April 20, 2025 |
Share on

ഐഎപിഎല്‍ ഉദ്ഘാടനം; മാനം തെളിയുന്നു, ആരാധക മനസും

മഴ മാറി കളി നടന്നാല്‍ ഒരു ആക്ഷന്‍ പാക് പ്രകടനം തന്നെ ഈഡനില്‍ കാണാമെന്ന വിശ്വാസമാണ് കോടിക്കണക്കിന് ഐപിഎല്‍ പ്രേമികള്‍ക്കുള്ളത്

ആരാധകരുടെ മനസിന് ചെറിയൊരു ആശ്വാസം. കൊല്‍ക്കത്തയുടെ മാനം തെളിയുന്നു. വെള്ളിയാഴ്ച്ച രാത്രിയോടെ കൊല്‍ക്കത്തയില്‍ ശക്തമായി മാറിയ മഴയുടെ ഭീഷണിയിലാണ് ഐപിഎല്‍ ഉദ്ഘാടനം. തുടക്കം തന്നെ വെള്ളത്തിലാകുമെന്ന ഭയമാണ് എല്ലായിടത്തും. ഏറ്റവും ഒടുവിലത്തെ കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പ്രകാരം അന്തരീക്ഷം തെളിയുന്നുണ്ട്. ഉച്ചയോടെ സൂര്യനെ ആകാശത്ത് കണ്ടതോടെ പ്രതീക്ഷയിയേറിയിക്കുകയാണ്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും(കെകെആര്‍), റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ്(ആര്‍സിബി) ഉദ്ഘാടന മത്സരത്തില്‍ കണ്ടുമുട്ടുന്നത്. എന്നാല്‍ മൂടിക്കെട്ടിയ അന്തരീക്ഷം തന്നെയാണ് നഗരത്തെ വലയം ചെയ്തു നില്‍ക്കുന്നത്. ദിവസം മുഴുവന്‍ മഴ പെയ്യുമെന്നാണ് പ്രവചനം. ഇപ്പോഴത്തെ തെളിച്ചം മാറാതെ നിന്നാല്‍ മാത്രമാണ് 2025 സീസണ്‍ ആവശത്തോടെ ആരംഭിക്കാന്‍ കഴിയൂ. വൈകിട്ട് നാല് മണിയോടെ പുറത്തു വരുന്ന ചിത്രങ്ങള്‍ കാണിക്കുന്നത് തെളിഞ്ഞ ആകാശത്തിന്റെതാണ്.

ഗ്രൗണ്ട് പൂര്‍ണമായി മൂടിയിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിയോടെ വീണ്ടും മഴ തുടങ്ങിയതാണ് ആശങ്ക കൂട്ടിയത്. എന്നാല്‍ ഉച്ചയോടെ ആകാശം തെളിഞ്ഞു തുടങ്ങിയത് പ്രതീക്ഷയായി. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ട് തന്നെ പൂര്‍ണമായൊരു ആശ്വാസത്തിന് വകയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും ആകാശം തെളിഞ്ഞുതന്നെ നില്‍ക്കുകയാണ്. വൈകിട്ട് മഴയുണ്ടാകുന്ന പ്രവചനം ഫലിക്കരുതെന്ന ഒറ്റ പ്രാര്‍ത്ഥനയിലാണ് ആരാധകര്‍. നല്ലത് സംഭവിക്കട്ടെ എന്ന പ്രതീക്ഷയാണ് കെകെആര്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടിദാറും പങ്കുവച്ചത്. ഇത്തരം കാര്യങ്ങള്‍ മനുഷ്യന്റെ നിയന്ത്രണത്തില്‍ ഉള്ളതല്ലെന്നാണ് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചത്.

മഴ മാറി കളി നടന്നാല്‍ ഒരു ആക്ഷന്‍ പാക് പ്രകടനം തന്നെ ഈഡനില്‍ കാണാമെന്ന വിശ്വാസമാണ് കോടിക്കണക്കിന് ഐപിഎല്‍ പ്രേമികള്‍ക്കുള്ളത്. ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ തയ്യാറെടുത്തിരിക്കുന്ന കൊല്‍ക്കത്തയ്ക്ക് സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം കൂടിയുണ്ട്. അതേസമയം ഇത്തവണയെങ്കിലും കപ്പ് നേടണമെന്ന വാശിയിലാണ് ആര്‍സിബി. പുതിയ ക്യാപ്റ്റന്റെ കീഴിലാണ് ഈ സീസണില്‍ അവര്‍ ഇറങ്ങുന്നത്. വിരാട് കോഹ്‌ലിയില്‍ നിന്നും ടീമും ആരാധകരും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.

വെള്ളിയാഴ്ച്ച ഇരു ടീമുകളുടെയും പരിശീലനം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. കനത്തതായിരുന്നില്ലെങ്കിലും തുടര്‍ച്ചയായി പെയ്തതോടെയാണ് പരിശീലനം ഉപേക്ഷിക്കേണ്ടി വന്നത്. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും ചെറിയ തോതില്‍ മഴയുണ്ടായിരുന്നുവെങ്കിലും ടീമുകളുടെ പരിശീലനം മുടങ്ങിയിരുന്നില്ല. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ ദക്ഷിണ ബംഗാളില്‍ ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിക്കുന്നത്. ഞായറാഴ്ച്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുമെന്നാണ് വിവരം.

രാത്രി ഏഴ് മണിക്കാണ് ടോസ് ഇടുന്നത്. ടോസിന് മുമ്പായി ഗംഭീരമായ ഉത്ഘാടന പരിപാടികള്‍ നിശ്ചയിച്ചിട്ടുണ്ട്. 7.30 ന് മത്സരം ആരംഭിക്കും. ഇത്തവണ മുതല്‍ ലീഗ് മത്സരങ്ങളില്‍ ചില നിയമങ്ങള്‍ പുനക്രമീകരിച്ചിട്ടുണ്ട്. മഴയോ മറ്റ് കാരണങ്ങളോ കൊണ്ട് മത്സരം വൈകുകയാണെങ്കില്‍ ഒരു മണിക്കൂര്‍ സമയം നീട്ടിക്കൊടുക്കും. അഞ്ച് ഓവര്‍ വീതം മത്സരം ചുരുക്കേണ്ടി വന്നാല്‍ രാത്രി 12 മണിക്ക് അപ്പുറത്തേക്ക് നീളാന്‍ അനുവാദമില്ല. മഴയോ മറ്റു കാരണങ്ങള്‍ കൊണ്ടോ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ ഓരോ ടീമിനും ഒരു പോയിന്റ് വീതം നല്‍കും.  IPL 2025, Kolkata weather updates, good news for KKR-RCB inaugural match 

Content Summary; IPL 2025, Kolkata weather updates, good news for KKR-RCB inaugural match

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×