അതൊരു ഒഴിവ് ദിവസമായിരുന്നു. മുറ്റത്തേക്കിറങ്ങിയപ്പോള്‍ പതിവു പോലെ നോട്ടം നീണ്ടത് ആദിയുടെ വീട്ടിലേക്കാണ്. ഒരു തിണ്ട് അതിരിടുന്ന അകലം മാത്രമാണ് രണ്ടു വീടുകള്‍ക്കുമിടയില്‍. ആദി അവരുടെ ഉമ്മറത്തുണ്ടായിരുന്നു. എന്നാല്‍ പതിവിന് വിപരീതമായി അവന്റെ ചിരി പകരം കിട്ടിയില്ല. ഒന്ന് നോക്കിയ ശേഷം മറ്റേങ്ങോട്ടോ കണ്ണു പായിച്ചു.
അവനെന്തൊക്കെയോ മാറ്റം വന്നപോലെ. എപ്പോഴും വെട്ടിയൊതുക്കാറുള്ള താടി രോമങ്ങള്‍ അലസമായി വളര്‍ന്നിറങ്ങിയിരിക്കുന്നു. വളര്‍ന്നു നീണ്ട മുടിയിഴകള്‍. സദാ ചിരിച്ച് കാണാറുള്ള ആ 21 കാരന്റെ മുഖത്ത് എന്തോ കുറ്റബോധം നിഴലിക്കുന്നോ? എന്താണ് അവന് പറ്റിയതെന്ന് പിന്നീടാണ് അറിഞ്ഞത്.
ഒരു മാസം മുമ്പാണ് ആ സംഭവം നടന്നത്.
എല്ലാദിവസവും ആദിയുടെ വീട്ടില്‍ കുറച്ചു കുട്ടികള്‍ കളിക്കാനെത്തും.അവരില്‍ അവനേറെ പ്രിയപ്പെട്ടവളായിരുന്നു ഏഴ് വയസുകാരി ദേവിക. മറ്റുകുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ദേവുവിനെ അന്ന് ആദി കൈ നീട്ടി വിളിച്ചു. സന്തോഷത്തോടെ അവന്റെ അടുത്തേക്ക് ആ രണ്ടാം ക്ലാസുകാരി ഓടിയെത്തി.
കുറേ സമയം കഴിഞ്ഞിട്ടും ദേവൂനെ കാണാതായപ്പോള്‍, മറ്റു കുട്ടികള്‍ അന്വേഷിച്ച് ചെന്നു. അവര്‍ കണ്ടത് കരഞ്ഞുകൊണ്ട് ഓടിവരുന്ന ദേവുവിനെയാണ്.
”എന്തുപറ്റി?” എന്ന ചോദ്യത്തിന് അവള്‍ പറഞ്ഞത് ഒറ്റവാചകം
‘അദിയേട്ടന്‍ എന്റെ ഉടുപ്പിനുള്ളിലേക്ക് കൈയിട്ടു…’
വാര്‍ത്ത പെട്ടെന്ന് നാട്ടിലാകെ പരന്നു.
എന്നാല്‍ കേട്ടവര്‍ക്ക് അത്ഭുതമായിരുന്നു. എല്ലാവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത് ഒരേ ചോദ്യമായിരുന്നു,
”ബൗദ്ധിക വൈകല്യമുള്ള, വീല്‍ചെയറില്‍ കഴിയുന്ന ഒരാള്‍ അങ്ങനെയൊക്കെ ചെയ്യുമോ?”
ഇതൊരു ഒറ്റപെട്ട സംഭവമല്ല. അടുത്തകാലത്തായി സമൂഹമാധ്യമങ്ങളില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നും ഇത്തരം കേസുകള്‍ നമ്മള്‍ ഒരുപാട് കേള്‍ക്കാറുണ്ട്. എന്നാല്‍ എന്താണ് ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലെ യാഥാര്‍ഥ്യം?
‘ബൗദ്ധിക വൈകല്യം നേരിടുന്ന കുട്ടികള്‍ ഒരിക്കലും ഈ സ്വഭാവമുള്ളവരല്ല. ഇത്തരം പ്രവര്‍ത്തികള്‍ അവര്‍ ഒരിക്കലും അവരുടെ അറിവോടെ ചെയ്യുന്നതുമല്ല. പലപ്പോഴും അവര്‍ ലൈംഗിക അതിക്രമത്തിന്റെ ഇരകളാവാറുണ്ട്. പല അവസരങ്ങളിലും അത്തരം ചൂഷണത്തിന്റെ പ്രതിഫലനമാണ് അവര്‍ പ്രകടിപ്പിക്കുന്നത്”.
ഈ വിഷയത്തില്‍ പ്രതികരിച്ച ഒരു മനഃശാസ്ത്രജ്ഞന്‍ ചൂണ്ടിക്കാണിക്കുന്നു.
ബൗദ്ധിക വൈകല്യമുള്ളവര്‍ക്ക് ശാരിരീക അതിരുകള്‍, സമ്മതം, സ്വകാര്യത എന്നിവയൊന്നും എന്താണെന്ന് മനസ്സിലാക്കാനോ തിരിച്ചറിയാനോ കഴിയാറില്ലയെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരം അറിവില്ലായിമയും കൗണ്‍സിലിംഗിന്റെ അഭാവവുമൊക്കെയാണ് ഇവരെ ചൂഷണങ്ങള്‍ക്ക് ഇരയാക്കുന്നത്.
അവര്‍ പ്രതികളോ, ഇരകളോ?
ഈ വിഷയത്തില്‍ പൊതു സമൂഹം പലപ്പോഴും കാണാതെ പോകുന്ന ഒരു യഥാര്‍ഥ്യമാണ് ഇത്തരം വ്യക്തികള്‍ പ്രതികളാകുന്നതിനേക്കാള്‍ ലൈംഗിക അതിക്രമങ്ങളുടെ ഇരകളാകാനുള്ള സാധ്യതയുള്ളവരാണെന്നത്.
” ബൗദ്ധിക വൈകല്യമുള്ള കുട്ടികള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളാകാനുള്ള സാധ്യത മറ്റു കുട്ടികളെക്കാള്‍ നാലിരട്ടിയിലധികമാണ്. ഇത്തരം അതിക്രമങ്ങള്‍ പലപ്പോഴും അപരിചിതരില്‍ നിന്നല്ല, മറിച്ച് അടുത്ത ബന്ധുക്കളില്‍ നിന്നും പരിചരകാരില്‍ നിന്നുമാണെന്നാണ് ലോകാരോഗ്യ സംഘടനയടക്കം പറയുന്നത്.
‘അറിവില്ലായ്മ അപകടമാകുമ്പോള്‍’
ഇവര്‍ക്ക് ലൈംഗിക അറിവും സ്വയം സംരക്ഷണ ശേഷിയും വളരെ പരിമിതമാണ്. അതുകൊണ്ട് തന്നെ ശരീരാവയങ്ങളെ കുറിച്ചുള്ള അടിസ്ഥാന ധാരണ പോലും പലര്‍ക്കുമില്ല.
അപകട സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണം, ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നിരസിക്കണം എന്ന കാര്യങ്ങളില്‍ പോലും അവര്‍ക്ക് വ്യക്തത കുറവുണ്ട് ഇതാണ് തെറ്റായ പെരുമാറ്റങ്ങളുടെയും ലൈംഗിക ചൂഷണങ്ങളുടെയും അടിസ്ഥാനം.
‘സമൂഹവും ലൈംഗികതയോടുള്ള സമീപനവും’
സമൂഹം ഇപ്പോഴും കൊണ്ടു നടക്കുന്നത് ലൈംഗികത നിഷിദ്ധമായ എന്തോ ഒന്നാണെന്ന ധാരണയാണ്. കുടുംബങ്ങളിലായാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാലും വൈകല്യമുള്ള കുട്ടികളോടും മുതിര്‍ന്നവരോടും ലൈംഗിക വിഷയങ്ങളിലുള്ള തുറന്ന സംവാദങ്ങള്‍ അപൂര്‍വമാണ്. അതുകൊണ്ട് തന്നെ ഇത് തെറ്റായ പെരുമാറ്റങ്ങളും ചൂഷണങ്ങളും തിരിച്ചറിയാതെ പോകുന്നതിന് കാരണമാകാറുണ്ട്.
നിയമം എന്താണ് പറയുന്നത്?
ഇത്തരം സംഭവങ്ങൾ ഉയരുമ്പോൾ നിയമം എങ്ങനെയാണ് ഇതിനെ കാണുന്നത്?
ഇന്ത്യൻ നിയമപ്രകാരം, ഒരാൾക്ക് താൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് തിരിച്ചറിയാനുള്ള ബുദ്ധിശേഷി ഇല്ലാത്ത അവസ്ഥയിൽ ചെയ്ത പ്രവൃത്തികളെ സാധാരണ ക്രിമിനൽ കുറ്റമായി കണക്കാക്കാറില്ല. ബി.എൻ.എസ് സെക്ഷൻ 22
ഇതാണ് വ്യക്തമാക്കുന്നത്. എന്നാൽ, അതിക്രമത്തിനിരയായത് കുട്ടിയാണെങ്കിൽ, പോക്സോ നിയമം ബാധകമാകും. ആ സാഹചര്യത്തിൽ കേസ് ശക്തമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. അതേസമയം, പ്രതിയായി പറയപ്പെടുന്ന വ്യക്തിയുടെ മാനസികാവസ്ഥയും ബൗദ്ധിക ശേഷിയും കോടതി പ്രത്യേകം പരിശോധിക്കാറുണ്ട്.
എങ്ങനെ പ്രതിരോധിക്കാം?
കൗണ്‍സലിംഗിന് ഒരു പരിധി വരെ ഇത് തടയാനാകും, ലൈംഗിക വിദ്യാഭ്യാസവും സ്ഥിരമായ കൗണ്‍സലിംഗും ലഭിക്കുന്ന കുട്ടികള്‍ക്ക് സ്വന്തം ശരീരത്തെ കുറിച്ചുള്ള ബോധം വര്‍ധിക്കുകയും അപകട സാഹചര്യങ്ങളില്‍ പ്രതികരിക്കാന്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്യും.
സമൂഹത്തിൻ്റെ ഉത്തരവാദിത്തം
ഇത്തരം ആളുകളെ കുറ്റവാളികളായി കാണുന്നതിന് പകരം സഹായവും സംരക്ഷണവും ആവശ്യമായ ഒരു സാമൂഹിക പ്രശ്‌നമാണതെന്ന് തിരിച്ചറിഞ്ഞ്
ശാസ്ത്രീയമായ ബോധവല്‍ക്കരണവും, കൗണ്‍സലിംഗും, കുടുംബത്തിന്റെയും
സമൂഹത്തിന്റെയും പിന്തുണയും നല്‍കുകയാണ് വേണ്ടത്.
ആദിയുടെ മുഖത്ത് ഇപ്പോള്‍ ആ പഴയ ചിരി മടങ്ങി വന്നിട്ടുണ്ട്. പരിഹാസങ്ങളും അപമാനങ്ങളും കുറ്റപ്പെടുത്തലുകളും കേള്‍ക്കേണ്ടി വന്നവന്‍ ഒരുപക്ഷേ നിരാശയുടെയും ഇരുട്ടിലേക്ക് എന്നന്നേക്കുമായി മറയുമായിരുന്നു. എന്നാല്‍ തിരിച്ചറിവിന്റെ കനല്‍ വെളിച്ചം ഉള്ളില്‍ തെളിഞ്ഞ അവന്റെ വീട്ടുകാരും നാട്ടുകാരും ആദിയെ ചേര്‍ത്തു പിടിക്കാന്‍ തയ്യാറായപ്പോള്‍ ആ 21 കാരനും കാര്യങ്ങള്‍ മനസിലാക്കാനായി. ആദിയിപ്പോഴും കുട്ടികളുടെ ആ പഴയ കൂട്ടുകാരന്‍ തന്നെയാണ്. നാടിന് പ്രിയപ്പെട്ടൊരു ഇന്‍സ്റ്റാഗ്രാം ഇന്‍ഫളുവന്‍സറും….
Content Summary: Intellectual disability and sexuality; children needed protection
This post was last modified on December 30, 2025 9:20 am
Leave a Comment