ഇറാന്‍ യുദ്ധം; എണ്ണയ്ക്കായി വിട്ടുവീഴ്ച്ച ചെയ്ത് ട്രംപ്, ടെഹ്‌റാനെ വീണ്ടും ആക്രമിച്ച് ഇസ്രയേല്‍

ഇന്ത്യന്‍ മഹാസമുദ്രത്തിലെ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത താവളമായ ഡീഗോ ഗാര്‍ഷ്യയെ ലക്ഷ്യമിട്ട് ഇറാന്‍

Iran War

മിഡില്‍ ഈസ്റ്റില്‍ ഇറാനെതിരേയുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍, ആഗോള വിപണിയിലെ എണ്ണവില വര്‍ധന നിയന്ത്രിക്കാനായി കടലിലുള്ള ഇറാനിയന്‍ എണ്ണയുടെ മേലുള്ള ഉപരോധം അമേരിക്ക ഭാഗികമായി നീക്കി. നിലവില്‍ കപ്പലുകളില്‍ കയറ്റിയ ഏകദേശം 140 ദശലക്ഷം ബാരല്‍ എണ്ണ വാങ്ങാനാണ് യുഎസ് ട്രഷറി അനുമതി നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ വരെ കപ്പലുകളില്‍ കയറ്റിയ എണ്ണ ഏപ്രില്‍ 19 വരെ വാങ്ങാന്‍ സാധിക്കും. ചൈനയിലേക്ക് മാത്രം പോകാനിരുന്ന ഈ എണ്ണ വിപണിയിലെത്തിക്കുന്നതിലൂടെ വിലക്കയറ്റം തടയാനാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് അറിയിച്ചു.എന്നാല്‍ താനൊരു വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയതിലൂടെ ഇറാനെതിരായ യുദ്ധം തുടരുമെന്നു തന്നെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, മേഖലയില്‍ സൈനിക നീക്കങ്ങള്‍ അതിശക്തമായി തുടരുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ സൈന്യം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ മിസൈല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തി. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈല്‍ വര്‍ഷത്തിന് മറുപടിയായാണ് ഈ നീക്കമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി. ഇതോടൊപ്പം ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തി വരികയാണ്. തെക്കന്‍ ലബനനിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ, ഇറാന്റെ മിസൈലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത താവളമായ ഡീഗോ ഗാര്‍ഷ്യയെ ലക്ഷ്യമിട്ട് തൊടുത്തുവിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം 4,000 കിലോമീറ്റര്‍ അകലെയുള്ള ഈ താവളത്തിന് നേരെ നടന്ന ആക്രമണം ഇറാന്റെ മിസൈല്‍ ശേഷി വര്‍ധിച്ചതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളും തങ്ങള്‍ക്കുനേരെയുണ്ടായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിച്ചതായി അറിയിച്ചു.

പ്രതിസന്ധികള്‍ക്കിടയിലും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെ ജാപ്പനീസ് കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്ന രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷിത യാത്ര ഉറപ്പാക്കാനും ഊര്‍ജ്ജ വിപണി സുസ്ഥിരമാക്കാനും ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചു. യുദ്ധം കാരണം ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് തങ്ങളുടെ 5 ശതമാനം സര്‍വീസുകള്‍ റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

This post was last modified on March 21, 2026 1:15 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment