ജീവനാംശം ദാനമല്ല, അവകാശമാണ്

എന്തുകൊണ്ട് വീണ്ടുമത് ഓര്‍മിപ്പിക്കേണ്ടി വരുന്നു?

മറ്റു മതങ്ങളിലെ സ്ത്രീകൾക്ക് സമാനമായി സിആർപിസി ഉപയോഗപ്പെടുത്തി ജീവനാംശം മുസ്ലിം സ്ത്രീകൾക്ക്  ഭർത്താവിൽ നിന്ന് ആവശ്യപ്പെടാമെന്ന കാര്യം ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുകയാണ് സുപ്രിം കോടതി. രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങളിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളുടെ നേർസാക്ഷ്യമായിരുന്നു മുസ്ലിം സ്ത്രീകളുടെ  ജീവനാംശം സംബന്ധിച്ച കേസും, അതിനെ തുടർന്നുണ്ടായ കോടതി വിധിയും. മുസ്ലിം നിയമം മാത്രം പരിഗണിക്കപ്പെടുമ്പോൾ കൃത്യമായ അവകാശ ലംഘനമാണ് നടക്കുക. അതുകൊണ്ട് തന്നെയാണ് കോടതി അത്തരമൊരു വാദത്തെ എല്ലാകാലവും ഭരണഘടന വിരുദ്ധമെന്ന് തന്നെ വിശേഷിപ്പിക്കുന്നത്.  മുസ്ലിം സമുദായത്തെ സിആർപിസിയുടെ പൊതുനിയമത്തിൽ നിന്ന് മാറ്റി നിർത്തണമെന്ന ആവശ്യത്തിനേറ്റ തിരിച്ചടിയാണ് കേസിലെ വിധിയെന്ന് ഷൂക്കൂർ വക്കീൽ അഴിമുഖത്തോട് പ്രതികരിക്കുന്നു. divorced Muslim women right reminded

ഇന്നത്തെ വിധിയിൽ  വിവാഹ ബന്ധം വേർപെടുത്തിയ മുസ്‌ലിം സ്ത്രീകളുടെ ജീവനാംശം ദാനമല്ല, അവകാശമാണെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തിയിരിക്കുകയാണ് സുപ്രിം കോടതി. 1986-ലെ മുസ്ലീം സ്ത്രീകളുടെ വിവാഹമോചന നിയമത്തിന്റെ അടിസ്ഥാനത്തിലാകണം ജീവനാംശം തീരുമാനിക്കേണ്ടതെന്ന ഹർജി തള്ളിയ കോടതി, അവർക്ക് ജീവനാംശത്തിനായി ക്രിമിനൽ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് ഉപയോഗപ്പെടുത്താമെന്ന  ഉത്തരവാണ് പ്രസ്താവിച്ചിരിക്കുന്നത്.

ഷാ ബാനോ ബീഗം കേസ്

1985- ലാണ് ഇന്ത്യയിലെ കോടതി മുറികളിൽ അലഞ്ഞിരുന്ന 62 കാരിയായ ഷാ ബാനോ ബീഗത്തിന് അർഹിക്കുന്ന നീതി ലഭിച്ചത്, രാജ്യത്തെ സ്ത്രീകളുടെ അവകാശ പോരാട്ടത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. 1978- ൽ ഷാ ബാനോ ബീഗം, ഭർത്താവും, വക്കീലുമായ മുഹമ്മദ് അഹമ്മദ് ഖാനും നാല്പത് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ട്രിപ്പിൾ തലാഖ് വഴി ബന്ധം പിരിയുന്നത്. തുടർന്ന് ബീഗം ഇന്ത്യൻ ക്രിമിനൽ പ്രൊസീജ്യർ കോഡ് (സിആർപിസി) സെക്ഷൻ 125 പ്രകാരം ഭർത്താവ് തനിക്ക് ജീവനാംശം നൽകണമെന്നാവശ്യപെട്ട് കോടതിയെ സമീപിച്ചു. 1985 – ൽ കോടതി അവർക്കനുകൂലമായി വിധി പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് ധനഞ്ജയ വൈ ചന്ദ്രചൂഡിന്റെ പിതാവ് വൈ.വി. ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. ഒരു വശത്ത് രാജ്യത്തെ സ്ത്രീകളുടെ അവകാശം സംബന്ധിച്ച സുപ്രധാന വിധിയായി കേസ് മാറിയപ്പോൾ മറുവശത്ത് പ്രതിഷേധവും പൊട്ടിപ്പുറപ്പെട്ടു. മുസ്ലീം സമുദായത്തിനുള്ളിലെ യാഥാസ്ഥിതിക ഘടകങ്ങളും വിധിയെ മതനിയമങ്ങളുടെ ലംഘനമായി വിലയിരുത്തി. അതി വേഗത്തിൽ പ്രതിഷേധം ആളി കത്തി.ഇതോടെ ശരീയത്ത് വിവാദം പൊട്ടിപ്പുറപ്പെട്ടു. മതേതര ഇടപെടലിൽ നിന്ന് മുസ്ലീം വ്യക്തിനിയമങ്ങൾ സംരക്ഷിക്കണമെന്ന് യാഥാസ്ഥിതിക നേതാക്കൾ ആവശ്യപ്പെട്ടു.

ശരീയത്ത് വിവാദവും,  1986-ലെ മുസ്ലീം സ്ത്രീകളുടെ വിവാഹമോചന നിയമവും

ഷാ ബാനോ ബീഗം കേസും, അതിലെ വിധിയെയും തുടർന്ന് പ്രതിഷേധം ശക്തമായതോടെ രാജീവ് ഗാന്ധി സർക്കാർ 1986-ൽ മുസ്ലീം സ്ത്രീകളുടെ (വിവാഹമോചിത അവകാശ സംരക്ഷിക്കൽ) എന്ന പേരിൽ നിയമം പാസാക്കാൻ നിർബന്ധിതരായി. വിധി യാഥാസ്ഥിതിക സമൂഹത്തിനിടയിൽ ഉയർത്തിയ ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു നിയമനിർമ്മാണം. വിവാഹമോചനത്തിനു ശേഷമുള്ള കാത്തിരിപ്പ് കാലയളവായ ഇദ്ദ കാലയളവിൽ ഭർത്താക്കന്മാർ വിവാഹമോചിതരായ ഭാര്യമാർക്ക് “ന്യായമായതും ന്യായയുക്തവുമായ” വ്യവസ്ഥകളും സംരക്ഷണവും നൽകണമെന്ന് നിയമം അനുശാസിക്കുന്നു. കൂടാതെ, ഭർത്താവ് അനുസരിക്കുന്നതിൽ പരാജയപ്പെട്ടാൽ, വിവാഹമോചിതയായ സ്ത്രീക്ക് അവളുടെ ബന്ധുക്കളിൽ നിന്നോ സംസ്ഥാന വഖഫ് ബോർഡിൽ നിന്നോ ജീവനാംശം തേടാമെന്നും നിയമം വ്യവസ്ഥ ചെയ്തു.

”രാജീവ് ഗാന്ധിയുടെ കാലത്ത് നടപ്പിലാക്കപ്പെട്ട ഈ നിയമത്തിൽ മറ്റൊരു വ്യവസ്ഥ കൂടി ഉൾപ്പെട്ടിരുന്നു, മുസ്ലിം സ്ത്രീകൾക്ക് ഇതുപ്രകാരം ജീവനാംശം കൊടുക്കേണ്ടതില്ലെന്ന്. നിയമത്തിലെ സെക്ഷൻ നാല് അവകാശങ്ങൾ എടുത്തു പറയുന്നുണ്ട്. മെഹർ, വിവാഹ സമ്മാനങ്ങൾ, ഇദ്ദ കാലയളവിലെ ചിലവ്, ഭാവി സംരക്ഷണത്തിനായുള്ള ചിലവ് എന്നിവയാണ് ആ നാല് എണ്ണം. ഇത് എല്ലാം ഉൾക്കൊള്ളിച്ച് നിശ്ചിത തുക വ്യക്തമാക്കിയിരുന്നില്ല. സെക്ഷൻ 5 ൽ പറയുന്നത് പ്രകാരം ഭാര്യയും, ഭർത്താവും ഒന്നിച്ച് സമർപ്പിക്കുന്ന അഫിഡവിറ്റിലൂടെ ക്രിമിനൽ നടപടി ചട്ടത്തിലെ 125-ാം വകുപ്പിലൂടെ ജീവനാംശത്തിന് അപേക്ഷ നൽകാമെന്നും പറയുന്നുണ്ട്. എന്നാൽ 2012 ൽ വിവാഹമോചന നിയമത്തിന് പുറമെ സിആർപിസിയുടെ നിയമം ബാധകമാകുമെന്ന് മറ്റൊരു കേസിലെ വിധിയിലൂടെ സുപ്രിം കോടതി എടുത്തു കാണിച്ചിരുന്നു. ” എന്ന് അഡ്വക്കേറ്റ് ഷുക്കൂർ പറയുന്നു.

കോടതിയുടെ ഓർമ്മപ്പെടുത്തൽ

2017-ലാണ് മുഹമ്മദ് അബ്ദുൾ സമദും ഭാര്യയും തമ്മിൽ മുസ്‌ലിം വ്യക്തിനിയമ പ്രകാരം വിവാഹമോചിതരാകുന്നത്. വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിൽ വിവാഹമോചിതരായതുകൊണ്ട് തന്നെ 1986-ലെ വിവാഹമോചന നിയമത്തിന്റെ അടിസ്ഥാനത്തിൽ ജീവനാംശം നൽകാൻ കഴിയില്ലെന്നായിരുന്നു യുവാവിന്റെ വാദം. ഇത് ഹൈക്കോടതി തള്ളിയതോടെയാണ്, വാദം പുനഃപരിശോധനക്കായി സുപ്രിം കോടതിയിൽ എത്തുന്നതും, സുപ്രിം കോടതി വിഷയം പഠിക്കാനായി ഒരു അമിക്കസ് ക്യൂറിയെ നിയമിക്കുന്നതും. ഇവരുടെ വാദം കൂടി കണിക്കിലെടുത്താണ് സുപിം കോടതി വിധി പ്രഖ്യാപിച്ചത്. വിവാഹമോചനത്തിനു ശേഷമുള്ള മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾ പരാമർശിക്കുന്ന മുസ്ലീം സ്ത്രീകളുടെ (വിവാഹമോചനാവകാശ സംരക്ഷണം) നിയമം, 1986, സെക്ഷൻ സിആർപിസി 125-ാം വകുപ്പ് പ്രകാരം വിവാഹമോചിതരായ സ്ത്രീകൾക്ക് ജീവനാംശം അവകാശപ്പെടാൻ അനുവദിക്കുന്ന പൊതു മതേതര നിയമത്തെ മറികടക്കുന്നില്ലെന്ന് കോടതി വിധിച്ചു. മറ്റു മതത്തിലെ സ്ത്രീകൾക്ക് സമാനമായി 125-ാം വകുപ്പ് പ്രകാരം ജീവനാംശം അവകാശപ്പെടാൻ കഴിയുമെന്നാണ്  കോടതി വിലയിരിത്തിയിരിക്കുന്നത്.

” മതത്തെ അടിസ്ഥാനപ്പെടുത്തിയാണ് 1986- ലെ നിയമനിർമ്മാണം. എന്നാൽ 125 സിആർപിസി ഒരു സെക്ക്യൂലർ നിയമവുമാണ്. മതത്തിനു മുകളിൽ ഭരണഘടനയാണെന്ന് സുപ്രിം കോടതി എടുത്തു പറഞ്ഞതും അത് കൊണ്ടാണ്. അതായത് 12 വർഷത്തിന് മുൻപ് കോടതി പറഞ്ഞ കാര്യം ഒരിക്കൽ കൂടി അവർത്തിച്ചിരിക്കുകയാണ്.” അഡ്വക്കേറ്റ് ഷുക്കൂർ പറയുന്നു. നിലവിൽ കേരളത്തിലെ കുടുംബ കോടതികളിലടക്കം ഈ നിയമം ഉപയോഗിച്ച് നിരവധി മുസ്ലിം സ്ത്രീകൾ ജീവനാംശം വാങ്ങുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്പോൾ ജീവനാംശം മുസ്‌ലിം സ്ത്രീകളുടെയും അവകാശമായിരുന്നിട്ടു കൂടി പിന്നെയും ഓർമ്മപ്പെടുത്തേണ്ടി വരുന്നത് എന്തുകൊണ്ടാണ് ?

Content summary; Alimony for divorced Muslim women is a right. Then why do we need to be reminded again?

അഴിമുഖം പ്രതിനിധി:
Leave a Comment