ഇന്ത്യാ വിഭജനം: ഹിന്ദുത്വവാദികളുടെ തന്ത്രം; ലക്ഷ്യം ഹിന്ദു രാഷ്ട്രം

ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദികള്‍ ആര്‌?

സ്വാതന്ത്ര്യദിനത്തോടൊപ്പം തന്നെ വരുന്ന ഒന്നാണ് വിഭജനത്തെ കുറിച്ചുള്ള ഓര്‍മകളും. യഥാര്‍ത്ഥത്തില്‍ അതൊരു ഉജ്ജ്വലതയും അഗാധമായ വേദനയും ഒരേസമയം തരുന്ന മുഹൂർത്തമാണ്. അങ്ങനെ സ്വാതന്ത്ര്യ ദിനത്തെ മനസ്സിലാക്കുന്നതില്‍ തെറ്റില്ല. പക്ഷേ, വിഭജനം എന്നത് ഏകപക്ഷീയമായ ഒന്നായി, ഇന്ന് പാകിസ്ഥാനായി ഇരിക്കുന്ന ഭൂവിഭാഗം ഇന്ത്യയോട് ചെയ്ത ക്രൂരതയായി തിരുത്തിയെഴുതുന്നത് അപലപനീയമാണ്. യഥാര്‍ത്ഥത്തില്‍ ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദികള്‍ ആരെണെന്നുള്ള ചോദ്യം സ്വാതന്ത്ര്യദിനത്തില്‍ ഉയരുന്ന ഒരു പ്രധാന ചോദ്യമാണ്. ആ ചോദ്യത്തെ വഴിതിരിച്ച് വിടാനാണ് വിഭജന ഭീതി ദിനം പോലുള്ള ആഘോഷങ്ങളിലൂടെ സംഘപരിവാര്‍ ശ്രമിക്കുന്നത്.

ദ്വിരാഷ്ട്രവാദവും സവര്‍ക്കറും

യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ചരിത്രം നോക്കുകയാണെങ്കില്‍ വിഭജനത്തെ കുറിച്ചുള്ള ഒരു ആശയം അല്ലെങ്കില്‍ ദ്വിരാഷ്ട്രവാദം എന്നത് ആദ്യമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവതരിപ്പിക്കുന്നത് വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന ഹിന്ദു വംശീയതയുടെ പിതാവാണ്. അദ്ദേഹം 1937 ല്‍ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായി സ്ഥാനമേറ്റ് നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് ആദ്യമായി ദ്വീരാഷ്ട്രീയവാദം എന്ന വാക്ക് പ്രത്യക്ഷമായി കേള്‍ക്കുന്നത്.

അന്ന് ആ ചടങ്ങില്‍ അദ്ദേഹം പറഞ്ഞത് ഇന്ത്യ എന്നത് ഒരു രാജ്യമാണെങ്കിലും അതിനകത്ത് രണ്ട് രാഷ്ട്രങ്ങളുണ്ട്… ഹിന്ദുക്കളും, മുസ്ലിംങ്ങളും എന്നാണ്. ആ പ്രസംഗത്തിലൂടെയാണ് വിഭജനത്തിന്റെ വിത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സവര്‍ക്കര്‍ വിതറുന്നത്. പിന്നീട് രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മുഹമ്മദ് അലി ജിന്ന പ്രത്യേക സന്ദര്‍ഭത്തില്‍ അത് എടുത്ത് ഉപയോഗിക്കുകയായിരുന്നു. അതായത്, ജിന്നയുടെ സൃഷ്ടിയല്ലായിരുന്നു ദ്വിരാഷ്ട്രവാദം എന്നത്. അത് വര്‍ഗീയ ശക്തികളുടെ, ഒരുപക്ഷേ, ഹിന്ദു, മുസ്ലിം വിഭജനം ആഗ്രഹിക്കുന്ന ഹിന്ദുത്വവാദികളുടെ മനസ്സിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാശയമായിരുന്നു ഇത്. 1923 ല്‍ ഹിന്ദുത്വ എന്ന പുസ്തകം ഇറക്കുമ്പോള്‍ തന്നെ സവര്‍ക്കര്‍ യഥാര്‍ത്ഥത്തില്‍ രണ്ട് രാജ്യങ്ങള്‍, രണ്ട് രാഷ്ട്രങ്ങള്‍ എന്ന ആശയം മുന്നോട്ടു വെയ്ക്കുന്നുണ്ട്. അതിലെ ആത്യന്തികമായ ആശയം എന്നത് തന്നെ മുസ്ലിംങ്ങളെ ഇന്ത്യയില്‍ പൗരന്മാരായി സ്വീകരിക്കാന്‍ പറ്റില്ലെന്നതായിരുന്നു. അതായിരുന്നു ഹിന്ദുത്വ എന്ന ആശയത്തിലൂടെ അവര്‍ ലക്ഷ്യം വച്ചത്. ഒന്നുകില്‍ അവര്‍ ഇന്ത്യ വിട്ട് പോകുക, അല്ലെങ്കില്‍ രണ്ടാംകിട പൗരന്മാരായി രാജ്യത്ത് തുടരുക എന്നതായിരുന്നു ആ വാദത്തിന്റെ അടിസ്ഥാനം. വിഭജനം എന്ന ആശയം കൊണ്ടുവന്നത് പ്രധാനമായും ഹിന്ദുവംശീയവാദികളാണ്. കൂടാതെ, പാകിസ്ഥാന്‍ ഉണ്ടായതില്‍ ഏറ്റവും അധികം സന്തോഷിച്ചതും, അതിനായി ഏറ്റവും അധികം സഹായം നല്‍കിയതും ഹിന്ദു വംശീയവാദികളായിരുന്നു. അവരായിരുന്നു. ഇസ്ലാം അധിഷ്ഠിത രാജ്യമുണ്ടായാല്‍ സ്വാഭാവികമായും ഇന്ത്യയിലൊരു ഹിന്ദു രാഷ്ട്രത്തിന് സ്വാഭാവികമായും ജനങ്ങളില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുമെന്നായിരുന്നു അവര്‍ കരുതിയത്.

വിഭജനവും ഹിന്ദുമഹാസഭയും

പാകിസ്ഥാന്‍ ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ ജിന്ന 1946 ല്‍ കല്‍ക്കട്ടയില്‍ വെച്ച് നേര്‍പ്രയോഗദിനം പ്രഖ്യാപിക്കുകയും വലിയ ലഹളയുണ്ടാകുകയും ചെയ്തു. ഇന്ത്യയിലെ മുസ്ലിംങ്ങളാരും ജിന്നയുടെ ഈ ആഹ്വാനം ഏറ്റെടുത്തില്ല. 1946 ല്‍ ഹിന്ദു മഹാസഭയും ഹിന്ദുവംശീയവാദികളുമാണ് ബിഹാറില്‍ മുസ്ലിംങ്ങള്‍ക്ക് നേരെ വലിയ വംശഹത്യ നടത്തിയത്. ഈ കലാപത്തെ ഇന്നും ബിഹാര്‍ കലാപം എന്നാണ് നമ്മള്‍ പറയുന്നത്. അല്ലാതെ വംശഹത്യ എന്ന് പറയുന്നില്ല. അതിന്റെ പ്രധാനകാരണം, 1948 ലാണ് വംശഹത്യയ്ക്ക് ആഗോള നിര്‍വചനം അന്താരാഷ്ട്ര ഏജന്‍സികള്‍ നിശ്ചയിക്കുന്നത് എന്നതാണ്. ബിഹാറില്‍ ചുരുങ്ങിയത് 10,000 മുസ്ലിംങ്ങളെങ്കിലും ആ വംശഹത്യയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്നരലക്ഷം മുസ്ലിംങ്ങള്‍ക്ക് അവിടെ നിന്ന് ഓടിപ്പോകേണ്ടി വന്നു.

ഹിന്ദു മഹാസഭയുടെയും ഹിന്ദു വംശീയവാദികളുടെയും ഈ പ്രവൃത്തികളെ തുടര്‍ന്ന് ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ സുരക്ഷിതരല്ലെന്ന് ജിന്നയ്ക്ക് മുസ്ലിം ജനതയ്ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചു. അതുകൊണ്ട് തന്നെ ഹിന്ദുത്വവാദികള്‍ വിഭജനത്തെ സഹായിക്കുകയാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല, വിഭജന ഘട്ടത്തില്‍ തന്നെ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളായ സിന്ധ്, പശ്ചിമബംഗാള്‍, വടക്ക്-പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങള്‍ ജിന്നയുടെ മുസ്ലിംലീഗിനൊപ്പം ഭരിച്ചിട്ടുണ്ട്. അതില്‍ സിന്ധ് ഗവണ്‍മെന്റ് വിഭജനത്തെ സംബന്ധിച്ച് പ്രമേയം പാസാക്കുമ്പോള്‍ അതിനെ അനുകൂലിച്ച് കൊണ്ട് സിന്ധ് മന്ത്രിസഭ പാസാക്കുമ്പോള്‍ അവരുടെ ഘടകകക്ഷിയായിരുന്നു ഹിന്ദുമഹാസഭ.

ചരിത്രം പരിശോധിക്കുമ്പോള്‍ വിഭജനത്തിന് അനുകൂലമായ നിലപാടാണ് സവര്‍ക്കറുടെ നേതൃത്വത്തില്‍ ഹിന്ദു വംശീയവാദികള്‍ എടുത്തിട്ടുള്ളത്. കൂടാതെ, ഒരു സന്ദര്‍ഭത്തില്‍ ഹിന്ദുസ്ഥാന്‍, പാകിസ്ഥാന്‍, സിക്കിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങളായി വിഭജിക്കാമെന്നൊരു ആശയവും സവര്‍ക്കര്‍ മുന്നോട്ട് വച്ചിരുന്നു.

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതെ, വിഭജനത്തെ അനുകൂലിച്ച ചരിത്രത്തെ മായ്ച്ച് പുതിയൊരു ഹിന്ദുത്വ ചരിത്ര നിര്‍മാണത്തിനുള്ള വലിയൊരു ആസൂത്രണ പ്രവൃത്തിയായിട്ട് വേണം ഇപ്പോഴത്തെ വിഭജന ഭീതി ദിനത്തെ ഉള്‍പ്പെടെ കാണേണ്ടത്. സ്വാതന്ത്ര്യദിനത്തെ നമ്മള്‍ മനസ്സിലാക്കേണ്ടത്, ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതി നേടിയ ഒന്നു മാത്രമല്ല സ്വാതന്ത്ര്യം , മറിച്ച് വർഗ്ഗീയവാദത്തോട്, പ്രത്യേകിച്ച് ഹിന്ദുവംശീയവാദികളോട് പൊരുതി നേടിയ ഒന്നു കൂടിയാണ് എന്ന് തിരിച്ചറിയുകയാണ് വേണ്ടത്. Indian Partition: freedom struggle and Hindutva politics

(പിഎന്‍ ഗോപീകൃഷ്ണനുമായി സംസാരിച്ച് തയ്യാറാക്കിയത്)

Content Summary: Indian Partition: freedom struggle and Hindutva politics

പി എന്‍ ഗോപികൃഷ്ണന്‍

കവി, എഴുത്തുകാരന്‍

More Posts

പി എന്‍ ഗോപികൃഷ്ണന്‍: കവി, എഴുത്തുകാരന്‍
Related Post
Leave a Comment