കസ്റ്റംസ് നിയമങ്ങളില്‍ വ്യക്തതയില്ല; യുഎസിലേക്കുള്ള തപാല്‍ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ച് ഇന്ത്യ

ആഗസ്റ്റ് 25 മുതല്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കും

യു.എസ് കസ്റ്റംസ് തീരുവ നിയമങ്ങളിലെ മാറ്റങ്ങള്‍ കാരണം ആഗസ്റ്റ് 25 മുതല്‍ അമേരിക്കയിലേക്കുള്ള മിക്ക തപാല്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ഇന്ത്യന്‍ തപാല്‍ വകുപ്പ് അറിയിച്ചു.

ജൂലൈ 30 നാണ് അമേരിക്ക 800 ഡോളര്‍ വരെയുള്ള സാധനങ്ങള്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ ഇളവ് പിന്‍വലിച്ചത്. ഇതോടെ ആഗസ്റ്റ് 29 മുതല്‍ അമേരിക്കയിലേക്ക് അയക്കുന്ന എല്ലാ തപാല്‍ സാധനങ്ങള്‍ക്കും, അവയുടെ മൂല്യം എത്രയായിരുന്നാലും, പുതിയ നിയമമനുസരിച്ച് കസ്റ്റംസ് തീരുവ ബാധകമാകും. 100 ഡോളര്‍ വരെയുള്ള സമ്മാനങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഇളവുള്ളത്.

പുതിയ ഉത്തരവനുസരിച്ച്, അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്കും യുഎസ് കസ്റ്റംസ് അംഗീകരിച്ച് മറ്റ് യോഗ്യതകളുള്ള കക്ഷികള്‍ക്കും മാത്രമേ തപാല്‍ കയറ്റുമതിയില്‍ തീരുവ ശേഖരിക്കാനും അടയ്ക്കാനും കഴിയൂ. എന്നാല്‍, ഈ കക്ഷികളെ അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ഇനിയും വ്യക്തത വരാത്തതിനാല്‍, വിമാനക്കമ്പനികള്‍ ആഗസ്റ്റ് 25 ന് ശേഷം യു.എസിലേക്കുള്ള തപാല്‍ സാധനങ്ങള്‍ കൊണ്ടുപോകില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഇതനുസരിച്ച്, ആഗസ്റ്റ് 25 മുതല്‍ കത്തുകള്‍, രേഖകള്‍, 100 ഡോളര്‍ വരെയുള്ള സമ്മാനങ്ങള്‍ എന്നിവയൊഴികെ മറ്റ് എല്ലാ തപാല്‍ സാധനങ്ങളുടെയും ബുക്കിംഗ് ഇന്ത്യന്‍ എലര്‍ലൈനുകള്‍ നിര്‍ത്തിവെക്കും.

അയയ്ക്കാന്‍ സാധിക്കാത്ത സാധനങ്ങളുടെ ഫീസ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് തിരികെ ലഭിക്കുമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. ”ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ തപാല്‍ വകുപ്പ് ഖേദം പ്രകടിപ്പിക്കുന്നു. എത്രയും വേഗം സേവനങ്ങള്‍ പുനരാരംഭിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്,” തപാല്‍ വകുപ്പ് പ്രസ്താവനയില്‍ പറയുന്നു.

മറ്റ് രാജ്യങ്ങളിലും സമാനസ്ഥിതി

ഷിപ്പ്‌മെന്റുകള്‍ നിര്‍ത്തലാക്കിയ ഏക രാജ്യം ഇന്ത്യയല്ല. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലെ പോസ്റ്റല്‍ ഗ്രൂപ്പുകളും യു.എസ്. നിയമം മാറുന്നതിന് മുന്നോടിയായി പാര്‍സല്‍ ഡെലിവറി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

ഡ്യൂഷെ പോസ്റ്റ് ഡിഎച്ച്എല്‍ അറിയിച്ചത്, തങ്ങളുടെ ജര്‍മ്മന്‍ പാര്‍സല്‍ സേവനം ആഗസ്റ്റ് 25 മുതല്‍ സാധാരണ യു.എസ്. പാര്‍സലുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെക്കുമെന്നാണ്. അതേസമയം, അവരുടെ പ്രീമിയം ഡിഎച്ച്എല്‍ എക്‌സ്പ്രസ് സേവനത്തിന് മാറ്റങ്ങളൊന്നും ഉണ്ടാകില്ല. കൂടാതെ, 100 ഡോളറിന് താഴെ മൂല്യമുള്ള സമ്മാനങ്ങള്‍ സ്വകാര്യ ഉപഭോക്താക്കള്‍ക്ക് തുടര്‍ന്നും അയയ്ക്കാന്‍ കഴിയും, എന്നാല്‍ ദുരുപയോഗം തടയാന്‍ ഈ ഷിപ്പ്‌മെന്റുകള്‍ക്ക് കര്‍ശന പരിശോധനകള്‍ നേരിടേണ്ടി വരും.

ട്രംപിന്റെ വ്യാപാര നയങ്ങള്‍

ഡോണള്‍ഡ് ട്രംപിന്റെ രണ്ടാം യു.എസ്. പ്രസിഡന്റ് കാലഘട്ടത്തിലെ വ്യാപാര മാറ്റങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ക്ക് ട്രംപ് ഇതിനോടകം എതിര്‍ തീരുവകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരുന്നതിനെ ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം ഇന്ത്യന്‍ കയറ്റുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. ഇതോടെ മൊത്തം നിരക്ക് 50 ശതമാനമായും വര്‍ദ്ധിച്ചു. No clarity on customs regulations; India temporarily suspends postal services to the US.

Content Summary: No clarity on customs regulations; India temporarily suspends postal services to the US

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment