July 08, 2026 |
Share on

ശക്തമായ വ്യോമാക്രമണവുമായി അമേരിക്ക, തക്കതായ മറുപടി നല്‍കുമെന്ന് ഇറാന്‍

യു.എസ്-ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നു

അമേരിക്കയും ഇറാനും തമ്മില്‍ ഉണ്ടാക്കിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ ഒടുവില്‍ വന്‍ സൈനിക നീക്കങ്ങളിലേക്ക് വഴിമാറിയിരിക്കുകയാണ്. ബുധനാഴ്ച ഇറാനിലെ 80-ലധികം കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യു.എസ് സൈന്യം വന്‍തോതിലുള്ള വ്യോമാക്രമണം നടത്തിയെന്നും ഇനിയും ഇത്തരം ആക്രമണങ്ങള്‍ തുടരുമെന്നുമാണ് യു.എസ് സൈനിക വക്താക്കള്‍ അറിയിക്കുന്നത്. അതേസമയം അമേരിക്കയുടെ ആക്രമണത്തിന് തക്കതായ മറുപടി നല്‍കുമെന്ന് ഇറാന്റെ പരമോന്നത സംയുക്ത സൈനിക കമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ച ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതാണ് പെട്ടെന്നൊരുള്ള തിരിച്ചടിക്ക് അമേരിക്കയെ പ്രേരിപ്പിച്ചത്. ഖത്തറിന്റെ ഭീമന്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍ എന്‍ ജി)ടാങ്കറായ ‘അല്‍ റെകയ്യാത്ത്’ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടാവുകയും കപ്പലിന്റെ എന്‍ജിന്‍ റൂമിന് തീപിടിക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ ഒമാന്‍ തീരത്ത് വെച്ച് ‘വെദ്യാന്‍’ എന്ന സൗദി അറേബ്യന്‍ ക്രൂഡ് ഓയില്‍ ടാങ്കറിനും കേടുപാടുകള്‍ സംഭവിച്ചു.

കപ്പല്‍ ആക്രമണത്തെ തുടര്‍ന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഇറാന്റെ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. എന്നാല്‍ തങ്ങള്‍ അന്താരാഷ്ട്ര കരാറുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും തങ്ങളുമായി ഏകോപിപ്പിക്കാത്ത റൂട്ടുകളിലൂടെ പോകുന്ന വാണിജ്യ കപ്പലുകള്‍ സുരക്ഷാ ഭീഷണി നേരിടേണ്ടി വരുമെന്നുമാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഇതിനോട് പ്രതികരിച്ചത്.

അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ നേതൃത്വത്തിലാണ് ഇറാനില്‍ വ്യോമാക്രമണം നടക്കുന്നത്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, തീരദേശ നിരീക്ഷണ കേന്ദ്രങ്ങള്‍, ഉപരിതല-വ്യോമ മിസൈല്‍ നിലയങ്ങള്‍, ആന്റി-ഷിപ്പ് ക്രൂയിസ് മിസൈലുകളുടെയും ഡ്രോണുകളുടെയും വിക്ഷേപണ കേന്ദ്രങ്ങള്‍ എന്നിവയാണ് പ്രധാനമായും തകര്‍ത്തതെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇറാന്റെ തുറമുഖ സൗകര്യങ്ങളും ലക്ഷ്യമിട്ടിട്ടുണ്ട്.

ഇറാനിയന്‍ മാധ്യമങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, തെക്കന്‍ ഇറാനിലെ സിരിക്കിലുള്ള താഹെറൂയി പിയറിലും ബന്ദര്‍ അബ്ബാസിലും അമേരിക്കന്‍ വ്യോമാക്രമണം നടന്നിട്ടുണ്ട്. ആക്രമണത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിക്കുകയും വാണിജ്യ തുറമുഖത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സാധാരണക്കാര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെങ്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടാതെ ഖേഷ്ം, ഖാര്‍ഗ് ദ്വീപുകളിലും ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നിലവില്‍ തുര്‍ക്കിയിലുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇറാന് നേരെ ശക്തമായ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ‘ഒന്നുകില്‍ ഒരു കരാറിലെത്തുക, അല്ലെങ്കില്‍ തുടങ്ങിയ ജോലി ഞങ്ങള്‍ പൂര്‍ത്തിയാക്കും. ഒരു മണിക്കൂറിനുള്ളില്‍ അവരുടെ പാലങ്ങളും ഊര്‍ജ്ജ വിതരണ സംവിധാനങ്ങളും തകര്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയും,’ എന്ന് ട്രംപ് ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ നേതൃത്വത്തില്‍ ഇസ്രയേലുമായി ചേര്‍ന്ന് ആരംഭിച്ച ഈ യുദ്ധത്തില്‍ പങ്കാളികളാകാത്ത നാറ്റോ സഖ്യകക്ഷികളോട് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു.

യുദ്ധത്തിന്റെ ആദ്യദിനം തന്നെ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്ര കഴിഞ്ഞ ദിവസമാണ് പവിത്ര നഗരമായ ഖുമില്‍ നടന്നത്. ഖമേനിക്കൊപ്പം മകള്‍, പേരക്കുട്ടി, മരുമക്കള്‍ എന്നിവരും കൊല്ലപ്പെട്ടിരുന്നു. ഈ അനുശോചന ചടങ്ങുകള്‍ക്കിടയിലാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇറാഖില്‍ ഖമേനിയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്ന ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ ആക്രമണ വാര്‍ത്തയറിഞ്ഞ് അടിയന്തിരമായി ഇറാനിലേക്ക് തിരിച്ചിട്ടുണ്ട്.

അമേരിക്കന്‍ ആക്രമണത്തിന് തൊട്ടുമുമ്പായി ഇറാനിയന്‍ എണ്ണയ്ക്കുള്ള താല്‍ക്കാലിക ഉപരോധ ഇളവ് യു.എസ് ട്രഷറി റദ്ദാക്കിയിരുന്നു. ഓഗസ്റ്റ് 21 വരെ ഇറാന്‍ ക്രൂഡ് ഓയില്‍ വില്‍ക്കുന്നത് തടയുന്നതാണ് ഈ നീക്കം. യു.എസ് വ്യോമാക്രമണം ശക്തമായതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ വില 2.63 ശതമാനം വര്‍ധിച്ച് ബാരലിന് 72.29 ഡോളറിലെത്തി.

60 ദിവസത്തെ ചര്‍ച്ചകള്‍ക്കായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറാണ് ഇപ്പോള്‍ പൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നത്. ഖത്തറില്‍ നടന്ന പരോക്ഷ ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. ഹോര്‍മുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണം ഇറാന് വലിയ തന്ത്രപ്രധാനമായ മേധാവിത്വം നല്‍കുന്നുണ്ട്. അമേരിക്കയുമായി ഒരു ദീര്‍ഘകാല സമാധാന കരാറിലെത്തുന്നതിനായി കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തി സമ്മര്‍ദ്ദം ചെലുത്താനാണ് ടെഹ്‌റാന്‍ ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മേഖലയില്‍ വരും മണിക്കൂറുകളിലും സംഘര്‍ഷം കടുക്കുമെന്നാണ് സൂചനകള്‍.

Content Summary; US forces launch fresh air strikes targeting over 80 sites in Iran after drone attacks on Qatari and Saudi commercial vessels in the Strait of Hormuz

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×