2011, മുംബൈ വാങ്കഡേ സ്‌റ്റേഡിയത്തിലെ ആ രാത്രിയില്‍ സാക്ഷാല്‍ എം എസ് ധോണി മിഡ് വിക്കറ്റിന് മുകളിലൂടെ പായിച്ച സിക്‌സ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് മറ്റൊരു ലോകകപ്പ് സമ്മാനിച്ചെങ്കില്‍, ദുബായില്‍ രവീന്ദ്ര ജഡേജ സ്‌ക്വയര്‍ ലെഗിലൂടെ അതിര്‍ത്തി കടത്തിയ ആ പന്തിലൂടെ ഇന്ത്യ 12 വര്‍ഷത്തിന് ശേഷം തങ്ങളുടെ രണ്ടാമത്തെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയിരിക്കുന്നു. ഈ ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായ ടീം തന്നെയാണ് കിരീടം നേടിയതെന്ന് തീര്‍ത്തും പറയാം. ഒരു മത്സരം പോലും തോല്‍ക്കാതെ, ശക്തരായ എതിരാളികളെ പോരാട്ട വീര്യം കൊണ്ട് കീഴ്‌പ്പെടുത്തിയാണ് കിരീട നേട്ടത്തില്‍ അവര്‍ എത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക്, ട്വന്റി-20 ലോകകപ്പിന് ശേഷം മറ്റൊരു ഐസിസി കിരീടം കൂടി. ഏകദിന ലോകകപ്പിന്റെ നഷ്ടം മറക്കാന്‍ ഇരട്ടി വിജയം. ഇന്ത്യയുടെ സുപ്രധാന നായകന്മാരുടെ നിരയില്‍ മുന്നില്‍ തന്നെയുണ്ടാകും ഒരു ലോകകപ്പും ഒരു ചാമ്പ്യന്‍സ് ട്രോഫിയുമായി ശര്‍മ. കിംഗ് കോഹ്‌ലിക്കും പറയാം, നായകനായിരുന്നപ്പോള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു കളിക്കാരന്‍ എന്ന നിലയില്‍ ഏകദിന-ട്വന്റി-20 ലോകകപ്പുകളും രണ്ട് ചാമ്പ്യന്‍സ് ട്രോഫിയും വിജയിക്കാന്‍ കഴിഞ്ഞുവെന്ന്. അതുപോലെ, ഈ കിരീടം, ശക്തമായൊരു ഇന്ത്യന്‍ ടീമിനെയും സൃഷ്ടിച്ചിട്ടുണ്ട്. കെ എല്‍ രാഹുലും, ശ്രേയസ് അയ്യരും, വരുണ്‍ ചക്രവര്‍ത്തിയുമെല്ലാം ടീമിന് നല്‍കിയിരിക്കുന്ന ആത്മവിശ്വാസം വലുതാണ്. ഏറെ പഴികേട്ടവരായിരുന്നു ശര്‍മയും കോഹ്‌ലിയും. പരാജയമായിരുന്നു ഫലമെങ്കില്‍ രോഹിതും അവിടെ അവസാനിക്കുമായിരുന്നു. കോഹ്‌ലിക്കും അധികം മുന്നോട്ടു പോകാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ ധോണിക്കു ശേഷം പറയാവുന്ന വിജയനായകനായി രോഹിത് മാറി. ഫൈനലില്‍ കളിച്ച ഇന്നിംഗ്‌സ് ഒരു നായകന്റെ മികവ് എടുത്തു കാണിക്കുന്നതായിരുന്നു. സെമിയില്‍ കളിച്ച ഇന്നിംഗ്‌സ് ഉള്‍പ്പെടെ കോഹ്‌ലി, താന്‍ ഇപ്പോഴും ക്രിക്കറ്റിലെ രാജാവ് ആണെന്ന് തെളിയിച്ചു. വിരമിക്കല്‍ കഥ ചുറ്റി നില്‍ക്കുന്ന മറ്റൊരു വെറ്ററന്‍ താരമായ രവീന്ദ്ര ജഡേജയും താന്‍ ഇപ്പോഴും ടീമിന് എത്രത്തോളം ആവശ്യമുള്ള കളിക്കാരന്‍ ആണെന്ന് തെളിയിക്കുകയായിരുന്നു. ഫൈനലില്‍ വിജയ റണ്‍ നേടിയത് മാത്രമല്ല, 10 ഓവര്‍ എറിഞ്ഞ്, വെറും 30 റണ്‍സ് മാത്രം വിട്ടുകൊണ്ട് ന്യൂസിലന്‍ഡ് ബാറ്റര്‍മാരെ വരിഞ്ഞു കെട്ടിയതും ജഡേജയായിരുന്നു. നിര്‍ണായകമായ ഒരു വിക്കറ്റും സ്വന്തമാക്കി.
ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ തന്നെയായിരുന്നു ഫേവറൈറ്റ് എങ്കിലും, ഏറ്റവും ശക്തമായ ടീമായിരുന്നു ന്യൂസിലന്‍ഡ്. അവസാനം വരെ പൊരുതാന്‍ കെല്‍പ്പുള്ളവര്‍. ബാറ്റിംഗിലും ബൗളിംഗിലും അവര്‍ എതിരാളികളെ ഭയപ്പെടുത്തി. ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഫീല്‍ഡിംഗ് ആരുടെതാണെന്നു ചോദിച്ചാല്‍ കീവികള്‍ കഴിഞ്ഞിട്ടേ ആരുമുണ്ടായിരുന്നുള്ളൂ. ഫൈനലില്‍ പോലും ആ മികവ് കണ്ടതാണ്. ഗ്ലെന്‍ ഫിലിപ്പിന്റെ പറക്കും ക്യാച്ചുകള്‍ എതിരാളികളെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പ്രതിരോധിക്കാവുന്ന ടോട്ടല്‍ തന്നെയായിരുന്നു ന്യൂസിലന്‍ഡ് നേടിയത്. വിജയം തടയാന്‍ അവര്‍ ഇന്ത്യക്കെതിരേ തങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ അവര്‍ക്കും മത്സരം സ്വന്തമാക്കാമെന്ന അവസ്ഥ വരികയും ചെയ്തു. എന്നാല്‍ ആഴമേറിയൊരു ബാറ്റിംഗ് നിരയും, പോരാടാന്‍ ചങ്കുറപ്പുള്ള കളിക്കാരുമായിരുന്നു ഇപ്പുറത്തുണ്ടായിരുന്നത്. അതുകൊണ്ടാണ് തുടര്‍ച്ചയായ രണ്ടാമത്തെ ഐസിസി ടൂര്‍ണമെന്റും തോല്‍വിയറിയാതെ അവസാനിപ്പിക്കാന്‍ ഇന്ത്യക്കായത്. നാല് ഐസിസി ട്രോഫികളുടെ ഫൈനലിലാണ് ഇന്ത്യ എത്തിയത്. ഇതില്‍ രണ്ടെണ്ണത്തില്‍ ട്രോഫി സ്വന്തമാക്കി. മറ്റ് രണ്ടെണ്ണത്തിലും ഫൈനലില്‍ തോറ്റു. കഴിഞ്ഞ മൂന്ന് ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ കളിച്ച 23 മത്സരങ്ങളില്‍ 22 എണ്ണത്തിലും വിജയിച്ചു എന്നത് തന്നെ ടീമിന്റെ കരുത്താണ് കാണിക്കുന്നത്.
ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. വിജയങ്ങള്‍ എല്ലാം ആധികാരമായിരുന്നു. അതിനൊരു അപവാദമായിരുന്നു ഫൈനല്‍. ആര് വേണമെങ്കിലും ജയിക്കാമെന്ന സാഹചര്യം അവസാനം വരെയുണ്ടായിരുന്നു. 15മത്തെ തവണയും ഫൈനല്‍ മത്സരത്തിലെ ടോസ് രോഹിത് ശര്‍മയ്ക്ക് നഷ്ടമായത്, ന്യൂസിലന്‍ഡിന് മുന്‍തൂക്കം നല്‍കിയിരുന്നു. ടോസ് കിട്ടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുമെന്ന് ഉറപ്പായിരുന്നു. 250 റണ്‍സ് പോലും ശക്തമായ ടോട്ടലാണ്. എന്നാല്‍, ടോസ് കിട്ടുന്നതും, ബൗളിംഗിന് അയക്കപ്പെടുന്നതുമൊന്നും തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്ന ആത്മവിശ്വാസം രോഹിതിനുണ്ടായിരുന്നു. നല്ല തുടക്കമായിരുന്നു കീവിസിന്, രചിന്‍ രവീന്ദ്ര വില്ലന്‍ ആകുമെന്ന് തന്നെ ഇന്ത്യന്‍ ആരാധകര്‍ കരുതി. ഏകദിന ലോകകപ്പിലെ ട്രാവിസ് ഹെഡിനെയോര്‍ത്തു. നാല് ക്യാച്ചുകളാണ് ഇന്ത്യ കളഞ്ഞത്. ഷമിയും ഹര്‍ദിക്കും പൊതിരെ തല്ലുവാങ്ങി. പക്ഷേ സ്പിന്നര്‍മാര്‍ കളം പിടിച്ചു. നാല് സ്പിന്നര്‍മാരെ കളിപ്പിച്ച തീരുമാനം തന്നെയാണ് രക്ഷയായത്. കുല്‍ദീപിനെ ഒഴിവാക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യം വന്നിട്ടും, ടീമിന്റെ വിശ്വാസം തെറ്റിയില്ല. ഫൈനലില്‍ ഇന്ത്യ ജയിക്കണമെങ്കില്‍ ക്യാപ്റ്റന്‍ നിന്നു കളിക്കണമെന്നതായിരുന്നു മറ്റൊരു ആവശ്യം. രോഹിത് അത് അക്ഷരം പ്രതി അനുസരിച്ചു. അതുപോലെ ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിശ്വസ്തരായ അയ്യരും രാഹുലും. അവരുടെ കൂടി പ്രയത്‌നമാണ് ഈ കിരീടം. ഹര്‍ദികിന്റെ വമ്പന്‍ അടികള്‍ ഉണ്ടാക്കിയ എഫക്ടും എടുത്തു പറയണം. മൊത്തത്തില്‍ പറഞ്ഞാല്‍ ഈ ചാമ്പ്യന്‍സ് ട്രോഫി ടീം മികവിന്റെ വിജയമാണ്. ടീം ഇന്ത്യയുടെ വിജയം. India’s Champions Trophy win, Yet another unbeaten ICC Trophy
Content Summary; India’s Champions Trophy win, Yet another unbeaten ICC Trophy