June 14, 2026 |
Share on

കുടിയേറുന്ന കോടീശ്വരന്മാര്‍

സ്വന്തം രാജ്യം വിടുന്ന അതിസമ്പന്നരുടെ കണക്കില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

രാജ്യത്തെ ശതകോടീശ്വരന്മാരായ വ്യക്തികള്‍ കുടുംബസമേതം ഇന്ത്യ വിടുകയാണെന്ന് 2023-ലെ ഹെന്‍ലി പ്രൈവറ്റ് ഹെല്‍ത്ത് മാഗസിന്റെ മൈഗ്രേഷന്‍ റിപ്പോര്‍ട്ട്. ഈ വര്‍ഷം 6,500 ഇന്ത്യന്‍ കോടീശ്വരന്മാരും അവരുടെ കുടുംബവും ഇന്ത്യ വിട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വന്തം രാജ്യം വിട്ട് മറ്റൊരിടത്തേക്ക് വ്യവസായികള്‍ പോകുന്നത് ഇന്ത്യയിലെ മാത്രം ട്രെന്‍ഡ് അല്ല. ഇത്തരത്തില്‍ കോടീശ്വരന്മാര്‍ രാജ്യം വിടുന്നതില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

ചൈനയില്‍ നിന്നും ഈ വര്‍ഷം 13,500 വമ്പന്‍ പണക്കാര്‍ രാജ്യം ഉപേക്ഷിച്ചു പോയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഈ റിപ്പോര്‍ട്ടില്‍ നേരിയൊരാശ്വാസമുണ്ട്. 2022-ല്‍ 7,500 പോരായിരുന്നു രാജ്യം വിട്ടത്. ഇത്തവണയത് കുറവാണ്. എങ്കിലും സ്വന്തം രാജ്യത്തെക്കാള്‍ തങ്ങളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുന്നത് അന്യനാടുകളാണെന്ന ചിന്ത എല്ലാവരിലും നിറയുകയാണ്.

ഹെന്‍ലി പ്രൈവറ്റ് ഹെല്‍ത്ത് മാഗസിന്‍ റിപ്പോര്‍ട്ട് പ്രകാരം ഈ പട്ടികയില്‍ ചൈനയ്ക്കും ഇന്ത്യക്കും പിന്നില്‍ മൂന്നാം സ്ഥാനത്തുള്ള യുകെയാണ്(3,200), റഷ്യ(3,000) ബ്രസില്‍(1,200) എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങള്‍.

ഇത്തരത്തില്‍ സ്വന്തം നാട് വിടുന്നവരുടെ പ്രധാന ചോയ്‌സുകള്‍ ഓസ്‌ട്രേലിയ, അമേരിക്ക, സ്വിറ്റ്‌സര്‍ലണ്ട് എന്നീ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളാണ് നിക്ഷേപത്തിനുള്ള ഏറ്റവും യോജ്യമായ കേന്ദ്രങ്ങളെന്നാണ് അതിസമ്പന്നരായ ഇന്ത്യന്‍ വ്യവസായികള്‍ വിശ്വസിക്കുന്നത്. ദുബൈ, സിംഗപൂര്‍ എന്നീ രാജ്യങ്ങളും ഇന്ത്യ വ്യവസായികളുടെ പ്രഥമ പരിഗണന പട്ടികയിലുണ്ട്. ദുബൈ അവതരിപ്പിക്കുന്ന ഗോള്‍ഡന്‍ വീസ പദ്ധതി ഇന്ത്യന്‍ വ്യവസായികളെ ആ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതില്‍ പ്രധാനപ്പെട്ടൊരു ഘടകമായി വര്‍ത്തിക്കുന്നുണ്ട്. അനുയോജ്യമായ നികുതി നയങ്ങള്‍, സുരക്ഷിതമായ അന്തരീക്ഷം, സുഗമമായി വ്യവസായങ്ങള്‍ ആരംഭിക്കാന്‍ കഴിയുന്നത് തുടങ്ങിയ കാര്യങ്ങളും ദുബൈയെ ഇഷ്ടകേന്ദ്രമാക്കുന്നുണ്ട്.

നൈറ്റ് ഫ്രാങ്ക് റിപ്പോര്‍ട്ട് പറയുന്നത് ഇന്ത്യയില്‍ ഉയര്‍ന്ന ആസ്തിയുള്ള വ്യവസായികളുടെ എണ്ണം അതിവേഗം കൂടുന്നുണ്ടെന്നാണ്. ഇന്ത്യയില്‍ പത്തുലക്ഷം ഡോളറിനും അതിനു മുകളിലും ആസ്തി മൂല്യമുള്ള ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ 2022-ല്‍ 797,714 പേര്‍ ഉണ്ടെന്നാണ് കണക്ക്. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ രാജ്യം വിടുന്ന 6,500 പേര്‍ എന്നത് അതി സമ്പന്ന വ്യവസായികളുടെ മൊത്തം സംഖ്യയുടെ 0,18 ശതമാനം മാത്രമാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

വിദേശകാര്യ മന്ത്രാലയം പുറത്തു വിട്ട കണക്ക് പ്രകാരം 25 ലക്ഷം ഇന്ത്യക്കാര്‍ ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നുണ്ട്. എന്‍ ആര്‍ ഐ, ഇന്ത്യന്‍ വംശജര്‍ എന്നിവയെല്ലാം കൂട്ടി പറയുകയാണെങ്കില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 3.2 കോടി ഇന്ത്യക്കാര്‍ കുടിയേറി ജീവിക്കുന്നുണ്ട്.

അതി സമ്പന്നരായ ഇന്ത്യക്കാര്‍ എന്തുകൊണ്ട് കുടുംബത്തെയും കൂട്ടി ഇതര രാജ്യങ്ങളിലേക്ക് ചേക്കേറുന്നു എന്നതിന് പല കാരണങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉന്നത ജീവിത നിലവാരം,ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ സൗകര്യങ്ങള്‍, സ്ഥിരതയുള്ള രാഷ്ട്രീയാന്തരീക്ഷം, മികച്ച തൊഴില്‍ ജീവിതം, പൗരത്വാവസരം എന്നിങ്ങനെ പലവിധ കാരണങ്ങള്‍ പറയുന്നു. ഇവ മാത്രമല്ല, ഇന്ത്യയില്‍ നിന്നുണ്ടാകുന്ന സാമൂഹ്യാഘാതങ്ങളില്‍ നിന്നും രക്ഷപ്പെടലും, ഇതര രാജ്യങ്ങള്‍ അവതരിപ്പിക്കുന്ന അനുകൂലമായ നികുതി നയങ്ങളും, സ്ഥിരതയാര്‍ന്ന ബാങ്കിംഗ് സേവനങ്ങളും അതോടൊപ്പം, മൂല്യമേറിയ കറന്‍സികളില്‍ സമ്പാദിക്കാനും അതിനൊപ്പം രൂപയില്‍ നിക്ഷേപിക്കുവാനുമുള്ള അവസരം, നിയന്തണമില്ലാത്തതും സൗജന്യ വീസയിലും ലോക രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ കിട്ടുന്ന സൗകര്യം, കാനഡ സ്റ്റാര്‍ട്ട് അപ്പ് പോലെ നിക്ഷേപ വീസ പദ്ധതികള്‍ എന്നീ സൗകര്യങ്ങളും ഇന്ത്യക്കാരെ ആകര്‍ഷിക്കുന്നുണ്ട്.

ഇന്ത്യന്‍ സമ്പന്നന്മാരുടെ ആദ്യ ലക്ഷ്യം ഓസ്‌ട്രേലിയ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓസ്‌ട്രേലിയ 188 വീസ പദ്ധതി പ്രകാരം സമ്പന്നരായ കുടിയേറ്റക്കാരെ ഓസ്‌ട്രേലിയ സ്വാഗതം ചെയ്യുന്നുണ്ട്. 2023 ല്‍ 5,200 കോടീശ്വരന്മാരുടെ ഒഴുക്ക് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്ത സ്ഥാനം യുഎഇയ്ക്കാണ്. അവര്‍ 4,500 കോടീശ്വരന്മാരെ പുറമെ നിന്നും ഈ വര്‍ഷം പ്രതീക്ഷിക്കുന്നുണ്ട്. മൂന്നാം സ്ഥാനത്തുള്ള സിംഗപൂര്‍ ലക്ഷ്യമിട്ടിരിക്കുന്നത് 3,200 ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളെയാണ്. 2,100 പേരെ പ്രതീക്ഷിക്കുന്ന അമേരിക്കയാണ് നാലാം സ്ഥാനത്ത്. സ്വിറ്റ്‌സര്‍ലണ്ടും ആഗോള തലത്തില്‍ നിന്നും അതിസമ്പന്നരായ നിക്ഷേപകരെ രാജ്യത്തേക്ക് സ്വീകരിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുകയാണ്. 1,800 പേരെയാണ് അവര്‍ ലക്ഷ്യമിടുന്നത്. കാനഡയകാട്ടെ 1,600 പേരെയും.

Leave a Reply

Your email address will not be published. Required fields are marked *

×