ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം. യു.എസ്. ആക്രമണം കടുപ്പിച്ചതോടെ, ഇറാന്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സഖ്യകക്ഷികളെ ലക്ഷ്യമിട്ടുള്ള തിരിച്ചടിയും വര്‍ദ്ധിപ്പിച്ചു. തങ്ങളിപ്പോള്‍ പൂര്‍ണ്ണതോതിലുള്ള യുദ്ധത്തിലാണെന്നാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കിയിട്ടുള്ളത്. വ്യോമാക്രമണങ്ങള്‍ ഇനിയും നേരിടേണ്ടി വന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം, പ്രതിസന്ധികള്‍ക്കിടയിലും സംഘര്‍ഷമൊഴിവാക്കാനുള്ള നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും അറിയിച്ചു. പാകിസ്താന്‍ കേന്ദ്രീകരിച്ച് നടക്കുന്ന സമാധാന ചര്‍ച്ചകള്‍ക്കായി ഇറാന്റെ ആഭ്യന്തര മന്ത്രി പാകിസ്താനിലേക്ക് തിരിച്ചിട്ടുണ്ട്.
ഭൂഗര്‍ഭ മിസൈല്‍ താവളങ്ങള്‍ സ്ഥിതിചെയ്യുന്ന തബ്രിസ്, രാജ്യത്തെ ഏക സിവിലിയന്‍ ആണവനിലയം സ്ഥിതിചെയ്യുന്ന ബുഷെഹര്‍, പ്രധാന തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസ് എന്നിവിടങ്ങളിലാണ് യു.എസ്. ശക്തമായ ആക്രമണം നടത്തിയത്. ഇറാന്‍ സൈന്യത്തിന്റെ കമാന്‍ഡ് സെന്ററുകള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, തീരദേശ നിരീക്ഷണ കേന്ദ്രങ്ങള്‍, മിസൈല്‍-ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, വാര്‍ത്താവിനിമയ ശൃംഖലകള്‍ എന്നിവ തകര്‍ത്തതായി യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് (സെന്റകോം) അറിയിച്ചു.
യു.എസ്. ആക്രമണങ്ങള്‍ക്ക് മറുപടിയായി ഗള്‍ഫ് മേഖലയിലെ യു.എസ്. കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന രാജ്യങ്ങള്‍ക്കുനേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കി. യു.എസ്. നാവികസേനയുടെ അഞ്ചാം ഫ്‌ലീറ്റ് സ്ഥിതിചെയ്യുന്ന ബഹ്റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ബഹ്റൈന്റെ എയര്‍ ട്രാഫിക് സിസ്റ്റത്തിന് നാശനഷ്ടമുണ്ടായെങ്കിലും വ്യോമഗതാഗതത്തെ ബാധിച്ചിട്ടില്ല.
കുവൈറ്റിലെ യു.എസ്. സൈനിക താവളമായ കാമ്പ് ആരിഫ്ജാനിലെ ഹിമാര്‍സ് മിസൈല്‍ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഉപരിതല-വ്യോമ മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാന്‍ സേന അവകാശപ്പെട്ടു. ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ചെറുക്കുകയാണെന്ന് കുവൈറ്റ് സൈന്യം സ്ഥിരീകരിച്ചു. ഇതിനുപുറമെ, ജോര്‍ദാനില്‍ നിന്ന് ഇറാന്‍ വിക്ഷേപിച്ച മൂന്ന് മിസൈലുകള്‍ ലക്ഷ്യത്തിലെത്തുന്നതിന് മുന്‍പ് ജോര്‍ദാന്‍ സേന തടഞ്ഞു.
കഴിഞ്ഞയാഴ്ച്ച അവസാനം നടന്ന ആക്രമണങ്ങളില്‍ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ജോര്‍ദാനില്‍ നടന്ന ആക്രമണത്തില്‍ രണ്ട് യു.എസ്. സൈനികര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. ഇറാഖില്‍ ഇറാനിയന്‍ ഡ്രോണ്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിട ഉണ്ടായ സ്‌ഫോടനത്തില്‍ മറ്റൊരു സൈനികനും കൊല്ലപ്പെട്ടു. ഫെബ്രുവരിയില്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 17 യു.എസ്. സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
യമനിലെ ഇറാന്‍ അനുകൂല ഹൂതി വിമതര്‍ സൗദി അറേബ്യന്‍ തുറമുഖങ്ങള്‍ക്ക് ഉപരോധം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് തങ്ങളുടെ കപ്പലുകളെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയില്‍ മറുപടി നല്‍കി.
തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുന്നതിന്റെയും ഹിസ്ബുള്ളയെ നിരായുധീകരിക്കുന്നതിന്റെയും ഭാഗമായി ലെബനന്‍ സൈന്യം ഫ്രൂണ്‍, ശ്രീഫ, സൗതാര്‍ അല്‍-ഗര്‍ബിയ എന്നീ ഗ്രാമങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തുതുടങ്ങിയതായി യു.എസ്. വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇസ്രയേല്‍ സൈന്യം പൂര്‍ണ്ണമായി പിന്മാറാത്തതിനാല്‍ പൂര്‍ണ്ണമായ വിന്യാസം സാധ്യമായിട്ടില്ലെന്ന് ഫ്രൂണ്‍ മേയര്‍ ഹസന്‍ ബാസി വ്യക്തമാക്കി.
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിയുടെ പ്രസ്താവനകള്‍ നിലനില്‍ക്കെ, യു.എസ്. സന്ദര്‍ശനത്തിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഒരു കാരണവശാലും അറസ്റ്റ് ചെയ്യില്ലെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.
2024 ഒക്ടോബറില്‍ യാഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്, ഹമാസിന്റെ പുതിയ പരമോന്നത നേതാവായി ഖലീല്‍ അല്‍-ഹയ്യയെ തെരഞ്ഞെടുത്തു. ഹമാസിന്റെ പ്രവാസി വിഭാഗം തലവന്‍ ഖാലിദ് മിഷാലിനേക്കാള്‍ തീവ്ര നിലപാടുകാരനായാണ് ഖലീല്‍ അല്‍-ഹയ്യ അറിയപ്പെടുന്നത്.
Content Summary; The US launches a 10th round of strikes on Iran to reopen the Strait of Hormuz, as President Pezeshkian declares a ‘full-scale war’ amid escalating Gulf region attacks
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.