മധുര അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി ജി.മുത്തുകുമാരന്‍ ഏപ്രില്‍ ഏഴിന് പുറപ്പെടുവിച്ച വിധി തമിഴ്‌നാട്ടില്‍ മാത്രമല്ല രാജ്യത്താകമാനം ചര്‍ച്ചയായിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവരെന്ന് കടമപ്പെട്ടിരിക്കുന്നവരാണ് പൊലീസുകാര്‍. അതേ പൊലീസുകാരില്‍ ഒമ്പത് പേര്‍ക്കാണ് മധുര കോടതി വധശിക്ഷ വിധിച്ചത്!
തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള സാത്താന്‍കുളത്ത് വ്യാപാരിയായ ജയരാജും മകന്‍ ബെനിക്‌സും പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട കേസിലാണ് പ്രതികളായ ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ വിധി. ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീധര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. ബാലകൃഷ്ണന്‍, പി. രഘു ഗണേഷ് എന്നിവരടക്കമുള്ള ഒന്‍പത് പേരാണ് കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്. കേസിലെ പത്താം പ്രതിയായിരുന്ന സ്പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ പാല്‍ദുരൈ വിചാരണാ വേളയില്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
പൊലീസ് സ്റ്റേഷനിലെ ഇരട്ടക്കൊല
2020 ജൂണിലെ ലോക്ക്ഡൗണ്‍ കാലത്താണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കട നിശ്ചിത സമയത്തിന് ശേഷം തുറന്നു പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് ജയരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിതാവിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ സ്റ്റേഷനിലെത്തിയ ബെനിക്‌സിനെയും പോലീസ് തടഞ്ഞുവെച്ചു. പോലീസിനോട് എങ്ങനെ പെരുമാറണമെന്ന് ‘പഠിപ്പിക്കാന്‍’ വേണ്ടിയാണ് ഇരുവരെയും അര്‍ധരാത്രി മുഴുവന്‍ സ്റ്റേഷനുള്ളില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചതെന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മര്‍ദ്ദനമേറ്റ് ശരീരത്തില്‍ നിന്ന് ഒഴുകിയ രക്തം അവരെക്കൊണ്ട് തന്നെ തുടപ്പിച്ചു എന്നും, തെളിവ് നശിപ്പിക്കാനായി സ്റ്റേഷന്‍ തറ കഴുകി വൃത്തിയാക്കാന്‍ ശുചീകരണ തൊഴിലാളിയെ നിയോഗിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മര്‍ദ്ദനത്തിന് ശേഷം അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രീതിയും ഏറെ വിവാദമായിരുന്നു. പരിക്കുകള്‍ പരിശോധിക്കാതെയും അവരുടെ മൊഴി നേരിട്ട് കേള്‍ക്കാതെയും വീടിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് കൈവീശി കാണിച്ച് മജിസ്ട്രേറ്റ് ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തിയത്. രക്തം വാര്‍ന്നൊഴുകുന്ന നിലയിലായിരുന്ന ഇരുവരെയും പിന്നീട് കോവില്‍പെട്ടി സബ് ജയിലിലേക്ക് മാറ്റി. ജൂണ്‍ 22-ന് ബെനിക്‌സും തൊട്ടടുത്ത ദിവസം ജയരാജും ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി.
ഈ കസ്റ്റഡി മരണങ്ങള്‍ തമിഴ്നാട്ടിലുടനീളം വലിയ ജനരോഷത്തിന് കാരണമായി. വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പോലീസിന്റെ ക്രൂരതയ്‌ക്കെതിരെ രംഗത്തെത്തി. മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഉത്തരവിടുകയും ചെയ്തു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാനും അന്വേഷണവുമായി സഹകരിക്കാതിരിക്കാനും പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും, സ്റ്റേഷനിലെ ഒരു വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ നല്‍കിയ നിര്‍ണ്ണായക മൊഴിയാണ് കേസില്‍ വഴിത്തിരിവായത്.
വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ നിയമം കൈയ്യിലെടുത്ത് നടത്തിയ ഈ ഇരട്ടക്കൊലപാതകം ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ’ കേസായി പരിഗണിച്ചാണ് കോടതി പരമാവധി ശിക്ഷ നല്‍കിയത്. കസ്റ്റഡി മര്‍ദ്ദനങ്ങള്‍ അദൃശ്യമായി തുടരുന്ന ഒരു വ്യവസ്ഥിതിക്ക് ഈ വിധി വലിയൊരു താക്കീതാകുമെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിന് ആറ് വര്‍ഷത്തിന് ശേഷം നീതി ലഭിച്ചുവെന്ന ആശ്വാസത്തിലാണ് ജയരാജിന്റെയും ബെനിക്‌സിന്റെയും കുടുംബം.
TamilNadu Sattankulam police station father son custodial death case all nine police personnel were sentenced to death