June 26, 2026 |

ഞാന്‍ ആരാണെന്ന് സാനു മാസ്റ്റര്‍ തിരിച്ചറിഞ്ഞു; മഹാരാജാസിലെ പ്രവേശന രഹസ്യം

ആര്‍ക്കും ഞാന്‍ ആരാണെന്ന് മനസിലായില്ല

കെ.എസ്.യുവിന്റെ ആദ്യകാല ജനറല്‍ സെക്രട്ടറിയും, കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സമുന്നത നേതാവുമായ വയലാര്‍ രവി തന്റെ കൗമാര, യൗവന കാലഘട്ടത്തിലെ സംഘടനാ പ്രവര്‍ത്തനങ്ങളെയും വിദ്യാഭ്യാസ ജീവിതത്തെയും ഓര്‍ത്തെടുക്കുന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ ചരിത്ര ക്ലാസില്‍ ചേര്‍ന്നതും, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയ പ്രമുഖരുമായുള്ള സൗഹൃദത്തിന്റെ തുടക്കവും വിശദമാക്കുന്ന അഭിമുഖത്തിന്റെ നാലാം ഭാഗം.

കെ.എസ്.യുവിന്റെ വളര്‍ച്ചയ്ക്ക് പോയപ്പോള്‍ തുടര്‍ വിദ്യാഭ്യാസം മറന്നു ?

ശരിയാണ്. സംഘടനയുടെ വളര്‍ച്ച മാത്രമായിരുന്നു ലക്ഷ്യം. കെ.എസ്.യുവിന്റെ ആദ്യ പ്രസിഡന്റായ ജോര്‍ജ് തരകന്‍ എറണാകുളം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ സെക്രട്ടറിയായ ഞാന്‍ സംസ്ഥാനമൊട്ടാകെ ഓടി നടന്നാണ് പ്രവര്‍ത്തിച്ചത്. കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് എല്ലാ ക്യാമ്പസുകളിലും കയറി ഇറങ്ങി കെ.എസ്.യുവിന്റെ പ്രവര്‍ത്തനം വ്യാപകമാക്കി. 1958 ഫെബ്രുവരിയില്‍ കൊല്ലത്തുവെച്ചാണ് കെ.എസ്.യുവിന്റെ ആദ്യസമ്മേളനം ചേരുന്നത്. കേന്ദ്രമന്ത്രി എ.എം. തോമസായിരുന്നു ഉദ്ഘാടകന്‍. ആര്‍ ശങ്കറടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കളും പങ്കെടുത്തു.

കോണ്‍ഗ്രസിന് അക്കാലത്ത് മറ്റൊരു വിദ്യാര്‍ത്ഥി സംഘടന ഉണ്ടായില്ലേ ?

കെ.എസ്.യു.വിന്റെ ആരംഭത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിദ്യാര്‍ത്ഥി പ്രസ്ഥാനമായി കെ.എസ്.യുവിനെ അംഗീകരിക്കാന്‍ പോലും അന്നത്തെ കെ.പി. സി.സി. നേതൃത്വം തയ്യാറായിരുന്നില്ല. വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് എന്ന പേരില്‍ മറ്റൊരു കോണ്‍ഗ്രസ് അനുകൂല സംഘടനയും അന്ന് കേരളത്തില്‍ ഉണ്ടായിരുന്നു. ഞാനും, എ.കെ. ആന്റണിയും, ഉമ്മന്‍ ചാണ്ടിയും, വി.എം. മോഹന്‍ദാസും, എ.സി. ജോസും, ജോര്‍ജ് തരകനും, സി. കെ. തങ്കപ്പനും, എ.സി. ഷണ്‍മുഖദാസും എല്ലാം ഉള്‍പ്പെടുന്ന ടീമിന്റെ കഠിനാധ്വാനം കേരളത്തിലെ വിദ്യാര്‍ത്ഥി രംഗത്ത് ചോദ്യം ചെയ്യപ്പെടാനാവാത്ത സ്വാധീനവും അംഗീകാരവും കെ.എസ്.യു. വിന് നേടിക്കൊടുത്തു.

ഇന്‍ഡിപ്പെന്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഉണ്ടായിരുന്നല്ലോ ?

മലബാറില്‍ ഇടത് വിരുദ്ധ സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയായിരുന്ന ഇന്‍ഡിപ്പെന്‍ഡന്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ഒ) ശക്തമായി വന്നിരുന്നു. പി.എസ്.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായിരുന്നു അത്. ഐ.എസ്.ഒയുടെ സംസ്ഥാന നേതാവ് കൊടുങ്ങലൂര്‍ സ്വദേശിയായ മുഹമ്മദാലിയായിരുന്നു. ഇടത് വിദ്യാര്‍ത്ഥി സംഘടന എസ്.എഫ് ആയിരുന്നു. എസ്.എഫ്.എല്ലായിടത്തും ഉണ്ടായിരുന്നു.

Also Read : കോണ്‍ഗ്രസ് ഓഫീസ് വരാന്തയില്‍ അന്തിയുറങ്ങിയ, എസ്.ഡി. കോളേജിലെ സമരപോരാളി

ഒരണ സമരമാണല്ലോ കെ.എസ്.യുവിനെ പ്രശസ്തമാക്കിയത്… അതേകുറിച്ച് പറയാമോ ?

കെ.എസ്.യു. രൂപീകരിച്ചതിന് തൊട്ടുപിന്നാലെ തന്നെയാണ് കുട്ടനാട്ടില്‍ ബോട്ട് യാത്ര നിരക്ക് വര്‍ധിപ്പിച്ച വാര്‍ത്ത പുറത്ത് വന്നത്. ഇ.എം.എസ്സ്. സര്‍ക്കാരിന്റെ ഭരണ നടപടികളിലൊന്നായിരുന്നു കുട്ടനാട്ടിലെ ജലഗതാഗത രംഗം ദേശസാത്കരിച്ചത്. ആലപ്പുഴ, കുട്ടനാട്, കോട്ടയം മേഖലയില്‍ ജനങ്ങള്‍ ഗതാഗതത്തിനായി കൂടുതലും ആശ്രയിച്ചിരുന്നത് ബോട്ടുകളേയായിരുന്നു. ബോട്ടുടമകളില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നതിനു മുമ്പ് ഉടമകള്‍ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് നിരക്കുകള്‍ നിശ്ചയിച്ചിരുന്നത്. ബോട്ടുടമകളുടെ ഈ നടപടികള്‍ അവസാനിപ്പിക്കാനും, ജനങ്ങള്‍ക്ക് ഏകീകരിച്ച് നിരക്കുകള്‍ ലഭ്യമാക്കാനും വേണ്ടിയാണ് സര്‍ക്കാര്‍ ബോട്ടു ഗതാഗതം ദേശസാല്‍ക്കരിക്കാന്‍ തീരുമാനിച്ചത്. ഏറ്റവും കുറഞ്ഞ തുക രണ്ട് അണയായി നിശ്ചയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം സൗജന്യവും അനുവദിച്ചു. നിരക്കുകളുടെ ഏകീകരണം വരുന്നതിനു മുമ്പ് വിദ്യാര്‍ത്ഥികള്‍ ദൂരത്തിനനുസരിച്ചുള്ള നിരക്ക് നല്‍കണമായിരുന്നു.

ബോട്ട് യാത്രക്കാരായ വിദ്യാര്‍ത്ഥികളാണ് അന്ന് ശക്തമായ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ നേത്യത്ത്വത്തില്‍ ഒരണ സമരത്തിന് ഇറങ്ങിയത്. കെ.എസ്.യു. ജനറല്‍ സെക്രട്ടറിയായ വയലാര്‍ രവി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോടൊപ്പം ചെന്ന് നില്‍ക്കും. കെ.എസ്.യു.വില്‍ അന്ന് കൂടുതല്‍ അണികള്‍ ഇല്ലായിരുന്നു.

അതിനെതിരെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് സമരം ചെയ്യുവാന്‍ കെ.എസ്.യു. തീരുമാനമെടുത്തു. 1958 ജൂലൈ 12ന് വിദ്യാര്‍ത്ഥികള്‍ സമരവുമായി ഇറങ്ങി. കുട്ടനാടന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോട്ടുടമകള്‍ നല്‍കിയിരുന്ന ഒരണ കണ്‍സഷന്‍ നിലനിര്‍ത്തണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ചമ്പക്കുളം നദിക്ക് കുറുകെ കയര്‍ വടം വലിച്ചുകെട്ടി ബോട്ടു ഗതാഗതം തടഞ്ഞുകൊണ്ടായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. ബോട്ടുഗതാഗതം തടസ്സപ്പെടുത്തിയതിന് ഇരുപതോളം വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ബോട്ട് തൊഴിലാളികള്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ തല്ലി ചതച്ചു. വയലാര്‍ രവിയുടെ നേത്യത്ത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും സംഘടിച്ച് സമരം ശക്തമാക്കി. ഒരണ സമരം എന്ന പേരില്‍ സമരം പ്രശസ്തമായി. ഒരണ സമരം ആലപ്പുഴയിലാണ് തുടങ്ങിയതെങ്കിലും അതിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ എറണാകുളത്തും സജീവമായിരുന്നു. വളരെയൊന്നും കേന്ദ്രീകൃത ആസൂത്രണമോ ഇല്ലായിരുന്നുവെങ്കിലും ആ സമരം കേരളത്തിന്റെ പല ഭാഗങ്ങളിലും പടര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം വേണ്ടിയുള്ള സമരമായി അത് മാറി.

സമരം ശക്തമായതോടെ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം നല്‍കേണ്ടിയും വന്നു. സര്‍ക്കാര്‍ വക ബസുകളിലും ബോട്ടുകളിലും സ്വകാര്യ ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യങ്ങള്‍ നടപ്പിലാക്കി. പില്‍ക്കാലത്ത് വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യങ്ങളില്‍ മാറ്റം വരുത്താന്‍ ഒരു സര്‍ക്കാരും മുതിര്‍ന്നിട്ടില്ല.

ഒരണ സമരത്തിന്റെ വിജയം കെ.എസ്.യുവിന്റെ വളര്‍ച്ചയ്ക്ക് മുഖ്യ കാരണമായി. അതിന് ശേഷം നടന്ന സമ്മേളനം എവിടെയായിരുന്നു ?

1959 ല്‍ എറണാകുളത്തുവെച്ചാണ് രണ്ടാം സംസ്ഥാന സമ്മേളനം നടന്നത്. തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ വെച്ച് പ്രതിനിധി സമ്മേളനവും പിന്നീട് രാജേന്ദ്ര മൈതാനിയില്‍ പൊതുസമ്മേളനവും നടന്നു. ആര്‍. വെങ്കിട്ടരാമനാണ് ഉദ്ഘാടനം ചെയ്തത്. അതില്‍ തീരുമാനിച്ച പ്രകാരമാണ് 1959 മെയ് മാസത്തില്‍ കുറവിലങ്ങാട് വെച്ച് സംസ്ഥാന ക്യാമ്പ് നടത്തിയത്. സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നടന്ന ക്യാമ്പ് ഒരാഴ്ച നീണ്ടു നിന്നു. പെണ്‍കുട്ടികള്‍ അടക്കം 200ഓളം വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ സമയവും പങ്കെടുത്തു.രണ്ട് സമ്മേളനങ്ങള്‍ നടത്തിയെങ്കിലും മിക്ക കെ.എസ്.യു നേതാക്കളും ആദ്യമായി പരസ്പരം കാണുന്നത് കുറവിലങ്ങാട് നടന്ന സംസ്ഥാന കെ.എസ്.യു ക്യാമ്പിലാണ്. കെ എം ചാണ്ടിയാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. എം എ ജോണ്‍ ക്യാമ്പിലെ ചുമതലക്കാരനായിരുന്നു. കോണ്‍ഗ്രസ് നേതാവും പില്‍ക്കാലത്ത് സ്പീക്കറുമായ എ. സി. ജോസും, ലീലാമ്മയും അന്നത്തെ ക്യാമ്പില്‍ പങ്കെടുത്തവരാണ്. ഇവരുടെ പ്രണയബന്ധത്തിന് തുടക്കവും അവിടെയാണ് എന്നും പറയാം. എ. സി. ജോസിന്റെ ജ്യേഷ്ഠന്‍ എ.സി. ജോര്‍ജ് അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ സജീവമായി രംഗത്തുണ്ട്. അന്നത്തെ ക്യാമ്പിന്റെ ഒരു പ്രത്യേകത അന്ന് പങ്കെടുത്ത എല്ലാവരും പിന്നീട് ആ സൗഹൃദം തുടര്‍ന്നു എന്നതാണ്.

എറണാകുളത്ത് മഹാരാജാസ് കോളേജില്‍ എങ്ങനെ എത്തപ്പെട്ടു ?

മാര്‍ക്ക് കുറവായതാണ് തുടര്‍ വിദ്യാഭ്യാസത്തിന് തടസമായത് എന്ന് മുന്‍പ് പറഞ്ഞല്ലോ. കോളേജില്‍ പഠിക്കണമെന്ന അതിയായ ആഗ്രഹമുണ്ട് താനും. സി.കെ. ഗോവിന്ദന്‍ നായരാണ് അന്ന് കെ.പി.സി.സി. പ്രസിഡന്റ്. കോണ്‍ഗ്രസാണ് കേരളം ഭരിക്കുന്നത്. തിരുവനന്തപുരത്ത് കെ.പി.സി.സി. ഓഫീസില്‍ പോയി ഞാന്‍ സി.കെ.ജിയോട് എനിക്കാരും അഡ്മിഷന്‍ തരുന്നില്ലെന്ന് പറഞ്ഞു. സി.കെ.ജി. അപ്പോള്‍ തന്നെ വിദ്യാഭ്യാസ മന്ത്രി ഉമ്മര്‍കോയയെ വിളിച്ചു. ‘എന്താ രവിക്ക് കോളേജില്‍ പ്രവേശനം കിട്ടാത്തത്. ഗെറ്റ് ഹിം അഡ്മിഷന്‍. നിയമപരമായ തടസങ്ങള്‍ നീക്കിയാണ് എനിക്ക് എറണാകുളം മഹാരാജാസ് കോളേജില്‍ പ്രവേശനം തരമാക്കിയത്. അങ്ങനെയാണ് ഞാന്‍ മഹാരാജാസ് കോളേജിലെത്തുന്നത്. 1960 ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ ബി.എ. ഹിസ്റ്ററി ക്ലാസില്‍ ചേര്‍ന്നു.

Also Read : ‘വള്ളത്തിലിരുന്ന് കരയിലെ വെടിയൊച്ചകള്‍ കേട്ടു, എന്റെ ഗ്രാമത്തിലെ മുന്നൂറോളം പേര്‍ മരിച്ചുവീണു’; വയലാര്‍ വെടിവയ്പ്പിന്റെ ഓര്‍മകളില്‍ വയലാര്‍ രവി

മഹാരാജാസിലെ തുടക്കം എങ്ങനെ ? രാഷ്ട്രീയ കാലാവസ്ഥ ?

മഹാരാജാസിലെത്തിയ ഞാന്‍ പ്രിന്‍സിപ്പല്‍ മാധവമേനോന്‍ സാറിനെ കണ്ടു. അദ്ദേഹത്തിന് എന്റെ വേഷം ഇഷ്ടമായെന്ന് തോന്നുന്നു. ഒരുപക്ഷേ എന്റെ ഖദര്‍ വേഷം കണ്ടിട്ടായിരിക്കാം. സയന്‍സ് ഗ്രൂപ്പുകാരനായിരുന്ന ഞാന്‍ ചരിത്രം പഠിക്കാന്‍ തീരുമാനിച്ചാണ് മഹാരാജാസിലെത്തിയത്. പ്രിന്‍സിപ്പല്‍ എന്നെ ചരിത്രവിഭാഗം തലവനായ പ്രൊഫ. പി.എസ്. വേലായുധന്‍ സാറിനടുത്തേക്കയച്ചു. രസകരമായ രണ്ട് ചോദ്യങ്ങളാണ് സാര്‍ ചോദിച്ചത്. എന്താ സയന്‍സുകാരന്‍ ചരിത്രം പഠിക്കുന്നതെന്നായിരുന്നു ആദ്യത്തെ ചോദ്യം. വായിച്ചാല്‍ എഴുതാന്‍ കഴിയുമെന്ന് തോന്നുന്നതു കൊണ്ടാണെന്നായിരുന്നു എന്റെ ലളിതമായ മറുപടി. ഒന്നു മൂളിയിട്ട് സാര്‍ വീണ്ടും ചോദിച്ചു: ‘എന്താ ഖദര്‍? രാഷ്ട്രീയമുണ്ടോ?’ ‘ഇല്ല, അങ്ങനെയൊന്നുമില്ല’ എന്ന എന്റെ മറുപടി നുണയായിരുന്നെന്ന് അദ്ദേഹത്തിന് മനസിലായില്ല.

മഹാരാജാസില്‍ വന്നത് രാഷ്ട്രീയവും പഠനവും ഒന്നിച്ച് കൊണ്ടുപോകണമെന്ന തീരുമാനത്തിലല്ലേ ?

രാഷ്ട്രീയവും പഠനവും ഒന്നിച്ച് കൊണ്ടുപോകണമെന്ന തീരുമാനത്തിലാണ് മഹാരാജാസില്‍ ചേര്‍ന്നത്. മുന്‍പ് മൂന്ന് വര്‍ഷം പഠനം തുടരാന്‍ സാധിക്കാതെ നഷ്ടമായിരുന്നല്ലോ… അത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. മഹാരാജാസിലെത്തിയ എന്റെ രേഖകളിലെ പേര് എം. കെ. രവീന്ദ്രന്‍ എന്നായിരുന്നു. കോളേജില്‍ ചേര്‍ന്ന ശേഷവും പെട്ടെന്ന് ആര്‍ക്കും ഞാന്‍ ആരാണെന്ന് മനസിലായില്ല. ക്ലാസില്‍ കഴിയുന്നത്ര സ്ഥിരമായി വരികയും ഇടക്കിടെ ക്ലാസ് കട്ട് ചെയ്യുകയും ചെയ്യുന്ന കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നു ഞാന്‍. വയലാര്‍ രവിയാണ് എം. കെ. രവീന്ദ്രനെന്ന് ആദ്യം തിരിച്ചറിഞ്ഞത് പ്രൊഫ. എം.കെ. സാനു മാസ്റ്ററാണ്. അദ്ദേഹം ഇക്കാര്യം ശാന്താറാം സാറിനോട് പറഞ്ഞു. ഒരു ദിവസം ഇംഗ്ലീഷ് ക്ലാസ് കഴിഞ്ഞിറങ്ങവെ അദ്ദേഹം എന്നെ പിടികൂടി. ‘യു ആര്‍ വയലാര്‍ രവി?’ ‘ഹു ടോള്‍ഡ് യു സര്‍’ എന്നായിരുന്നു എന്റെ മറുചോദ്യം. സാനു മാസ്റ്റര്‍ ടോള്‍ഡ് മീ, ആന്റ് യു ആര്‍ ദ ട്രബ്ള്‍ മേക്കര്‍?, ‘നോ സര്‍ അയാം ആന്‍ ഒബീഡിയന്റ് സ്റ്റുഡന്റ്’ എന്ന എന്റെ വിനയാന്വിതമായ മറുപടി കേട്ട് പ്രൊഫ. ശാന്താറാം ചിരിച്ചു. അങ്ങനെയായിരുന്നു മഹാരാജാസിലെ എന്റെ തുടക്കം.

മഹാരാജാസ് കോളേജിന്റെ പഴയകാല ചിത്രം

മഹാരാജാസിലെ ചരിത്രപഠനം ഒരു ചരിത്രം തന്നെ ആയിരുന്നല്ലേ ?

തീര്‍ച്ചയയും, മഹാരാജാസ് കോളേജിലെ പഠനം ചരിത്രം തന്നെയായിരുന്നു. കേരളത്തില്‍ ഏറ്റവും പ്രശസ്തവും അഭിമാനമുണര്‍ത്തുന്നതുമായ കലാലയമായിരുന്നു മഹാരാജാസ്. അവിടെ പഠിക്കുന്നു എന്നതില്‍ ഞാന്‍ ഏറെ അഭിമാനിച്ചിരുന്നു. സര്‍ക്കാര്‍ കോളേജായതിനാല്‍ മെറിറ്റില്‍ പ്രവേശനം ലഭിക്കുന്ന ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളാണ് മഹാരാജാസില്‍ എത്തിയിരുന്നത്. സയന്‍സ് പഠിച്ചിരുന്ന അന്നത്തെ വിദ്യാര്‍ത്ഥികളില്‍ പലരും ഉന്നതനിലയിലെത്തി. പിന്നീട് വിദേശത്ത് വച്ചും മറ്റും പലരെയും കണ്ടിട്ടുണ്ട്. ചിലരെ തേടിപ്പിടിച്ചും ഞാന്‍ കണ്ടെത്തി. ഇവരെല്ലാം ടി.വിയിലൂടെയും മറ്റും എന്റെ വളര്‍ച്ച അറിയുന്നുണ്ടായിരുന്നു.

ചരിത്ര ക്ലാസിലെ സഹപാഠികളാരൊക്കെയായിരുന്നു എന്ന് ഓര്‍ക്കുന്നേുണ്ടോ ?

ചരിത്ര ക്ലാസില്‍ എനിക്കൊപ്പം പിന്നീട് പാര്‍ലമെന്റ് അംഗമായ ഹരിദാസ്, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാനായ രാധാകൃഷ്ണന്‍, പ്രൊഫ. സി. ആര്‍. ആസാദ് തുടങ്ങിയവരുണ്ടായിരുന്നു. ഒരു കുടുംബം പോലെയാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്.

എ.കെ. ആന്റണിയും മറ്റും മഹാരാജാസില്‍ ഒരേ കാലഘട്ടത്തില്‍ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് ?

ശരിയാണ്. ഞാനും എ.കെ ആന്റണിയും ഒരേ കാലഘട്ടത്തില്‍ മഹാരാജാസില്‍ ഉണ്ടായിരുന്നു. കെ.എസ്.യു. രൂപം കൊള്ളുമ്പോള്‍ വയലാര്‍ സ്വദേശി കൂടിയായ എ.കെ. ആന്റണി ചേര്‍ത്തലയിലെ സ്‌കൂളില്‍ പഠിക്കുകയാണ്. സ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയാണ് അന്ന് എ.കെ ആന്റണി. 1959 എറണാകുളത്ത് മഹാരാജാസ് കോളേജില്‍ പഠിക്കാന്‍ വന്ന കാലം മുതലാണ് ഞാനുമായി എ. കെ. ആന്റണി സൗഹൃദത്തില്‍ ആകുന്നത്. ഇക്കണോമിക്‌സില്‍ വിദ്യാര്‍ത്ഥിയായാണ് എ.കെ. ആന്റണി വരുന്നത്. ഒപ്പം, വാസുദേവപ്പണിക്കരും ചേര്‍ന്നിരുന്നു. ബി.എ. മലയാളം ക്ലാസില്‍ വൈക്കം വിശ്വനെത്തി. പ്രൊഫ. ആന്റണി ഐസക്കും, ഡോ. സെബാസ്റ്റ്യന്‍ പോളും എന്റെ ജൂനിയര്‍മാരായിരുന്നു. സിനിമാ രംഗത്ത് ശ്രദ്ധേയനായ മോസസ് സഹപാഠിയാണ്. സി.ആര്‍. ആസാദ്, എസ്.ആര്‍. ശക്തിധരന്‍ എന്നിവരൊക്കെയായിരുന്നു മഹാരാജാസിലെ അന്നത്തെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍. കെ.എം. റോയ്, കബീര്‍, ആന്റണി ഐസക്ക്, പുരുഷോത്തമന്‍, ജമാല്‍, ജയറാം, സി. ഹരിദാസ്, രാമകൃഷ്ണന്‍ എന്നീ സഹപാഠികളെയും മഹാരാജാസില്‍ കൂട്ടുകാരായി ലഭിച്ചു.

പ്രശസ്തരായ ഗുരുക്കന്‍മാരും ഉണ്ടായിരുന്നു അല്ലേ ?

പ്രശസ്തരായ ഗുരുവര്യന്‍മാരുടെ ഒരു വന്‍നിര അക്കാലത്ത് മഹാരാജാസില്‍ ഉണ്ടായിരുന്നു. പ്രൊഫസര്‍ ശാന്താറാം, എം. അച്യുതന്‍, എം. കെ. സാനു, പി. എസ്. വേലായുധന്‍, ചന്ദ്രഹാസന്‍, ദേവസ്യ, ക്യഷ്ണന്‍ നായര്‍, മധ്കര്‍ റാവു, രാധാമണി ടീച്ചര്‍ ഇങ്ങനെ എത്രയോ പേര്‍…

മഹാരാജാസില്‍ പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ താമസം എവിടെയായിരുന്നു ?

എറണാകുളം കോസ്‌മോപോളിറ്റന്‍ ഹോസ്റ്റലിലാണ് ആദ്യം താമസിച്ചിരുന്നത്. എ.കെ. ആന്റണിയും കൂടെ ഉണ്ടായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഹോസ്റ്റലാണ്. 25% മറ്റുള്ളവര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നു. അന്നത്തെ പട്ടികജാതി പട്ടികവര്‍ഗ വികസന മന്ത്രി കെ മാധവന്‍ മാഷാണ് ഹോസ്റ്റലില്‍ പ്രവേശനം തരപ്പെടുത്തി തന്നത്. എറണാകുളം നോര്‍ത്തിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിലേയ്ക്ക് ഞങ്ങളുടെ താമസം മാറി. ഞങ്ങള്‍ നാലു പേരാണ്. എ. കെ ആന്റണി, എം. എ. ജോണ്‍, തോപ്പില്‍ രവി, പിന്നെ ഞാനും. ഞങ്ങളന്ന് ഒരുമിച്ചു ഭക്ഷണം ഉണ്ടാക്കി ജീവിക്കുന്ന കാലമാണ്. പിന്നീട് സെന്റ് ആല്‍ബര്‍ട്ട്‌സിനടുത്ത് സ്വന്തം ഓഫീസ് ഉണ്ടായപ്പോള്‍ അവിടേക്ക് മാറി.

Also Read : പുന്നപ്ര-വയലാര്‍ സമരം; കമ്യൂണിസത്തില്‍ നിന്ന് കോണ്‍ഗ്രസിലേക്ക്

Content Summary: Vayalar Ravi’s Maharaja’s college admission secret

Leave a Reply

Your email address will not be published. Required fields are marked *

×