ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വെള്ളിയാഴ്ച ( സെപ്റ്റംബർ 19) ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസായ ഐഫോൺ 17 ഇന്ത്യൻ വിപണിയിലെത്തിയത്. ഇതോടെ ആദ്യ ദിവസംതന്നെ പുതിയ ഫോൺ സ്വന്തമാക്കാൻ രാജ്യത്തെ ആപ്പിൾ ഷോറൂമുകളിലേക്ക് ജനം ഇടിച്ചു കയറി. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സ്, ഡൽഹി സാകേതിലെ സെലക്ട് സിറ്റിവാക്ക് മാൾ, ബെംഗളൂരു മാൾ ഓഫ് ഏഷ്യയിലെ ആപ്പിൾ ഹെബ്ബൽ സ്റ്റോർ എന്നിങ്ങനെ മൂന്ന് ഷോറൂമുകളിലും പുലർച്ചെമുതൽ നീണ്ട നിരയായിരുന്നു.
എന്നാൽ ഇനി പറയാൻ പോകുന്നത്, ഉയർന്ന വില കാരണം ഐഫോൺ ഇഎംഐ വഴി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെക്കുറിച്ചാണ്. ഇത്തരം ആളുകളെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക കെണിയാണ്. കാരണം ഇത്തരം ഓപ്ഷനുകൾക്ക് പിന്നിൽ നമ്മൾ ശ്രദ്ധിക്കാത്ത തരത്തിൽ പല തരം ചിലവുകളും മറഞ്ഞിരിക്കുന്നുണ്ട്. ഐഫോൺ ഇഎംഐയിൽ വാങ്ങുമ്പോൾ അത് ഒരു ‘കടക്കെണി’യായി മാറുമെന്നും, ഫോണിൻ്റെ മൂല്യം അതിവേഗം കുറയുമെന്നും ഇത് പിന്നീട് വലിയ സാമ്പത്തിക നഷ്ടത്തിനു കാരണമാകുമെന്നുമാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെ ഐഫോൺ 17-ൻ്റെ അടിസ്ഥാന മോഡലിന് ₹82,900 ആണ് വില. ഐഫോൺ 17 പ്രോയ്ക്ക് ₹1,34,900-ഉം, പ്രോ മാക്സിന് ₹1,49,900-ഉം വില വരും. സാധാരണക്കാരായ ഇന്ത്യക്കാരുടെ ഒരു മാസത്തെ ശമ്പളത്തേക്കാൾ കൂടുതലാണ് ഈ വിലകൾ. ഒരു ശരാശരി ഇന്ത്യക്കാരൻ്റെ ഒരു മാസത്തെ വരുമാനത്തിൻ്റെ 25 ശതമാനത്തോളം വരും അടിസ്ഥാന മോഡലിൻ്റെ വില. എന്നാൽ, യു.എസിൽ ഇത് ശമ്പളത്തിൻ്റെ ഏകദേശം 7 ശതമാനം മാത്രമാണ്. ഈ വില വ്യത്യാസം കാരണം, പലരും ഇഎംഐയെ ഒരു എളുപ്പമാർഗമായി കാണുന്നു.
ഇവിടെയാണ് ഇഎംഐ കെണിക്ക് സാധ്യതയേറുന്നത്. ഫോൺ പോലുള്ള ഉപഭോഗവസ്തുക്കൾക്ക് ഇഎംഐ തിരഞ്ഞെടുക്കുന്നത് ദോഷകരമാണ്. കാരണം, അവയുടെ മൂല്യം അതിവേഗം കുറയുന്നു. ഉദാഹരണത്തിന്, 24 മാസം ഇഎംഐയിൽ വാങ്ങുന്ന ഒരു ഫോണിന്, വായ്പയുടെ കാലാവധി കഴിയുമ്പോൾ നിങ്ങൾ അടച്ച പണത്തിൻ്റെ മൂല്യം ഉണ്ടാവില്ല. ഇത് ‘സങ്ക് കോസ്റ്റ്’ എന്ന സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുന്നു.
പലപ്പോഴും, ഒരു വർഷം കഴിയുമ്പോൾ ഫോണിൻ്റെ മൂല്യം പകുതിയായി കുറയുന്നു. ഇഎംഐ വഴി ഒരു ഫോൺ സ്വന്തമാക്കുമ്പോൾ, നിങ്ങൾ സ്വന്തമല്ലാത്ത ഒരു ഉൽപ്പന്നത്തിനാണ് പണം നൽകുന്നതെന്നും വിദഗ്ധർ പറയുന്നു. ആയതിനാൽ തന്നെ ഇക്കാര്യത്തിൽ സൂക്ഷ്മമായി പഠനം നടത്തിയതിന് ശേഷം മാത്രമേ സാധനങ്ങൾ വാങ്ങാവു. പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാതെ ഇരിക്കാനും ശ്രമിക്കുക. പുതിയ മോഡല്‍ ഫോണ്‍ വാങ്ങിയില്ലെങ്കിലും കുഴപ്പമില്ല. ഇഎംഐ കെണിയില്‍ വീഴാതിരിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.
content summary: iPhone EMI Trap: Why People Keep Paying for a Phone They No Longer Own
This post was last modified on September 20, 2025 4:20 pm
Leave a Comment