ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യൻ വ്യോമസേനയ്ക്ക് ജെറ്റുകൾ നഷ്‌ടപ്പെട്ടുവെന്ന് സൂചിപ്പിച്ചുകൊണ്ട് ഇന്തോനേഷ്യയിലെ ഇന്ത്യൻ പ്രതിരോധ അറ്റാഷെ അടുത്തിടെ നടത്തിയ പരാമർശങ്ങൾ വിവാദമായതോടെ വിശദീകരണവുമായി എംബസി. സെമിനാറിൽ നടത്തിയ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയതാണെന്നും തെറ്റായി ചിത്രീകരിച്ചുവെന്നും ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസി പറഞ്ഞു.
പാകിസ്ഥാനുമായുള്ള നാല് ദിവസത്തോളം നീണ്ടുനിന്ന സംഘർഷത്തിൽ ഉണ്ടായ സൈനിക നഷ്‌ടങ്ങളുടെ കാര്യത്തിൽ മോദി സർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് നാവിക ഉദ്യോഗസ്ഥന്റെ കുറ്റസമ്മതം കോൺഗ്രസ് ആയുധമാക്കിയതിന് പിന്നാലെയാണ് വിശദീകരണവുമായി എംബസി തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.ജൂൺ 10ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന സെമിനാറിൽ നടന്ന ഒരു പ്രഭാഷണത്തിനിടെ, ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഭീകരവാദ കേന്ദ്രങ്ങളിൽ വ്യോമസേന ആക്രമണം നടത്തിയപ്പോൾ ചില വിമാനങ്ങൾ നഷ്‌ടപ്പെട്ടതായി ഇന്തോനേഷ്യയിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെ ക്യാപ്റ്റൻ (നാവികസേന) ശിവ് കുമാർ സമ്മതിച്ചിരുന്നു. പാകിസ്ഥാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളോ വ്യോമ പ്രതിരോധ സംവിധാനങ്ങളോ ലക്ഷ്യമിടരുതെന്ന് ഇന്ത്യൻ സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈനിക സ്ഥാപനത്തെയോ അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയോ ആക്രമിക്കരുതെന്ന് രാഷ്ട്രീയ നേതൃത്വം നൽകിയ നിയന്ത്രണത്തിന്റെ പേരിൽ മാത്രമാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് ജെറ്റുകൾ നഷ്‌ടമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ തിരിച്ചടിക്ക് ശേഷം ഇന്ത്യൻ സൈന്യം അവരുടെ തന്ത്രം മൊത്തത്തിൽ പരിഷ്‌കരിച്ചതായും ക്യാപ്റ്റൻ ശിവകുമാർ പറഞ്ഞു: ‘തിരിച്ചടിക്ക് ശേഷം, ഞങ്ങൾ ഞങ്ങളുടെ തന്ത്രങ്ങൾ മാറ്റി, സൈനിക കേന്ദ്രങ്ങളിലേക്ക് കടന്നുകയറി… ആദ്യം ശത്രു വ്യോമ പ്രതിരോധത്തെ അടിച്ചമർത്തി, തുടർന്ന്… ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ച് ഞങ്ങളുടെ എല്ലാ ആക്രമണങ്ങളും എളുപ്പത്തിൽ കടന്നുപോകാൻ കഴിയും’ അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം വിവാദമായതോടെയാണ് ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്ത് വന്നത്. ‘അദ്ദേഹത്തിന്റെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി ഉദ്ധരിച്ചിരിക്കുന്നു. കൂടാതെ മാധ്യമ റിപ്പോർട്ടുകൾ അദ്ദേഹം നടത്തിയ അവതരണത്തിന്റെ ഉദ്ദേശ്യത്തെയും ഊന്നലിനെയും തെറ്റായി പ്രതിനിധീകരിക്കുന്നു’ എംബസി എക്‌സ് പോസ്‌റ്റിലൂടെ വ്യക്തമാക്കി. ‘നമ്മുടെ അയൽപക്കത്തുള്ള മറ്റ് ചില രാജ്യങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, ഇന്ത്യൻ സായുധ സേന സിവിലിയൻ രാഷ്ട്രീയ നേതൃത്വത്തിന് കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് ഈ സംഭവം വെളിപ്പെടുത്തുന്നു’ എന്നും എംബസി വിശദീകരണത്തിന് ഒപ്പം കുറിച്ചിട്ടുണ്ട്. പ്രതിരോധ അറ്റാഷെയുടെ പരാമർശം കോൺഗ്രസ് ആയുധമാക്കുകയായിരുന്നു. ‘സർവകക്ഷി യോഗത്തിൽ അധ്യക്ഷത വഹിക്കാനും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനും പ്രധാനമന്ത്രി വിസമ്മതിക്കുന്നത് എന്തുകൊണ്ട്? പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യം നിരസിക്കപ്പെട്ടത് എന്തുകൊണ്ടാണ്?’ എന്നായിരുന്നു ജയറാം രമേശ് ചോദിച്ചത്. മോദി സർക്കാരിനും പ്രതിരോധ മന്ത്രിക്കുമെതിരായ നേരിട്ടുള്ള കുറ്റപത്രമാണ് സംഭവവികാസങ്ങളെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര വിശേഷിപ്പിച്ചു. ‘അവർ ദേശീയ സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്‌തുവെന്ന് അവർക്കറിയാം, കൂടാതെ കോൺഗ്രസ് പാർട്ടി ഇന്ത്യയിലെ ജനങ്ങൾക്ക് മുന്നിൽ അത് തുറന്നുകാട്ടുമെന്ന് അവർ ഭയപ്പെടുന്നു’ പവൻ ഖേര കൂട്ടിച്ചേർത്തു.
content summary: Controversy erupts over Defence Attaché’s remarks about fighter jet losses during Operation Sindoor, Indian Embassy issues clarification