ട്രംപ് ഭരണകൂടം ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ്. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചു. ഇതോടെ യുഎസിലേക്കുള്ള കയറ്റുമതിയിൽ നിന്നുള്ള വരുമാനം കുറയുമെന്നും വ്യാപാരക്കമ്മി വർധിക്കുമെന്നുമാണ് വിലയിരുത്തൽ.
ഒരു ഡോളറിന് 88.33 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഫെബ്രുവരിയിൽ ഡോളറിന്റെ മൂല്യം 87.95 എന്ന നിലയിൽ എത്തിയിരുന്നു. ട്രംപിന്റെ പുതിയ വ്യാപാര നയം ലോകമെമ്പാടുമുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇന്ത്യൻ രൂപയെ കൂടാതെ ചൈനീസ് യുവാന്റെ മൂല്യത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിലെ മോശം പ്രകടനവും വിദേശ നിക്ഷേപകരുടെ താൽപ്പര്യക്കുറവും രൂപയുടെ മൂല്യത്തകർച്ചക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണം തീരുവകളാണെന്ന് മുൻനിര കറൻസി അനലിസ്റ്റായ മൈക്കിൾ വാൻ അഭിപ്രായപ്പെട്ടു. 50 ശതമാനം തീരുവ ഇന്ത്യക്ക് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച ഡോളർ വിറ്റഴിച്ചു.
വെള്ളിയാഴ്ച വൈകീട്ട് പുറത്തുവന്ന ഏപ്രിൽ-ജൂൺ പാദത്തിലെ ജിഡിപി വളർച്ചാ കണക്കുകൾ പ്രതീക്ഷകൾക്കപ്പുറം 7.8 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടും, ട്രംപിന്റെ പുതിയ തീരുവകൾ ഭാവിയിലെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുക്രെയ്ൻ യുദ്ധത്തിന് റഷ്യക്ക് ധനസഹായം നൽകുന്നു എന്നാരോപിച്ച് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയതിന്റെ പേരിൽ ഇന്ത്യക്കെതിരെ ട്രംപ് ഭരണകൂടം വലിയ ഇറക്കുമതി തീരുവ ചുമത്തിയിരുന്നു.
ട്രംപിന്റെ ഈ നടപടി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ആശങ്കയുണ്ടാക്കി. ഇത് ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതിന് കാരണമായി. ഇത് രൂപയുടെ മൂല്യത്തകർച്ചക്ക് ആക്കം കൂട്ടി. അതേസമയം, ഇത് വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ അവസരം നൽകുന്നു. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇത് അവശ്യവസ്തുക്കളുടെ വിലവർധനവിന് ഇടയാക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കൻ തീരുവകൾ കയറ്റുമതിക്കാരെ പ്രതികൂലമായി ബാധിക്കുന്നതിനാൽ, രൂപയുടെ മൂല്യം ഇനിയും കുറയാൻ സാധ്യതയുള്ളതായി സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പുതിയ തീരുവകൾ ഇന്ത്യൻ ഓഹരികളിലേക്കും കടപ്പത്രങ്ങളിലേക്കും വിദേശ നിക്ഷേപം വരുന്നത് കുറയ്ക്കുമെന്നും ഇത് രൂപയുടെ മൂല്യം ഇടിയാൻ കാരണമാകുമെന്നും മൈക്കിൾ വാൻ പറഞ്ഞു. ചരിത്രപരമായി രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ RBI വിപണിയിൽ ഇടപെടാറുണ്ടെങ്കിലും, ഇപ്പോൾ അത്ര സജീവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ 87.90 എന്ന നിലവാരത്തിൽ രൂപ എത്തിയപ്പോൾ RBI കൂടുതൽ ഇടപെടലുകൾ നടത്തിയിരുന്നു എന്നും വാൻ ഓർമ്മിപ്പിച്ചു.
content summary: Indian Rupee Hits Record Low Amid Fears Over Trump Tariff Policies