ഇറാന്‍ യുദ്ധം; ടെഹ്‌റാനില്‍ ഭരണമാറ്റം വന്നുവെന്ന് ട്രംപ്, ‘അവരുടെ എണ്ണ പിടിച്ചെടുക്കാനും മോഹം’

ഇറാനുമായി ഉടന്‍ തന്നെ കരാറില്‍ എത്തുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്‌

Iran War Updates

ഇറാനെതിരായ യുഎസ്- ഇസ്രയേല്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുന്നു;

ഇറാനില്‍ ഭരണമാറ്റം ഉണ്ടായെന്ന് ട്രംപ്

ഇറാനില്‍ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞുവെന്നും, എന്നാല്‍ ടെഹ്റാനുമായി ഒരു ‘കരാറിലെത്താന്‍’ താന്‍ തയ്യാറാണെന്നും ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ച എയര്‍ ഫോഴ്‌സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ‘ഞാന്‍ കരുതുന്നു നമ്മള്‍ അവരുമായി ഒരു കരാറിലെത്തുമെന്ന്… എനിക്ക് അതില്‍ നല്ല ഉറപ്പുണ്ട്. പക്ഷേ അവിടെ ഇപ്പോള്‍ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞു.’

യുദ്ധത്തിനിടെ കൊല്ലപ്പെട്ട ഇറാനിയന്‍ നേതാക്കളുടെ എണ്ണം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ട്രംപ് ഇങ്ങനെ അവകാശപ്പെട്ടത്. ‘മുമ്പ് ആരും കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു പുതിയ കൂട്ടം ആളുകളുമായാണ് നമ്മള്‍ ഇപ്പോള്‍ ഇടപഴകുന്നത്. ഇത് തികച്ചും വ്യത്യസ്തമായ ഒരു വിഭാഗം ആളുകളാണ്. അതുകൊണ്ട് തന്നെ ഇതിനെ ഒരു ഭരണമാറ്റമായി ഞാന്‍ കണക്കാക്കുന്നു.’ ട്രംപിന്റെ വാക്കുകളായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖാര്‍ഗ് പിടിച്ചെടുക്കാന്‍ മോഹം

ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡ് പിടിച്ചെടുക്കാന്‍ താല്പര്യമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ട്രംപ് പറയുന്നത്. ‘എണ്ണ കൈവശപ്പെടുത്തുക എന്നതാണ് എന്റെ മുന്‍ഗണന’ എന്ന് പറഞ്ഞ ട്രംപ്, വെനസ്വേലയിലേതിന് സമാനമായ നീക്കമാണ് ലക്ഷ്യമിടുന്നത്. ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ ദുര്‍ബലമാണെന്നും ഖാര്‍ഗ് ഐലന്‍ഡ് വളരെ എളുപ്പത്തില്‍ പിടിച്ചെടുക്കാമെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം.

വെടിനിര്‍ത്തല്‍ പ്രത്യാശ

ഒരുവശത്ത് ഖാര്‍ഗ് പിടിച്ചടക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ട്രംപ്, മിഡില്‍ ഈസ്റ്റില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ സാധ്യമാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇറാനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

പാകിസ്ഥാന്റെ പങ്ക്

വരും ദിവസങ്ങളില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുമെന്ന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ അറിയിച്ചു.

ഹോര്‍മുസ് കടക്കാന്‍ പാകിസ്ഥാന് അനുമതി

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള പാകിസ്ഥാന്‍ കപ്പലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഇറാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

സാമ്പത്തിക പ്രത്യാഘാതങ്ങള്‍

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ആഗോള വിപണിയെ സാരമായി ബാധിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 115 ഡോളറിന് മുകളിലെത്തി. യുദ്ധഭീതിയെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഓഹരി വിപണിയിലടക്കം വലിയ ഇടിവ് രേഖപ്പെടുത്തി.

ലെബനനിലെ സ്ഥിതി

തെക്കന്‍ ലെബനനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു യുഎന്‍ സമാധാന സേനാംഗം കൊല്ലപ്പെട്ടു. കൂടാതെ, ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു പാരാമെഡിക് കൂടി കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

ഇസ്രയേല്‍ ആക്രമണം

ഇറാന്റെ ആണവ പദ്ധതിയുടേതെന്ന് കരുതുന്ന ഖോണ്ടാബിലെ ഹെവി വാട്ടര്‍ പ്ലാന്റ് ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു. ടെഹ്റാനിലെ വൈദ്യുതി നിലയങ്ങള്‍ക്ക് നേരെയും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി.

ഹൂതി ആക്രമണം

യമനിലെ ഹൂതി വിമതര്‍ വിക്ഷേപിച്ച രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.

പിന്തുണയ്ക്ക് നന്ദി

ആക്രമണങ്ങളെ നേരിടുന്നതില്‍ ഇറാനു നല്‍കിയ പിന്തുണയ്ക്ക് ഇറാഖിലെ ജനങ്ങള്‍ക്കും മതനേതൃത്വത്തിനും ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമേനി നന്ദി അറിയിച്ചു. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ വഴിയാണ് ഈ സന്ദേശം പുറത്തുവിട്ടത്, എന്നാല്‍ ഇത് എങ്ങനെയാണ് കൈമാറിയതെന്ന് വ്യക്തമല്ല.

Content Summary: Iran War Updates; Regime change in Tehran, Donald Trump Claims and he want to take oil in Iran.

This post was last modified on March 30, 2026 8:15 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment