June 23, 2026 |
Share on

‘മറക്കാതെ മിനാബും 168 ജീവനുകളും’

ബെല്‍ജിയത്തെ സമനിലയില്‍ തളച്ചശേഷം ലോകത്തെ കണ്ണീരണിയിച്ച് ഇറാന്റെ ലോക്കര്‍ റൂം സന്ദേശം

ലോകകപ്പ് കളിക്കുന്ന ടീമുകളില്‍ ഇറാനോളം സമ്മര്‍ദ്ദവും വൈകാരികതയും അനുഭവിക്കുന്ന മറ്റാരും കാണില്ല. അവര്‍ തങ്ങളുടെ മത്സരത്തിനായി എത്തിയിരിക്കുന്നതാകട്ടെ, തങ്ങളെ ശത്രുക്കളായി കാണുന്ന, യുദ്ധം ചെയ്യുന്ന ഒരു രാജ്യത്തും. എന്നാല്‍ കളിക്കളത്തില്‍ മറ്റെല്ലാം മറന്നാണ് ഇറാന്റെ 11 കളിക്കാരും മാതൃരാജ്യത്തിനായി പൊരുതുന്നത്. ആ പൊരുതലില്‍ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് അവര്‍ കുറിച്ചു. ഗ്രൂപ്പിലെ കരുത്തരായ ബെല്‍ജിയത്തെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. എന്നാല്‍ ഈ മത്സര ഫലം കൊണ്ടല്ല, മത്സരശേഷം ഇറാന്‍ ടീമിന്റെ മറ്റൊരു പ്രവര്‍ത്തിയിലൂടെയാണ് ലോകം അവര്‍ക്കായി കൈയടിക്കുന്നത്.

ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം, സ്റ്റേഡിയം വിടുന്നതിന് മുന്‍പ് ഡ്രെസ്സിംഗ് റൂമിലെ ഒരു പോസ്റ്റ്-ഇറ്റ് നോട്ട്പാഡില്‍ ഇറാന്‍ താരങ്ങള്‍ ലോകത്തിനായി കുറിച്ച സന്ദേശം കായികലോകത്തെയാകെ കണ്ണീരിലാഴ്ത്തുകയാണ്. ആയിരക്കണക്കിന് വര്‍ഷം മുന്‍പുള്ള പുരാതന പേര്‍ഷ്യ മുതല്‍ ഇന്നത്തെ സിവിലൈസ്ഡ് ഇറാന്‍ വരെ, ഇറാന്റെ ആത്മാവ് സജീവവും ദൃഢവുമായി നിലനില്‍ക്കുന്നുവെന്നും, അഭിമാനത്തോടെ ലോസ് ആഞ്ചലസില്‍ വന്ന്, അന്തസ്സോടെ പോരാടി, മാന്യതയോടെ മടങ്ങുന്നുവെന്നുമാണ് നീല മഷിയില്‍ അവര്‍ ആ വെള്ളക്കടലാസില്‍ എഴുതിയത്.

അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തിയ സൈനിക ആക്രമണങ്ങള്‍ക്ക് ശേഷം, ലോകകപ്പ് ചരിത്രത്തില്‍ ഒരു ആതിഥേയ രാജ്യവുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന അവസ്ഥയില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യ ടീമാണ് ഇറാന്‍. കടുത്ത യാത്രാവിലക്കുകള്‍ കാരണം മെക്‌സിക്കോയിലെ ടിജുവാന ബേസ് ക്യാമ്പാക്കിയാണ് ഇറാന്‍ ടീം നിലവില്‍ പരിശീലിക്കുന്നത്. മത്സരത്തിന് കേവലം 48 മണിക്കൂര്‍ മുന്‍പ് മാത്രമാണ് യു.എസിലേക്ക് പ്രവേശിക്കാന്‍ താരങ്ങള്‍ക്ക് അനുമതി ലഭിക്കുന്നത്. ഇത് തങ്ങളുടെ ലോകകപ്പ് തയ്യാറെടുപ്പുകളെ കടുത്ത രീതിയില്‍ ബാധിച്ചതായി ഇറാന്റെ പരിശീലകന്‍ അമീര്‍ ഗാലെനോയി കഴിഞ്ഞ ദിവസവും പരാതിപ്പെട്ടിരുന്നു. വിസ നല്‍കുന്നതിലെ അനിശ്ചിതത്വവും, ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റും മുന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡറുമായ മെഹ്ദി താജ് ഉള്‍പ്പെടെയുള്ള പ്രമുഖ ഒഫീഷ്യലുകള്‍ക്ക് യു.എസ് വിസ നിഷേധിച്ചതും ടീമിനെ കടുത്ത സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു. മെഹ്ദി താജ് ഒളിച്ചുകടക്കാന്‍ ശ്രമിച്ചെന്ന യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ ആരോപണം ഇറാന്‍ ഫെഡറേഷന്‍ ശക്തമായി നിഷേധിക്കുകയും ചെയ്തു.

ഇറാന് പുറത്ത് ഏറ്റവും കൂടുതല്‍ ഇറാനിയന്‍ പ്രവാസികള്‍ താമസിക്കുന്ന നഗരമാണ് ലോസ് ആഞ്ചലസ്. അതിനാല്‍ തന്നെ സ്റ്റേഡിയത്തിന് പുറത്ത് ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളും, ദേശീയഗാനം ആലപിച്ചപ്പോള്‍ ഗാലറിയില്‍ നിന്ന് ചില കൂവലുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ കളി ആരംഭിച്ചതോടെ സ്റ്റേഡിയം ഇറാന്റെ ഹോം ഗ്രൗണ്ടായി മാറുന്നതാണ് കണ്ടത്. ബെല്‍ജിയത്തിന്റെ ഓരോ മുന്നേറ്റങ്ങളെയും ഇറാന്‍ ഗോള്‍കീപ്പര്‍ അലിറേസ ബെയ്റാന്‍വന്ദ് തടയുമ്പോള്‍ ലോകകപ്പ് കിരീടം നേടിയത് പോലെയുള്ള ആവേശമാണ് ഗാലറിയില്‍ അലയടിച്ചത്. തങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ താരം, ആദ്യ രണ്ട് മത്സരങ്ങളിലെ 180 മിനിറ്റും തങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ ഓരോ ഇറാനിക്കും നന്ദി രേഖപ്പെടുത്തി.

എന്നാല്‍ ഈ കളിയിലെ നേട്ടങ്ങള്‍ക്കിടയിലും ജന്മനാട്ടിലെ യുദ്ധത്തിന്റെ മുറിവുകള്‍ ടീം മറന്നില്ല. അവര്‍ എഴുതിയ കുറിപ്പിലെ വരികള്‍ക്കിടയില്‍ ചുവന്ന മഷിയില്‍ ‘168’, ‘മിനാബ്’ എന്ന് പ്രത്യേകം അടയാളപ്പെടുത്തിയിരുന്നു. യുദ്ധത്തിന്റെ തുടക്കത്തില്‍ മിനാബ് നഗരത്തിലെ സ്‌കൂളില്‍ മിസൈല്‍ പതിച്ച് കൊല്ലപ്പെട്ട 168 കുരുന്നുകളുടെ ഓര്‍മ്മ പുതുക്കലായിരുന്നു അത്. എല്ലാ രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനവും ബഹുമാനവും സൗഹൃദവും നിലനില്‍ക്കട്ടെ എന്ന് ആശംസിച്ചാണ് കത്ത് അവസാനിക്കുന്നത്.

നിലവില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രഖ്യാപിക്കപ്പെട്ട സമാധാന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍, ഇറാന് വെള്ളിയാഴ്ച സിയാറ്റിലില്‍ നടക്കുന്ന അടുത്ത മത്സരത്തിനായി നേരത്തെ തന്നെ യു.എസില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചേക്കുമെന്നാണ് കോച്ച് നല്‍കുന്ന സൂചന. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഇറാന്‍, ഈജിപ്തിനെതിരെയുള്ള അടുത്ത മത്സരത്തില്‍ അനുകൂല ഫലം നേടിയാല്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. വരും ഘട്ടങ്ങളില്‍ അമേരിക്കയുമായി തന്നെ ഇറാന്‍ നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. നിര്‍ണ്ണായകമായ ഈ സമാധാന ശ്രമങ്ങള്‍ക്കിടയിലും രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ പുകയുന്ന പശ്ചാത്തലത്തില്‍ പശ്ചിമേഷ്യ ഉറ്റുനോക്കുന്ന ഒന്നായി മാറുകയാണ് ഇറാന്റെ ഈ ലോകകപ്പ് പോരാട്ടം.

Content Summary; Iran holds group favorite Belgium to a historic 0-0 draw at the World Cup in LA, leaving an emotional locker room note remembering the victims of war.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×