സ്വിറ്റ്‌സര്‍ലന്‍ഡ് ചര്‍ച്ചയില്‍ നിര്‍ണായക മുന്നേറ്റം.യുഎന്‍ ആണവ പരിശോധകര്‍ക്ക് രാജ്യത്തേക്ക് തിരികെ പ്രവേശനം നല്‍കാന്‍ ഇറാന്‍ സമ്മതിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് അറിയിച്ചു. ഇറാനുമേലുള്ള എണ്ണ കയറ്റുമതി ഉപരോധങ്ങള്‍ പിന്‍വലിക്കാമെന്നും, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാമെന്നുള്ള ധാരണകള്‍ക്ക് പിന്നാലെയാണ് ഇറാന്റെ ഭാഗത്ത് നിന്നും ഏറെ പ്രസക്തായ തീരുമാനം വന്നിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്ക് റിസോര്‍ട്ടില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന 18 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ വലിയൊരു വഴിത്തിരിവായേക്കാവുന്ന ഈ പുരോഗതി ഉണ്ടായത്.
കഴിഞ്ഞ വര്‍ഷം ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി സഹകരിക്കുന്നത് ടെഹ്‌റാന്‍ നിര്‍ത്തിവെച്ചത്. തങ്ങളുടെ ആണവ പദ്ധതി ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന് ഇറാന്‍ ആവര്‍ത്തിക്കുമ്പോഴും, പുതിയ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സ്വതന്ത്ര ആണവ നിരീക്ഷണം പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് യുഎസ് പ്രതീക്ഷിക്കുന്നത്. ഇറാന്റെ ആണവ സത്യസന്ധത ഉറപ്പാക്കാന്‍ അവര്‍ പ്രധാന ആയുധ പരിശോധനകള്‍ക്ക് തയ്യാറാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. എന്നാല്‍, ഇറാന്‍ കരാര്‍ പാലിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്.
അതേസമയം, കൂടുതല്‍ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറായാല്‍ ആഭ്യന്തരമായി തിരിച്ചടി നേരിടുമെന്ന് ഭയക്കുന്ന ഇറാന്‍ ഭരണകൂടം, തങ്ങളുടെ ആണവ പദ്ധതിയില്‍ പുതിയ വിട്ടുവീഴ്ചകളൊന്നും നടത്തിയിട്ടില്ലെന്നാണ് ഔദ്യോഗികമായി വ്യക്തമാക്കുന്നത്. ചര്‍ച്ചകളുടെ ആത്യന്തികമായ ഫലം രാജ്യത്തെ രാഷ്ട്രീയ-സൈനിക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതിയുടെ അംഗീകാരത്തിന് വിധേയമായിരിക്കുമെന്നും അവര്‍ അറിയിച്ചു. ചര്‍ച്ചകളുടെ അടുത്ത ഘട്ടമെന്നോണം, കരാറിന്റെ വിശദമായ കാര്യങ്ങള്‍ പരിശോധിക്കാനും നടപ്പിലാക്കാനുമായി ഖത്തര്‍, പാകിസ്ഥാന്‍ എന്നീ മധ്യസ്ഥ രാജ്യങ്ങളുടെയും ഇരുപക്ഷത്തെയും സാങ്കേതിക വിദഗ്ധരുടെയും പങ്കാളിത്തത്തോടെയുള്ള ഉപസമിതികള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കും. അടുത്ത രണ്ട് മാസത്തിനുള്ളില്‍ സമഗ്രമായ ഒരു സമാധാന കരാറിലെത്താനാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്.
ഈ ധാരണ പ്രകാരം ഇറാന്റെ എണ്ണ, പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കുള്ള ഉപരോധം 60 ദിവസത്തേക്ക് നീക്കുന്നതിനുള്ള താല്‍ക്കാലിക ഇളവ് നല്‍കാന്‍ യുഎസ് ട്രഷറി തയ്യാറെടുക്കുകയാണ്. ഇതോടെ ചൈന ഉള്‍പ്പെടെയുള്ള തങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍ക്ക് എണ്ണ വില്‍ക്കാനും ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാനും ഇറാന് സാധിക്കും. കൂടാതെ യുഎസ് ഉപരോധങ്ങള്‍ കാരണം ഖത്തറിലെ ബാങ്കുകളില്‍ മരവിപ്പിച്ചു നിര്‍ത്തിയിരുന്ന ഇറാന്റെ ആസ്തികള്‍ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഈ തുക അമേരിക്കന്‍ കര്‍ഷകരില്‍ നിന്ന് സോയാബീന്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ ഇറാന്‍ ഉപയോഗിക്കണമെന്നാണ് യുഎസ് മുന്നോട്ടുവെക്കുന്ന വ്യവസ്ഥ. ഈ സാമ്പത്തിക ഇളവുകള്‍ ഇറാന്റെ ആഭ്യന്തര വിപണിയിലെ കടുത്ത പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
ലബനനിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതിനായി വാഷിംഗ്ടണ്‍, ടെഹ്‌റാന്‍, ബെയ്‌റൂട്ട് എന്നിവരെ ഉള്‍പ്പെടുത്തി ഒരു പുതിയ ആശയവിനിമയ സംവിധാനവും രൂപീകരിച്ചിട്ടുണ്ട്. ലബനനിലെ വെടിനിര്‍ത്തല്‍ ഇറാന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. എന്നാല്‍ ഈ സമിതിയില്‍ ഇസ്രയേലോ ഹിസ്ബുള്ളയോ നേരിട്ട് പങ്കാളികളാകുന്നില്ല. അതേസമയം, ലബനനിലെ തങ്ങളുടെ സൈനിക നടപടികള്‍ തുടരുമെന്നും പൗരന്മാരുടെയും സൈന്യത്തിന്റെയും സുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച ഡൊണാള്‍ഡ് ട്രംപ് നടത്തിയ ചില കടുത്ത പ്രസ്താവനകളും ഭീഷണികളും കാരണം ചര്‍ച്ചകള്‍ തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നു. ലബനനിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ വീണ്ടും ഉപരോധം പ്രഖ്യാപിച്ചതായിരുന്നു ട്രംപിനെ ചൊടിപ്പിച്ചത്. കടലിടുക്ക് അടച്ചാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയെങ്കിലും, വൈസ് പ്രസിഡന്റ് വാന്‍സിന്റെ നയതന്ത്രപരമായ ഇടപെടലിലൂടെ ചര്‍ച്ചകള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചു. ചര്‍ച്ചകള്‍ക്ക് പിന്നാലെ തിങ്കളാഴ്ചയോടെ ഹോര്‍മുസ് കടലിടുക്കിലൂടെ ഖത്തറിന്റെ എല്‍.എന്‍.ജി ടാങ്കറുകളും ഇറാഖിലേക്ക് പോകുന്ന സൂപ്പര്‍ടാങ്കറുകളും ഉള്‍പ്പെടെയുള്ള കപ്പലുകളുടെ ഗതാഗതം പുനരാരംഭിച്ചതായാണ് സൂചനകള്‍. വരും ദിവസങ്ങളില്‍ ലബനനിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ പൂര്‍ണ്ണമായി അവസാനിക്കുമോ എന്നതാണ് ഈ സമാധാന കരാറിന്റെ ആത്യന്തികമായ വിജയത്തെ നിര്‍ണ്ണയിക്കുക.
Content Summary; Iran agrees to allow UN nuclear inspectors back as the US prepares to lift oil sanctions and reopen the Strait of Hormuz following high-level peace talks in Switzerland
This post was last modified on June 23, 2026 8:55 am
Leave a Comment