June 13, 2026 |
Share on

‘നിന്നെക്കുറിച്ചോർത്ത് കരയാത്ത രാത്രികളില്ല’ ;മേജർ വിക്രാന്തിനായി സെലീന ജെയ്റ്റ്‌ലിയുടെ വാക്കുകൾ

ഒരു വർഷത്തോളമായി യുഎഇയിൽ തടവിൽ

ഒരു വർഷത്തിലേറെയായി യുഎഇ തടവറയിൽ കഴിയുന്ന സോഹദരൻ മേജർ (റിട്ട.) വിക്രാന്ത് കുമാർ ജെയ്റ്റ്‌ലിക്ക് വേണ്ടി വൈകാരികമായ കുറിപ്പ് പങ്കുവെച്ച് നടിയും മുൻ മിസ് ഇന്ത്യയുമായ സെലീന ജെയ്റ്റ്‌ലി. 2024 സെപ്തംബർ 6 മുതൽ വിക്രാന്ത് കുമാർ ജെറ്റ്ലി യുഎഇയിൽ തടങ്കലിൽ ആണ്. നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയെന്നാണ് കുടുംബം പറയുന്നത്. യൂണിഫോമിലുള്ള തന്റെ സഹോദരൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സെലീന സോഷ്യൽ മീഡിയയിൽ കുറിച്ചത്

എൻ്റെ ഡംപി, നിനക്ക് കുഴപ്പമൊന്നുമില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, എന്ത് തന്നെ സംഭവിച്ചാലും ഞാൻ ഒരു പാറപോലെ നിനക്കൊപ്പം ഉറച്ചുനിൽക്കും, നിനക്കുവേണ്ടി കരയാത്ത ഒരൊറ്റ രാത്രി പോലുമില്ല. നിനക്കുവേണ്ടി എല്ലാം ഉപേക്ഷിക്കാനും ഞാൻ തയ്യാറാണ്. നിന്നെ തിരികെ കൊണ്ടുവരാനുള്ള ഒരു പരിശ്രമവും ഞാൻ ബാക്കിവെച്ചിട്ടില്ല. ദൈവം ഒടുവിൽ നിന്നോടും എന്നോടും ദയ കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, നിനക്കുവേണ്ടി കാത്തിരിക്കുന്നു.

ഒരു വർഷത്തിലേറെയായി യുഎഇയിൽ ജയിലിൽ കഴിയുന്ന മേജർ (റിട്ട.) വിക്രാന്ത് കുമാർ ജെയ്റ്റ്‌ലിക്ക് ആവശ്യമായ നിയമസഹായവും കോൺസുലാർ സഹായവും നൽകണമെന്ന അപേക്ഷയിൽ ഡൽഹി ഹൈക്കോടതി വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ച് ദിവസങ്ങൾക്കുള്ളിലാണ് സെലീന ജെയ്റ്റ്‌ലിയുടെ വൈകാരികമായ കുറിപ്പ്.

വിക്രാന്ത് കുമാർ ജെയ്റ്റ്‌ലിയെക്കുറിച്ച് നാലാഴ്ചയ്ക്കുള്ളിൽ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇന്ത്യൻ അധികാരികളിൽ നിന്ന് സഹോദരന് ആവശ്യമായ നിയമ സഹായവും വൈദ്യസഹായവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിക്രാന്ത് കുമാർ ജെയ്റ്റ്‌ലിയുടെ നിലവിലെ അവസ്ഥ അറിയുന്നതിനായി ഒരു നോഡൽ ഓഫീസറെ നിയമിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

തന്റെ സഹോദരന്റെ അവസ്ഥ വ്യക്തമാക്കി കൊണ്ട് ഒരു വിശദമായ പോസ്റ്റ് മുമ്പ് സെലീന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ഒരു വർഷമായി നിന്റെ നീതിയ്ക്ക് വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു ഞാൻ. ഇപ്പോൾ, നിനക്കുവേണ്ടി പോരാടാനും നിന്നെ സുരക്ഷിതമായി തിരിച്ചെത്തിക്കാനും ഞാൻ നമ്മുടെ ആദരണീയമായ സർക്കാരിനോടും അഭ്യർത്ഥിച്ചിട്ടുണ്ട്. ഞാൻ വിശ്വസിക്കുന്ന ഒരേയൊരു സ്ഥാപനം എൻ്റെ സർക്കാരാണ്. നമ്മുടെ രാജ്യത്തിൻ്റെ സേവനത്തിനായി തൻ്റെ എല്ലാം, തൻ്റെ മുഴുവൻ യുവത്വവും സമര്‍പ്പിച്ച, ധീരതയ്ക്കുള്ള കരസേനാ മേധാവിയുടെ പ്രശംസ നേടിയ, നാലാം തലമുറ സൈനികനായ നിന്നെ അവർ സംരക്ഷിക്കുമെന്ന് എനിക്കറിയാം.

ഈ കേസ് ഡിസംബർ 4ന് വീണ്ടും പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. അഭിഭാഷകരായ രാഘവ് കാക്കറും മാധവ് അഗർവാളുമാണ് സെലീന ജെയ്റ്റ്‌ലിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. അബുദാബിയിൽ വച്ച് തന്റെ സഹോദരനെ തട്ടിക്കൊണ്ടുപോവുകയും തടങ്കലിൽ വെക്കുകയും ചെയ്തു എന്നാണ് നടി അവകാശപ്പെടുന്നത്. കഴിഞ്ഞ 14 മാസമായി അദ്ദേഹത്തിന് നിയമസഹായമോ വൈദ്യസഹായമോ ലഭിച്ചിട്ടില്ല.

ഹർജിക്കാരിയും സഹോദരനുമായി ആശയവിനിമയം നടത്തുന്നതിനും, അദ്ദേഹത്തിന് ഫലപ്രദമായ നിയമസഹായം നൽകുന്നതിനും, കേസിൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ച് ഞങ്ങളെ അറിയിക്കുന്നതിനും വേണ്ടി ഒരു നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്. അദ്ദേഹം നമ്മുടെ സൈന്യത്തിലെ ഒരു മേജറായിരുന്നു, ഒരു സ്പെഷ്യൽ ഫോഴ്സ് ഓഫീസറായിരുന്നു, കൂടാതെ സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് ഒരു സ്റ്റാറ്റസ് റിപ്പോർട്ട് പുറത്തിറക്കാൻ പോകുകയാണെന്നും അഭിഭാഷകൻ രാഘവ് കാക്കർ എഎൻഐയോട് പറഞ്ഞു.

content summary: “There hasn’t been a single night when I haven’t cried thinking of you,” expressing her pain for Major Vikrant, who has been imprisoned in the UAE for nearly a year

Leave a Reply

Your email address will not be published. Required fields are marked *

×