“ഭീകരവാദത്തിന്റെ കയറ്റുമതിക്കാരൻ”, യുഎൻ വേദിയിൽ പാക് പ്രധാനമന്ത്രിക്ക് ചുട്ടമറുപടിയുമായി ഇന്ത്യ

ഇന്ത്യ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ശ്രമിച്ചു

ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ (UN General Assembly) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിനെതിരെ ശക്തമായ മറുപടിയുമായി ഇന്ത്യ.

ഷെരീഫിന്റെ പരാമര്‍ശങ്ങളെ ”അസംബന്ധ നാടകം” ആണെന്ന് തള്ളിക്കളഞ്ഞ ഇന്ത്യന്‍ നയതന്ത്രജ്ഞയായ പേതല്‍ ഗഹ്ലോട്ട്, ”ഒരു നാടകത്തിനും വസ്തുതകളെ മറച്ചുവെക്കാന്‍ സാധിക്കില്ല” എന്നും തുറന്നടിച്ചു. ഭീകരവാദത്തിലുള്ള പാകിസ്ഥാന്റെ പങ്ക് കൃത്യമായി ചൂണ്ടിക്കാട്ടിയ പേതല്‍ ഗഹ്ലോട്ട്, പഹല്‍ഗാം ആക്രമണത്തില്‍ ഇസ്ലാമാബാദിനുള്ള പങ്കും എടുത്തുപറഞ്ഞു.

”ഒരു നാടകത്തിനും ഒരു നുണയ്ക്കും വസ്തുതകളെ മറച്ചുവെക്കാന്‍ സാധിക്കില്ല,” അദ്ദേഹം വ്യക്തമാക്കി. ‘2025 ഏപ്രില്‍ 25-ന്, ഇന്ത്യന്‍ യൂണിയന്‍ ടെറിട്ടറിയായ ജമ്മു കശ്മീരിലെ വിനോദസഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരസംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ സംരക്ഷിച്ചത് ഇതേ പാകിസ്ഥാനാണ്.”

Also Read: കശ്മീരിലെ അവകാശവാദങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പഹല്‍ഗാം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

തുറന്നടിച്ച് ഇന്ത്യ

ഭീകരര്‍ക്ക് അഭയം നല്‍കിയ പാകിസ്ഥാന്റെ ചരിത്രത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഗഹ്ലോട്ട് ഇങ്ങനെ തുറന്നടിച്ചു: ”ഭീകരതയെ വിന്യസിക്കുകയും ലോകമെമ്പാടും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയ ഒരു രാജ്യത്തിന്, അതിനുവേണ്ടി ഏറ്റവും അസംബന്ധമായ ന്യായീകരണങ്ങള്‍ മുന്നോട്ടുവെക്കാന്‍ ഒരു ലജ്ജയുമില്ല. ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ പങ്കാളിയാണെന്ന് ലോകത്തോട് നടിക്കുമ്പോഴും, അവര്‍ ഒസാമ ബിന്‍ ലാദന് ഒരു പതിറ്റാണ്ടോളം അഭയം നല്‍കിയത് നാം ഓര്‍ക്കണം. പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്ന് അവിടുത്തെ മന്ത്രിമാര്‍ അടുത്തിടെ സമ്മതിച്ചതാണ്. ഈ ഇരട്ടത്താപ്പ് അവരുടെ പ്രധാനമന്ത്രിയുടെ തലത്തില്‍ പോലും തുടരുന്നതില്‍ ഒട്ടും അത്ഭുതമില്ല.’

നേരത്തെ, യുഎന്‍ പൊതുസമ്മേളനത്തിലെ പ്രസംഗത്തില്‍, പാക് പ്രധാനമന്ത്രി ഷെരീഫ് ഡൊണാള്‍ഡ് ട്രംപിന്റെ വാദങ്ങള്‍ ആവര്‍ത്തിച്ചു. മെയ് മാസത്തെ സൈനിക നടപടിക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുഎസ് പ്രസിഡന്റ് ”സജീവമായ പങ്ക്” വഹിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങളുടെ പെരുമഴ

പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് അദ്ദേഹം ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ഈ സംഭവത്തിനുശേഷം ഇന്ത്യ ”രാഷ്ട്രീയ നേട്ടങ്ങള്‍” നേടാന്‍ ശ്രമിച്ചുവെന്ന് ഷെരീഫ് ആരോപിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് ഇസ്ലാമാബാദ് നല്‍കുന്ന പിന്തുണയെക്കുറിച്ച് മൗനം പാലിച്ചുകൊണ്ട്, ഇന്ത്യ ”നിരപരാധികളായ സാധാരണക്കാരെ” ലക്ഷ്യമിട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ എന്റെ രാജ്യം കിഴക്കന്‍ അതിര്‍ത്തിയില്‍ നിന്ന് പ്രകോപനമില്ലാത്ത ആക്രമണത്തെ നേരിട്ടതായും ഷെറീഫ് കൂട്ടിച്ചേര്‍ത്തു. മനുഷ്യദുരന്തത്തില്‍ നിന്ന് രാഷ്ട്രീയ നേട്ടം നേടാനാണ് ഇന്ത്യ ശ്രമിച്ചതെന്നും, പകരം ‘ഞങ്ങളുടെ നഗരങ്ങളെ ആക്രമിക്കുകയും നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുകയും’ ചെയ്‌തെന്നും ഷെരീഫ് കുറ്റപ്പെടുത്തി. ”ഞങ്ങളുടെ പ്രാദേശിക അഖണ്ഡതയും ദേശീയ സുരക്ഷയും ലംഘിക്കപ്പെട്ടപ്പോള്‍, ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 പ്രകാരമുള്ള സ്വയരക്ഷയ്ക്കുള്ള അവകാശം അനുസരിച്ചാണ് ഞങ്ങളുടെ പ്രതികരണം,” ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന തന്റെ മുന്‍പത്തെ തെറ്റായ വാദം ഷെരീഫ് പൊതുസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. ”ഏഴ് ഇന്ത്യന്‍ ജെറ്റുകള്‍ വെടിവെച്ചിടുകയും അവയെ തകര്‍ത്ത് തരിപ്പണമാക്കി” എന്നും ഷെരീഫ് പറഞ്ഞു.

 

Also Read: പഹല്‍ഗാം; ഭീകരര്‍ ചോരവീഴ്ത്തിയത് കശ്മീര്‍ ടൂറിസത്തിന്റെ ഹൃദയത്തില്‍

Content Summary: India strongly answered the Pakistan PM at the UN

This post was last modified on September 27, 2025 11:27 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment