കേരള പൊലീസ് തന്റെ ജീവിതം ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയുമായി അലന്‍ ഷുഹൈബ്. പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തിലാണ് അലന്‍. സുപ്രീം കോടതി അടക്കം അലന്റെ ജാമ്യം ശരിവച്ചിരുന്നു. എന്‍ഐഎ കോടതിയില്‍ നിലവില്‍ വിചാരണ അവസാന ഘട്ടത്തിലാണ്. ജാമ്യവ്യവസ്ഥകള്‍ എല്ലാം പാലിക്കുമ്പോഴും, കേരളത്തിലെ ഭരണകൂടത്തിന്റെ പിന്തുണയോടെ പൊലീസ് ചെയ്യുന്നത് തൊഴിലെടുക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കല്‍ ആണെന്ന് അലന്‍ ഷുഹൈബ് പറയുന്നു.
നിരീക്ഷണത്തിന്റെ പേരിലാണ് പൊലീസിന്റെ പരിധികള്‍ ലംഘിച്ചുള്ള കടന്നു കയറ്റം എന്നാണ് അലന്‍ പറയുന്നത്. പൊലീസിന് മോണിറ്റര്‍ ചെയ്യാമെന്ന് ജാമ്യം നല്‍കുമ്പോള്‍ കോടതി പറഞ്ഞതാണ്. പക്ഷേ ആ നിരീക്ഷണം എവിടെ വരെ?’, അലന്‍ ചോദിക്കുന്നു. ഞാന്‍ താമസിക്കുന്ന ചുറ്റുപാടുകളില്‍ ചെന്ന് എന്നെ മറ്റുള്ളവര്‍ക്ക് മുന്നില്‍ കുറ്റവാളിയാക്കുകയാണ് പൊലീസ് ചെയ്യുന്നത്. എന്നെ കുറിച്ച് മോശമായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. ഇതൊക്കെ നിരീക്ഷണത്തിന്റെ ഭാഗമാണോ? അവന്‍ സമാധാനത്തോടെ ജീവിക്കേണ്ട എന്ന നിലപാട് എടുത്തതുപോലെയാണ് പൊലീസിന്റെ പ്രവര്‍ത്തികള്‍’ അലന്‍ പറയുന്നു.
അലന്‍ തുടരുന്നു; ‘ഇതെന്റെ കാര്യത്തില്‍ മാത്രം സംഭവിക്കുന്നതല്ല. എത്രയോ വര്‍ഷങ്ങളായി പല മനുഷ്യരും അനുഭവിക്കുന്നതാണ്. എന്നെ ഒരു കുറ്റവാളിയായി ചിത്രീകരിക്കുകയാണ്. ഞാന്‍ ഭയക്കേണ്ടവനും ഭീകരനാണെന്നുമൊക്കെ മറ്റുള്ളവര്‍ക്ക് മുന്നില്‍ സ്ഥാപിക്കുകയാണ്. അയല്‍വാസികള്‍, ഹൗസ് ഓണര്‍; അങ്ങനെ ഞാനുമായി ബന്ധപ്പെടുന്നവരെയെല്ലാം അവര്‍ തേടിച്ചെല്ലുന്നുണ്ട്.
കഴിഞ്ഞ ജനുവരി മുതല്‍, എറണാകുളത്ത് ഞാന്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ തൊട്ട് മുന്നില്‍ ഉള്ള വീട്ടിലും, സുഹൃത്തുക്കളുടെ റൂമിലും, കഴിഞ്ഞ മാസം താമസിച്ച വീട്ടിലും മഫ്തിയില്‍ ഉള്ള പോലീസുകാര്‍ പോവുകയും എന്നെ സൂക്ഷിക്കണം എന്നും ഞാന്‍ പ്രശ്‌നക്കാരന്‍ ആണെന്നും പറഞ്ഞ് ശല്യം ചെയുകയാണ്. തുടര്‍ന്ന് എന്നെ റൂമുകളില്‍ നിന്ന് ഇറക്കി വിടുകയോ, ആളുകളില്‍ നിന്ന് അകലം സൃഷ്ടിക്കുകയും ചെയ്തു. യുഎപിഎ കേസില്‍ പ്രതിയായ ഒരാള്‍ ഇവിടെ ജീവിക്കരുത് എന്ന തരത്തില്‍ ആണ് പിണറായി വിജയന്റെ പോലീസ് സമീപിക്കുന്നത്.
പൊലീസ് ചെയ്യുന്നത് എന്റെ സാമൂഹ്യ ജീവിതം നിഷേധിക്കലാണ്. എന്റെ പരിചയത്തിലുള്ളവര്‍ എന്നെ ഫോണ്‍ ചെയ്യുന്നുവെന്നതിന്റെയൊക്കെ പേരില്‍ അവരുടെ വീട്ടുകാരുടെ അടുത്ത് ചെന്ന് മോശം പറഞ്ഞുകൊടുക്കുന്നത് കഴിഞ്ഞ കുറേക്കാലമായി തുടരുകയാണ്.
ഒരുതരത്തില്‍ ഇപ്പോഴും അവര്‍ എന്നെ ജയില്‍ അടച്ചിരിക്കുകയാണ്. അഴികള്‍ ഇല്ലാത്ത ജയില്‍. ഇതെന്റെ കാര്യം മാത്രമല്ല, താഹ ഉള്‍പ്പെടെ പലരോടും ഇവര്‍ ഇതാണ് ചെയ്യുന്നത്’.
നിരീക്ഷിക്കാം, അപ്പോഴും ഒരു ചോദ്യമുണ്ട്, എന്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം? അലന്‍ ഉയര്‍ത്തുന്ന ചോദ്യമാണ്. ‘നിരോധിക്കപ്പെട്ട സംഘടനയില്‍ അംഗമാണെന്ന് പറയുന്ന ആരുമായാണ് ഞാന്‍ ബന്ധം പുലര്‍ത്തിയത്? എന്ത് പ്രവര്‍ത്തനമാണ് നടത്തിയത്? ഇത്തരത്തില്‍ പല ചോദ്യങ്ങള്‍ക്കും അവര്‍ ഉത്തരം നല്‍കേണ്ടതുണ്ട്. സര്‍ക്കാരിനെയോ പാര്‍ട്ടിയെയോ വിമര്‍ശിക്കുന്ന ഒരാളുമായി ഞാന്‍ സൗഹൃദം പുലര്‍ത്തുന്നു എന്നത് എങ്ങനെയാണ് തീവ്രവാദ പ്രവര്‍ത്തനമാകുന്നത്? അത് തീവ്രവാദ പ്രവര്‍ത്തനമാകാത്തിടത്തോളം പൊലീസിന് എങ്ങനെയാണ് എന്റെ സൈ്വര്യജീവിതത്തില്‍ ഇടപെടാന്‍ കഴിയുക? ഒരാളുടെ ജീവിതത്തിലേക്ക് പൊലീസിന് ഏത് നിലവരെ കടന്നു ചെല്ലാന്‍ പറ്റും? എന്താണ് സര്‍വൈലന്‍സ് കൊണ്ട് അര്‍ത്ഥമാക്കുന്നത്? പൗരന് സ്വകാര്യത സൂക്ഷിക്കാനുള്ള അവകാശമില്ലേ? ഈ ചോദ്യങ്ങളൊക്കെ മറുപടി കിട്ടേണ്ടവയാണ്’.
ഒരു സാധാരണ വീട്ടമ്മ, അവരുടെ അടുത്ത് ചെന്ന് പൊലീസുകാര്‍ എന്നെ കുറിച്ച് തിരക്കുന്നു. ആ വീട്ടമ്മ നല്ലത് പറയുമ്പോള്‍ പൊലീസ് അത് തിരുത്തിക്കാനാണ് നോക്കുന്നത്. അവന്‍ നല്ലവനല്ല, അവന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടുന്നുണ്ട്, അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞു കൊടുക്കുകയാണ്. ആ സ്ത്രീ എന്നെ കുറിച്ച് എന്തായിരിക്കും വിചാരിക്കുക?
ഞാന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്റ് ഇട്ടാല്‍, അതെന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ്. ഇങ്ങനെയൊരു കേസില്‍ ഉള്‍പ്പെട്ടു എന്നതുകൊണ്ട് എന്റെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതെ പോകുമോ?: അലന്‍ വീണ്ടും ഉയര്‍ത്തുന്ന ചോദ്യമാണ്.
പൊലീസിന്റെ പ്രവര്‍ത്തികള്‍ ഭരണകൂടത്തിന്റെ പിന്തുണയോടെയാണ്. സര്‍ക്കാരിന്റെ പോളിസിയാണ് പൊലീസ് നടപ്പാക്കുന്നതെന്ന് തന്നെയാണ് കരുതേണ്ടത്. സര്‍ക്കാര്‍ കൂടി ഇക്കാര്യത്തില്‍ നയം വ്യക്തമാക്കേണ്ടതുണ്ട് എന്നും അലന്‍ പറയുന്നു.
പൊലീസിന്റെ ശല്യം ചെയ്യലും അതിന്റെ പേരില്‍ ആളുകള്‍ ഭയന്ന് മാറി നടക്കുന്നതും എന്നെ മാനസികമായി ബാധിക്കുന്നുണ്ട്. ഒരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു എന്നത് കൊണ്ട് ഒരാളെ നിരന്തരം ശല്യം ചെയ്യുകയും ഒരാളെ പറ്റി അപവാദം പറഞ്ഞു പരത്തുക എന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല. കിടപ്പാടം ഇല്ലാത്ത അവസ്ഥയിലേക്കാണ് പോലീസ് എന്നെ തള്ളി വിടാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ നിയമ, സമര മാര്‍ഗത്തിലൂടെ മുന്നോട്ട് പോകാന്‍ ഞാന്‍ നിബന്ധിതമാകുമെന്നാണ് അലന്‍ പറഞ്ഞു നിര്‍ത്തുന്നത്. Pantheerankavu UAPA case: Allan Shuaib raises concerns over Kerala Police surveillance
Content Summary; Pantheerankavu UAPA case: Allan Shuaib raises concerns over Kerala Police surveillance
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.