കേരള രാഷ്ട്രീയത്തിലെ പ്രധാനികളില്‍ ഒരാളാണ് വയലാര്‍ രവി. ഒരു ഗ്രാമത്തിന്റെ പേര് സ്വന്തം പേരിനോട് ചേര്‍ത്ത് പ്രശസ്തരായവര്‍ നമുക്കിടയില്‍ ഒട്ടേറെ പേരുണ്ട്. വയലാര്‍ എന്ന ഗ്രാമത്തെ പ്രശസ്തമാക്കിയത് രണ്ട് പേരാണ് വയലാര്‍ രാമവര്‍മ്മയും, വയലാര്‍ രവിയും. വയലാര്‍ രാമവര്‍മ്മ സാഹിത്യ സിനിമാ മേഖലയിലായിരുന്നു പ്രശസ്തന്‍. കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു ആദ്യകാലത്ത്. വയലാര്‍ രവി പിന്നീട് കോണ്‍ഗ്രസിന്റെ പക്ഷത്തുള്ള വ്യക്തിയായി മാറി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ്. ആലപ്പുഴ ജില്ലയിലെ വയലാറില്‍ 1937 ജൂണ്‍ 4നാണ് വയലാര്‍ രവിയുടെ ജനനം.
ദൈനംദിന രാഷ്ട്രീയത്തില്‍ താത്പര്യമില്ലെങ്കിലും രാഷ്ട്രീയം പൂര്‍ണമായും ഒഴിവാക്കില്ലെന്നും അദ്ദേഹം പറയുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്താണ് കൊച്ചിയിലെ പ്രശസ്ത ക്രൈസ്തവ കുടുംബമായ കുട്ടിക്കാരന്‍ വീട്ടിലെ മേഴ്‌സിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇക്കാര്യം എല്ലാ കൂടിക്കാഴ്ച്ചയിലും വയലാര്‍ രവി പറഞ്ഞുകൊണ്ടിരുന്നു. അത്ര തീവ്ര പ്രണയമായിരുന്നു അവരുടേത് എന്ന് അതില്‍ വ്യക്തം. താന്‍ മേഴ്‌സിയെ കട്ട കള്ളനാണെന്നും പറഞ്ഞ് അദ്ദേഹം ചിരിക്കും. മേഴ്‌സി തന്റേടിയായിരുന്നു എന്ന് പറയുന്ന വയലാര്‍ രവി തന്നെ അവള്‍ പാവമായിരുന്നു എന്ന് പറയും. വിവാഹാനന്തരം ചെലവിനായി പണം കണ്ടെത്തിയത് വി. കെ. കൃഷ്ണ മേനോന്റെ ശുപാര്‍ശയില്‍ ഡെക്കാണ്‍ ഹെറാള്‍ഡിന്‍ കേരള ലേഖകനായതോടെയാണ്. രവി മാധ്യമ രംഗത്തും തിളങ്ങി. കൃഷ്ണമേനോന്‍ തിരുവനന്തപുരത്ത് ജയിച്ചതിന് പിന്നില്‍ തന്റെ പങ്ക് കൂടിയുണ്ടെന്ന് വയലാര്‍ രവി പറയുന്നു.
മുപ്പത്തിനാലാം വയസില്‍ ചിറയിന്‍കീഴില്‍ നിന്നു ലോക്‌സഭാംഗമായ അദ്ദേഹം ഒരു പതിറ്റാണ്ട് എംപിയായിരുന്നതിന് ശേഷമാണ് 1982 ല്‍ കേരള നിയമസഭയില്‍ എത്തുന്നതും ആഭ്യന്തര മന്ത്രിയാകുന്നതും. വയലാര്‍ രവിയുടെ കാലത്താണ് കേരള പൊലീസിന് രൂപത്തില്‍ തന്നെ മാറ്റം ഉണ്ടാകുന്നത്. നിക്കറും കൂര്‍ത്ത തൊപ്പിയും മാറ്റി പാന്റും ക്യാപ്പും കൊണ്ടുവന്നു. കെപിസിസി പ്രസിഡന്റായിരുന്നു വയലാര്‍ രവി. ഏഴുപതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ പകുതിയിലേറെയും ചെലവഴിച്ച ഡല്‍ഹിയിലും ശേഷം വിശ്രമജീവിതം നയിക്കുന്ന തൃക്കാക്കരയിലെ വസതിയിലും വെച്ച് അഞ്ച് വര്‍ഷം കൊണ്ട് പലപ്പോഴായി വയലാര്‍ രവിയുമായി മാധ്യമപ്രവര്‍ത്തകന്‍ സുധീര്‍ നാഥ് നടത്തിയ ദീര്‍ഘസംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങളാണ് ഇത്. ഈ സംഭാഷണങ്ങള്‍ക്ക് അവസരമൊരുക്കിതന്ന വയലാര്‍ രവിയുടെ സഹസഞ്ചാരികളായ അജയനും, സിറിള്‍ സഞ്ജു ജോര്‍ജിനും, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എന്‍ അശോകനും, ജോര്‍ജ് കള്ളിവയലിനുമുള്ള നന്ദി രേഖപ്പെടുത്തുന്നു.
വയലാര്‍ ഒരു സ്ഥലപ്പേരല്ലേ…?
അതെ, ആലപ്പുഴ ജില്ലയിലെ വയലാര്‍ ഞാനിങ്ങെടുത്തു… ഞാന്‍ മാത്രമല്ല, വയലാര്‍ രാമവര്‍മ്മയും… ഇപ്പോ പലരുമുണ്ട്…
വയലാറിലെ കുടുംബ പശ്ചാത്തലം ?
ഞങ്ങള്‍ ആദ്യം കമ്മ്യൂണിസ്റ്റ് അനുഭാവികളും, പിന്നീട് കോണ്‍ഗ്രസ് അനുഭാവികളുമായിരുന്നു. കോണ്‍ഗ്രസ് കുടുംബമായിരുന്നു ഞങ്ങളുടേത് എന്ന് പറയം. അച്ഛന്‍ കോണ്‍ഗ്രസ് നേതാവും സഹകരണ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളും ആയ എം. കെ. കൃഷ്ണന്‍. അമ്മ മഹിള കോണ്‍ഗ്രസ് അധ്യക്ഷ ആയിരുന്ന ദേവകി. എസ്എന്‍ഡിപി താലൂക്ക് പ്രസിഡന്റ് കൂടിയായിരുന്നു പില്‍ക്കാലത്ത് അച്ഛന്‍. വയലാറില്‍ രണ്ട് പ്രമുഖ ഈഴവ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ചന്ദ്രപ്പന്റെ കുടുംബവും, വയലാര്‍ രവിയുടെ കുടുംബവും. ഒന്ന് കമ്മ്യൂണിസ്റ്റ് കുടുംബവും, രണ്ടാമത്തേത് കോണ്‍ഗ്രസ് കുടുംബവും. എടാ ഞങ്ങള്‍ രണ്ട് കുടുംബമാണേലും വലിയ സൗഹ്യദത്തിലായിരുന്നു. രാഷ്ട്രീയം ഒരു തടസമായിരുന്നില്ല.
നിങ്ങള്‍ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് അനുഭാവികളായിരുന്നു എന്നത് ശരിയാണോ ?
വയലാറിലെ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് കുടുംബം ആയിരുന്നു ഞങ്ങളുടേത്. എ.കെ.ജിയെ കുറച്ചുകാലം ഞങ്ങളുടെ ഒരു ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ താമസിക്കുവാന്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ആര്‍. സുഗതന്‍, സി.ജി. സദാശിവന്‍ തുടങ്ങിയ അന്നത്തെ പ്രസിദ്ധരായ കമ്മ്യൂണിസ്റ്റുകാരെല്ലാം വീട്ടില്‍ വരുമായിരുന്നു. മിക്കവാറും ദിവസങ്ങളില്‍ ഞങ്ങളുടെ കൊച്ചുവീട്ടില്‍ എന്റെ അമ്മാവന്‍ ജി. സുകുമാരന്‍ അടക്കം രാഷ്ട്രീയ ചര്‍ച്ചകളും സംവാദങ്ങളും നടക്കുമായിരുന്നു. ഇത് കേട്ട് വളര്‍ന്ന ഞങ്ങള്‍ക്ക് രാഷ്ട്രീയകമ്പം ഉണ്ടായതില്‍ അസാധാരണമായി ഒന്നുമില്ലല്ലോ.
പുന്നപ്ര -വയലാര്‍ സമരം ഓര്‍ക്കുന്നുണ്ടോ ?
ചേര്‍ത്തല സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുകയായിരുന്നു ഞാന്‍ അക്കാലത്ത്. 1946 ഒക്ടോബര്‍ 19-ാം തീയതി ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരുടെ പ്രഖ്യാപനം പുറത്തുവന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചുകൊണ്ടുള്ളതായിരുന്നു അതിലെ മുഖ്യമായ ആശയം. എസ്എന്‍ഡിപി യോഗം സെക്രട്ടറി ആര്‍ ശങ്കര്‍ ദിവാനുമായി മധ്യസ്ഥത നടത്തി. അത് പരാജയപ്പെടുകയും ചെയ്തു. ഒക്ടോബര്‍ 26-ാം തീയതി സര്‍ക്കാരിന്റെ നോട്ടീസ് അച്ചടിച്ച് വിമാനം വഴി അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ ആകാശത്തിലൂടെ വിതരണം ചെയ്തു. ആകാശത്തുനിന്നും വീണുകിട്ടിയ സര്‍ക്കാര്‍ വിളംബര നോട്ടീസ് വയലാര്‍ നിവാസികള്‍ ഭീതിയോടെയാണ് വായിച്ചത്. അമ്മ ദേവകീ കൃഷ്ണന്‍ എന്നെയും, സഹോദരി സ്വതന്ത്രയേയും കൂട്ടി അയല്‍ക്കാരായ ബന്ധുക്കളുടെ കൂടെ 1946 ഒക്ടോബര്‍ 27-ാം തീയതി രാവിലെ ഒരു കെട്ടുവള്ളത്തില്‍ കയറി വൈക്കം ലക്ഷ്യമാക്കി നീങ്ങി. അച്ഛന്‍ കൃഷ്ണന്‍ ആ വള്ളത്തില്‍ കയറിയിരുന്നില്ല. വള്ളത്തിലിരുന്ന് കരയിലെ വെടിയൊച്ചകള്‍ കേട്ടു. ഇത്തിരി കഴിഞ്ഞപ്പോള്‍ ഒരു പൊലീസുകാരന്‍ ‘അടുപ്പിക്കടാ വള്ളം’ എന്ന് കരയില്‍ നിന്ന് ആക്രോശിക്കുന്നത് കണ്ടു. മാധവന്‍ വക്കീല്‍ നല്‍കിയ കത്തുകാണിച്ച് പൊലീസില്‍ നിന്ന് വള്ളം പോകാന്‍ അനുമതി വാങ്ങി. വൈക്കത്തുള്ള ബന്ധു വീട്ടിലാണ് ഞങ്ങള്‍ അന്ന് അഭയം തേടിയത്. പിന്നീട് തിരിച്ചെത്തിയപ്പോള്‍ മുന്നൂറോളം പേര്‍ എന്റെ ഗ്രാമത്തില്‍ വെടിയേറ്റ് മരിച്ചതായി അറിഞ്ഞു. മൃതദേഹങ്ങള്‍ കുമ്മായമിട്ട് കൂട്ടത്തോടെ സംസ്‌കരിക്കാന്‍ അച്ഛന്‍ കൃഷ്ണനും കൂട്ടരും മുന്നിട്ടിറങ്ങി. മുക്കുവംപറമ്പ് വീട് പാര്‍ട്ടിയുടെ പ്രധാന ഓഫീസായി.
പുന്നപ്ര -വയലാര്‍ സമരത്തെ തുടര്‍ന്ന് അച്ഛന്‍ എം. കെ. കൃഷ്ണന്‍ ഒളിവില്‍ പോയില്ലേ ?
അച്ഛന്‍ എം.കെ. കൃഷ്ണന്‍ കമ്യൂണിസ്റ്റായിരുന്നില്ല. എന്നാല്‍ വയലാര്‍ കലാപത്തിനും വെടിവയ്പ്പിനും ശേഷം അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ടുണ്ടായി. പൊലീസ് പിടിയിലാകാതിരിക്കാനാണ് അദ്ദേഹം ഒളിവില്‍ പോയത്. കലാപത്തിന്റെ തേങ്ങല്‍ അടങ്ങും മുന്‍പ് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും എതിരായി ജന്മികളുടെ ആളുകളില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനം ഉണ്ടായിക്കൊണ്ടിരുന്നു. അച്ഛന്‍ എം.കെ. കൃഷ്ണന്‍ പൊലീസിന് പിടികൊടുക്കാതിരിക്കാന്‍ ഒളിവിലാണ്. പാലക്കാട്, മലപ്പുറം പ്രദേശങ്ങളില്‍ ഒളിവില്‍ പോയ കൃഷ്ണന്‍ ഓട്ടുപിലാക്കല്‍ വേലുക്കുട്ടിയുടെ അതിഥിയായിക്കഴിഞ്ഞു.
ഓട്ടുപിലാക്കല്‍ വേലുക്കുട്ടി കാര്‍ട്ടൂണിസ്റ്റ് ഒ.വി. വിജയന്റെ പിതാവല്ലേ ?
അതെ. മലബാര്‍ റിസര്‍വ്വ് പൊലീസിലെ ഉദ്യോഗസ്ഥനായിരുന്ന വേലുക്കുട്ടി പ്രശസ്ത കാര്‍ട്ടൂണിസ്റ്റും സാഹിത്യകാരനുമായ ഒ.വി. വിജയന്റെ അച്ഛനാണ്. 1971 ല്‍ ലോക്‌സഭാംഗമായും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായും ഡല്‍ഹിയില്‍ കഴിയുന്ന എന്നോട് ഒരു ദിവസം ഒ.വി. വിജയന്‍ ഇങ്ങനെ പറഞ്ഞു: ‘വയലാറില്‍ എന്റെ അച്ഛന് ഒരു സുഹൃത്തുണ്ടായിരുന്നു. പേര് എം.കെ. കൃഷ്ണന്‍. അറിയുമോ അദ്ദേഹത്തെ?’ ഞാന്‍ വിജയനോട് പറഞ്ഞു, അതെന്റെ അച്ഛനാണ്.’
അമ്മ ദേവകീ ക്യഷ്ണന് കുറച്ച് കമ്മ്യൂണിസ്റ്റ് അനുഭാവം ഉണ്ടായിരുന്നോ ?
താഴ്ന്ന ജാതിക്കാരെ തെങ്ങില്‍ പിടിച്ചുകെട്ടി തല്ലും. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് അമ്മ ദേവകീ കൃഷ്ണന്‍ പലപ്പോഴും ജന്മികളുടെ ഗുണ്ടകള്‍ക്കെതിരെ രംഗത്തു വന്നു. നിയമപഠനം കഴിഞ്ഞെത്തിയ കെ.ആര്‍. ഗൗരിയമ്മയുടെ പിന്തുണയും സഹകരണവും ഇക്കാര്യത്തില്‍ ദേവകീ കൃഷ്ണനുണ്ടായിരുന്നു. വയലാര്‍ രക്തസാക്ഷിത്വ ദിനത്തിന്റെ ഒന്നാം വാര്‍ഷികം രാത്രിയില്‍ രഹസ്യമായിട്ടാണ് ആചരിച്ചത്. കുമാരപ്പണിക്കര്‍ ഒളിവിലാണ്. ആര്‍. സുഗതനും മറ്റും ജയിലിലും. വയലാറിലെ കടവുവരെ ടി.വി. തോമസ് ഒരു ഷെവര്‍ലെ കാറില്‍ എത്തിയത് ഞാന്‍ ഓര്‍ക്കുന്നു. 1950 ല്‍ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് കമ്യൂണിസ്റ്റ് നേതാക്കള്‍ പലരും തടവില്‍ കിടന്നുകൊണ്ടാണ് നേരിട്ടത്. സുഗതനും ടി.വി.യും, എം.എന്നും മറ്റും തിരുക്കൊച്ചി നിയമ സഭയിലേക്ക് എന്നിട്ടും തിരഞ്ഞെടുക്കപ്പെട്ടു. ജന്മിയായ അന്ത്രപ്പേര്‍ അന്ന് സ്ഥാനാര്‍ത്ഥിയായിരുന്നു. അയാള്‍ക്കെതിരെ കെ. ആര്‍ ഗൗരിയമ്മയെ നിര്‍ബന്ധിച്ച് കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചത് എന്റെ അമ്മ ദേവകീ ക്യഷ്ണനായിരുന്നു. പക്ഷെ ഗൗരിയമ്മ തോറ്റു.
കമ്മ്യൂണിസ്റ്റ് ജാഥകള്‍ക്ക് അമ്മ കരിങ്കൊടി കാണിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ ?
ഉണ്ടന്നേ… ഇല്ലെന്നാരേലും പറഞ്ഞോ… എന്റെ അമ്മ ദേവകി കമ്മ്യൂണിസ്റ്റ് അനുഭാവം ഉപേക്ഷിച്ചു. മഹിളാ കോണ്‍ഗ്രസിന്റെ നേതാവായി. കോണ്‍ഗ്രസ് ആശയങ്ങളിലേയ്ക്ക് മാറുകയും, പ്രസ്ഥാനത്തോട് കൂറ് പുലര്‍ത്തുകയും ചെയ്ത പ്രവര്‍ത്തക. ഞങ്ങളുടെ വീടിന് ചുറ്റിനും കമ്മ്യൂണിസ്റ്റുകളായിരുന്നു. അതുകൊണ്ട് ഏത് കമ്മ്യൂണിസ്റ്റ് ജാഥയും ഞങ്ങളുടെ വീടിന് മുന്നിലൂടെ പോകുമായിരുന്നു. ഞങ്ങളുടെ വീടിന് മുന്നിലെത്തിയാല്‍ മുദ്രാവാക്യം വിളിയുടെ ശക്തി കൂടും. ജാഥയുടെ വേഗത കുറയും. അമ്മ വീട്ടിലുണ്ടെങ്കില്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധം രേഖപ്പെടുത്തും. പക്ഷെ, പരസ്പരം ബഹുമാനമായിരുന്നു. ഏത് സഹായത്തിനും ഒന്നിക്കും.
(തുടരും…)
Content Summary: Interview with Congress leader Vayalar Ravi by Sudheer Nath
This post was last modified on October 27, 2025 5:06 pm
Leave a Comment