട്ടുകൾ തടയാൻ മികച്ച സുരക്ഷാ സംവിധാനങ്ങളുള്ളതുമായ പോളിമർ നോട്ടുകൾ നിരവധി രാജ്യങ്ങൾ ഇതിനകം ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യയിൽ പ്രചാരത്തിലുള്ള പേപ്പർ കറൻസിക്ക് പകരമായി കൂടുതൽ കാലം നിലനിൽക്കുന്നതും സുരക്ഷിതവുമായ പ്ലാസ്റ്റിക് (പോളിമർ) കറൻസി നോട്ടുകൾ അവതരിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തയ്യാറെടുക്കുന്നു. ആദ്യഘട്ടത്തിൽ 10, 20 രൂപ മൂല്യമുള്ള പോളിമർ നോട്ടുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ ആലോചിക്കുന്നത്.
കടലാസ് നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് കറൻസി ഇറക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്നാൽ ഇത് പ്രാഥമിക ഘട്ടത്തിലാണെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പേപ്പർ നോട്ടുകളെ അപേക്ഷിച്ച് കൂടുതൽ ഈടുനിൽക്കുന്നതും വ്യാജനോട്ടുകൾ തടയാൻ മികച്ച സുരക്ഷാ സംവിധാനങ്ങളുള്ളതുമായ പോളിമർ നോട്ടുകൾ നിരവധി രാജ്യങ്ങൾ ഇതിനകം ഉപയോഗിക്കുന്നുണ്ട്. ഓസ്‌ട്രേലിയ, കാനഡ, യുകെ, ന്യൂസിലൻഡ്, സിംഗപ്പൂർ, റുമേനിയ, ബ്രൂണൈ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ പോളിമർ കറൻസി ഉപയോഗിക്കുന്നുണ്ട്. 1988-ൽ ഓസ്‌ട്രേലിയയാണ് ആദ്യമായി പോളിമർ കറൻസി നോട്ടുകൾ അവതരിപ്പിച്ചത്.

2014-15 കാലഘട്ടത്തിൽ തന്നെ പോളിമർ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള നിർദേശങ്ങൾ കേന്ദ്രസർക്കാരും ആർ.ബി.ഐയും പരിഗണിച്ചിരുന്നു. എന്നാൽ പിന്നീട് പദ്ധതി മുന്നോട്ടുപോയില്ല. ഇപ്പോൾ സാങ്കേതിക പുരോഗതിയും സുരക്ഷാ ആവശ്യകതകളും കറൻസി പരിപാലനച്ചെലവും പരിഗണിച്ചാണ് വീണ്ടും പദ്ധതി സജീവമായിരിക്കുന്നത്.
പോളിമർ നോട്ടുകൾ എപ്പോൾ ഇറക്കുമെന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് ഇതുവരെ ഒദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ആദ്യഘട്ടത്തിൽ പരിമിത പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പോളിമർ 10, 20 രൂപ നോട്ടുകൾ പുറത്തിറക്കിയ ശേഷം ലഭിക്കുന്ന പ്രതികരണവും സാങ്കേതിക വിലയിരുത്തലും അടിസ്ഥാനമാക്കിയായിരിക്കും രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുക.

എന്താണ് പോളിമർ കറൻസി?

പരുത്തി അടിസ്ഥാനമാക്കിയുള്ള പേപ്പറിൽ അച്ചടിക്കുന്ന നിലവിലെ ഇന്ത്യൻ നോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, പ്രത്യേക തരം പ്ലാസ്റ്റിക് പോളിമർ ഫിലിമിലാണ് പോളിമർ കറൻസി നിർമിക്കുന്നത്. ഈ നോട്ടുകൾ കൂടുതൽ കേടാകാതെ നിലനിൽക്കും. വെള്ളം, ഈർപ്പം, അഴുക്ക് എന്നിവയെ കൂടുതൽ പ്രതിരോധിക്കും. എളുപ്പത്തിൽ കീറിപ്പോകില്ല. കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്താൻ കഴിയും. വ്യാജനോട്ടുകൾ നിർമിക്കുന്നത് കൂടുതൽ പ്രയാസകരമാകും.

എന്തുകൊണ്ട് ഈ മാറ്റം

ഓരോ വർഷവും ലക്ഷക്കണക്കിന് പഴകിയ നോട്ടുകൾ പിൻവലിച്ച് പുതിയത് അച്ചടിക്കാൻ വലിയ ചെലവാണ് നിലവിൽ സർക്കാർ വഹിക്കുന്നത്. പോളിമർ നോട്ടുകൾ പേപ്പർ നോട്ടുകളെക്കാൾ രണ്ടോ മൂന്നോ മടങ്ങ് കൂടുതൽ കാലം നിലനിൽക്കുമെന്നാണ് വിലയിരുത്തൽ. ഇത് അച്ചടി ചെലവ് കുറയ്ക്കാൻ സഹായകമാകും. ബാങ്കുകൾക്കും കറൻസി കൈകാര്യം ചെയ്യുന്ന സംവിധാനങ്ങൾക്കും ചെലവ് കുറയും.
ചെറിയ മൂല്യമുള്ള നോട്ടുകളാണ് ഏറ്റവും കൂടുതൽ കൈമാറപ്പെടുന്നത്. അതിനാൽ അവയുടെ ഉപയോഗശേഷിയും ദൈർഘ്യവും വിലയിരുത്തുന്നതിനായി 10. 20 രൂപ നോട്ടുകളാണ് ആദ്യം ഇറക്കുക. പരീക്ഷണം വിജയകരമായാൽ പിന്നീട് മറ്റ് നോട്ടുകളിലേക്കും പോളിമർ സാങ്കേതികവിദ്യ വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.

പേപ്പർ നോട്ടുകൾ ഇല്ലാതാകുമോ?

പോളിമർ നോട്ടുകൾ വന്നാലും നിലവിലുള്ള പേപ്പർ നോട്ടുകൾ ഉടൻ അസാധുവാകില്ല. രണ്ടുതരം നോട്ടുകളും ഒരേസമയം പ്രചാരത്തിലുണ്ടാകാൻ സാധ്യതയുണ്ട്. ബാങ്കുകൾ, എ.ടി.എമ്മുകൾ, വെൻഡിങ് മെഷീനുകൾ എന്നിവ ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്തിയശേഷം പുതിയ നോട്ടുകൾ വ്യാപകമാകും.
നിലവിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കാനുള്ള പദ്ധതിയാണ്. 10, 20 രൂപയുടെ പേപ്പർ നോട്ടുകൾ ഉടൻ പിൻവലിക്കുകയോ അസാധുവാക്കുകയോ ചെയ്യുന്ന തീരുമാനമൊന്നും പ്രഖ്യാപിച്ചിട്ടില്ല.

Content Summary: The Reserve Bank of India is planning to introduce polymer (plastic) currency notes on a pilot basis, beginning with ₹10 and ₹20 denominations.

This post was last modified on July 18, 2026 3:00 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment