ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാന്‍; നന്ദി പറഞ്ഞ് ട്രംപ്‌

വെടിനിര്‍ത്തല്‍ കാലയളവ് വരെ, ഇറാന്‍ നിശ്ചയിച്ചിട്ടുള്ള പാതയിലൂടെ മാത്രമാണ് കപ്പല്‍ ഗതാഗതം അനുവദിച്ചിരിക്കുന്നത്

Hormuz open

വെടിനിര്‍ത്തല്‍ കാലയളവില്‍ ഹോര്‍മുസ് കടലിടുക്ക് വഴി തടസ്സമില്ലാത്ത കപ്പല്‍ ഗതാഗതം അനുവദിക്കുമെന്ന് ഇറാന്‍ അറിയിച്ചിരിക്കുന്നു. ലെബനനിലെ വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തിലാണ്, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതം സുഗമമായി തുടരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചത്. വെള്ളിയാഴ്ച തന്റെ എക്‌സ് ഹാന്‍ഡിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ എക്‌സ് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ നല്‍കുന്നു:

‘ലെബനനിലെ വെടിനിര്‍ത്തലിന് അനുസൃതമായി, വെടിനിര്‍ത്തലിന്റെ ബാക്കി കാലയളവില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എല്ലാ വാണിജ്യ കപ്പലുകളുടെയും സഞ്ചാരം പൂര്‍ണ്ണമായും തുറന്നതായി പ്രഖ്യാപിക്കുന്നു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പോര്‍ട്ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷന്‍ നേരത്തെ അറിയിച്ചിട്ടുള്ള ഏകോപിത പാതയിലൂടെയായിരിക്കും ഈ ഗതാഗതം.’

ഇറാന്‍ നിശ്ചയിച്ചിട്ടുള്ള പ്രത്യേക പാതയിലൂടെ മാത്രമേ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ അനുവാദമുണ്ടാകൂ എന്ന് മന്ത്രി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളില്‍ ഒന്നായ ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയെ സംബന്ധിച്ച ആശങ്കകള്‍ക്കിടെയാണ് ഈ പ്രഖ്യാപനം വരുന്നത്.

ഹോര്‍മുസ് കടലിടുക്ക് തുറന്നതായുള്ള ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇറാന് നന്ദി പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ പ്ലാറ്റ് ഫോമില്‍ പങ്കുവച്ച് കുറിപ്പിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ‘ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായും ഗതാഗതത്തിന് തയ്യാറാണെന്നും ഇറാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നു. നന്ദി!’- ഇതായിരുന്നു ട്രംപിന്റെ വാക്കുകള്‍.

അതേസമയം, ലെബനനിലെ വെടിനിര്‍ത്തല്‍ സുസ്ഥിരമായ സമാധാനത്തിലേക്ക് വഴിതുറക്കണമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 1701-ന് അനുസൃതമായ ദീര്‍ഘകാല രാഷ്ട്രീയ പരിഹാരം മാത്രമാണ് ലെബനനിലെയും ഇസ്രയേലിലെയും ജനങ്ങള്‍ക്ക് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള ഏക പോംവഴിയെന്നും അവര്‍ പ്രസ്താവനയില്‍ കൂട്ടിചേര്‍ത്തു.

Content Summary: Iran to fully open strait of Hormuz during ceasefire. Iran Foreign minister Abbas Araqchi says.

This post was last modified on April 18, 2026 6:59 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment