June 26, 2026 |

ഓണാഘോഷം ഒഴിവാക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് പാവപ്പെട്ട കലാസമൂഹം – രശ്മി സതീശ് പരാതിപ്പെടുന്നു

സാധ്യമായത് ചെയ്യുമെന്ന് സർക്കാർ

രാജ്യത്തെ തന്നെ നടുക്കിയ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഓണം വാരാഘോഷ പരിപാടികൾ മാറ്റിവച്ചതായി സർക്കാർ അറിയിച്ചിരുന്നു. എന്നാൽ പരിപാടികൾ മാറ്റിവയ്ക്കുന്നതിലൂടെ കലാസാംസ്‌കാരിക  രംഗത്തെ പ്രവർത്തകർ നേരിടേണ്ടി വരുന്ന സാമ്പത്തിക, മാനസിക വെല്ലുവിളികൾ ചൂണ്ടികാണിക്കുകയാണ് ഗായിക രശ്മി സതീശ്. വിഷയത്തെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രിക്ക് കത്തും സമർപ്പിച്ചിരുന്നു. കത്തയക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും, കല സാംസ്‌കാരിക പ്രവർത്തകർ ഇതിലൂടെ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ചും രശ്മി സതീഷ് അഴിമുഖവുമായി സംസാരിക്കുന്നു.Singer Reshmi Satheesh

” കേരള സർക്കാർ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന പരിപാടികൾ ഒഴിവാക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സർക്കാർ പരിപാടികളിൽ, 80 ശതമാനത്തോളം വരുന്ന കേരളത്തിലെ കലാകാരന്മാർ കുറഞ്ഞ വേതനത്തിലാണ് പങ്കെടുക്കാറുള്ളത്. ഉത്സവ കാലങ്ങളുമായി ബന്ധപെട്ട് കിടക്കുന്ന വേദികളെ ആശ്രയിച്ചാണ് ഇവരിൽ ഭൂരിഭാഗവും കഴിയുന്നതും. കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത അങ്ങേയറ്റം ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായിരിക്കുന്നത്. കേരളീയരാകെ ദുരന്തനിവരാണത്തിന് ഒരുമിച്ച് നിൽക്കുന്ന ഈ സമയത്ത്, അതിൽ നിന്ന് ഒട്ടും പ്രാധാന്യം കുറഞ്ഞതല്ല ഇത്തരം കലാകാരന്മാർ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളും.

അതിനാൽ ദുരന്തമുഖത്ത് നിന്ന് അതിജീവിച്ചവരെ ചേർത്തുപിടിക്കുന്നതിനൊപ്പം ഈ കലാകാരന്മാരെയും കൂടി പരിഗണിക്കണം. സർക്കാർ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടികൾ ഇവരെ സംബന്ധിച്ച് ഒരു വർഷക്കാലത്തേക്ക് ഉള്ള ഉപജീവന മാർഗമായിരിക്കും പ്രത്യേകിച്ച് ഓണക്കാലത്ത്. അതില്ലാതായി കഴിഞ്ഞാൽ ഈ കലാകാരന്മാരെ മറ്റൊരു ദുരന്തത്തിലേക്ക് തള്ളി വിടുന്നതിന് സമാനമായിരിക്കും. ജാതി മത രാഷ്ട്രീയ ഭേദമന്യെ വയനാടിന് കരുതൽ ഒരുക്കുമ്പോൾ മറു വശത്ത് ഉത്സവകാലങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്ന മറ്റൊരു കൂട്ടം മനുഷ്യർ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്നത് കണ്ടില്ലെന്ന് നടിക്കാനാവുമോ ?

ആഡംബര ചടങ്ങുകൾ ഒഴുവാക്കി, എന്നാൽ ഈ വരുന്ന 80 ശതമാനം വരുന്ന കലാകാരന്മാരെ പരിഗണിച്ച്, പരിപാടികൾ പ്രഖ്യാപിക്കുകയാണെങ്കിൽ, വിമർശനത്തിന് അതീതമായ പ്രവർത്തിയായിട്ടായിരിക്കും കേരളം അതിനെ കണക്കാക്കുക. കലാകാരന്മാരുടെ ഈ അവസ്ഥ സർക്കാരിനെ അറിയിക്കണമെന്ന് തോന്നി. ഓണം വാരാഘോഷം മാറ്റിവച്ചതായി സർക്കാർ പ്രഖ്യാപിച്ചത് മുതൽ അത്തരത്തിലുള്ള മനുഷ്യരുടെ മുഖമാണ് മനസിൽ തെളിഞ്ഞത്. അത് തന്നെയാണ് അദ്ദേഹത്തെ കാണാൻ എന്നെ പ്രേരിപ്പിച്ചതും. അപേക്ഷ വായിച്ചു നോക്കിയ അദ്ദേഹം ഞാൻ പറഞ്ഞിരുന്ന കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവമാണ് കേട്ടിരുന്നത്. ഇക്കാര്യം പരിഗണിക്കുമെന്നും കലാകാരന്മാർ യാതൊരു വിധത്തിലും ആകുലപ്പെടേണ്ടതില്ലെന്നും ഉറപ്പ് തന്നാണ് അദ്ദേഹം വിട്ടത്.

മൂന്ന് മണിക്കൂറിന് ശേഷം ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതായും, ബുദ്ധിമുട്ടില്ലാത്ത വിധം പരിഗണിക്കുമെന്നും, ഔദ്യോഗികമായി വാർത്ത സമ്മേളനത്തിൽ അറിയിക്കുമെന്നും പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരു ഫോൺ കോളും എന്നെ തേടിയെത്തിയിരുന്നു. പിന്നീട് വാർത്ത സമ്മേളനത്തിൽ അദ്ദേഹം; വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായുള്ള വാരാഘോഷ പരിപാടി മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഓണക്കാലത്ത് സർക്കാർ ആഭിമുഖ്യത്തിൽ നടത്തുന്ന ആഘോഷമാണ് മാറ്റിവച്ചിരിക്കുന്നതെന്നും, കലാകാരന്മാരും കച്ചവടക്കാരും സാധാരണ ജനങ്ങളും ഓണവുമായി ബന്ധപ്പെട്ട് പ്രയാസം നേരിടേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികൾ നടക്കുമോ എന്ന കാര്യത്തിൽ വ്യക്തയുണ്ടായിരുന്നില്ല. സർക്കാർ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടികളാണ് മാറ്റിവച്ചിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ കീഴിൽ നടത്തുന്ന ഈ പരിപാടികളിൽ വലിയ തോതിലാണ് കലാകാരന്മാർ പങ്കെടുക്കാറുള്ളത്. അത് മാറ്റി വയ്ക്കപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധിയാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.ഇതോടെ ഞാൻ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വീണ്ടും ബന്ധപ്പെട്ടു. ടൂറിസം വകുപ്പിൽ നിന്ന് അന്തിമ ഉത്തരവ് ലഭിക്കുന്നത് അനുസരിച്ച്, ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നാണ് എനിക്ക് ലഭിച്ച വിവരം. ഇക്കാര്യത്തിൽ വ്യക്തത വരുത്താനുള്ള കാത്തിരിപ്പിലാണ്.

ആർഭാടകരമായ ചടങ്ങുകൾ ഒഴുവാക്കി, 20 ശതമാനത്തോളം വരുന്ന വലിയ പ്രതിഫലം വാങ്ങുന്ന കലാകാരന്മാരെ ഈ വർഷത്തേക്ക് മാറ്റി നിർത്തി, ഇതിനെ മാത്രം ആശ്രയിച്ച് കഴിയുന്ന കലാകാരന്മാരെ മാത്രം ഉൾപ്പെടുത്തി; ലളിതമായി പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞാൽ ഇവരുടെ സാമ്പത്തിക, മാനസിക പരാധീനതകളെ അഭിസംബോധന ചെയ്യാൻ കഴിയും. 2018 – 19 വർഷങ്ങളിൽ തുടർച്ചയായി ഉണ്ടായ പ്രളയവും, അതിനു പിന്നാലെ എത്തിയ കോവിഡ് മഹാമാരിയും മറ്റെല്ലാ മേഖലകൾക്കും സമാനമായി സാംസ്‌കാരിക മേഖലയെയും പിടിച്ചു കുലുക്കിയിരുന്നു. 2023-ൽ ഈ വീഴ്ചയിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങളായിരുന്നു നടന്നത്. ഈ വർഷവും ഇത്തരം പരിപാടികൾ ലഭിക്കാതെ പോയാൽ വലിയൊരു കൂട്ടം കലാകാരന്മാർ സാമ്പത്തികമായി മാത്രമല്ല മാനസികമായി പോലും പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എടുത്തെറിയപ്പെടും. കാരണം ഈ പ്രതിസന്ധികളിൽ സാമ്പത്തികമായ ആഘാതത്തിനപ്പുറം, മാനസികമായ ബുദ്ധിമുട്ടുകളും സൃഷ്ടിക്കപ്പെടുന്നുണ്ട്. കലാകാരന്മാരെ സംബന്ധിച്ചിടത്തോളം, ജീവവായു എന്ന് പറയുന്നത് കലയും അതവതരിപ്പിക്കുന്ന വേദിയുമാണ്. വേദികളിൽ നിന്ന് അകന്ന് നിൽക്കുന്തോറും കലാകാരനിൽ നിന്ന് ഊർജവും ചോർന്ന് പോകും. അതവർക്ക് ചുറ്റും നിൽക്കുന്ന മനുഷ്യരെയും കുടുംബങ്ങളെയും സമൂഹത്തെയും കൂടിയാണ് ബാധിക്കുന്നത്.

കേരളത്തിലെ ചില ഔദ്യോഗിക രേഖപ്പെടുത്തലുകളിൽ 300 – ലധികം കലാരൂപങ്ങളും, രേഖപ്പെടുത്താത്ത ആയിരത്തിലധികം കലാരൂപങ്ങളുമുണ്ട്. കേരളത്തിന്റെ കലാരംഗം ഇത്രയും വലുതായതു കൊണ്ട് തന്നെ, വിവിധ കലാരൂപങ്ങളിൽ ഭാഗമായ കലാകാരന്മാരെ അഭിസംബോധന ചെയ്യാൻ കഴിയുന്ന സംവിധാനവും നിലവിലില്ല. അത്തരം അവസ്ഥയിൽ ഗുരുതരമായ ഈ വിഷയം വലിയ രീതിയിൽ മുഖ്യധാരയിൽ ചർച്ചയാവാതെ പോയതും ഈ ചിതറി കിടക്കുന്ന അവസ്ഥ കൊണ്ട് തന്നെയാണ്. വളരെ പ്രാധാന്യത്തോടെ ഈ  വിഷയം കണക്കിൽ
എടുത്തില്ലെങ്കിൽ കേരളത്തിലെ വലിയൊരു ശതമാനം കലാകാരൻന്മാരെയും, കലാപ്രവർത്തകരെയും മറ്റൊരു വലിയ ദുരന്തത്തിലേക്കായിരിക്കും കൊണ്ടെത്തിക്കുക.  അതുകൊണ്ട് തന്നെ ഇക്കാര്യം അതീവ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതുണ്ട്. വയനാട്ടിലേക്ക് കൈത്താങ്ങുമായി എത്തിയവരിൽ ഈ കലാകാരന്മാരും ഉൾപ്പെട്ടിരുന്നു, അപ്പോൾ അവർ നേരിടുന്ന പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടതില്ലേ ? വയനാട്ടിലെ നൂറുകണക്കിന് മനുഷ്യർ അഭിമുഖീകരിച്ച സമാനതകളില്ലാത്ത വേദനയെ കൂടി ചേർത്തുപിടിച്ചു കൊണ്ടാണ് ഈ ഒരാവശ്യം ഉന്നയിക്കുന്നത്. ഒരുവശത്ത് ദുരന്ത മുഖത്തുള്ളവരെ കേരളം നെഞ്ചോട് ചേർക്കുമ്പോൾ, മറ്റൊരാഘാതത്തിന് വിട്ടു കൊടുക്കാതെ ഈ മനുഷ്യരെ കൂടെ പിന്തുണക്കേണ്ട കടമ സർക്കാരിനും മറ്റു സംഘടനകളും നിറവേറ്റുമെന്നാണ് പ്രത്യാശിക്കുന്നത്. Singer Reshmi Satheesh

Content summary; Singer Reshmi Satheesh wrote a letter to the Chief Minister regarding the government’s decision to cancel Onam programs

Leave a Reply

Your email address will not be published. Required fields are marked *

×