June 04, 2026 |

ഇന്ദിരാഗാന്ധിയുടെ വിദേശനയം: ഇന്നത്തെ ലോകത്തിനുള്ള പാഠങ്ങള്‍

വന്‍ ശക്തികള്‍ക്ക് മുന്നില്‍ നിവര്‍ന്നു നിന്ന്, സ്വതന്ത്രമായി ശബ്ദമുയര്‍ത്താന്‍ ഇന്ദിരാ ഗാന്ധിയെപോലെ ധൈര്യമുള്ള ഒരു നേതാവ് ഇന്ന് ലോകത്ത് ഉണ്ടോ?

സമകാലിക ലോകക്രമം ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. യുക്രെയ്നില്‍ കഴിഞ്ഞ നാല് വര്‍ഷമായി റഷ്യന്‍ അധിനിവേശം തുടരുമ്പോഴും, ഗാസയില്‍ ഇസ്രയേല്‍ നിര്‍ദാക്ഷിണ്യമായ സൈനികാക്രമണം നടത്തുമ്പോഴും, ഇറാന് നേരെ അമേരിക്കയും ഇസ്രയേലും ഉയര്‍ത്തുന്ന ഭീഷണികള്‍ പശ്ചിമേഷ്യയെ സ്‌ഫോടനാത്മകമാക്കുമ്പോഴും, അന്താരാഷ്ട്ര തലത്തില്‍ സമാധാനത്തിനായി ശക്തമായ ഒരു ഇടപെടല്‍ എവിടെനിന്നും ഉണ്ടായില്ല . വന്‍ശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ തലകുനിക്കാതെ, ലോകസമാധാനത്തിനായി ധീരമായി ശബ്ദമുയര്‍ത്താന്‍ കഴിയുന്ന നേതൃത്വത്തിന്റെ അഭാവം ഇന്ന് പ്രകടമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ വിദേശനയത്തിന് കരുത്തുറ്റ അടിത്തറ പാകിയ ‘ഉരുക്കുവനിത’ ഇന്ദിരാഗാന്ധിയുടെ പ്രസക്തി നാം തിരിച്ചറിയേണ്ടത്.

വന്‍ ശക്തികള്‍ക്ക് മുന്നില്‍ നിവര്‍ന്നു നിന്ന്, സ്വതന്ത്രമായി ശബ്ദമുയര്‍ത്താന്‍ ഇന്ദിരാ ഗാന്ധിയെപോലെ ധൈര്യമുള്ള ഒരു നേതാവ് ഇന്ന് ലോകത്ത് ഉണ്ടോ? 1966 മുതല്‍ 1977 വരെയും പിന്നീട് 1980 മുതല്‍ 1984-ല്‍ വധിക്കപ്പെടുന്നതു വരെയും ഇന്ത്യ ഭരിച്ച ‘ഉരുക്കുവനിത’യായിരുന്നു അവര്‍. തന്ത്രപരവും സ്വതന്ത്രവുമായ വിദേശ നയ നിലപാടുകള്‍, മേഖലയുടെ കടിഞ്ഞാണ്‍, ദൃഢ നിശ്ചയത്തിലൂന്നിയ പ്രായോഗികത ഇവയുടെ സംയോജനമായിരുന്നു ഇന്ദിര ഗാന്ധിയുടെ നയതന്ത്രം. ഇന്ദിര ഗാന്ധിയുടെ
നയ സിദ്ധാന്തം (ഇന്ദിരാ ഡോക്ട്രിന്‍) ഇന്നത്തെ ബഹുധ്രുവ ലോകത്തിന് ഏറെ പ്രസക്തമായ പാഠങ്ങള്‍ നല്‍കുന്നു.

ചേരിചേരാ പ്രസ്ഥാനം: നിഷ്‌ക്രിയതയല്ല, തന്ത്രപരമായ സ്വയംഭരണം

ഇന്ദിരാ ഗാന്ധി ചേരിചേരാ പ്രസ്ഥാനത്തെ (NAM) ഒരു നിഷ്‌ക്രിയ നിഷ്പക്ഷതയായി ഒരിക്കലും കണ്ടിരുന്നില്ല. വന്‍ശക്തികളുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് വികസ്വര രാഷ്ട്രങ്ങളുടെ കൂട്ടായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ രാഷ്ട്രീയ വേദിയാണതെന്ന് അവര്‍ തെളിയിച്ചു.

യാസിര്‍ അറഫാത്തിനൊപ്പം ഇന്ദിര ഗാന്ധി

1983 മാര്‍ച്ച് 7-ന് ന്യൂഡല്‍ഹിയില്‍ നടന്ന ഏഴാമത് ‘നാം’ഉച്ചകോടി അതിന്റെ മികച്ച ഉദാഹരണമായിരുന്നു .101 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുത്ത, അക്കാലത്തെ ഏറ്റവും വലിയ ആഗോള നേതൃസമ്മേളനം. ഇറാന്‍-ഇറാക്ക് യുദ്ധം കാരണം ബാഗ്ദാദില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് മാറ്റിയ ആ ഉച്ചകോടിയില്‍, ഇന്ദിര ഗാന്ധി അധ്യക്ഷപദം ഏറ്റെടുത്തത് ആത്മവിശ്വാസത്തോടെയായിരുന്നു. മുപ്പത് മാസമായി രണ്ട് ചേരിചേരാ അംഗരാജ്യങ്ങള്‍ തമ്മില്‍ നടന്ന രക്തരൂഷിത യുദ്ധം പ്രസ്ഥാനത്തിന്റെ ഐക്യത്തെത്തന്നെ ഭീഷണിപ്പെടുത്തുന്നതായിരുന്നു. ഇന്ദിര ഗാന്ധി നിശ്ശബ്ദ നയതന്ത്രത്തിന്റെ പാത തിരഞ്ഞെടുത്തതോടെ കാര്യങ്ങള്‍ക്ക് മാറ്റം വെച്ചു. യാസര്‍ അറഫാത്തിനൊപ്പം അവര്‍ ഇറാനിയന്‍, ഇറാക്കി പ്രതിനിധി സംഘങ്ങളുമായി അര്‍ധരാത്രിയില്‍ സമാധാന ചര്‍ച്ചകള്‍ നടത്തി. ഉച്ചകോടിയിലെ ഇന്ദിരാ ഗാന്ധിയുടെ ആവേശഭരിതമായ പ്രസംഗം ചരിത്രത്തില്‍ ഇടം നേടി: ‘ചേരിചേരാ പ്രസ്ഥാനത്തിലെ 100 അംഗരാഷ്ട്രങ്ങള്‍ക്ക് വേണ്ടി സമാധാനവും സഹകരണവും തേടുകയാണ് ഇവിടെ ഞാന്‍… സമാധാനത്തിനു വേണ്ടിയുള്ള ഞങ്ങളുടെ അഭ്യര്‍ത്ഥന ഉന്നതമായ ധാര്‍മ്മികത കൊണ്ടല്ല, മറിച്ച് സമാധാനം അനിവാര്യമായതുകൊണ്ടാണ്.’ആണവ ഭീഷണിയെക്കുറിച്ചുള്ള ഇന്ദിരാഗാന്ധിയുടെ മുന്നറിയിപ്പ് ഇന്നും ഭൂമുഖത്ത് പ്രതിധ്വനിക്കുന്നു: ‘മൂര്‍ഖന്റെ പത്തി വിടര്‍ന്നിരിക്കുന്നു. മനുഷ്യരാശി മുഴുവന്‍ അതിന്റെ നിഴലിലാണ്.’

ഇന്ന്, യുക്രെയ്നില്‍ യുദ്ധം തുടരുമ്പോഴും ഗാസയില്‍ നരഹത്യ അരങ്ങേറുമ്പോഴും, പശ്ചിമേഷ്യയില്‍ മിസൈലുകള്‍ അസ്വസ്ഥത പടര്‍ത്തുമ്പോഴും ഇന്ദിരാ ഗാന്ധിയെപോലെ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ മധ്യസ്ഥതയോടെ ധൈര്യപൂര്‍വം മുന്നോട്ടുവരാന്‍ ഒരൊറ്റ ലോകനേതാവും തയ്യാറാകുന്നില്ല എന്നത് ദുഃഖകരമായ യാഥാര്‍ത്ഥ്യമാണ്. ഇന്ദിരാഗാന്ധിയുടെ ചേരി ചേരാ രാജ്യങ്ങളുടെ നായകത്വം ഓര്‍മ്മിപ്പിക്കുന്നത്, ഇച്ഛാശക്തിയുള്ള നേതൃത്വം ഉണ്ടെങ്കില്‍ വന്‍ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഒരു ബദല്‍ മാര്‍ഗം കണ്ടെത്താന്‍ കഴിയുമെന്നതാണ്.

യു എസ് പ്രസിഡണ്ട് റിച്ചാർഡ് നിക്സനോടൊപ്പം ഇന്ദിരാഗാന്ധി

1971: നിക്സണെ വെല്ലുവിളിച്ച യുദ്ധതന്ത്രം

ഇന്ദിര ഗാന്ധിയുടെ വിദേശനയത്തിന്റെ ഏറ്റവും ശോഭനമായ നിമിഷം 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധമായിരുന്നു. പാകിസ്ഥാന്‍ സൈന്യം കിഴക്കന്‍ പാകിസ്ഥാനില്‍ ‘ഓപ്പറേഷന്‍ സെര്‍ച്ച്ലൈറ്റ്’ എന്ന പേരില്‍ നടത്തിയ വംശഹത്യയില്‍ ഒരു കോടിയിലധികം അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്തി. രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക ഘടനയെ അത് ഗുരുതരമായി ബാധിച്ചു. ഈ മഹാപ്രതിസന്ധിയെ ഇന്ദിര ഗാന്ധി നേരിട്ടത് രാജ്യതന്ത്രജ്ഞതയുടെയും സൈനിക തന്ത്രത്തിന്റെയും അസാധാരണ സംയോജനത്തിലൂടെയാണ്.

ആദ്യ ഘട്ടത്തില്‍, മോസ്‌കോ മുതല്‍ ലണ്ടന്‍, പാരീസ്, ബോണ്‍, വാഷിംഗ്ടണ്‍ വരെ ലോകനേതാക്കളെ നേരിട്ട് സന്ദര്‍ശിച്ച് വംശഹത്യയെക്കുറിച്ചും അഭയാര്‍ത്ഥി ദുരന്തത്തെക്കുറിച്ചും അന്താരാഷ്ട്ര സമൂഹത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി. യൂറോപ്യന്‍ ശക്തികളുടെ നിഷ്പക്ഷത ഉറപ്പാക്കിയ ആ നയതന്ത്ര യാത്ര ഒരു മാസ്റ്റര്‍ സ്‌ട്രോക്ക് ആയിരുന്നു. ഹെന്റി കിസിഞ്ചറുടെ രഹസ്യ ബീജിംഗ് സന്ദര്‍ശനം അമേരിക്ക-ചൈന-പാകിസ്ഥാന്‍ അച്ചുതണ്ട് രൂപപ്പെടുന്നത് സ്ഥിരീകരിച്ചപ്പോള്‍, 1971 ഓഗസ്റ്റില്‍ ഇന്ത്യ ,സോവിയറ്റ് സമാധാന-സൗഹൃദ-സഹകരണ ഉടമ്പടിയില്‍ ഒപ്പുവച്ചു. രക്ഷാസമിതിയില്‍ സോവിയറ്റ് വീറ്റോ ഉറപ്പാക്കിയ നിര്‍ണായക നീക്കം. ഡിസംബറില്‍ പതിമൂന്ന് ദിവസത്തെ യുദ്ധത്തില്‍ 93,000 പാകിസ്ഥാന്‍ സൈനികരുടെ കീഴടങ്ങലോടെ ബംഗ്ലാദേശ് ജനിച്ചു.

നിക്സണ്‍ ഭരണകൂടം ആണവ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് എന്റര്‍പ്രൈസ് ഉള്‍പ്പെടുന്ന ടാസ്‌ക് ഫോഴ്സ് 74 ബംഗാള്‍ ഉള്‍ക്കടലിലേക്ക് അയച്ചപ്പോഴും ഇന്ദിര ഗാന്ധി പതറിയില്ല. സോവിയറ്റ് യൂണിയന്‍ വ്‌ലാഡിവോസ്റ്റോക്കില്‍ നിന്ന് സ്വന്തം നാവികസേനയെ അയച്ച് അമേരിക്കന്‍ കപ്പലുകളെ നിരീക്ഷണത്തില്‍ നിര്‍ത്തി. ”ഇന്ത്യയുടെ സമുദ്രാതിര്‍ത്തി കടന്നാല്‍ ഏത് വന്‍ ശക്തിയുടെ കപ്പലായാലും മുക്കും ”എന്ന് പറഞ്ഞ് കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയുടെ ഭീഷണിക്ക് മുന്നില്‍ അടിയറവ് പറയാതിരുന്ന ആ ധൈര്യം ഇന്നത്തെ ലോകനേതാക്കളില്‍ എത്ര പേര്‍ക്ക് ഉണ്ടെന്ന ചോദ്യം തികച്ചും പ്രസക്തമാണ്.

പുഞ്ചിരിക്കുന്ന ബുദ്ധന്‍’: ആണവ പരമാധികാരത്തിന്റെ പ്രഖ്യാപനം

1974 മേയ് 18-ന് രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയില്‍ ‘സ്മൈലിംഗ് ബുദ്ധ’ എന്ന കോഡ്നാമത്തില്‍ ഇന്ത്യ ആദ്യ ആണവ പരീക്ഷണം വിജയകരമായി നടത്തിയത് ഇന്ദിരയുടെ മറ്റൊരു ധീരമായ നീക്കമായിരുന്നു . 1962-ലെ ചൈനീസ് ആക്രമണം, 1964-ലെ ചൈനയുടെ ആണവ പരീക്ഷണം, 1971-ലെ യുഎസ്എസ് എന്റര്‍പ്രൈസ് ഭീഷണി ഇവ ആണവ ശേഷിയില്ലാത്ത ഒരു രാജ്യത്തിന്റെ സുരക്ഷാ ദുര്‍ബലത എത്ര ഗുരുതരമാണെന്ന് കാണിച്ചുതരുന്നതായിരുന്നു . ആണവ നിരോധന ഉടമ്പടിയെ ‘ആണവ വര്‍ണ്ണവിവേചനം’ എന്ന് വിശേഷിപ്പിച്ച ഇന്ദിര, ശക്തരായ രാജ്യങ്ങള്‍ മാത്രം ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്ന അനീതിക്കെതിരെ ധീരമായ നീക്കങ്ങളുമായി മുന്നോട്ട് പോയി. ന്യൂക്ലിയര്‍ സപ്ലൈയേഴ്സ് ഗ്രൂപ്പിന്റെ (NSG) രൂപീകരണവും അമേരിക്ക-കാനഡ ഉപരോധങ്ങളും ഇന്ത്യയെ പതിറ്റാണ്ടുകളോളം ഒറ്റപ്പെടുത്തിയെങ്കിലും, അന്നത്തെ ഉറച്ച തീരുമാനം ഇന്ത്യയെന്ന ആണവ ശക്തി രാഷ്ട്രത്തിന് അടിത്തറയിട്ട നീക്കമായിരുന്നു. ഉത്തരവാദിത്തത്തോടെയും ‘ആദ്യമായി ഉപയോഗിക്കില്ല’ (No First Use) നയത്തോടെയും ഒരു ജനാധിപത്യ രാജ്യം ആണവ ശേഷി നേടിയ ഇന്ത്യന്‍ മാതൃക ലോകത്തിന് ഒരു ബദല്‍ മാര്‍ഗം കാണിച്ച് കൊടുക്കുകയായിരുന്നു

നയതന്ത്രത്തിലെ വ്യക്തിബന്ധങ്ങള്‍: കാസ്‌ട്രോ, ബ്രെഷ്നേവ്, നിക്സണ്‍

ഇന്ദിരയുടെ വ്യക്തിപരമായ നയതന്ത്ര ബന്ധങ്ങള്‍ അവരുടെ പ്രായോഗിക രാഷ്ട്രതന്ത്രത്തിന്റെ നേര്‍പ്രതിഫലനമായിരുന്നു. ഫിദല്‍ കാസ്‌ട്രോയുമായുള്ള ഊഷ്മളമായ സൗഹൃദം മൂന്നാം ലോക ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായിരുന്നു 1983-ലെ നാം ഉച്ചകോടിയില്‍ അധ്യക്ഷ പദവി ഇന്ത്യക്ക് കൈമാറുമ്പോള്‍ കാസ്‌ട്രോ ഇന്ദിരയെ ചേര്‍ത്തുപിടിച്ച് ആലിംഗനം ചെയ്ത നിമിഷം ശീതയുദ്ധ ചരിത്രത്തിലെ ഒരു ഐക്കോണിക് ദൃശ്യമായി എന്നും നിലനില്‍ക്കും. സോവിയറ്റ് നേതാവ് ലിയോണിദ് ബ്രെഷ്നേവുമായുള്ള ബന്ധം ‘കടുത്ത യാഥാര്‍ത്ഥ്യബോധ’ത്തില്‍ അധിഷ്ഠിതമായിരുന്നു. സൈനിക സഹായം, ഭിലായ് സ്റ്റീല്‍ പ്ലാന്റ് പോലുള്ള വ്യാവസായിക പദ്ധതികള്‍, ഐക്യരാഷ്ട്രസഭയിലെ സ്ഥിരമായ പിന്തുണ എന്നിവ ഈ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ അടിസ്ഥാന ശിലകളായിരുന്നു. മറിച്ച്, നിക്സണുമായുള്ള ശത്രുതാപരമായ ബന്ധം അദ്ദേഹത്തിന്റെ ഇന്ദിരയോടുള്ള വ്യക്തിപരമായ അവജ്ഞ ചരിത്ര രേഖകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര തീരുമാനങ്ങള്‍ എടുക്കുന്ന ഒരു വികസ്വര രാജ്യ നേതാവിനോട് മഹാശക്തികള്‍ക്ക് ഉണ്ടാകുന്ന അസഹിഷ്ണുതയുടെ ചരിത്രപരമായ തെളിവായിരുന്നു അത്.

ഇന്ദിരയെ ആലിംഗനം ചെയ്യുന്ന കാസ്‌ട്രോ

ഇന്ദിരാ സിദ്ധാന്തവും ഇന്നത്തെ ഇന്ത്യയും

ദക്ഷിണേഷ്യയില്‍ ഇന്ത്യക്ക് പ്രമുഖ സ്ഥാനവും ബാഹ്യശക്തികളുടെ ഇടപെടല്‍ തടയാനുള്ള അവകാശവും ഉറപ്പിച്ച ‘ഇന്ദിരാ ഡോക്ട്രിന്‍’ ബംഗ്ലാദേശിന്റെ സൃഷ്ടിയിലും 1975-ലെ സിക്കിമിന്റെ ലയനത്തിലും ഏറ്റവും വലിയ പ്രചോദക ശക്തിയായി പ്രവര്‍ത്തിച്ചു. എന്നാല്‍ ഇന്നത്തെ ഇന്ത്യയുടെ വിദേശനയം ആ ധീരമായ പൈതൃകത്തിന്റെ നിഴലില്‍ നിന്ന് നോക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് കീഴ്പ്പെടുന്ന ഒരു വിധേയത്വ നയമായി മാറിയിരിക്കുന്നു.

ട്രംപ് ഭരണകൂടം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന തീരുവ അടിച്ചേല്‍പ്പിച്ചപ്പോള്‍ ഇന്ത്യയുടെ പ്രതികരണം ദയനീയമാം വിധം ദുര്‍ബലമായിരുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക നിബന്ധനകള്‍ വച്ചപ്പോള്‍, പരമാധികാര രാഷ്ട്രമായ ഇന്ത്യ നിശ്ശബ്ദമായി തലകുനിച്ചു. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് അമേരിക്കയും കാനഡയും സാങ്കേതിക വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍, അവര്‍ സ്വന്തം ആണവ-ബഹിരാകാശ പദ്ധതികള്‍ സ്വതന്ത്രമായി മുന്നോട്ട് കൊണ്ടുപോയി. ഉപരോധത്തെ സ്വയം പര്യാപ്തതയുടെ ഇന്ധനമാക്കി മാറ്റി. ആ ഉരുക്കുവനിതയുടെ നട്ടെല്ലും ദീര്‍ഘദൃഷ്ടിയും ഇന്നത്തെ ഇന്ത്യന്‍ നേതൃത്വത്തില്‍ എവിടെയാണ്? ശക്തമായ നിലപാടുകള്‍ക്ക് പകരം, പ്രഖ്യാപനങ്ങളുടെ ആര്‍ഭാടവും പ്രവൃത്തിയിലെ വിധേയത്വവും മാത്രം അവശേഷിക്കുന്ന ഇന്നത്തെ വിദേശനയം, ഇന്ദിരാ സിദ്ധാന്തത്തിന് മുന്നില്‍ മുട്ടുകുത്തുന്നതായി തോന്നുന്നു.

ബ്രിക്‌സിന് നേതൃത്വം കൊടുക്കുന്ന ഇന്ത്യ, ചരിത്രത്തിന്റെ വിളി കേള്‍ക്കണം

ബഹുധ്രുവ ലോകക്രമം അവസരങ്ങളും അപകടങ്ങളും ഒരേ അളവില്‍ വാഗ്ദാനം ചെയ്യുന്ന ഈ സങ്കീര്‍ണ കാലഘട്ടത്തില്‍, ഇന്ദിരാ ഗാന്ധിയുടെ വിദേശനയ പൈതൃകം ഒരു കാലാതീതമായ പാഠം നല്‍കുന്നു. ഇന്ന് ഇന്ത്യ ബ്രിക്‌സിന്റെ അധ്യക്ഷ പദവിയിലാണ്. ലോക ജനസംഖ്യയുടെ പകുതിയോളം പ്രതിനിധാനം ചെയ്യുന്ന ഈ കൂട്ടായ്മയിലെ അംഗരാജ്യങ്ങള്‍ ഇന്ന് അതേ പോലെ ഒരു പ്രതിസന്ധിയുടെ നടുവിലാണ്. റഷ്യ യുക്രെയ്നില്‍ യുദ്ധത്തില്‍ മുഴുകിയിരിക്കുന്നു, പശ്ചിമേഷ്യയിലെ സംഘര്‍ഷം ബ്രിക്‌സിന്റെ പുതിയ അംഗമായ ഇറാനെ നേരിട്ട് ബാധിക്കുന്നു. ചൈന-അമേരിക്ക വ്യാപാരയുദ്ധം ആഗോള സാമ്പത്തിക ക്രമത്തെ തകിടം മറിക്കുന്നു. നാല് പതിറ്റാണ്ട് മുമ്പ് ഇന്ദിര ഗാന്ധി ‘നാം’-ലൂടെ ചേരിചേരാ രാജ്യങ്ങള്‍ക്ക് ഒരു ശബ്ദവും ദിശയും നല്‍കിയതുപോലെ, ഇന്ന് ബ്രിക്‌സിലൂടെ ആ നേതൃപാരമ്പര്യം പുനരുജ്ജീവിപ്പിക്കേണ്ടത് ഇന്ത്യയുടെ ചരിത്രപരമായ ഉത്തരവാദിത്തമാണ്.

യു എസ് പ്രസിഡണ്ട് റീഗനോടൊപ്പം ഇന്ദിരാഗാന്ധി

ഇന്ത്യ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ദിരാ ഗാന്ധി ആദ്യത്തെ ആണവോര്‍ജ്ജ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എന്റര്‍പ്രൈസിന്റെ ഭീഷണിക്ക് മുന്നില്‍ പതറാതിരുന്ന കാലം. ആണവ വിലക്കുകളെ സ്വയംപര്യാപ്തതയാക്കി മാറ്റിയ ദീര്‍ഘദര്‍ശിത്വം. ഉച്ചകോടികളില്‍ യുദ്ധത്തിലായിരുന്ന രാജ്യങ്ങളെ ഒരേ മേശയ്ക്കു ചുറ്റും ഇരുത്തിയ ഇന്ത്യയുടെ ചരിത്രം. ഇതെല്ലാം നമ്മള്‍ ഓര്‍ക്കണം.

ആ ധീരതയുടെ ഓര്‍മ്മയില്‍, ആ ദീര്‍ഘദൃഷ്ടിയുടെ പ്രചോദനത്തില്‍, ഇന്ത്യ വീണ്ടും ലോകത്തിന് ഒരു ബദല്‍ നേതൃത്വം നല്‍കണം. വന്‍ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത, സമാധാനത്തിന്റെയും നീതിയുടെയും പക്ഷത്ത് ഉറച്ച് നില്‍ക്കുന്ന, ധീരവും സ്വതന്ത്രവുമായ ഒരു നേതൃത്വം. ചരിത്രം ഇങ്ങിനെയാണ് ചില പാഠങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ചിലപ്പോള്‍ അത് ഒരു ശക്തമായ വിളിയായി മാറുന്നു. ഇന്ത്യ ആ വിളി കേള്‍ക്കണം.

Content Summary: Indira Gandhi’s foreign policies: Decisions that can serve as a model for the contemporary world

മന്‍സൂര്‍ പള്ളൂര്‍

മന്‍സൂര്‍ പള്ളൂര്‍

എ ഐ സി സിയുടെ  ഓവർസീസ് കോൺഗ്രസ്സ് വിഭാഗത്തിൽ മിഡിൽ ഈസ്റ്റ് കൺവീനറാണ് ലേഖകൻ . ആനുകാലിക, വിദേശകാര്യ വിഷയങ്ങളെക്കുറിച്ച് എഴുതാറുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് ? എന്ന പുസ്തകം അന്തർദ്ദേശീയ തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×