July 16, 2026 |
Share on

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍; രാജ്യത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം 500 കടന്നു

തെരുവിലറങ്ങുന്നവരെ വെടിവച്ചു വീഴ്ത്തുകയാണ് സൈന്യം, ഗോഡൗണുകള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു

ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അടിച്ചമര്‍ത്തല്‍ നടപടികള്‍ അതിരൂക്ഷമാകുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 538 കടന്നതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 10,600 ല്‍ അധികം പേരെ അറസ്റ്റ് ചെയ്തതായും സംഘടനകള്‍ പറയുന്നു. അതേസമയം ഇറാനിലെ ആഭ്യന്തര സംഘര്‍ഷം അമേരിക്ക ഉപയോഗപ്പെടുത്താന്‍ നോക്കുന്നതിനെതിരേ ഇസ്ലാമിക ഭരണകൂടം ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇറാനുനേരെ സൈനിക നീക്കം നടത്തരുതെന്നാണ് അമേരിക്കയോട് കര്‍ശനമായി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ഇറാനിലെ സംഭവവികാസങ്ങളില്‍ നേരിട്ട് ഇടപെടുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗൗരവകരമായ ആലോചനകള്‍ നടത്തുകയാണ്. ഈ വൈരുദ്ധ്യം മേഖലയെയാകെ യുദ്ധഭീതിയിലാക്കിയിരിക്കുകയാണ്.

യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം, സംഘര്‍ഷങ്ങളില്‍ ഇതുവരെ കുറഞ്ഞത് 538 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 490 പേരും സാധാരണക്കാരായ പ്രതിഷേധക്കാരാണ്. പതിനായിരത്തിലധികം ആളുകളെ അധികൃതര്‍ തടവിലാക്കിയിട്ടുണ്ട്. നോര്‍വേ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് ഗ്രൂപ്പ് 192 മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് നിരോധനം കാരണം യഥാര്‍ത്ഥ മരണസംഖ്യ ഇതിലും എത്രയോ മുകളിലാകാമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആശങ്കപ്പെടുന്നു.

പ്രതിഷേധം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നതോടെയാണ് സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ കടുപ്പിച്ചത്. പലയിടങ്ങളിലും വെടിയുണ്ടകളും മറ്റ് സൈനിക ആയുധങ്ങളും കൊണ്ടാണ് ജനക്കൂട്ടത്തെ എതിരിടുന്നത്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലൂടെ പുറംലോകം അറിയാതെ വലിയ കൂട്ടക്കൊലകളാണ് ഇറാന്‍ നടത്തുന്നതെന്ന് ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നു.

‘ഇറാന്‍ സ്വാതന്ത്ര്യത്തിലേക്ക് നോക്കുകയാണ്, യുഎസ് സഹായിക്കാന്‍ തയ്യാറാണ്’ എന്നാണ് ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കിയത്. പ്രതിഷേധക്കാരെ ഇറാന്‍ ഭരണകൂടം വധിക്കുകയാണെങ്കില്‍ അവരെ ‘രക്ഷിക്കും’ എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. സൈനിക ആക്രമണം, രഹസ്യ സൈബര്‍ ആയുധങ്ങള്‍, കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വഴികള്‍ മുന്നില്‍ വന്നിട്ടുണ്ട്. ചൊവ്വാഴ്ച ഈ മാര്‍ഗങ്ങള്‍ ട്രംപ് വിലയിരുത്തുമെന്നാണ് വിവരം.

അമേരിക്കയുടെ നിലപാട് ഇറാന്‍ ഭരണകൂടത്തെ രോഷാകുലരാക്കിയിട്ടുണ്ട്. ഇതിനോട് ശക്തമായാണ് ഇറാന്‍ പ്രതികരിച്ചത്. അമേരിക്ക ആക്രമിച്ചാല്‍, ഇസ്രയേലും മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളും കപ്പലുകളും തങ്ങളുടെ ‘നിയമപരമായ ലക്ഷ്യങ്ങള്‍’ ആയിരിക്കുമെന്നാണ് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് മുന്നറിയിപ്പ് നല്‍കിയത്.

പ്രക്ഷോഭത്തിന് പിന്നില്‍ ഇസ്രയേലും അമേരിക്കയുമാണെന്നാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ ആരോപണം. ജനങ്ങളെ കൊന്നൊടുക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്ന ‘നഗര ഭീകരവാദികളാണ്’ തെരുവിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായി രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാജ്യവ്യാപകമായി ‘ദേശീയ പ്രതിരോധ മാര്‍ച്ച്’ നടത്താനും സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രതിഷേധക്കാരെ സഹായിക്കുന്നവര്‍ക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന ‘മൊഹാരെബെ’ (ദൈവത്തിനെതിരെയുള്ള യുദ്ധം) എന്ന കുറ്റം ചുമത്തുമെന്നാണ് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രക്ഷോഭത്തിന്റെ പ്രധാന നേതാക്കളെ ഇതിനോടകം അറസ്റ്റ് ചെയ്തതായി പോലീസ് മേധാവി അഹമ്മദ്-റെസ റാദാന്‍ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയും കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും കാരണമാണ് പ്രതിഷേധം തുടങ്ങിയതെങ്കിലും, അത് വേഗത്തില്‍ ഭരണമാറ്റം എന്ന ലക്ഷ്യത്തിലേക്ക് വളരുകയായിരുന്നു. ഇസ്രയേലുമായുള്ള യുദ്ധത്തിന് പിന്നാലെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ്.

ടെഹ്റാനിലും മഷാദിലും ആയിരക്കണക്കിന് ആളുകള്‍ രാത്രിയിലും തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. മുന്‍ ഷാ ഭരണകൂടത്തിന്റെ പിന്‍ഗാമിയായ റെസാ പഹ്ലവിയുടെ തിരിച്ചുവരവിനായി പ്രക്ഷോഭകര്‍ മുദ്രാവാക്യം വിളിക്കുന്നത് ശ്രദ്ധേയമാണ്. ഉടന്‍ താന്‍ ജനങ്ങള്‍ക്കിടയിലേക്ക് തിരിച്ചെത്തുമെന്ന് പഹ്ലവി വാഗ്ദാനം ചെയ്തിട്ടുണ്ട്.

മനുഷ്യാവകാശ സംഘടനയായ ‘ഹെംഗാവു’ പുറത്തുവിട്ട ഒരു വീഡിയോയില്‍, ടെഹ്റാനിലെ ഒരു മോര്‍ച്ചറി നിറഞ്ഞു കവിഞ്ഞതിനെത്തുടര്‍ന്ന് മൃതദേഹങ്ങള്‍ തൊട്ടടുത്തുള്ള ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്നത് കാണാം. ഇറാനിലെ പല നഗരങ്ങളിലും അപ്രഖ്യാപിത സൈനിക ഭരണത്തിന് സമാനമായ സാഹചര്യമാണെന്നും പുറത്തിറങ്ങുന്നവരെ വെടിവെക്കാന്‍ ഉത്തരവുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Content Summary; Iran Unrest: Death Toll Exceeds 500; Tehran Warns US Against Intervention. more than 10,600 people were arrested

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×