ഇന്ത്യയും ഖത്തറും തമ്മിലുള്ള സാമ്പത്തിക ബന്ധം പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. ഒക്ടോബര്‍ 6, 7 തീയതികളില്‍ ദോഹയില്‍ നടന്ന ഇന്ത്യ-ഖത്തര്‍ ബിസിനസ് യോഗം, ഇരുരാജ്യങ്ങളുടെയും വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ക്ക് പുതിയ ദിശാസൂചിയായി. ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രിയായ പിയുഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തോടൊപ്പം CII (Confederation of Indian Industry) യുടെ നേതൃത്വത്തിലുള്ള ബിസിനസ് ഡെലിഗേഷനില്‍ ഈ ലേഖകനും പങ്കെടുത്തിരുന്നു.
ഒരു കാലത്ത് മുത്തുപിടുത്തത്താല്‍ ജീവിച്ചിരുന്ന ഖത്തര്‍ ഇന്ന് ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളില്‍ ഒന്നാണ്. പ്രകൃതി വാതക സമ്പത്തിനെ ആധാരമാക്കി ആരംഭിച്ച വികസനം ഇന്ന് Qatar National Vision 2030 ന്റെ ദിശാനിര്‍ദ്ദേശത്തില്‍ വിജ്ഞാനവും സുസ്ഥിരതയും ലക്ഷ്യമാക്കിയ സമ്പദ്വ്യവസ്ഥയായി വളര്‍ന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ-ഖത്തര്‍ ഇരുരാജ്യങ്ങളുടെയും വ്യാപാരമൂല്യം യുഎസ് ഡോളര്‍ 14.2 ബില്യണ്‍ ആയി. അതില്‍ ഇന്ത്യയുടെ കയറ്റുമതി യു എസ് ഡോളര്‍ 1.7 ബില്യണും ഇറക്കുമതി യു എസ് ഡോളര്‍ 12.5 ബില്യണുമാണ്. ഖത്തറില്‍ നിന്ന് ഇന്ത്യയ്ക്കുള്ള പ്രധാന ഇറക്കുമതികള്‍ LNG, LPG, കെമിക്കല്‍സ്, ഫര്‍ട്ടിലൈസര്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ്. ഇന്ത്യ ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ പ്രധാനമായും ധാന്യങ്ങള്‍, ഇരുമ്പ്, യന്ത്രങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ്, കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ്.
പങ്കാളിത്തത്തിന്റെ പുതിയ ദിശ
ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരബന്ധങ്ങളെ ”സമഗ്ര സാമ്പത്തിക പങ്കാളിത്തം” എന്ന നിലയില്‍ പുനര്‍നിര്‍വചിക്കുന്ന ഘട്ടത്തിലാണെന്നാണ് ഇന്ത്യ ഖത്തര്‍ ബിസിനസ് ഫോറത്തില്‍ പിയുഷ് ഗോയല്‍ പറഞ്ഞത്.
ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം ”പരസ്പര വിശ്വാസത്തിലും ഉറച്ച സൗഹൃദത്തിലും” ആണെന്ന് ഗോയല്‍ ചൂണ്ടിക്കാട്ടി. പ്രകൃതിവാതക വിതരണത്തിലും എനര്‍ജി സഹകരണത്തിലും ഖത്തര്‍ ഇന്ത്യയുടെ വിശ്വസ്ത കൂട്ടാളിയാണെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (QIA) ഇന്ത്യയില്‍ ഓഫീസ് തുറക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും, USD 78 ബില്യണ്‍ മൂല്യമുള്ള എനര്‍ജി കരാറുകള്‍ ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറിന്റെ ദര്‍ശനം
ഖത്തര്‍ വാണിജ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഖത്തറിനെ ”മിഡില്‍ ഈസ്റ്റിലെ നിക്ഷേപ കവാടം” എന്ന നിലയിലാണ് യോഗത്തില്‍ അവതരിപ്പിച്ചത്.
”ലോക ജനസംഖ്യയുടെ അറുപത് ശതമാനം ഉള്ള പ്രദേശങ്ങളില്‍ നിന്ന് എട്ട് മണിക്കൂറിനുള്ളില്‍ ഖത്തറിലെത്താം. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ഖത്തര്‍ എയര്‍വേയ്‌സ്, ഹമദ് പോര്‍ട്ട് എന്നിവ ലോകോത്തര സൗകര്യങ്ങളാണ്. ഖത്തര്‍ ഫ്രീസോണുകളില്‍ 100 ശതമാനം വിദേശ ഉടമസ്ഥാവകാശം, 20 വര്‍ഷം വരെ നികുതി അവധി, കസ്റ്റംസ് തീരുവ ഇല്ലായ്മ, അതിവേഗ വിസാ സംവിധാനം എന്നിവ ലഭ്യമാണ്,” അദ്ദേഹം വിശദീകരിച്ചു.
വ്യവസായങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ചെലവ് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നും ഉയര്‍ന്ന വിശ്വാസ്യതയും സ്ഥിരതയുമുള്ള വൈദ്യുതി വിതരണം ഖത്തറിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ഖത്തര്‍ ഫ്രീസോണില്‍ 700-ല്‍പ്പരം ആഗോള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, 10 ബില്യണ്‍ ഡോളറിലധികം മൂലധന നിക്ഷേപങ്ങളിലൂടെ ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
‘Invest Qatar’ അധികാരികളുമായി നടന്ന കൂടിക്കാഴ്ചയില്‍, ഖത്തറിന്റെ സമ്പദ്വ്യവസ്ഥയുടെ ഹൃദയമേഖലകളായ വൈദ്യുതി, ഗ്യാസ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ഫര്‍ട്ടിലൈസര്‍ മേഖലകളില്‍ ഇന്ത്യയും ഖത്തറും ചേര്‍ന്നുള്ള സംരംഭങ്ങള്‍ക്ക് അസാധാരണമായ സാധ്യതകളുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത പ്രതിനിധിയെന്ന നിലയില്‍ ലേഖകന്‍ ചൂണ്ടിക്കാട്ടി.
ഖത്തറിന് സമൃദ്ധമായ പ്രകൃതി വിഭവശേഷിയുണ്ട്; ഇന്ത്യയ്ക്കു മനുഷ്യവിഭവശേഷിയും സാങ്കേതിക മികവുമുണ്ട്. ഈ രണ്ട് ശക്തികള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ആഗോള വ്യവസായ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സാധ്യമാകും. ABN കോര്‍പ്പറേഷന്‍ പ്രതിനിധിയായി സംസാരിക്കവെ, CIIയും Invest Qatarഉം ചേര്‍ന്ന് സംയുക്ത നിക്ഷേപക പ്ലാറ്റ്ഫോം രൂപപ്പെടുത്തണമെന്ന് ലേഖകന്‍ നിര്‍ദ്ദേശിച്ചു.
ദോഹയിലെ കൂടിക്കാഴ്ചകളില്‍ നിന്നുള്ള പ്രധാന നേട്ടം, ഇന്ത്യയും ഖത്തറും ചേര്‍ന്ന് Comprehensive Economic Partnership Agreement (CEPA) ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതാണ്. ഇതിലൂടെ വ്യാപാരനിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ ഘടിതമായ രീതിയില്‍ മുന്നോട്ട് പോകും.
Unified Payments Interface (UPI) ഖത്തറില്‍ ആരംഭിച്ചതും സാമ്പത്തിക ബന്ധം ഡിജിറ്റല്‍ കാലഘട്ടത്തിലേക്ക് നീങ്ങുന്നുവെന്നതിന് തെളിവാണ്. സ്റ്റാര്‍ട്ടപ്പുകള്‍, ഗ്രീന്‍ എനര്‍ജി, ഡാറ്റ സെന്ററുകള്‍, ഫിന്‍ടെക്, കൃഷിഭക്ഷ്യ സുരക്ഷ എന്നിവയിലേക്കുള്ള സഹകരണം ഇപ്പോഴേ രൂപം കൊണ്ടിട്ടുണ്ട്.
ദോഹയിലെ ഈ ബിസിനസ് കൂടിക്കാഴ്ച ഇരുരാജ്യങ്ങള്‍ക്കും ഭാവിയെ പുനര്‍നിര്‍വചിക്കുന്ന നാഴികക്കല്ലായി മാറി. പ്രകൃതി വിഭവങ്ങളാലും എനര്‍ജി ശേഷിയാലും സമ്പന്നമായ ഖത്തറും, മനുഷ്യവിഭവസാങ്കേതിക ശക്തിയാല്‍ സമ്പന്നമായ ഇന്ത്യയും കൈകോര്‍ത്താല്‍, അതിന്റെ ഫലം ലോക വ്യാപക സാമ്പത്തിക നവോത്ഥാനമായിരിക്കും. ഇത്തരുണത്തില്‍ ഇന്ത്യ-ഖത്തര്‍ ബിസിനസ് സംയുക്ത യോഗത്തെ ഇന്ത്യ-ഖത്തര്‍ സാമ്പത്തിക സഹകരണത്തിന്റെ ഒരു പുതിയ അദ്ധ്യായം എന്ന് വിശേഷിപ്പിക്കാം.
Content Summary: India-Qatar relations: new avenues of economic cooperation
This post was last modified on October 12, 2025 3:20 pm
Leave a Comment