July 04, 2026 |
Share on

പൊതുസ്ഥലങ്ങളില്‍ നായ്ക്കളുമായി നടക്കേണ്ട; നിരോധനം കടുപ്പിച്ച് ഇറാന്‍

മതവിരുദ്ധവും പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണവും ആണ് നായ് വളര്‍ത്തല്‍ എന്നാണ് ഇറാനിലെ യഥാസ്ഥിതിക വിഭാഗത്തിന്റെ ആക്ഷേപം

ഇറാനില്‍ പൊതുസ്ഥലങ്ങളില്‍ നായകളുമായി എത്തുന്നതില്‍ നിരോധനം വ്യാപിപ്പിച്ച് ഇറാന്‍. പൊതുജനാരോഗ്യം, സാമൂഹിക ക്രമം, സുരക്ഷാ ആശങ്കകള്‍ എന്നിവ കണക്കിലെടുത്താണ് രാജ്യവ്യാപകമായി പല നഗരങ്ങളിലേക്കും നിരോധനം വ്യാപിപ്പിച്ചതെന്നാണ് ആഭ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

20-ലധികം നഗരങ്ങളിലേക്ക് പൊതുസ്ഥലത്ത് നായ്ക്കളെ നടത്തുന്നതിനുള്ള നിരോധനം വ്യാപിപ്പിച്ചവെന്നാണ് വിവരം. കെര്‍മന്‍ഷാ, ഇലാം, ഹമദാന്‍, കെര്‍മന്‍, ബോറൂജെര്‍ഡ്, റോബത്ത് കരീം, ലവാസനത്ത്, ഗോലെസ്ഥാന്‍ തുടങ്ങിയ നഗരങ്ങളെയൊക്കെ നിരോധനം ബാധിക്കും. 2019 ല്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ പൊതുസ്ഥലത്ത് നായ്ക്കളെയും കൂട്ടിയുള്ള നടത്തം പൊലീസ് നിരോധിച്ചിരുന്നു. ഈ നിരോധത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.

1979ലെ ഇറാനിലെ ഇസ്ലാമിക വിപ്ലവം മുതല്‍ നായ്ക്കള്‍ ഒരു പ്രശ്‌നമാണ് ആ രാജ്യത്ത്. നായ്ക്കളെ സ്വന്തമാക്കുന്നതും അവയുമായി നടക്കുന്നതും ഒരു തര്‍ക്കവിഷയമാണ്. എന്നിരുന്നാലും നായ്ക്കളുടെ ഉടമസ്ഥാവകാശം പൂര്‍ണമായും നിരോധിക്കുന്ന ഒരു നിയമം ഇതുവരെ രാജ്യത്ത് കൊണ്ടുവന്നിട്ടില്ല.

മതാചാരങ്ങള്‍ക്കും സംസ്‌കാരത്തിനും വിരുദ്ധമായ ഒന്നായാണ് ഇറാനിലെ യാഥാസ്ഥിതിക സമൂഹം നായ്ക്കളെ കാണുന്നത്. നായ്ക്കളെ ലാളിക്കുന്നതും അവയുടെ ഉമിനീരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും നജീസ് അല്ലെങ്കില്‍ ആചാരപരമായി അശുദ്ധമാണെന്നാണ് മത പണ്ഡിതര്‍ പറയുന്നത്. അതേസമയം തന്നെ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്ന വാദം, വളര്‍ത്തുനായ്ക്കള്‍ പാശ്ചാത്യ സാംസ്‌കാരിക സ്വാധീനത്തിന്റെ പ്രതീകമാണെന്നാണ്.

നായ്ക്കളുമായി പൊതുസ്ഥലങ്ങളില്‍ നടക്കുന്നതിനോ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനോ ഉള്ള നിരോധനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇടയ്ക്കിടെ ഏര്‍പ്പെടുത്താറുള്ളതാണ്. ഇത്തരം നിയന്ത്രണങ്ങളും നിയമങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ട് ഭരണകൂടം ഉദ്ദേശിക്കുന്നത്, നായ്ക്കളെ സ്വന്തമാക്കാനുള്ള ആളുകളുടെ മോഹം നിരുത്സാഹപ്പെടുത്തുകയെന്നതാണ്. ഇതൊരു വ്യാപക പ്രചാരണമായി ഏറ്റെടുത്തിരിക്കുകയാണ് ഭരണകൂടം.

എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളും നിയമങ്ങളും ജനങ്ങളെ അസ്വസ്ഥരാക്കുന്നതാണ്. ടെഹ്‌റാനിലടക്കം നിരവധി പേര്‍ നായ്ക്കളെ വളര്‍ത്തുന്നവരാണ്. അവര്‍ക്ക് തങ്ങളുടെ അരുമ നായ്ക്കളുമായി പുറത്തിറങ്ങുന്നതിന് വിലക്ക് വരുന്നത് ഏറെ പ്രയാസപ്പെടുത്തുന്നതാണ്. എന്നാല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നാണ് എറ്റെമാഡ് പത്രം ഇലാം നഗരത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്ത ചെയ്തിരിക്കുന്നത്. ‘നിയമലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും’ എന്നതിനപ്പുറം കൂടുതല്‍ വിശദീകരണം ഉദ്യോഗസ്ഥര്‍ നല്‍കാന്‍ തയ്യാറായിട്ടില്ല. ‘പൊതു ക്രമം നിലനിര്‍ത്തുക, സുരക്ഷ ഉറപ്പാക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കുക’ എന്നിവയാണ് പുതിയ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ശനിയാഴ്ച പുറത്തിറങ്ങിയ ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. നായ്ക്കള്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് പൊതുജനാരോഗ്യത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്നാണ് പടിഞ്ഞാറന്‍ നഗരമായ ഹമേദാനിലെ പബ്ലിക് പ്രോസിക്യൂട്ടറായ അബ്ബാസ് നജാഫ് ഇറാന്‍ ദേശീയ പത്രത്തോട് പ്രതികരിച്ചത്.

വളര്‍ത്തുമൃഗങ്ങള്‍ ‘വിനാശകരമായ സാമൂഹിക പ്രശ്‌നം’ ആണെന്നായിരുന്നു 2021-ല്‍ ഇറാന്‍ പാര്‍ലമെന്റിലെ 75 അംഗങ്ങള്‍ ഉയര്‍ത്തിയ ആരോപണം. മൃഗങ്ങളെ വളര്‍ത്തല്‍ ക്രമേണ ഇറാനിലെ ഇസ്ലാമിക ജീവിതരീതി മാറ്റാന്‍ കാരണമാകുമെന്നായിരുന്നു പാര്‍ലമെന്റ് അംഗങ്ങള്‍ കുറ്റപ്പെടുത്തിയത്. വേട്ടയാടലിനും, കാവലിനും അല്ലാതെ മറ്റ് കാരണങ്ങളാല്‍ നായ്ക്കളെ വളര്‍ത്തുന്നത് അപലപനീയമായി കണക്കാക്കപ്പെടും എന്നായിരുന്നു 2017ല്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പറഞ്ഞത്. ”ഈ ആചാരം അമുസ്ലിംകളുടെ ആചാരത്തിന് സമാനമാണെങ്കില്‍, അവരുടെ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍, അല്ലെങ്കില്‍ അയല്‍ക്കാര്‍ക്ക് ദോഷവും അസ്വസ്ഥതയും ഉണ്ടാക്കുന്നുവെങ്കില്‍, അത് നിഷിദ്ധമായി കണക്കാക്കപ്പെടുന്നു, എന്നും ഖമേനി വിശദീകരിച്ചിട്ടുണ്ടെന്നാണ് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  Iranian authorities have expanded a ban on walking dogs in public 

Content Summary; Iranian authorities have expanded a ban on walking dogs in public

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×