ഹിസ്ബുള്ളയ്ക്ക് വേണ്ടി ഇസ്രയേലിനെതിരെ; ആത്മവിശ്വാസം വീണ്ടെടുത്ത് ഇറാന്‍

വിലയിരുത്തലുകള്‍ തിരുത്തിക്കുറിക്കുകയാണ് ഇറാന്‍, സമാധാന കരാര്‍ ചര്‍ച്ചകളിലും ഇത് പ്രതിഫലിക്കാം

Iran strike against Israel

ലെബനനില്‍ ഹിസ്ബുള്ളയ്ക്ക് എതിരേ നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികാരമെന്നോണമാണ് കഴിഞ്ഞ രാത്രിയില്‍ ഇസ്രയേലിലേക്ക് ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നത്തിയത്. ഈ ആക്രമണങ്ങളെ ഇസ്രയേല്‍ വിജയകരമായി പ്രതിരോധിച്ചിരുന്നു. സൈനികപരമായി വലിയ ചലനങ്ങളൊന്നും ഉണ്ടാക്കാത്ത സംഭവമായിരുന്നുവെങ്കിലും ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം വളരെ വലുതാണെന്നാണ് ആഗോള നിരീക്ഷകര്‍ പറയുന്നത്.

മുന്‍കാലങ്ങളില്‍ ഇറാന്‍ ഇസ്രായേലിനെതിരെ നേരിട്ട് നടത്തിയിട്ടുള്ള ആക്രമണങ്ങളെല്ലാം തന്നെ തങ്ങളുടെ സ്വന്തം മണ്ണിലോ, സൈനിക കമാന്‍ഡര്‍മാര്‍ക്ക് നേരെയോ ഉണ്ടായ പ്രകോപനങ്ങള്‍ക്കുള്ള പ്രതികാരമായിരുന്നു. എന്നാല്‍ ഇത്തവണ തങ്ങളുടെ പ്രാദേശിക സഖ്യകക്ഷിയായ ഹിസ്ബുള്ളയുടെ ബെയ്‌റൂട്ടിലെ കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനാണ് ഇറാന്‍ നേരിട്ട് തിരിച്ചടി നല്‍കിയത്. തിങ്കളാഴ്ചയോടെ ആക്രമണങ്ങള്‍ അവസാനിപ്പിച്ചതായി ഇറാന്‍ സൈന്യം വ്യക്തമാക്കിയെങ്കിലും, ഇസ്രയേലിന്റെ ശക്തമായ സൈനിക തിരിച്ചടിയും യുഎസുമായുള്ള സമാധാന ചര്‍ച്ചകളുടെ ഭാവിയും പണയപ്പെടുത്തിക്കൊണ്ട് ഇത്തരമൊരു നീക്കത്തിന് ഇറാന്‍ മുതിര്‍ന്നത് എന്തുകൊണ്ടെന്ന ചോദ്യം ആഗോളതലത്തില്‍ ഉയരുന്നുണ്ട്.

കഴിഞ്ഞ മാസങ്ങളിലെല്ലാം നേരിടേണ്ടി വന്ന യുദ്ധസമാനമായ സാഹചര്യങ്ങള്‍ക്കൊടുവിലും തങ്ങളുടെ സൈനിക നില ഭദ്രമാണെന്ന ഇറാന്‍ ഭരണകൂടത്തിന്റെ ആത്മവിശ്വാസമാണ് ഈ ആക്രമണത്തിന് പിന്നിലെ പ്രധാന കാരണമായി പറയുന്നത്. ഇസ്രയേലിന്റെയും അമേരിക്കയുടെയും കടുത്ത സൈനിക സമ്മര്‍ദ്ദങ്ങള്‍, കനത്ത സാമ്പത്തിക ഉപരോധങ്ങള്‍, യുഎസ് നാവികസേനയുടെ ഉപരോധം എന്നിവയെയെല്ലാം അതിജീവിച്ച് ഇറാന്റെ ഭരണകൂടവും സുരക്ഷാ സംവിധാനങ്ങളും തകരാതെ നിലനില്‍ക്കുകയാണെന്നു വേണം അനുമാനിക്കാന്‍. ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്ന എതിരാളികളുടെ പ്രവചനങ്ങളും ഫലവത്തായില്ലെന്നതും കാണണം. തങ്ങള്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെ അതിജീവിച്ചുവെന്ന ഈ അനുഭവം ടെഹ്റാനിന്റെ കണക്കുകൂട്ടലുകളെ പൂര്‍ണ്ണമായി മാറ്റിമറിച്ചിരിക്കുകയാണ്. ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന ഒരു ദുര്‍ബല രാജ്യമല്ല തങ്ങളെന്നും, പുതിയ ലക്ഷ്മണരേഖകള്‍ വരയ്ക്കാന്‍ കെല്‍പ്പുള്ള ശക്തിയാണെന്നും ഇറാന്‍ കരുതുന്നു.

തങ്ങളുടെ സഖ്യകക്ഷികള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ ഇറാന് നേരെയുള്ള ആക്രമണമായിത്തന്നെ കണക്കാക്കുമെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ നീക്കത്തിലൂടെ അവര്‍ നല്‍കുന്നത്. ഹിസ്ബുള്ള, ഇറാഖി മിലിഷ്യകള്‍ തുടങ്ങിയ ‘ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സ്’ സഖ്യങ്ങള്‍ക്കിടയില്‍ ഇറാന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ ഈ ഇടപെടല്‍ അത്യന്താപേക്ഷിതമായിരുന്നു. കൂടാതെ, മേഖലയിലെ അമേരിക്കന്‍-ഇസ്രയേല്‍ സഖ്യകക്ഷികള്‍ക്കുള്ള ഒരു രാഷ്ട്രീയ സന്ദേശം കൂടിയായിരുന്നു ഈ ആക്രമണം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി ഒരു ഉടമ്പടിക്ക് സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച സാഹചര്യത്തിലാണ് ഈ ആക്രമണം നടന്നത് എന്നത് ശ്രദ്ധേയമാണ്. സൈനിക കരുത്ത് പ്രകടിപ്പിക്കുന്നത് ചര്‍ച്ചകളില്‍ തങ്ങളുടെ നിലപാട് കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്നാണ് ഇറാന്റെ വിലയിരുത്തല്‍. സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും, തങ്ങള്‍ക്ക് മുന്‍പില്‍ സൈനിക ബദലുകള്‍ ഇപ്പോഴും തുറന്നുകിടക്കുന്നുണ്ടെന്ന് വാഷിംഗ്ടണിനെയും ഇസ്രയേലിനെയും ഓര്‍മ്മിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്.

ഈ വിഷയത്തില്‍ ഇറാനിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഭിന്നമായ പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ലെബനനെ സംരക്ഷിക്കാന്‍ ഇറാന്‍ യുദ്ധത്തില്‍ പങ്കാളിയായത് ശരിയായ നടപടിയാണെന്ന് ഒരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടുമാസമായി ദക്ഷിണ ഇറാന്റെ അതിര്‍ത്തികളില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തിയിട്ടും ശക്തമായ പ്രതികരണം നല്‍കാതിരുന്ന ഭരണകൂടം, ദക്ഷിണ ഇറാനേക്കാള്‍ പ്രാധാന്യം ദക്ഷിണ ലെബനന് നല്‍കുന്നുണ്ടോ എന്ന് മറ്റൊരു വിഭാഗം ചോദിക്കുന്നതായി ബിബിസി പേര്‍ഷ്യന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധം വീണ്ടും ആരംഭിച്ചതിലുള്ള കടുത്ത ആശങ്ക ഭൂരിഭാഗം ജനങ്ങളും പങ്കുവെക്കുമ്പോള്‍ തന്നെ, ഇത് ഒരു പൂര്‍ണ്ണ യുദ്ധത്തിലേക്ക് വഴിമാറില്ലെന്ന് കരുതുന്നവരുമുണ്ട്. അമേരിക്ക നേരിട്ടൊരു യുദ്ധത്തിന് താല്പര്യപ്പെടുന്നില്ലെന്ന് ഇറാനറിയാമെന്നും, ഇത് തങ്ങളുടെ അണികളെ തൃപ്തിപ്പെടുത്താനുള്ള വെറും ഒരു പ്രചാരണം മാത്രമാണെന്നും ചിലര്‍ വിലയിരുത്തുന്നു.

യുഎസുമായുള്ള ചര്‍ച്ചകളില്‍ തങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിലുള്ള അതൃപ്തിയും ഇതിന് കാരണമായിരിക്കാം. ചര്‍ച്ചകളുടെ അടുത്ത ഘട്ടത്തിന് മുന്‍പായി തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള ഒരു തന്ത്രമായും ഇതിനെ കാണാം. മുന്‍പ് വിദേശ നിരീക്ഷകര്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ ആത്മവിശ്വാസത്തിലാണ് ഇറാന്റെ ഇപ്പോഴത്തെ നേതൃത്വം. ഇസ്രയേലിന്റെ ബോംബാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ നയതന്ത്ര ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനും തങ്ങള്‍ക്ക് സാധിക്കുമെന്നാണ് ഇറാന്‍ ഇപ്പോള്‍ കരുതുന്നത്. ഈ അപകടകരമായ നീക്കം വിജയിക്കുകയാണെങ്കില്‍, അത് മിഡില്‍ ഈസ്റ്റില്‍ ഇറാന്റെ സുരക്ഷാ സങ്കല്പങ്ങളിലും അവരുടെ സ്ഥാനത്തിലും വലിയൊരു പുതിയ പ്രാദേശിക യാഥാര്‍ത്ഥ്യത്തിന് തുടക്കം കുറിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്; ബിബിസി

Content Summary; Iran’s direct missile strike on Israel in support of Hezbollah signals a shift in Tehran’s strategy, reflecting its growing confidence and resilience

This post was last modified on June 9, 2026 10:54 am

അഴിമുഖം ഡെസ്‌ക്:
Leave a Comment